മൈക്കേല്‍ ബിണ്‍ബൗം
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഗ്രീസിന്റെ രക്ഷയ്ക്കായി യൂറോപ്യന്‍ യൂണിയന് മുന്നോട്ടു വച്ച ചെലവു ചുരുക്കല്‍ നിര്‍ദേശങ്ങള്‍ ഗ്രീക്ക് ജനത തള്ളിയതോടെ യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ ധര്മ്മസങ്കടത്തിലകപ്പെട്ടിരിക്കുന്നു. ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കെ സാമ്പത്തിക രക്ഷയ്ക്കായി ഒരു ഒത്തു തീര്‍പ്പിലെത്താനുള്ള തയാറെടുപ്പിലാണ് ഗ്രീസ് എന്നാണ് ഇപ്പോഴത്തെ സൂചന. ഈ സാഹചര്യത്തില്‍ തങ്ങള്‍ നേരത്തെ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പിന്‍വലിക്കേണ്ടതുണ്ടോ അതോ മാറ്റമില്ലാതെ തുടരണമോ എന്നത് യൂറോപ്യന്‍ നേതാക്കളെ ചിന്താകുഴപ്പത്തിലാക്കിയിരിക്കുകയാണ്.
ഇന്നു നടക്കുന്ന യൂറോപ്യന്‍ യൂണിയന് നേതാക്കളുടെ നിര്‍ണായക സമ്മേളനമാണ് ഏവരും ഉറ്റു നോക്കുന്നത്. ഗ്രീക്ക് ബാങ്കുകള്‍ക്ക് പിടിച്ചു നില്‍ക്കാനുള്ള സഹായം തുടരേണ്ടതില്ലെന്ന് ഇന്നലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചതോടെ സമ്മര്‍ദ്ദം കടുത്തിരിക്കുകയാണ്. ഇതോടെ ഗ്രീക്ക് ബാങ്കുകളിലെ പണപ്പെട്ടി ബുധനാഴ്ചയോടെ കാലിയാകാന്‍ സാധ്യത ഏറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യം വന്നാല്‍ 19 യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു കറന്‍സിയായ യൂറോ ഉപേക്ഷിക്കാന്‍ ഗ്രീസ് നിര്‍ബന്ധിതരായേക്കും.
തങ്ങള്‍ക്ക് എതിരായി വന്ന ഹിതപരിശോധനാ ഫലത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് നേതാക്കളെടുക്കുന്ന തീരുമാനമായിരിക്കും സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ഈ മെഡിറ്ററേനിയന്‍ രാജ്യത്തിന്റെ വിധി നിര്‍ണയിക്കുക. ആഭ്യന്തര എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ ഗ്രീസിനു മുന്നില്‍ വച്ച കര്‍ക്കശമായ ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളില്‍ നിന്ന് യൂറോപ്പ് പിന്മാറുമോ എന്ന് സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിയ മറ്റു യൂറോ സോണ്‍ രാജ്യങ്ങളായ സ്പെയ്നും പോര്‍ച്ചുഗലുമെല്ലാം ഉറ്റു നോക്കുന്നുണ്ട്. അത്തരമൊരു നീക്കമുണ്ടായാല്‍ ഈ രാജ്യങ്ങളിലും അത് അലയടിക്കും. ഗ്രീസ് യൂറോയെ കൈവിട്ടാല്‍ ഈ കറന്‍സി ക്ലബില്‍ നിന്ന് പുറത്തു കടക്കാനുള്ള മറ്റു രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കും അത് പ്രചോദനമാകും.
ഗ്രീസിന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ പറഞ്ഞത്. യൂറോപ്പിന്റെ ആവശ്യങ്ങളെ ഗ്രീസ് ജനത തള്ളിയാല്‍ ഇനി ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും യൂറോപ്യന്‍ നോതാക്കളുടെ നീക്കം പുതിയ ഒത്തുതീര്‍പ്പ് സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഗ്രീസിന്റെ കാര്യത്തില്‍ അടിയന്തര ചര്‍ച്ചയ്ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹോലാന്ദെയെ കാണാന്‍ പാരീസിലെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ അന്‍ജെല മെര്‍ക്കല്‍ പറഞ്ഞത് യൂറോ കറന്‍സിയുടെ നിലനില്‍പ്പ് പൊതുഐക്യം പോലെ തന്നെ എല്ലാവരുടേയും കൂട്ടുത്തരവാദിത്തമാണെന്നാണ്. ഗ്രീക്ക് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസുമായും മെര്‍ക്കല്‍ ഫോണില്‍ സംസാരിച്ചു. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങള്‍ ഗ്രീക്ക് ജനത തള്ളിയതോടെ ജയിച്ച സിപ്രാസ് ഈ വിജയം ചര്‍ച്ചകളിലും ആവര്‍ത്തിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
തിങ്കളാഴ്ച മെര്ക്കെലിന്റേത് അനുരഞ്ജന സ്വരമായിരുന്നെങ്കിലും അവരുടെ വൈസ് ചാന്‍സലറും ജര്‍മ്മന്‍ സാമ്പത്തിക കാര്യ മന്ത്രിയുമായ സിഗ്മര്‍ ഗബ്രിയേലിന്റേത് മുന്നറിയിപ്പ് സ്വരമായിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഗ്രീസിന് അടിയന്തരമായി മനുഷ്യത്വപരമായ സഹായങ്ങള്‍ ആവശ്യമായി വന്നേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അടിയന്തര വൈദ്യ സഹായ, ഭക്ഷ്യ വസ്തു വിതരണ സംവിധാനങ്ങളുമായി യൂറോപ്പ് ഒരുങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ചെലുത്താനാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനമെന്ന് ആഭ്യന്തര ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഗ്രീക്ക് ബാങ്ക് ഉദ്യോഗസ്ഥന് പറയുന്നു. 'ഒരു പരിഹാരം കണ്ടെത്തുന്നതുവരെ ചര്‍ച്ച തുടരും.' യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗ്രീക്ക് ബാങ്കുകള്‍ക്ക് നല്കിയ പണം ബുധനാഴ്ച വൈകുന്നേരത്തോടെ തീരും. യൂറോ സോണ്‍ നേതാക്കളുടെ ഇന്നു നടക്കുന്ന സമ്മേളനത്തിന്റെ ഫലം അറിഞ്ഞ ശേഷം ബുധനാഴ്ച തീരുമാനം പുനപ്പരിശോധിക്കാനാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
98 ബില്യണ്‍ ഡോളറിന്റെ കടപരിധി നീട്ടിക്കൊടുക്കുന്നതിന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിശ്ചിത കാലയളവ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അടിയന്തര സഹായങ്ങള്‍ക്ക് യോഗ്യത നേടുന്നതിന് ഈടായി ബാങ്കുകള്‍ സംഭരിക്കേണ്ട ആസ്തികളുടെ തോത് ഉയര്‍ത്തി കൊണ്ട് ഗ്രീക്ക് ബാങ്കുകളുടെ മേല്‍ അവര്‍ സമ്മര്ദ്ദമേറ്റിയിരിക്കുകയാണ്. ദുര്‍ബലമായ ഗ്രീക്ക് ബാങ്കുകളുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഇത്തരമൊരു നീക്കം ബാങ്കുകളുടെ തകര്‍ച്ചയില്‍ കലാശിച്ചേക്കാം. എന്നാല്‍ ഈ ഈട് വ്യവസ്ഥ പെട്ടെന്നൊരു തകര്‍ച്ചയിലേക്ക് നയിക്കില്ലെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ പ്രതീക്ഷയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സെന്‍ട്രന്‍ ബാങ്ക് ഉദ്യോഗസ്ഥന് പറഞ്ഞു.
ഒത്തുതീര്‍പ്പിലെത്താന്‍ ധൃതിയില്ലെന്നാണ് ഗ്രീസിനെ പിടിച്ചു നില്ക്കാന് സഹായിക്കുന്ന ഫണ്ട് നിയന്ത്രിക്കുന്ന യൂറോപ്യന്‍ നേതാക്കള്‍ നല്കുന്ന സൂചന. സാമ്പത്തിക മേഖലയിലൂടെ ഗ്രീസിനു മേല്‍ അവര്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് ബാങ്കുകളെല്ലാം അടച്ചിട്ടു. പണം പിന്‍വലിക്കല്‍ പരിധി ഒരു ദിവസം 60 യൂറോ എന്ന തോതിലാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഖജനാവ് വറ്റിയതോടെ ഭാവിയോര്‍ത്ത് ഗ്രീക്കുകാര്‍ മിതവ്യയം തെരഞ്ഞെടുത്തപ്പോള്‍ കോഫീ ഷോപ്പുകള്‍ തൊട്ട് ടാക്സികള്‍ വരെ കാലിയായിരിക്കുന്നു. വിദേശ മണി ട്രാന്‍സ്ഫറുകളും ഗ്രീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇറക്കുമതിയും പരിമിതപ്പെട്ടിരിക്കുന്നു. ഈ ആഴ്ചയോടെ പത്രങ്ങള്‍ അച്ചടിക്കാനുള്ള പേപ്പറുകളും തീര്‍ന്നേക്കാമെന്ന് അച്ചടിശാലകള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇറക്കുമതി ചെയ്ത മാംസ്യ വസ്തുക്കളുടെ ശേഖരവും തീര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് മാംസ വില്‍പ്പനക്കാരും പറയുന്നു.
അവശ്യവസ്തുക്കളുടെ അപര്യാപ്തത വര്‍ധിക്കുന്നത് ഒത്തുതീര്‍പ്പ് കരാറിന് ആക്കം കൂട്ടുമെന്നാണ് വിശകലവിദഗ്ധരുടെ നിരീക്ഷണം. ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രധാനമന്ത്രി സിപ്രാസിനെ പിന്തുണച്ചതോടെ സഹായത്തിനുള്ള പുതിയ നീക്കങ്ങള്‍ക്കുള്ള തയാറെടുപ്പിലായിരുന്നു ഗ്രീക്ക് നേതാക്കള്‍. ഇവരുടെ ഐക്യം ഒത്തു തീര്‍പ്പ് കരാറിന് സുപ്രധാന ഉത്തേജനമാണ്. തീപ്പൊരി നിലപാടുകാരനായ ഗ്രീസ് ധനമന്ത്രി യാനിസ് വരുഫാകിസ് രാജി പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗതടസ്സവും വരുഫാകിസിന്റെ രാജിയോടെ നീങ്ങി. യൂറോപ്പിന്റെ സാമ്പത്തിക 'തീവ്രവാദ'ത്തെ ആക്ഷേപിച്ചുള്ള രോഷപ്രകടനവും വഴങ്ങാത്ത ശൈലിക്കാരനുമായ വരുഫാകിസ് ഇതിനകം തന്നെ ഗ്രീസിന്റെ എല്ലാ കടക്കാരുടേയും വെറുപ്പ് സമ്പാദിച്ചിരുന്നു. ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാത്ത ഗ്രീസിന്റെ നിലപാടിനു പിന്നില്‍ ഒരാള്‍ വരുഫാകിസ് ആയിരുന്നു. പകരക്കാരനായി വന്നത് മൃദു സ്വഭാവക്കാരനും ഒക്സ്ഫെഡ് ഇക്കണോമിസ്റ്റുമായ യൂക്ലിഡ് സകാലോട്ടോസ് ആണ്. ഇദ്ദേഹമാണ് ഏപ്രില്‍ മുതല്‍ ഗ്രീസിന്റെ ചര്‍ച്ചാ സംഘത്തെ നയിക്കുന്നത്. മഹാ മാന്ദ്യത്തെ നേരിട്ട് അഞ്ചു വര്‍ഷമായി അനുഭവിച്ചു വരുന്ന സാമ്പത്തിക വേദനയില്‍ നിന്നും ഗ്രീക്ക് ജനതയ്ക്ക് മോചനം ശപഥം ചെയ്തു കൊണ്ടാണ് തിങ്കളാഴ്ച സകാലോട്ടോസ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
മന്ത്രാലയത്തില്‍ നിന്നും അവസാന ദിവസം പതിവിനു വിപരീതമായി വരുഫാകിസ് യാത്ര തിരിച്ചത് ബൈക്കിലാണ്. ഭാര്യയേയും പിന്നിലിരുത്തിയുള്ള ഈ പോക്ക് വരുഫാക്കിസിന്റെ 'ബാഡ് ബോയ്' പ്രതിച്ഛായയോട് ചേരുന്നതു തന്നെ എന്നായിരുന്നു വിമര്‍ശകരുടെ വിലയിരുത്തല്‍. കടക്കാരുടെ വെറുപ്പ് താന്‍ അഭിമാനമായി എടുത്തണിയുമെന്നും വരുഫാകിസ് രാജി സന്ദേശത്തില്‍ എഴുതിയിരുന്നു.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഒത്തുതീര്‍പ്പിന് ഗ്രീസ് ഒരുങ്ങുമ്പോള്‍ ധര്‍മ്മ സങ്കടത്തില്‍ യൂറോപ്യന്‍ യൂണിയന്

Next Story