TopTop
Begin typing your search above and press return to search.

ഗ്രീസ്: വിജയികളുടെ നേതാവ് തോറ്റവരുടെ ഉപാധികള്‍ സ്വീകരിക്കുമ്പോള്‍

ഗ്രീസ്: വിജയികളുടെ നേതാവ് തോറ്റവരുടെ ഉപാധികള്‍ സ്വീകരിക്കുമ്പോള്‍

സെബാസ്റ്റ്യന്‍ ബദ്‌ജെന്‍/ സ്റ്റാതിസ് കൂവേലാകിസ്
(ജാക്കോബിന്‍)

സിരിസ സര്‍ക്കാരും വായ്പാ ദാതാക്കളും തമ്മിലുണ്ടാക്കിയ പുതിയ കരാര്‍, ഗ്രീസിലെ സംഭവവികാസങ്ങളെ നിരീക്ഷിക്കുന്ന മിക്ക ഇടതുപക്ഷക്കാരേയും ഞെട്ടിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ ചക്രത്തിന്റെ വട്ടം പൂര്‍ത്തിയായ പോലെ. ജാക്കോബിന്‍ (cotnributing)പത്രാധിപര്‍ സെബാസ്റ്റ്യന്‍ ബദ്‌ജെനുമായുള്ള ഈ അഭിമുഖത്തില്‍ പാര്‍ട്ടിയിലെ ഇടതു നിലപാടുകളുടെ (Left Platform) പ്രമുഖരിലൊരാളായ സ്റ്റാതിസ് കൂവേലാകിസ് പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നു.

Left Platform തന്ത്രത്തിന്റെ ബാക്കിപത്രം എന്താണെന്നും മറ്റൊരുതരത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നോ എന്നും കൂടുതല്‍ പൊതുവായ ഒരു ഇടതു പുനക്രമീകരണത്തിന്റെ സാധ്യതയെത്ര എന്നുമൊക്കെ പരിശോധിക്കാന്‍ കൂവേലാകിസ് ഈ അവസരം ഉപയോഗിക്കുന്നുണ്ട്.

?ജൂലായിലെ ഹിതപരിശോധനയുടെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു? പലരും അതിനെ കണ്ടത് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസിന്റെ പൊടുന്നനെയുള്ള ഒരു തന്ത്രമായാണ്. പക്ഷേ അയാളുടെ അതിനുള്ള പ്രേരണകളെക്കുറിച്ച് അനിശ്ചിത്വമുണ്ട്. താന്‍ തോറ്റേക്കും എന്നാണ് അയാള്‍ കണക്ക് കൂട്ടിയതെന്നും ചിലര്‍ പറയുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ പെട്ടുപോകുന്ന കുരുക്കുകളില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമമായിരുന്നു ഹിതപരിശോധനയിലൂടെ എന്നാണ് ഞാന്‍ കരുതുന്നത്. തങ്ങളുടെ നിര്‍ദേശങ്ങളൊന്നും ത്രിമൂര്‍ത്തികള്‍ക്ക് (Troika European Commission (EC), International Monetary Fund (IMF), European Cetnral Bank (ECB)) സ്വീകാര്യമല്ല എന്ന് സര്‍ക്കാരും സിപ്രാസും മനസിലാക്കി എന്നത് വ്യക്തമാണ്. രൂപപ്പെട്ടുവരുന്ന കരാര്‍ സിരിസക്കകത്തും പൊതുജനത്തിനിടയിലും സ്വീകാര്യമാകില്ലെന്ന് ജൂണ്‍ അവസാനത്തോടെ വ്യക്തമായിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് Left Platform മാത്രമല്ലാതെ, പാര്‍ട്ടിക്കകത്തുനിന്നും, സിപ്രാസിനും നേതൃത്വത്തിനും സന്ദേശം ലഭിച്ചിരുന്നു. അനന്തമായ ചര്‍ച്ചകളില്‍ പൊതുജനത്തിനും മടുത്തു. ഗ്രീക്ക് സര്‍ക്കാരിനെ നാണം കെടുത്താനാണ് ത്രിമൂര്‍ത്തികളുടെ ശ്രമമെന്ന് മനസിലായി തുടങ്ങി.

ഒരു ചൂതാട്ട രാഷ്ട്രീയക്കാരന്‍ എന്ന് വിളികേട്ടിരുന്ന സിപ്രാസ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാനല്ല, തന്റെ ഒത്തുതീര്‍പ്പ് നില ശക്തിപ്പെടുത്താനുള്ള തന്ത്രമായാണ് ഹിതപരിശോധനയെക്കുറിച്ച് ചിന്തിച്ചത്. ഹിതപരിശോധന ഒരു പുതിയ ആശയമായിരുന്നില്ല. മുന്‍ ധനമന്ത്രി യാനിസ് വാറുഫാകിസ് അടക്കം പലരും അത് മുമ്പ് ഉന്നയിച്ചിരുന്നു.

ഹിതപരിശോധന പ്രഖ്യാപിച്ച ജൂണ്‍ 26-നു നടന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പുകള്‍ അടക്കമുള്ളവ എനിക്ക് അറിയുന്നതിനാല്‍ ഇതെനിക്കുറപ്പാണ്.

ഈ അവസരത്തില്‍ രണ്ടു കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു. ഇത് വളരെ സുഗമമായ ഒരു പരിപാടിയാകും എന്നാണ് സിപ്രാസും അടുപ്പക്കാരും കരുതിയത്. ബാങ്കുകള്‍ അടച്ചിടുന്നതിന് മുമ്പ് അതങ്ങനെ തന്നെ ആയിരുന്നു. ഏതാണ്ട് 70 ശതമാനത്തിന് മേല്‍ സമ്മതിയോടെ ഹിതപരിശോധന വിജയിക്കും എന്നായിരുന്നു പൊതുധാരണ.
അത് തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു വിലയിരുത്തലായിരുന്നു. ബാങ്കുകള്‍ അടക്കാതിരുന്നെങ്കില്‍ 'ഇല്ല' (No) എന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം മാറുമായിരുന്നു. കാരണം ബാങ്കടച്ചതിന്റെയും യൂറോപ്യന്‍ പ്രതികരണത്തിന്റെയും ഫലമായുണ്ടായ നാടകീയവും സംഘര്‍ഷാത്മകവുമായ അന്തരീക്ഷം ഒഴിവാകുമായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ ഉപപ്രധാനമന്ത്രി ഗിയാന്നിസ് ഡ്രാഗസാകിസ് അടക്കമുള്ള വലതുവിഭാഗം ഈ നീക്കത്തോട് വിയോജിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഗ്രീക്കിനെ പ്രതിനിധീകരിച്ചതുതന്നെ ഡ്രാഗസാകിസ് ആയിരുന്നു. ആ സംഘത്തില്‍ പുതിയ ധനമന്ത്രി യൂക്ലിഡ് സകാലോടോസ് ഒഴികെ മറ്റുള്ളവരെല്ലാം അയാളുടെ ആളുകളായിരുന്നു. വാറുഫോകിസിനെ ഒഴിവാക്കാന്‍ ശാഠ്യം പിടിച്ചവരില്‍ പ്രമുഖനും അയാളായിരുന്നു.

ഹിതപരിശോധന അപകടമാണെന്ന് അവര്‍ കരുതി. ഇത് ഏറ്റുമുട്ടലിന്റെ വഴിയാണെന്നും യൂറോപ്യന്‍ പക്ഷം കടുത്ത രീതിയില്‍ പ്രതികരിക്കുമെന്നും അവര്‍ കണക്കാക്കി. അത് ശരിയുമായി. ഈ നടപടി അടിത്തട്ടിലുണ്ടാക്കിയേക്കാവുന്ന ഇളക്കങ്ങളെക്കുറിച്ച് അവര്‍ക്ക് ഭീതിയുണ്ടായിരുന്നു. എന്നാല്‍ ഇടതു നിലപാടുകളുടെ നേതാവും ഊര്‍ജ മന്ത്രിയുമായ പനാജിയോടിസ് ലഫാസാനിസ് ഹിതപരിശോധന വൈകി വന്ന ശരിയായ നീക്കമെന്നാണ് പറഞ്ഞത്. പക്ഷേ ഇത് യുദ്ധപ്രഖ്യാപനം പോലെയാണെന്നും മറുഭാഗം പണലഭ്യത വെട്ടിക്കുറയ്ക്കുകയും ഏതാനും ദിവസങ്ങള്‍ക്കുളില്‍ ബാങ്കുകള്‍ അടച്ചിടേണ്ടിവരുമെന്ന് നാം പ്രതീക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. എന്നാല്‍ അവിടെക്കൂടിയവരില്‍ മിക്കവരും അതിനെ ചിരിച്ചു തള്ളി.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ചുള്ള അജ്ഞത സര്‍ക്കാര്‍ ഇതുവരെ പ്രവര്‍ത്തിച്ചതിന്റെ യുക്തിയെക്കുറിച്ച് മനസിലാക്കാനുള്ള കൃത്യമായ മാര്‍ഗമാണ്. യൂറോപ്യന്മാര്‍ അന്ന് ചെയ്തപ്പോലെ ചെയ്യും എന്ന് വിശ്വസിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. സിരിസയിലെ വലതുപക്ഷം അവര്‍ എതിര്‍ത്തിരുന്നതിനെക്കുറിച്ച് വളരെ ലളിതമായാണ് കരുതിയത്.

ഇത് ഹിതപരിശോധനയുടെ സമയത്ത് ആ തലത്തില്‍ എന്തൊക്കെ നടന്നിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഹിതപരിശോധന പിന്‍വലിക്കാന്‍ സിപ്രാസിന് മേല്‍ ഡ്രാഗസാകിസും കൂട്ടരും കനത്ത സമ്മര്‍ദം ചെലുത്തി. അങ്ങനെ ചെയ്തില്ലെങ്കിലും തന്റെ അടുത്ത നീക്കങ്ങള്‍ വലതുപക്ഷത്തിനും സ്വീകാര്യമാകുന്നതും, അതുവരെ തുടര്‍ന്ന വഴിയില്‍ നിന്നും മാറാത്തതും അതിനുള്ളില്‍ നിന്നുള്ള ഒരു അടവ് മാത്രമാണെന്നും സിപ്രാസ് വ്യക്തമാക്കി.

?വോട്ടെടുപ്പിന് മുമ്പേ ബുധനാഴ്ച്ചയുണ്ടായ പിറകോട്ടുപോകലിന്റെ അര്‍ത്ഥം അതായിരുന്നുവോ?

കൃത്യമായും. ഒരു ആഭ്യന്തര അട്ടിമറിയെക്കുറിച്ചും സിപ്രാസ് ഹിതപരിശോധന റദ്ദാക്കുമെന്നും ഏഥന്‍സില്‍ ഊഹാപോഹം പരന്നിരുന്നു. ഹിതപരിശോധന സ്ഥിരീകരിച്ചെങ്കിലും അത് കൂടുതല്‍ മെച്ചപ്പെട്ട ഒരു ധാരണ ലഭിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമാണെന്ന് സിപ്രാസ് വ്യക്തമാക്കി. ആ ആഴ്ച്ച മുഴുവന്‍ അതേ നിലപാടില്‍ അയാള്‍ ഉറച്ചുനിന്നു.

എനിക്കു മനസിലാകാത്ത ഒരു കാര്യം ഹിതപരിശോധനയില്‍ ജനങ്ങളോട് തള്ളിക്കളയാന്‍ ആവശ്യപ്പെട്ട കാര്യങ്ങളെക്കാള്‍ മോശം നടപടികളുമായാണ് അയാള്‍ വായ്പാദാതാക്കളുമായി നീക്കം നടത്തിയത്.

തോല്‍ക്കുമെന്ന പ്രതീക്ഷയിലാണോ സിപ്രാസ് ഹിതപരിശോധന പ്രഖ്യാപിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ അയാളുടെ ഉദ്ദേശങ്ങളെ ഒന്നു പുനക്രമീകരിക്കണം. അതിന്റെ അര്‍ത്ഥം അയാളെ സംബന്ധിച്ച് എന്തായിരുന്നു എന്നും. പക്ഷേ ഒന്നുറപ്പാണ്, ആ ഉദ്ദേശങ്ങള്‍ക്കപ്പുറത്തുള്ള ശക്തികളെ അത് കെട്ടഴിച്ചുവിട്ടു. ഹിതപരിശോധന സൃഷ്ടിച്ച ആവേശം സിപ്രാസിനും സര്‍ക്കാരിനും അപ്പുറത്തായിരുന്നു.

ഭൂതത്തെ തിരിച്ചു കുപ്പിയിലടക്കാനാണ് പിന്നെ അവര്‍ ശ്രമിച്ചത്. ഡ്രാഗസാകിസിനും കൂട്ടര്‍ക്കും സിപ്രാസ് കീഴടങ്ങി, അവരുടെ വഴി സ്വീകരിക്കുകയും യൂറോ ഗ്രൂപ്പിന് കുപ്രസിദ്ധമായ ആ കത്തെഴുതുകയും ചെയ്തു. അതിനുമുമ്പ് പുതിയ വായ്പയ്ക്കുള്ള കത്തും. ഇതാണ് ഹിതപരിശോധനക്ക് ശേഷമുണ്ടായ സംഭവവികാസങ്ങള്‍ക്ക് വഴിതുറന്നത്.

എന്നാല്‍ ഹിതപരിശോധന പിന്‍വലിച്ചാല്‍ അപഹാസ്യനാകും എന്നതുകൊണ്ട് അതിനയാള്‍ക്ക് എന്തെങ്കിലും യുക്തി കണ്ടത്തേണ്ടിയിരുന്നു. ജന്‍കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചെലവ് ചുരുക്കല്‍ നടപടികള്‍ക്കെതിരെ, ത്രിമൂര്‍ത്തികളുടെ ഭീഷണികള്‍ക്കെതിരെ, അന്ത്യശാസനത്തിനെതിരെ അയാള്‍ക്ക് സംസാരിക്കേണ്ടി വന്നു. അടിത്തട്ടിലെ ചലനങ്ങള്‍ അയാളെക്കൊണ്ട് ത്രിമൂര്‍ത്തികള്‍ക്കെതിരെ തിരിയിപ്പിച്ചു.

ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ ഫലമായി മുകളില്‍ നിന്നും എടുത്ത ഒരു തീരുമാനം നേതാവിന്റെ ഉദ്ദേശങ്ങളെ മറികടക്കുന്ന വിമോചക ശക്തികളെ അഴിച്ചുവിടുന്ന ഒന്നായി മാറുന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഇത്. ഇത് വളരെ പ്രധാനമാണ്. കാരണം ഹിതപരിശോധനക്ക് ശേഷം നടത്തിയ ഈ നീക്കം (വായ്പാ ദാതാക്കളുമായി) ഹിതപരിശോധനയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സൃഷ്ടിക്കുന്ന സംശയകരമായ രാഷ്ട്രീയ വിശ്വാസ്യതയായിരിക്കും സിപ്രാസ് ഇനി നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന്. ഹിതപരിശോധന നടന്നിട്ടില്ലെന്ന് നടിക്കാനാവില്ലെന്ന് നാം മനസിലാക്കണം. അത് നടന്നു. സിപ്രാസ് ജനഹിതത്തെ വഞ്ചിക്കുകയാണെന്ന് അന്താരാഷ്ട്ര പൊതുസമൂഹത്തിനും, ഗ്രീക് ജനതയ്ക്കും വ്യക്തമാണ്.

?അപ്പോള്‍ സിപ്രാസ് അനിതരസാധാരണമായ കൗശലമുള്ള ഒരു ചാണക്യനോ അതോ സംഭവങ്ങളുടെ കുത്തൊഴുക്കില്‍ ചാടിമറിഞ്ഞ ഒരു ചൂതാട്ടക്കാരനോ? താങ്കള്‍ രണ്ടാമത്തെ പക്ഷക്കാരനായിരിക്കുമല്ലോ

തീര്‍ച്ചയായും ഒരു കാര്യം വിശദമാക്കിയാല്‍ ഞാന്‍ രണ്ടാമത്തെ പക്ഷത്താണ്. വാസ്തവത്തില്‍ തുടക്കം മുതലേ സിപ്രാസും നേതൃത്വവും ഇതേ നിലപാടുകളാണ് തുടക്കം മുതലേ എടുക്കുന്നത്. 'യാഥാര്‍ത്ഥ്യ ബോധമുള്ള' നിലപാടും ചില തീപ്പൊരി വായാടിത്തവും ഒന്നിപ്പിച്ചാല്‍ യൂറോപ്യന്മാരില്‍ നിന്നും ചില ഇളവുകള്‍ കിട്ടുമെന്ന് അവര്‍ കരുതി. എന്തായാലും അവരാ കുരുക്കില്‍ വീണുകൊണ്ടേയിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേക്കും വേറെ വഴിയുമില്ലാതായി. മറ്റെല്ലാ മാര്‍ഗങ്ങളും അവര്‍ നിരസിച്ചു. സമയമുണ്ടായിരുന്നപ്പോള്‍ മറ്റേതെങ്കിലും രീതി പരിഗണിക്കാന്‍ അവര്‍ തയ്യാറായതുമില്ല.

ഇപ്പോള്‍ വാരോഫാകിസ് ഒരു അഭിമുഖത്തില്‍ പറയുന്നത് ആയാലും കുറച്ചുപേരും ചേര്‍ന്ന് ഹിതപരിശോധനക്ക് മുമ്പായി, ബാങ്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക, കടപ്പത്രം ഇറക്കുക, ഗ്രീക്ക് സെന്‍ട്രല്‍ ബാങ്കിനെ ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും വേര്‍പ്പെടുത്തുകയും ക്രമേണ പിന്‍മാറുകയും ചെയ്യുക എന്നിവയടങ്ങിയ ഒരു ബദല്‍ പദ്ധതി തയ്യാറായിരുന്നു എന്നാണ്. എന്നാലത് വൈകിപ്പോയി, മന്ത്രിസഭയിലെ ധനകാര്യ സമിതിയിലെ മറ്റെല്ലാവരും, എന്നു പറഞ്ഞാല്‍ പ്രധാനമായ് ഡ്രാഗസാകിസ്, അത് തള്ളി. സിപ്രാസാകട്ടെ പ്രതീക്ഷിച്ചപ്പോലെ ആ തീരുമാനത്തെ ശരിവെച്ചു.

അതുകൊണ്ടു സിപ്രാസിന്റെ നിലപാടുകളുടെ തുടര്‍ച്ചയെ നമ്മള്‍ വ്യക്തമായി കാണണം. അതുകൊണ്ടാണ് 'വഞ്ചന' എന്ന വാക്ക് അത്ര ശരിയാകില്ലെന്ന് ഞാന്‍ കരുതുന്നത്. തീര്‍ച്ചയായും ജനഹിതത്തെ വഞ്ചിച്ചു എന്നു പറയാം, ജനങ്ങള്‍ക്ക് വഞ്ചിതരായി എന്നു തോന്നാന്‍ കാരണങ്ങളുണ്ട്.

എന്നാലും, വഞ്ചന എന്നാല്‍ സമാന്യാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ നിങ്ങളുടെ പ്രതിബദ്ധതയില്‍ നിന്നും പിന്നോട്ടു പോകാന്‍ തീരുമാനിക്കുക എന്നാണ്. ഞാന്‍ കരുതുന്നത് ഒത്തുതീര്‍പ്പ് ചര്‍ച്ചകളും വിശ്വാസപ്രകടനവുമെല്ലാം ഒരു നല്ല ധാരണ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് സിപ്രാസ് ശരിക്കും വിശ്വസിച്ചു എന്നാണ്. അതുകൊണ്ടാണ് തനിക്ക് ഒരു ബദല്‍ പദ്ധതിയും ഇല്ലായെന്ന് അയാള്‍ എപ്പോഴും പറഞ്ഞതും.

ഒരുതരത്തിലുള്ള 'ഒളി അജണ്ടയും' ഇല്ലാത്ത ഒരു 'വിശ്വസ്തനായ യൂറോപ്യന്‍' ആയി പ്രത്യക്ഷപ്പെട്ടാല്‍ തനിക്ക് ചില ആനുകൂല്യങ്ങള്‍ കിട്ടിയേക്കും എന്നയാള്‍ ധരിച്ചു. മറുവശത്തു ഹിതപരിശോധനയും മോസ്‌കോവിലേക്കുള്ള പോക്കുമൊക്കെയായി കുറച്ചുമാസങ്ങള്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷിയും അയാള്‍ കാണിച്ചു.

പ്രശ്‌നത്തോടുള്ള ശരിയായ സമീപനം ഇതാണെന്ന് അയാള്‍ കരുതി. പക്ഷേ ഈ വഴിയിലൂടെ നിങ്ങള്‍ കുറെ മുന്നോട്ടുപോയാല്‍ പിന്നെ നിങ്ങളെ കാത്തിരിക്കുന്നത് മോശം വഴികള്‍ മാത്രമായിരിക്കും എന്നതാണു വസ്തുത.

?തന്ത്രത്തിന്റെ വേരുകള്‍ നോക്കാം: ഏതറ്റം വരെയാണ് അത് പ്രത്യയശാസ്ത്ര അന്ധതയാകുന്നത്, ഏതുവരെയാണ് അത് തികഞ്ഞ അജ്ഞതയാകുന്നത്? ആളുകളെ കുഴപ്പിക്കുന്ന ഒരു കാര്യം നിങ്ങളുടെ സര്‍ക്കാര്‍ നിറയെ മുതലാളിത്ത രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ അമൂര്‍ത്തവും മൂര്‍ത്തവുമായി പഠിക്കാന്‍ ഒരു ജീവിതം മുഴുവന്‍ ചെലവിട്ട ആളുകളാണ് എന്നാണ്, രാഷ്ട്രീയ പ്രവര്‍ത്തകരായ ആളുകള്‍. അവര്‍ക്ക് രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അറിയില്ല എന്നത് എങ്ങനെയാണ് വിശദീകരിക്കുക? അത് ആഴത്തില്‍ വേരോടിയ പ്രത്യയശാസ്ത്രമോ അല്ലെങ്കില്‍ മേല്‍ത്തട്ടില്ലേ രാഷ്ട്രീയവുമായുള്ള അനുഭവക്കുറവോ അല്ലേ?

സര്‍ക്കാരിലെ രണ്ടു ഘടകങ്ങളെ നാം വേര്‍തിരിക്കേണ്ടതുണ്ട് എന്നു ഞാന്‍ കരുതുന്നു. ആദ്യത്തേത് രണ്ടു പ്രധാന സാമ്പത്തിക വിദഗ്ധര്‍, ഡ്രാഗസാകിസും ജ്യോര്‍ഗോസ് സ്റ്റതാകിസും നയിക്കുന്ന വലതുപക്ഷം. പിന്നെ കേന്ദ്ര നേതൃത്വം, സിപ്രാസും അയാള്‍ക്ക് ചുറ്റുമുള്ളവരും.

ആദ്യ വിഭാഗത്തിന് തുടക്കം മുതലേ ഒരേ നിലപാടാണ്ഒരു മാറ്റവുമില്ല. യൂറോപ്യന്മാര്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാകില്ലെന്ന് അവര്‍ക്ക് നന്നായറിയാം.

അതുകൊണ്ടാണ് ഡ്രാഗസാകിസ് ഒരു പൊതു സമീപനത്തിന്റെ യുക്തിയില്‍ ഒരു മാറ്റവും വരുത്താതിരിക്കാന്‍ സാധ്യമായതെല്ലാം ആദ്യം മുതലേ ചെയ്തത്. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ അംഗീകാരമുള്ള ചട്ടക്കൂടില്‍ നിന്നുള്ള ഒരു സാമ്പത്തിക പരിപാടി സിരിസക്ക് ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും അയാള്‍ വ്യക്തമായി അട്ടിമറിച്ചു. യൂറോപ്യന്മാരുമായി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം കിട്ടാന്‍ അയാള്‍ ആഗ്രഹിച്ചു. പുറത്ത് അധികം പ്രത്യക്ഷപ്പെടാതെ തന്നെ, ചര്‍ച്ചാ സംഘത്തെ നിയന്ത്രിക്കുന്നതില്‍, പ്രത്യേകിച്ചും വാറുഫോകിസിനെ ഒതുക്കിയതിന് ശേഷം, അയാള്‍ക്ക് കഴിഞ്ഞു.

2013-ല്‍ അന്ന് വലിയ വിവാദമുണ്ടാക്കിയ ഒരു അഭിമുഖം അയാള്‍ നല്കിയിരുന്നു. അന്നയാള്‍ പറഞ്ഞത് സിരിസയുടെ പരിപാടിയുടെ മൃദുരൂപം പോലുമായിരുന്നില്ല. മറിച്ച് അന്നത്തെ സര്‍ക്കാര്‍ ഒപ്പിട്ട കരാറിന്റെ ചെറിയ മാറ്റങ്ങളോടുകൂടിയ ഒരു വ്യത്യസ്ത പരിപാടി ആയിരുന്നു.

ഇനിയുള്ളത് സിപ്രാസിന്റെ ഇടതുയൂറോപ്യനിസത്തില്‍ ഊന്നിയ സമീപനമാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം യൂക്ലിഡ് സകലോടോസ് ആണ്. കടുത്ത മാര്‍ക്‌സിസ്റ്റ് ആയി സ്വയം കരുതുന്ന ഒരാള്‍, യൂറോ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ഒരാള്‍; ഞങ്ങള്‍ ഒരേ സംഘടനയില്‍ വര്‍ഷങ്ങളോളം ഒന്നിച്ചുണ്ടായിരുന്നു. ഫ്രഞ്ച് വെബ്‌സൈറ്റ് Mediapartനു നല്കിയ അഭിമുഖത്തില്‍ അയാള്‍ പറഞ്ഞത് അയാളുടെ പ്രത്യയശാസ്ത്രത്തെയും സര്‍ക്കാരിന് ആ പ്രതിച്ഛായ നല്കിയ എല്ലാ പണ്ഡിതന്മാരുടെയും ഉള്ള് കാണിക്കുന്നു.

സര്‍ക്കാരിലായതോടെ എന്താണ് ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയതെന്ന ചോദ്യത്തിനുള്ള മറുപടിയില്‍ താനൊരു വിദ്യാഭ്യാസ പണ്ഡിതനാണ്, സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കലാണ് തന്റെ ജോലി, അതുകൊണ്ടു ബ്രസല്‍സിലെ യോഗത്തിലേക്ക് വളരെ തയ്യാറായാണ് പോയത്. വാദപ്രതിവാദങ്ങള്‍ പ്രതീക്ഷിച്ച അവിടെ ആളുകള്‍ അനന്തമായി ചട്ടങ്ങളും നടപടിക്രമങ്ങളും ഉദ്ധരിക്കുക മാത്രമാണു ചെയ്തത്.ചര്‍ച്ചയുടെ താഴ്ന്ന നിലവാരത്തില്‍ തനിക്ക് നിരാശ തോന്നിയെന്ന് സകാലോടോസ് പറയുന്നു. നേരത്തെ വാറുഫോകിസും ഇതുതന്നെ പറഞ്ഞിരുന്നു.

ഇതില്‍ നിന്നും മനസിലാകുന്നത് EUവുമായുള്ള സംഘര്‍ഷം ഒരു അക്കാദമിക് ചര്‍ച്ചയിലെപ്പോലെ ഒരു പ്രബന്ധവും കയ്യില്‍പ്പിടിച്ചു ചെന്നു തിരിച്ചൊരു മറുപടി പ്രബന്ധവുമായി നടക്കും എന്നു ഇവര്‍ കരുതി എന്നാണ്.

ഇത് ഇടതുപക്ഷത്തിന്റെ ഇന്നതെ അവസ്ഥയെ വെളിവാക്കുന്നു. ഇടതുപക്ഷത്ത് നല്ല മനസുള്ള ഒരുപാടുപേരുണ്ട്, എന്നാല്‍ ശരിക്കുള്ള രാഷ്ട്രീയത്തില്‍ അവര്‍ക്ക് ഒരു ശേഷിയുമില്ല. പക്ഷേ യൂറോപ്യനിസത്തില്‍ ഉള്ള മതപരമായെന്ന പോലുള്ള വിശ്വാസം ഉണ്ടാക്കിയ ആശയ പ്രശ്‌നങ്ങള്‍ ഇത് കാണിക്കുന്നു. അവസാന നിമിഷം വരെ ത്രിമൂര്‍ത്തികളില്‍ നിന്നും എന്തെങ്കിലും ലഭിക്കും എന്നവര്‍ വിശ്വസിച്ചു. പങ്കാളികള്‍ക്കിടയില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന്, ബഹുമാനവും ജനാധിപത്യ അംഗീകാരവും പോലുള്ള ചില അടിസ്ഥാന മൂല്യങ്ങള്‍ അവര്‍ പങ്കുവെക്കുന്നുവെന്ന്, അല്ലെങ്കില്‍ സാമ്പത്തിക തര്‍ക്കങ്ങളെ അടിസ്ഥാനമാക്കി യുക്തിസഹമായ ഒരു ചര്‍ച്ചക്കുള്ള സാധ്യത ഉണ്ടെന്ന് അവര്‍ വിശ്വസിച്ചു.

വാറുഫോകിസിന്റെ ഏറ്റുമുട്ടലിന്റെ സമീപനവും വാസ്തവത്തില്‍ ഇതുതന്നെയായിരുന്നു; പക്ഷേ കളി സിദ്ധാന്തത്തിന്റെ (Game Theory- സാമൂഹ്യ സാഹചര്യങ്ങളിലെ സംഘര്‍ഷത്തിന്റെയും തന്ത്രത്തിന്റെയും തീരുമാനമെടുക്കുന്നതിന്റെ ഗണിത പഠനം) നമ്മള്‍ അങ്ങേയറ്റം വരെ കളിക്കണമെന്നും അപ്പോള്‍ പിന്‍മാറിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നഷ്ടം വളരെ വലുതായതിനാല്‍ അവര്‍ പിന്‍മാറുമെന്നാണ് അയാള്‍ പറഞ്ഞത്.

പക്ഷേ വാസ്തവത്തില്‍ സംഭവിച്ചത് കാലുളുക്കുമെന്ന സാധ്യതയുള്ള ഒരാളും രണ്ടു കാലും പോകുമെന്ന അപകടസാധ്യതയുള്ള ഒരാളും തമ്മില്‍ നടന്ന പോരാട്ടമാണ്. ഇടതുപക്ഷം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നവുമായി നേരിട്ടു ബന്ധപ്പെട്ടതാണെന്നുള്ള പ്രാഥമിക തിരിച്ചറിവ് ഇല്ല എന്നതാണ് വാസ്തവം.

?സിരിസ നേതൃത്വത്തിന്റെ മുഖ്യ വിഭാഗം എന്നു താങ്കള്‍ കരുതുന്ന ഈ യൂറോപ്യനിസത്തിന്റെ പ്രത്യയശാസ്ത്ര സ്വഭാവമെന്താണ്? കാരണം ഇത് ഉദാരവാദികളോ നെഗ്രിയന്‍ ഫെഡറലിസ്റ്റുകളോ അല്ല. ഇവര്‍ മിക്കവാറും മാര്‍ക്‌സിസ്റ്റുകള്‍ എന്നു സ്വയം കരുതുന്ന ആളുകളാണ്. ഹെബര്‍മാസിന്റെയോ എറ്റീന്‍ ബലിബറുടേയോ സ്വാധീനം പറയാനാകുമോ?

ഇക്കാര്യത്തില്‍ എനിക്കങ്ങനെ തോന്നുന്നു. ഹെബര്‍മാസിനെക്കാള്‍ ബലിബര്‍ ആണ് കൂടുതല്‍ പ്രസക്തം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഝാന്‍ ക്ലോദേ ജന്‍കെര്‍ അപമാനകരമായ പ്രതിനിര്‍ദേശങ്ങള്‍ നല്‍കിയതിന് പിട്ടീന് പോള്‍ മാസണ് നല്കിയ ഒരു അഭിമുഖത്തില്‍ സകാലോടോസ് പറഞ്ഞത് മുഖവിലക്കെടുക്കാം.

യൂറോയെക്കുറിച്ചപ്പോള്‍ സകാലോടോസ് പറഞ്ഞത്, അതില്‍ നിന്നും വിട്ടുപോരുന്നത് തികഞ്ഞ ദുരന്തമാകും എന്നാണ്. അത് 1930-കളിലേത് പോലെ ദേശീയ നാണയങ്ങള്‍ തമ്മിലുള്ള മത്സരം സൃഷ്ടിക്കുകയും വിവിധ ദേശീയതകളുടേയും ഫാസിസത്തിന്റെയും ഉയര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്യും.

അപ്പോള്‍ ആളുകള്‍ക്ക് രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഒന്നാണുള്ളത്; ഒന്നുകില്‍ യൂറോപ്പുകാരനായി, ദേശരാഷ്ട്രങ്ങളില്‍ നിന്നും ഒരുപടി മുന്നിലെ നിലപാടിനെ പ്രതിനിധാനം ചെയ്യുന്ന, നിലവിലെ ചട്ടക്കൂടിനെ സ്വീകരിക്കുക. അല്ലെങ്കില്‍ ഒരു പിന്തിരിപ്പന്‍ നിലപാടായി കണക്കാക്കുന്ന യൂറോപ്പ് വിരുദ്ധനാവുക. യൂറോപ്യന്‍ യൂണിയന്റെ സാധുതയ്ക്കുള്ള ഒരു ദുര്‍ബലമായ വഴിയാണിത്. ഇത് വളരെ ഉദാത്തമായിരിക്കില്ല, പക്ഷേ ഉള്ള മറ്റെല്ലാതിനെക്കാളും മികച്ചതാണ്.ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം എന്താണെന്ന് നമുക്ക് വ്യക്തമായി കാണാമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അത്ര വിശ്വാസമില്ലെങ്കിലും, യൂറോപ്യന്‍ സ്ഥാപനങ്ങളുടെ നവ ഉദാരവാദ ആഭിമുഖ്യത്തിലും ശ്രേണീ വ്യവസ്ഥയിലും സംശയങ്ങളുണ്ടെങ്കിലും അതിനു പുറത്തു മെച്ചപ്പെട്ട ഒന്നും സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ല.

ഇതാണ് Grexit അല്ലെങ്കില്‍ 1930കളിലേക്കുള്ള ഒരു തിരിച്ചുപോക്കും മഹാദുരന്തവുമൊക്കെയായി അപഹസിക്കപ്പെടുന്നതിനുള്ള കാരണം. ഇടത്‌ യൂറോപ്യനിസത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നേതൃത്വം അകപ്പെട്ടുപോയതിന്റെ ലക്ഷണങ്ങളാണ്.

?യൂറോപ്യന്‍ യൂണിയന്റെയോ യൂറോയുടെയോ അന്ത്യത്തെക്കുറിച്ച് സങ്കല്‍പ്പിക്കുന്നതിനെക്കാള്‍ എളുപ്പം മുതലാളിത്തത്തിന്റെ അവസാനത്തെക്കുറിച്ച് സങ്കല്‍പ്പിക്കുന്നതാണോ?

തീര്‍ച്ചയായും, കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനിതെഴുതിയിരുന്നു.

?ചില ബുദ്ധിജീവികള്‍ നേതൃത്വത്തിന്റെ നിലപാടിനെ ന്യായീകരിക്കാന്‍ നികോസ് പൗലന്റ്‌സാസിനേ കൂട്ടുപിടിക്കുന്നുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയനോടുള്ള ഈ മൃദുസമീപനം പൗലന്റ്‌സാസിന്റെ വീക്ഷണങ്ങളുമായും പൊരുത്തപ്പെടുന്നില്ലല്ലോ?

സമകാലിക മുതലാളിത്തത്തിലെ സാമൂഹ്യ വിഭാഗങ്ങളെക്കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ ആദ്യഭാഗത്ത് പൗലന്റ്‌സാസ്, യൂറോപ്യന്‍ ഏകീകരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മൂലധനത്തിന്റെ ആഗോളീകരണത്തെ വിശകലനം ചെയ്യുന്ന അദ്ദേഹം, യു എസിന്റെ യുദ്ധാനന്തര ഘടനയിലെ അധീശത്തം എന്ന് കരുതിയ ചട്ടക്കൂടിനുള്ളില്‍ യൂറോപ്യന്‍ മൂലധന ആഗോളീകരണത്തിന്റെ സാമ്രാജ്യത്വവത്കൃത ഉദാഹരണമാണ് യൂറോപ്യന്‍ സാമ്പത്തിക സമൂഹം എന്ന് കണക്കാക്കി.

?നമുക്ക് ഹിതപരിശോധനയെക്കുറിച്ച് തന്നെ സംസാരിക്കാം. പണലഭ്യതയുടെ പ്രതിസന്ധി, ബാങ്കുകള്‍ അടച്ചുപ്പൂട്ടല്‍, ഉന്മാദം ബാധിച്ച മാധ്യമാക്രമണം, മറ്റ് കക്ഷികള്‍ ഒരു 'അതേ' (Yes) വോട്ടിന് വേണ്ടി നിലകൊള്ളല്‍ ഇതിനിടയിലൊക്കെയാണ് ഹിതപരിശോധന നടന്നത്. പക്ഷേ സാധാരണ ഗ്രീക്കുകാരില്‍ നിന്നും അതിശക്തമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാക്കിയ എന്തോ ഒന്നു സംഭവിച്ചു.

അത് ഒരു ദേശാഭിമാന പ്രചോദിതമാണോ, അത് വര്‍ഗ പ്രശ്‌നമാണോ, അതോ പോള്‍ മാസനും മറ്റുള്ളവരും പറയുന്ന പോലെ ആഭ്യന്തര യുദ്ധത്തിന്റെ ഓര്‍മ്മകള്‍ ഒരു പങ്കുവഹിച്ചോ? എന്തായിരുന്നു 'ഇല്ല' (No) വോട്ടിന്റെ പ്രധാന കാരണം?

നിങ്ങള്‍ പറഞ്ഞതില്‍ ഏറ്റവും അപ്രസക്തം ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ളതാണ്. രാജ്യത്തു വലതുപക്ഷ ശക്തികേന്ദ്രങ്ങളില്‍ പോലും; ഇല്ല' വോട്ടാണ് മുന്നിട്ടുനിന്നത്. രാജ്യത്താകെ അതായിരുന്നു അവസ്ഥ.

നിങ്ങള്‍ പറഞ്ഞ മൂന്നിലും വെച്ച് വര്‍ഗ പ്രശ്‌നമാണ് ഏറ്റവും പ്രധാനം. ഞാനതിന്റെ ക്രമത്തില്‍ പോകാം. ഗ്രീക് ചരിത്രത്തിലെ ഏറ്റവും വര്‍ഗ വിഭജിതമായ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് മുഖ്യധാര നിരീക്ഷകര്‍ വരെ തിരിച്ചറിഞ്ഞ ഒരു കാര്യമാണ്. തൊഴിലാളി വര്‍ഗ പ്രദേശങ്ങളില്‍ 'ഇല്ല' വോട്ടുകള്‍ 70 ശതമാനത്തിന് മേലെയായിരുന്നു. ഉപരിവര്‍ഗ മേഖലകളില്‍ 'ഉണ്ട്' (Yes) വോട്ടുകള്‍ 70%ത്തിന് മേലെയും.

അധീശ ശക്തികളുടെ വിറളി പിടിച്ച പ്രകടനവും, ബാങ്കുകള്‍ അടച്ചിട്ടത് മൂലവും, പണം പിന്‍വലിക്കുന്നതിനുള്ള പരിധിയും എല്ലാം കൂടി ജനങ്ങള്‍ക്കിടയില്‍ 'ഉണ്ട്' വിഭാഗത്തെ തങ്ങള്‍ വെറുക്കുന്ന എല്ലാത്തിന്റെയും പ്രതീകമാക്കി മാറ്റി. 'Yes' വിഭാഗം ഇത്തരത്തിലുള്ള എല്ലാ വെറുക്കപ്പെട്ട രാഷ്ട്രീയക്കാരെയും പണ്ഡിതരേയും വ്യാപാര പ്രമുഖരെയും മാധ്യമ താരങ്ങളെയും എല്ലാം തങ്ങളുടെ പ്രചാരണം കൊഴുപ്പിക്കാനിറക്കിയത് ഈ വര്‍ഗ പ്രതികരണം ആളിക്കത്തിക്കാന്‍ സഹായിച്ചു.

സമാന പ്രാധാന്യമുള്ള രണ്ടാമത്തെ വസ്തുത യുവാക്കളുടെ പുരോഗമനപരമായ സജീവതയാണ്. പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് യുവാക്കള്‍ കൂട്ടമായി ഒരു നിലപാട് എടുക്കുന്നത്. 18നും 24നും ഇടക്കുള്ള 85% പേര്‍ 'ഇല്ല' എന്നാണ് വോട്ട് ചെയ്തത്. തങ്ങളുടെ ഭാവിയെക്കുറിച്ചും യൂറോപ്പിനോടുള്ള സമീപനത്തെക്കുറിച്ചും ഈ തലമുറക്ക് നല്ല ധാരണയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

യൂറോയും എറാസ്മസ് പരിപാടിയും യൂറോപ്യന്‍ യൂണിയനും ഉള്ള കാലഘട്ടത്തില്‍ വളര്‍ന്ന ഈ ചെറുപ്പക്കാര്‍ എങ്ങനെ അതിനെതിരാകുന്നു എന്ന് ഫ്രഞ്ച് പത്രം ലെ മോണ്ടെ ചോദിക്കുന്നു. പ്രതികരണം ലളിതമായിരുന്നു; യൂറോപ്പ് എന്താണെന്ന് ഞങ്ങള്‍ കണ്ടു, യൂറോപ്പ് ചെലവ് വെട്ടിച്ചുരുക്കലാണ്, യൂറോപ്പ് എന്നാല്‍ ജനാധിപത്യ സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തലാണ്, യൂറോപ്പ് എന്നാല്‍ നിങ്ങളുടെ ഭാവിയെ തകര്‍ക്കലാണ്.

മൂന്നാമത്തെ മാനം ദേശാഭിമാനത്തിന്റെതാണ്. വര്‍ഗ നിരകള്‍ അവ്യക്തമായ വലിയ നഗരകേന്ദ്രങ്ങള്‍ക്ക് പുറത്ത് ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും 'ഇല്ല' വോട്ട് ഭൂരിപക്ഷം നേടിയത് എന്തുകൊണ്ടെന്ന് അത് വിശദമാക്കുന്നു. അത് ത്രിമൂര്‍ത്തികള്‍ക്കെതിരായ 'ഇല്ല' വോട്ടായിരുന്നു. സിരിസയോടും സിപ്രാസിനോടും ആഭിമുഖ്യം ഇല്ലാത്തവര്‍ പോലും ഇത് ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അപമാനിക്കാനും രാജ്യത്തെ ത്രിമൂര്‍ത്തികളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുമുള്ള ശ്രമമായാണ് കണ്ടത്.

?'ഇല്ല' എന്ന പ്രചാരണവുമായി താങ്കള്‍ പല തൊഴില്‍കേന്ദ്രങ്ങളിലും പോയി. അതിനെക്കുറിച്ചൊന്നു പറയാമോ?

അതൊരു പ്രത്യേക അനുഭവമായിരുന്നു. പല തലത്തിലായിരുന്നു സാഹചര്യങ്ങള്‍ ഇതിനകം വലിയ തോതില്‍ ശോഷിച്ച, ബാക്കി ഭാഗം സ്വകാര്യവത്കരണത്തിന് ഉഴിഞ്ഞിട്ട റെയില്‍വേയില്‍, സിരിസ സര്‍ക്കാര്‍ സ്വകാര്യവത്കരണത്തെ അംഗീകരിച്ചുകഴിഞ്ഞു എന്ന് തൊഴിലാളികള്‍ക്കറിയാമായിരുന്നു. വാറുഫോകിസ് ഫെബ്രുവരി 20നു അവതരിപ്പിച്ച പരിഷ്‌കരണങ്ങളുടെ ആദ്യപട്ടികയില്‍ പോലും അതുണ്ടായിരുന്നു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്ര കുറച്ചു കാര്യങ്ങള്‍ ചെയ്യുന്നത്, അറച്ച് നില്‍ക്കുന്നത്, 'ഇല്ല' വോട്ടിന് ശേഷം എന്ത് എന്നൊക്കെയായിരുന്നു അവിടെ ചോദ്യങ്ങള്‍.

'ഇല്ല' പക്ഷം വിജയിക്കുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. തൊഴിലിടങ്ങളിലും തൊഴിലാളിവര്‍ഗത്തിനിടയിലും മറുവിഭാഗത്തിന്റെ പ്രചാരണമേ ഉണ്ടായിരുന്നില്ല. വിജയത്തിനുശേഷം എന്തുസംഭവിക്കുമെന്നായിരുന്നു ആശങ്ക.

ചോദ്യങ്ങള്‍ ഇതായിരുന്നു; എന്താണ് നിങ്ങളുടെ പരിപാടി? എന്താണ് ചെയ്യാന്‍ പോകുന്നത്? ഈ സമീപനം പരാജയമാണെന്ന് കഴിഞ്ഞ അഞ്ചരമാസമായി നിങ്ങള്‍ കണ്ടിട്ടും നിങ്ങളിപ്പോഴും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെക്കുറിച്ച് പറയുന്നതെന്തുകൊണ്ടാണ്?

സിരിസ വക്താവും കേന്ദ്ര സമിതി അംഗവും എന്ന നിലയില്‍ വിശ്വസനീയമായ മറുപടികള്‍ നല്‍കാന്‍ എനിക്കായില്ല.

?ഹിതപരിശോധനയില്‍ 'ഇല്ല' പക്ഷം വന്‍വിജയം നേടി. ഭൂരിപക്ഷം താങ്കളെ അത്ഭുതപ്പെടുത്തിയോ?

തീര്‍ച്ചയായും. 60% കടക്കുമെന്ന് ഞാന്‍ കരുതിയില്ല. സിരിസയില്‍ ലഫാസാനിസ് മാത്രമേ അത് പറഞ്ഞുള്ളൂ. മിക്കവരും ഒരു 55% ആണ് പ്രതീക്ഷിച്ചത്.

?പ്രതിപക്ഷ കക്ഷികളുടെ ശിഥിലീകരണമായിരുന്നു 'ഇല്ല വിജയത്തിന്റെ ഉടനടിയുള്ള പ്രതിഫലനം.

പ്രതിസന്ധി തുടങ്ങിയതിനുശേഷം ചെലവ് വെട്ടിച്ചുരുക്കല്‍ വിഭാഗം നേരിട്ട ഏറ്റവും കനത്ത പരാജയമായിരുന്നു ഇത്. ജനുവരി തെരഞ്ഞെടുപ്പിനെക്കാള്‍ ഏറെ വ്യക്തം. ഗ്രീസിലെ ഒരൊറ്റ കൗണ്ടി പോലും അവര്‍ വിജയിച്ചില്ല.

ന്യൂ ഡെമോക്രസി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അന്റോണിസ് സമരാസ് ഉടന്‍ രാജിവെച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 'ഉണ്ട്' പക്ഷക്കാരനായ പ്രസിഡന്റിന് കീഴില്‍ (ഫെബ്രുവരിയില്‍ സിരിസ ഭൂരിപക്ഷ പാര്‍ലമെന്റാണ് ഇയാളെ തെരഞ്ഞെടുത്തത്) 'രാഷ്ട്രീയ നേതാക്കളുടെ സമിതി' എന്ന പേരില്‍ സിപ്രാസ് ഈ സംഘത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു.

ആ യോഗത്തില്‍ നമ്മള്‍ വിചിത്രമായൊരു കാഴ്ച്ച കണ്ടു. വിജയികളുടെ നേതാവ് തോറ്റവരുടെ ഉപാധികള്‍ സ്വീകരിക്കുന്നു. ഇത് രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഇതിന് മുമ്പ് ഞാന്‍ ഇങ്ങനൊന്നു കണ്ടിട്ടില്ല.

?'ഇല്ല'വോട്ടിന്റെ ആധിക്യം സര്‍ക്കാരിനെ അമ്പരപ്പിച്ചിരിക്കാം. വര്‍ഗ സ്വഭാവവും. പക്ഷേ ആദ്യ പദ്ധതികളെ ഉറപ്പിക്കാനുള്ള ഒന്നായാണ് അതിനെ വ്യാഖ്യാനിച്ചത്. കൂടുതല്‍ ആഴത്തില്‍ ഒന്നുണ്ടെന്നതിനെ അംഗീകരിച്ചതേയില്ല?

അവരെങ്ങനെ വ്യാഖ്യാനിച്ചു എന്നെനിക്ക് പറയാനാവില്ല. കാരണം എല്ലാവരും ഒരു കോമാളിത്തമായി മാറിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ തിരക്കിലായിരുന്നു.

ഹിതപരിശോധനയുടെ ഫലമായി ഒരു പുതിയ മുന്നേറ്റം ഉയരുന്നതിനെ നിര്‍വ്വീര്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ഹിതപരിശോധനാ ഫലത്തിന് മണിക്കൂറുകള്‍ക്കുളില്‍ സര്‍വകക്ഷി നേതാക്കളുടെ യോഗം വിളിക്കുകയും ജനഹിതത്തിന് തീര്‍ത്തും വിരുദ്ധമായ അജണ്ട അംഗീകരിക്കുകയും ചെയ്തത്.

എന്തൊക്കെ സംഭവിച്ചാലും ഗ്രീക്ക് യൂറോസോണില്‍ തുടരും എന്നായിരുന്ന് ആ തീരുമാനം. എല്ലാ കക്ഷികളും ഒപ്പിട്ട, ഒപ്പിടാന്‍ വിസമ്മതിച്ച ഗ്രീക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, യോഗത്തിന് ക്ഷണം കിട്ടാഞ്ഞ നാസികളും ഒഴികെ സംയുക്ത പ്രസ്താവനയിലെ ഏറ്റവും ശക്തമായ ഭാഗം ഹിതപരിശോധന ഫലം വിട്ടുപോരാനുള്ള ഒന്നല്ല കൂടുതല്‍ മെച്ചപ്പെട്ട ഒത്തുതീര്‍പ്പുകള്‍ക്കുള്ളതാണ് എന്നായിരുന്നു.

?ഹിതപരിശോധന സമയത്ത് യൂറോസോണിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ജനങ്ങളുടെ നിലപാടുകള്‍ മാറിമറിയുന്നുണ്ടായിരുന്നുവോ?

തീര്‍ച്ചയായും അവര്‍ മാറിമറിയുന്നുണ്ടായിരുന്നു. 'ഇല്ല' എന്ന വോട്ട് യൂറോക്കെതിരാണ് എന്നായിരുന്നു മറുവിഭാഗം ശക്തമായി പ്രചരിപ്പിച്ചത്. അതുകൊണ്ട് ചെലവ് വെട്ടിച്ചുരുക്കലിനോട് 'ഇല്ല' എന്ന് പറഞ്ഞാല്‍ അത് യൂറോക്കെതിരാകുമെങ്കില്‍ ജനം ആ സാധ്യത എടുത്തിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് യുക്തിസഹമല്ല.

അന്ന് സംഭവിച്ചത് പൊതുജനാഭിപ്രായത്തിന്റെ തീവ്ര രാഷ്ട്രീയവത്കരണമാണ്. തെരുവുകളില്‍, തൊഴിലിടങ്ങളില്‍, എല്ലാത്തരം പൊതുവിടങ്ങളിലും നിങ്ങള്‍ക്കത് കാണാനും കേള്‍ക്കാനും കഴിയുമായിരുന്നു. എല്ലായിടത്തും ആളുകള്‍ ഹിതപരിശോധനയെക്കുറിച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ.അത് ഏകതാനമായ ഒന്നായിരുന്നു എന്നല്ല പറഞ്ഞത്. സര്‍ക്കാരിന് ഒത്തുതീര്‍പ്പിനുള്ള ഒരു വിലപേശല്‍ അവസരം കൂടി ഇത് നല്‍കുമെന്നും ആളുകള്‍ കരുതി. ഇത് ശരിയല്ല എന്ന് ഞാന്‍ പറയില്ല. പക്ഷേ ഇനി നഷ്ടപ്പെടാനൊന്നും ഇല്ല എന്നൊരു തോന്നല്‍ തൊഴിലാളി വര്‍ഗത്തിനിടയില്‍, യുവാക്കള്‍ക്കിടയില്‍, പാപ്പരായ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ എല്ലാം ശക്തമായിരുന്നു. അവര്‍ ഈ പോരാട്ടത്തില്‍ അപായസാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു.

വെള്ളിയാഴ്ച്ച ജാഥകളിലെ പോരാട്ട വീര്യം ഇതിന്റെ സൂചനയായിരുന്നു. വ്യക്തിപരമായി പറഞ്ഞാല്‍ 1970കള്‍ക്ക് ശേഷം ഗ്രീസില്‍ ഇത്തരമൊന്നു ഞാന്‍ കണ്ടിട്ടില്ല.

?പാര്‍ലമെന്റില്‍ ജൂലായ് 11നു നടന്ന വോട്ടിനെക്കുറിച്ചും ഗ്രീക് സര്‍ക്കാര്‍ യൂറോ ഗ്രൂപ്പിനയച്ച നിര്‍ദേശങ്ങളെക്കുറിച്ചും സംസാരിക്കാം. സര്‍ക്കാര്‍ പുതിയ ചെലവ് വെട്ടിച്ചുരുക്കല്‍ പദ്ധതി സ്വീകരിച്ചു എന്ന് അന്നേ വ്യക്തമായി. 300-ല്‍ 251 വോട്ട് നേടി അത് അംഗീകരിക്കപ്പെട്ടു.

ഗ്രീക് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് അംഗീകരിക്കണമെന്നായിരുന്നു. എന്നാലതുതന്നെ ഭരണഘടനാവിരുദ്ധമാണ്. കാരണം ബില്ലുകളോ അന്താരാഷ്ട്ര കരാറുകളോ മാത്രമേ പാര്‍ലമെന്റിന് വോട്ട് ചെയ്യാനാവൂ. ഇടയ്ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്ന ഒരു ഒത്തുതീര്‍പ്പ് നിര്‍ദ്ദേശ കടലാസില്‍ അവര്‍ വോട്ട് ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ല.

പക്ഷേ അത് ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതിനു സര്‍ക്കാരിനുള്ള ഒരു അനുവാദത്തിന്റെ പ്രതീകമായിരുന്നു ജന്‍കര്‍ പദ്ധതിയില്‍ നിന്നും നേരിയ വ്യത്യാസങ്ങള്‍ മാത്രമുള്ള ഒന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍. അപ്പോള്‍ തങ്ങളുടെ മലക്കം മറിച്ചിലിനുള്ള ഒരംഗീകാരമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

?സിരിസയുടെ പാര്‍ലമെന്ററി സംഘത്തിന്റെ ചിത്രം കൂടുതല്‍ സങ്കീര്‍ണമാണ്. സിരിസയിലെ ഭിന്നതകളെയും ഇടതു വിഭാഗത്തിന്റെ (Left Platform)നിലപാടുകളെയും കുറിച്ചു സംസാരിക്കാം.

ഇടതു നിലപാടുകള്‍ സംഘത്തിനകത്ത് വളരെയേറെ ചര്‍ച്ചചെയ്തു. ചിലര്‍ 'ഹാജര്‍' വോട്ട് മാത്രം ചെയ്യുക എന്ന നിലപാടുണ്ടായി. പ്രായോഗികമായി അത് 'ഇല്ല' വോട്ടാണ്.

?എങ്ങനെയാണത്?

കാരണം അത് വലിയ മാറ്റമൊന്നുമുണ്ടാക്കില്ല. അംഗീകാരത്തിന് വേണ്ടത് 151 വോട്ടാണ്.

മറ്റൊരു വിഭാഗം നിര്‍ദേശങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യുകയും രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കി ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്യും. ആദ്യത്തേത് നിര്‍ദേശങ്ങള്‍ തള്ളിയവരോടുള്ള ഐക്യദാര്‍ഡ്യം. രണ്ടാമത്തേതാണ് പ്രധാനം. ഗ്രീക്ക് ഭരണഘടനാ കീഴ് വഴക്കങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നാണത്. ഏത് ബില്ലിലും സര്‍ക്കാരിന് സ്വന്തമായി ഭൂരിപക്ഷം ഉണ്ടാകണം. ഇവിടെ ANELനെ കണക്കിലെടുത്താല്‍ (Independent Greeks) സര്‍ക്കാരിന് സ്വന്തം ഭൂരിപക്ഷം തന്നെ നഷ്ടമായി.

നിയമപരമായി അല്ലെങ്കിലും തങ്ങളുടെ ഭൂരിപക്ഷത്തിന് മുകളില്‍ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ഗ്രീക് ഭരണഘടന ചരിത്രം. അതുകൊണ്ടാണ് പുതിയ തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. പുതിയ തെരഞ്ഞെടുപ്പ് എന്നു നടക്കുമെന്നത് മാത്രമാണ് ഇനി കാണേണ്ടതുള്ളൂ.

അപ്പോള്‍ ഈ നിലപാടിനോട് വ്യക്തിപരമായി ഞാന്‍ എതിരായിരുന്നു. തീര്‍ത്തും നിരാകരിക്കുന്ന 'ഇല്ല' വോട്ടിനോപ്പമായിരുന്ന ഞാന്‍ പരാജയപ്പെട്ടു. കാരണം Left Platformലെ ഏഴ് എം പി മാരും സിരിസ എം പിമാരിലെ ചിലരും എതിര്‍ത്തു വോട്ടുചെയ്തതോടെ സര്‍ക്കാരിന് സ്വന്തം ഭൂരിപക്ഷം നഷ്ടമായി.

എന്നാല്‍ മറ്റൊരു വസ്തുത കൂടിയുണ്ട്. Left Platformലെ എല്ലാ എം പിമാരും അടുത്ത ഘട്ടത്തില്‍ പുതിയ ധാരണയെ എതിര്‍ക്കും. ഇത് പ്രഖ്യാപിച്ചുകഴിഞ്ഞു.

?Left Platfom ഈ സങ്കീര്‍ണമായ നിലപാടെടുത്തത്തിന് കാരണം സിപ്രാസ് നിര്‍ദേശങ്ങള്‍ ജനങ്ങള്‍ എത്രമാത്രം തള്ളി എന്നു കണക്കാക്കുന്നതില്‍ അവര്‍ക്ക് വീഴ്ച്ച പറ്റി എന്നല്ലേ താങ്കള്‍ പറയുന്നത്?

സര്‍ക്കാരിനെ പുറത്താക്കലല്ല, നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തലാണ് ഉദ്ദേശം എന്നു പറയാം. തീര്‍ത്തും വിട്ടുപോരാതെതന്നെ സിപ്രാസിന്റെ നീക്കം അസാധുവാണെന്ന് പ്രഖ്യാപിക്കല്‍. 'ഇല്ല' എന്നു വോട്ട് രേഖപ്പെടുത്തിയിട്ടും തങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ല ശ്രമിക്കുന്നതെന്നും പ്ലാറ്റ്‌ഫോമിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണെന്നും ലഫാസാനിസ് പറഞ്ഞിരുന്നു.

പുതിയതായി സമരോത്സുകരായ ഗ്രീക്ക് തൊഴിലാളി വിഭാഗത്തിലെ വിഭാഗങ്ങള്‍ എന്താണ് നടക്കുന്നതെന്ന് മനസിലാക്കി എന്നു താങ്കള്‍ കരുതുന്നുവോ?

സ്വന്തം ഭൂരിപക്ഷത്തിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.

മാവോയിസ്റ്റ് കറണ്ടിലെ (KOE) നാല് എം പിമാരും, കുടുംബ ചുമതലകള്‍ കാണിച്ച് യാനിസ് വാറുഫോകിസും വിട്ടുനിന്നു. സിരിസ പാര്‍ലമെന്ററി സംഘത്തില്‍ വിള്ളലുണ്ടെന്ന് മാധ്യമങ്ങള്‍ പരസ്യമാക്കി.

ഉടന്‍തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചവരെല്ലാം പാര്‍ലമെന്ററി പദവികളടക്കം എല്ലാ സ്ഥാനങ്ങളും രാജിവെക്കണമെന്ന് സിറിസയിലെ വലതുപക്ഷ വിഭാഗം ആവശ്യപ്പെട്ടു. സിരിസ വിഘടിച്ചിരിക്കുന്നു, അടവുകള്‍ വ്യക്തമല്ലെങ്കിലും.

അടുത്ത വോട്ട് വളരെ നിര്‍ണായകമാണ്. ഒപ്പിട്ട കരാറിന്റെ സാധുതയും സീറിസയുടെയും രാജ്യത്തിന്റെയും ഭാവിയും നിശ്ചയിക്കുന്ന വോട്ടാണിത്. ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് വ്യക്തിപരമായി പരസ്പരം ഉറ്റുനോക്കുന്ന ഒന്ന്.

?ഈ ഹിതപരിശോധന Left Platformനു സാധുത നല്‍കിയെന്നും എന്നാല്‍ ഈ അവസരത്തില്‍ തപ്പിത്തടഞ്ഞെന്നുമുള്ള വാദത്തെ എങ്ങനെ കാണുന്നു?

നമ്മള്‍ തൊട്ടോ ഇല്ലയോ എന്നു പറയാറായിട്ടില്ല. കാര്യങ്ങള്‍ ഒരൊറ്റ നിമിഷത്തിലല്ല തീരുമാനിക്കപ്പെടുന്നത്. ആ പ്രക്രിയ ഉരുത്തിരിയുകയാണ്. വിശാല സമൂഹത്തിനുള്ള ശരിക്കുള്ള ആഘാതം ഒപ്പിട്ട പുതിയ കരാര്‍ ആയിരിയ്ക്കും.

ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ വീണ്ടെടുക്കുകയും പുതിയ പാര്‍ടി കോണ്‍ഗ്രസിന് ആവശ്യപ്പെടുകയുമാണ് Left Platformനു ചെയ്യാനുള്ളത്. സിരിസയുടെ ഈ മലക്കം മറിച്ചിലിന് പാര്‍ടിയില്‍ ഒരു ന്യൂനപക്ഷ പിന്തുണ മാത്രമേ ഉള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്.പാര്‍ട്ടിയിലെ ഉദ്യോഗസ്ഥ ശൈലിയിലുള്ള തിരിമറികളും അവ പുതുതായി ഉണ്ടാക്കാനുള്ള ശേഷിയും അനന്തമാണെന്ന് നമുക്കറിയാം. എന്നാലും സിരിസയിലെ ഭൂരിപക്ഷം ഇതിനെ അനുകൂലിക്കാന്‍ ഇടയില്ല. കോണ്‍ഗ്രസിനുള്ള ആവശ്യത്തെ നേതൃത്വം ശക്തമായി എതിര്‍ക്കും. കാത്തിരുന്ന് കാണാം. കാരണം നിയമങ്ങള്‍ അനുസരിച്ചു കേന്ദ്രസമിതി യോഗമടക്കം വിളിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടാം.

പക്ഷേ വസ്തുതാപരമായി നോക്കിയാല്‍ സിരിസയുടെ ശിഥിലീകരണത്തിലേക്കുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. പിളര്‍പ്പ് അനിവാര്യമാണ്. എപ്പോള്‍, എങ്ങനെ എന്നത് മാത്രമാണു ചോദ്യം.

ദേശീയ ഐക്യം, മഹാസഖ്യം എന്ന രൂപത്തിലൊക്കെ സര്‍ക്കാര്‍ ഭൂരിപക്ഷം രൂപപ്പെടാനും വഴിയുണ്ട്. സാഹചര്യങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നതും.

?Left Platform ചില ആഭ്യന്തര വിള്ളലുകള്‍ നേരിട്ടില്ലേ?

ഞങ്ങള്‍ക്ക് ചില നഷ്ടങ്ങളുണ്ടായി. എന്നാലവ പരിമിതമാണ്. പൊതുവേ ഐക്യം നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കായി. ബദല്‍ പദ്ധതി നേരത്തെ സമര്‍പ്പിക്കേണ്ടതായിരുന്നു. പക്ഷേ പ്ലീനറി യോഗത്തില്‍ Left Current, Red Network എന്നിവയ്‌ക്കൊപ്പം ഒരു പൊതുപ്രസ്താവന നല്കിയിരുന്നു.

ഗ്രീക് സമൂഹത്തിലെ ഭൂരിപക്ഷമായ,വഞ്ചിക്കപ്പെട്ട ചെലവ് വെട്ടിച്ചുരുക്കല്‍ വിരുദ്ധ വിഭാഗത്തിനേ പ്രതിനിധീകരിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ചു പ്രധാനം.

?ഭരണഘടനാപരമായി നേതൃത്വത്തിന് പാര്‍ട്ടിയില്‍ ഒരു അടിച്ചമര്‍ത്തല്‍ നടത്താം?

അത് നല്ലതാണ്. Left Platform മന്ത്രിമാരെ ഉടനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കും. പാര്‍ട്ടിയില്‍ എന്താണ് സംഭവിക്കുക എന്നു നോക്കാം.

ആളുകളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ എളുപ്പമല്ല. കേന്ദ്ര സമിതി തലത്തില്‍ എങ്ങനെയാണ് അവര്‍ ഇതിനെ ഉപയോഗിക്കുക എന്നും കാണേണ്ടിയിരിക്കുന്നു.

ആളുകളെ അവരുടെ സീറ്റുകളില്‍ നിന്നും നിര്‍ബന്ധിച്ച് രാജി വെപ്പിക്കാന്‍ ആവില്ല. ഭൂരിപക്ഷ തീരുമാനവുമായി വിയോജിച്ചാല്‍ രാജിവെക്കണമെന്ന് സിരിസ എം പിമാര്‍ ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിപക്ഷം അംഗീകരിച്ചിട്ടില്ല.പാര്‍ട്ടിയുടെ തെരഞ്ഞെടുത്ത ഏകസമിതി കേന്ദ്ര സമിതിയുടെ യോഗം മാസങ്ങളായി ചേര്‍ന്നിട്ടില്ല. അതുകൊണ്ടു തീരുമാനങ്ങള്‍ക്ക് പാര്‍ടിക്കുള്ളിലും ഗ്രീക്ക് ജനതയിലും സാധുതയുണ്ടെന്ന് അംഗീകരിക്കാനാവില്ല.

?പുതിയ തെരഞ്ഞെടുപ്പുണ്ടായാല്‍ നേതൃത്വത്തിന് ആളുകളെ ഒഴിവാക്കാം ?

അതാണവരുടെ പരിപാടി. ഹിതപരിശോധനക്ക് മുമ്പ്തന്നെ അത്തരമൊരു നീക്കം ഉണ്ടായിരുന്നതായി പറയുന്നു. സിപ്രാസ് സിരിസയിലെ ഇടതുപക്ഷത്തെ പുറത്താക്കാന്‍ നീക്കം നടത്തുമെന്ന്. പാര്‍ട്ടിയുടെ പ്രവര്‍ത്തനവും സാധുതയും തമ്മിലുള്ള ഒരു മത്സരമായിരിക്കും അത്.

?യൂറോഗ്രൂപ്പും ഗ്രീക് സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിനെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തല്‍ എന്താണ്?

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗ്രീസിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഷോക് തെറാപ്പിയുടെ തുടര്‍ച്ചയാണിത്. ഇതുവരെയുള്ളതിനെക്കാള്‍ എല്ലാം മേലെ. VAT വഴി വരുമാനം കൂട്ടുക, മറ്റ് നികുതികള്‍, പെന്‍ഷന്‍ കുറയ്ക്കല്‍, പൊതുമേഖല വേതനം വെട്ടിക്കുറയ്ക്കല്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

ആഭ്യന്തര വരുമാനം ആഭ്യന്തര രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകും. വാസ്തവത്തില്‍ അത് ത്രിമൂര്‍ത്തികളുടെ കയ്യിലെ ഒരുപകരണമാകും.

കരാറിലെ മറ്റ് വസ്തുതകള്‍ ഇവയാണ്; IMF നിയന്ത്രണം നിലനില്ക്കും. ത്രിമൂര്‍ത്തി സ്ഥാപനങ്ങള്‍ ഏഥന്‍സില്‍ സ്ഥിരമാകും. സിരിസക്ക് അതിന്റെ രണ്ടു വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല; തൊഴില്‍ നിയമങ്ങളും കുറഞ്ഞ കൂലിയും പരിഷ്‌കരിക്കുന്നത്.

സ്വകാര്യവത്കരണം അസാധാരണമായ തലത്തിലേക്കുയരും. 50 ബില്ല്യണ്‍ യൂറോയുടെ സ്വകാര്യവത്കരണം. ഏതാണ്ടെല്ലാ പൊതു ആസ്തികളും വില്‍ക്കും. മാത്രവുമല്ല ഇവയെല്ലാം ഗ്രീസില്‍ നിന്നും മാറിയുള്ള മറ്റൊരു സ്ഥാപനത്തിന് കൈമാറും. കിഴക്കന്‍ ജര്‍മ്മനിയിലെ ആസ്തികളെല്ലാം സ്വകാര്യവത്കരിച്ച Treuhand പ്രക്രിയയുടെ തനിപ്പകര്‍പ്പാണിത്.

സാമ്പത്തിക, സാമൂഹ്യ നയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ അംഗീകരിച്ച എല്ലാ നിയമങ്ങളും എടുത്തുകളയും.

?ചെലവ് ചുരുക്കലിനുള്ള ന്യായങ്ങള്‍, പ്രതിരോധം ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മുതലായവ?

പള്ളിയെ കുറിച്ചും ഒന്നുമില്ല. പ്രതിരോധ ബജറ്റ് ചുരുക്കുന്നതിനുള്ള നിര്‍ദേശം നല്കിയിരുന്നു. കടം തിരിച്ചടക്കല്‍ കൂടുതല്‍ ലളിതമാക്കാനായിരുന്നു ചില അവ്യക്തമായ ചര്‍ച്ചകള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കടം എഴുതിത്തള്ളുന്നത് പാടെ തള്ളിക്കളഞ്ഞിരുന്നു. ഇതൊരു മാറ്റവും ഉണ്ടാക്കില്ല. കാരണം ഗ്രീക് വായ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്. വാര്‍ഷിക തിരിച്ചടവും സുദീര്‍ഘമാണ്. അതുകൊണ്ടു ആ തരത്തില്‍ ആശ്വാസം ഉണ്ടാക്കല്‍ എളുപ്പമല്ല. ഇത് 86 ബില്ല്യണ്‍ വായ്പയുടെ പ്രാരംഭമാണെന്നോര്‍ക്കണം. വായ്പ പെരുകാനിരിക്കുന്നതേയുള്ളൂ.

അതുകൊണ്ടു വായ്പാ തിരിച്ചടവിലെ പുനപരിശോധന വെറും വാചകമടിയും പൊള്ളയായ വാക്കുകളുമാണ്.

?ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പ്രതിരോധം തുടങ്ങിയവയ്ക്ക് മേല്‍ എന്തെങ്കിലും ചെയ്യാതിരുന്നത് സര്‍ക്കാരിനും ഇടതിനും പറ്റിയ പിഴവായിരുന്നില്ലേ?

അതായിരുന്നില്ല മുന്‍ഗണന. കടമെടുത്തുള്ള സുസ്ഥിരമല്ലാത്ത വളര്‍ച്ചയും, മൂലധനത്തിനും, ഉപരിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും ഭരണകൂടം വേണ്ടത്ര നികുതിയേര്‍പ്പെടുത്താത്തതും ആണ് വിശാല സാമ്പത്തിക കാരണങ്ങള്‍. അതാണ് കേന്ദ്ര പ്രശ്‌നം. അല്ലാതെ പള്ളിയെ സംബന്ധിച്ച മിഥ്യയല്ല.

അത് ബുദ്ധിമുട്ടാണ്; പള്ളിയുടെ ആസ്തികള്‍ വിവിധങ്ങളായതുകൊണ്ടു അവര്‍ക്ക് നികുതിയേര്‍പ്പെടുത്തുക ഒറ്റ രാത്രികൊണ്ടു നടക്കില്ല. മിക്കവയും കമ്പനി, ഭൂമി, വസ്തുക്കള്‍ എന്നിവയുടെ രൂപത്തിലാണ്. അപ്പോള്‍ ഇവയ്ക്ക് നികുതി ഏര്‍പ്പെടുത്തിയാല്‍ പള്ളിക്കും നികുതി ഏര്‍പ്പെടുത്തിയ ഫലമായി.

പ്രതിരോധ, വിദേശ നയങ്ങളിലെ ഞെട്ടിക്കുന്ന നീക്കങ്ങള്‍ മറ്റ് ചിലതാണ്. ഉദാഹരണത്തിന് ഇസ്രയേലുമായുള്ള സൈനിക കരാറുകളും സംയുക്ത സൈനികാഭ്യാസവും തുടരുക. ഇതെല്ലാം ഡ്രാഗസാകിസിനെ പോലുള്ള പ്രധാന സിരിസ നേതാക്കള്‍ എടുത്ത തീരുമാനങ്ങളാണ്.

?മറുവിഭാഗത്തെ തുറന്നുകാട്ടുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ സിപ്രാസിന് കഴിഞ്ഞെന്ന വാദത്തെക്കുറിച്ച്?

കഴിഞ്ഞ 20 വര്‍ഷമായി EU വിരുദ്ധ പ്രചാരണത്തില്‍ KKE (ഗ്രീക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)ക്കും Antasrya (Anticapitalist Left Cooperation for the Overthrow)ക്കും കഴിയാത്ത EU വിരുദ്ധത ജനങ്ങളില്‍ ഉണ്ടാക്കാന്‍ സിരിസ സര്‍ക്കാരിന് കഴിഞ്ഞു എന്നാണ് ഒരു സഖാവ് എനിക്കയച്ച സന്ദേശത്തില്‍ പറഞ്ഞത്.

?Left Platform-Antasrya ബന്ധം മെച്ചപ്പെട്ടോ?

അത്തരമൊരു രാഷ്ട്രീയ സാധ്യത തുറന്നിട്ടുണ്ട്. പക്ഷേ എനിക്കാക്കാര്യത്തില്‍ അത്ര ശുഭാപ്തിവിശ്വാസം പോര. കാരണം തീവ്ര ഇടതു നിലപാടുകളാണ് ഇവയെ കൂട്ടിച്ചേര്‍ക്കുന്നത്. അവരിപ്പോള്‍ പറയുന്നത് നമുക്ക് കേള്‍ക്കാം, തങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു, ഇടതു പരിഷ്‌കരണവാദത്തിന്റെ പരാജയം,നമുക്ക് വേണ്ടത് ശരിയായ വിപ്ലവ പാര്‍ട്ടിയാണ്, ആ പാര്‍ട്ടിയുടെ മുന്നണിപ്പോരാളികള്‍ തങ്ങളാണ്, തങ്ങള്‍ ആ മാര്‍ഗം തുടരും.

അതുകൊണ്ട് ചില മാറ്റങ്ങളുണ്ടാകാമെങ്കിലും പരിമിതമായിരിക്കും.

?പുതിയ സാമൂഹ്യ മുന്നേറ്റങ്ങള്‍, പൊതുപണിമുടക്ക്?

ഇതിപ്പോഴും വ്യക്തമല്ല. വ്യക്തമായും കാലം നാസികള്‍ക്കായും തുറന്നു കിട്ടിയിരിക്കുന്നു. അവരതുപയോഗിക്കും. ഗ്രീക്ക് നിര്‍ദേശത്തിനെതിരായി അവര്‍ വോട്ട് ചെയ്തുകഴിഞ്ഞു. ഈ ചെലവ് വെട്ടിച്ചുരുക്കല്‍ ഭാരത്തിനെതിരായ സാമൂഹ്യ മുന്നേറ്റം ഇനി തൊഴിലാളികളുടെ ചുമലിലായിരിക്കും. പോരാടുന്ന ചെലവ് ചുരുക്കലിനെതിരായ ഒരു ഇടതുപക്ഷത്തെ പുന സംഘടിപ്പിക്കുക. അതാണ് യഥാര്‍ത്ഥ വെല്ലുവിളി.

ഞാന്‍ മുമ്പ് പറഞ്ഞത് ഗ്രീക്ക് സാഹചര്യത്തില്‍ രണ്ടു വഴികളാണുള്ളത്, ഏറ്റുമുട്ടലും കീഴടങ്ങലും. കീഴടങ്ങല്‍ ഉണ്ടായി. എന്നാല്‍ ഏറ്റുമുട്ടല്‍ സന്ദര്‍ഭങ്ങളുമുണ്ടായി, സര്‍ക്കാര്‍ അതിനെ വളരെ ദുര്‍ബലമായാണ് നയിച്ചത്. അതായിരുന്നു യഥാര്‍ത്ഥ പരീക്ഷണം.

നല്ല യൂറോ, ഇടതു യൂറോപ്യനിസം തന്ത്രങ്ങള്‍ തകര്‍ന്നുവീണു. ഹിതപരിശോധന പ്രക്രിയ അത് വ്യക്തമാക്കി. അതായിരുന്നു കടുത്ത പരീക്ഷണം, പക്ഷേ ആവശ്യമായ ഒന്ന്.

തെരഞ്ഞെടുപ്പ് തലത്തിലായാലും പുതിയ മുന്നേറ്റങ്ങളെ ഇളക്കിവിടാന്‍ നിങ്ങള്‍ക്ക് രാഷ്ട്രീയ വിജയങ്ങള്‍ കൂടിയേ തീരൂ എന്നാണ് ഞാന്‍ കരുതുന്നത്. രണ്ട് നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഇത് ശരിയാണെന്നും തെളിഞ്ഞു.

ആദ്യത്തേത് തെരഞ്ഞെടുപ്പിന് ശേഷം പോരാട്ടവീര്യം നിറഞ്ഞുനിന്ന ആദ്യത്തെ മൂന്നാഴ്ച്ചകള്‍. ഇത് ഫെബ്രുവരി 20ലെ കരാറോടെ അവസാനിച്ചു. പിന്നെ ആലസ്യത്തിലേക്കും അനിശ്ചിതത്വത്തിലേക്കുമുള്ള പോക്കായിരുന്നു. രണ്ടാമത്തെ സന്ദര്‍ഭം ഹിതപരിശോധന തന്നെ. ഒരു പോരാട്ട നിര എങ്ങനെയാണ് അതിന്റെ ശക്തികളെ അഴിച്ചുവിടുന്നതെന്നും വിശാല സമൂഹത്തില്‍ പുരോഗമന മുന്നേറ്റത്തിനുള്ള ഉല്‍പ്രേരകമായി വര്‍ത്തിക്കുന്നതെന്നും നാം കണ്ടു. ഈ പാഠം നമുക്ക് ഉള്‍ക്കൊള്ളാനുള്ളതാണ്.

സാമൂഹ്യ മുന്നേറ്റങ്ങളും Left Platformഉം തമ്മിലുള ബന്ധം. ജനകീയ മുന്നേറ്റങ്ങള്‍ക്കുള്ള ഇടം സര്‍ക്കാര്‍ തുറക്കുമെന്ന് പറയാനാകില്ല. അതുകൊണ്ടു ആ തലത്തില്‍ ഈ പരികല്‍പന പരീക്ഷിക്കപ്പെട്ടിട്ടില്ല. മുന്നിലുള്ളത് നമുക്ക് പരിചിതമായ ഒന്നാണ്. അതായത് സര്‍ക്കാരിന്റെ കടുത്ത ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം.

സിരിസ അതിന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ഈ കാലത്ത് സര്‍ക്കാരും നേതൃത്വവും പാര്‍ട്ടിയില്‍ നിന്നും തികച്ചും വേറിട്ടു.

ഈ ദീര്‍ഘമായ പ്രക്രിയ സമൂഹത്തിലെ ഏറ്റവും പോരാട്ട സജ്ജരായ ജനങ്ങളെ നിഷ്‌ക്രിയരും ആശങ്കാഭരിതരുമാക്കിയിട്ടുണ്ട്. ഇത് ഞാന്‍ മുന്‍കൂട്ടി കണ്ട ഒന്നല്ല. കുറച്ചുകൂടി ഗതിവേഗം ഞാന്‍ പ്രതീക്ഷിച്ചു. ഈ കടമ്പ ഇത്രയും നീണ്ടു നമ്മുടെ ഇടപെടല്‍ സാധ്യതകളെ പരിമിതപ്പെടുത്തുമെന്ന് ഞാന്‍ മുന്‍കൂട്ടി കണ്ടില്ല.

ഇത് സ്വയം വിമര്‍ശനത്തിനുള്ള സമയം കൂടിയാണ്. അത് തുടങ്ങിക്കഴിഞ്ഞു. ബദല്‍ പദ്ധതികള്‍ നിര്‍ദേശിക്കേണ്ട സമയത്ത് Left Platformനു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ബദല്‍ രേഖ ഉണ്ടായിരുന്നു, പക്ഷേ അത് പുറത്തുവിടേണ്ട സമയത്തെക്കുറിച്ചായിരുന്നു ആശയക്കുഴപ്പം എന്നത് അബദ്ധം കൂടുതല്‍ വ്യക്തമാക്കുന്നു.

?എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ?

ഉവ്വ്. ഒരു രാഷ്ട്രീയ പോരാട്ടത്തില്‍ ന്യായീകരിക്കപ്പെടുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിന്റെ അര്‍ത്ഥം എന്താണെന്ന്. ഒരു മാര്‍ക്‌സിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഈ വാക്കുകളുടെ ചരിത്രപരമായ ജ്ഞാനം ആവശ്യമാണ്. ഒരു വശത്ത് അത് ശരിയായി വന്നതിനാല്‍ നിങ്ങള്‍ ന്യായീകരിക്കപ്പെട്ടു എന്നു പറയാം.

ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ എന്ന രീതിയാണത്. പക്ഷേ ആ നിലപാടിന് മൂര്‍ത്തമായ ശക്തി നല്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയമായി നിങ്ങള്‍ പരാജയപ്പെട്ടു. കാരണം നിങ്ങളുടെ നിലപാടിനെ ബഹുജന പ്രയോഗമായി മാറ്റാന്‍ നിങ്ങള്‍ അശക്തരാണെങ്കില്‍ രാഷ്ട്രീയമായി ശരിയെന്ന് തെളിയിക്കപ്പെടുന്നില്ല. രണ്ടാമത്തെ വസ്തുത എല്ലാവരും ഒരേ തരത്തില്‍ ഒരേ തലത്തില്‍ പരാജയപ്പെടുന്നില്ല എന്നതാണ്. സിരിസയിലെ ആഭ്യന്തര പോരാട്ടത്തില്‍ ഇത് വളരെ നിര്‍ണായകമാണ്.

ഒന്നുകൂടി വ്യക്തമാക്കാം. മറ്റൊരു മാര്‍ഗം എന്താണ്? KKEയും Antasryaയും വിഭിന്നമായ രീതികളിലാണെങ്കിലും എത്ര മാത്രം അപ്രസക്തരാണ് തങ്ങളെന്ന് തെളിയിച്ച് കഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് സിരിസ നേതൃത്വവുമായി എത്രയും പെട്ടന്നു പിരിയുക മാത്രമായിരുന്നു ബദല്‍ വഴി. 2011ലെയും 2012ലെയും നിര്‍ണായകമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ അത് ഞങ്ങളെ വളരെയെളുപ്പം പാര്‍ശ്വവത്കരിച്ചെനെ.

ഞാന്‍ കാണുന്ന ഒരു സാധ്യത പത്തോ പന്ത്രണ്ടോ സംഘങ്ങളുള്ള ഒരു Antasryaയാണ്. അതായത് 0.7% ഉള്ള Antasryaക്കു പകരം 1% ഉള്ള Antasrya. അങ്ങനെ വന്നാല്‍ സിരിസയെ ഒരു താലത്തില്‍ സിപ്രാസിന് നല്കിയ പോലിരിക്കും.

ഇപ്പോള്‍ ഗ്രീക് സമൂഹത്തില്‍ സര്‍ക്കാരിനെതിരെ ഇടതുപക്ഷത്തുനിന്നും കാണാവുന്ന ഏക പ്രതിപക്ഷം KKE ആണ്. അത് നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ല, പക്ഷേ അവര്‍ രാഷ്ട്രീയമായി അപ്രസക്തരാണ്. ഹിതപരിശോധനയില്‍ അവരുടെ നിലപാട് അപ്രസക്തി വെളിവാക്കുന്ന കോമാളിത്തരമായിരുന്നു. ഇരട്ട 'No' രേഖപ്പെടുത്തിയ അവര്‍ തയ്യാറാക്കിയ ബാലറ്റുകള്‍ (EUവിനും സര്‍ക്കാരിനുമെതിരെ) ജനങ്ങള്‍ക്ക് നല്കി. ഇതിനൊരു സാധുതയുമില്ലായിരുന്നു. അവരുടെ ആളുകള്‍ തന്നെ അതുപയോഗിച്ചില്ല. മൊത്തം വോട്ടര്‍മാരില്‍ 1 ശതമാനത്തില്‍ കുറവാണ് ആ ബാലറ്റ് ഉപയോഗിച്ചത്.

അവരെക്കൂടാതെയുള്ളത് Left Platform ആണ്. സിപ്രാസിനുള്ള വലിയ തടസം ലഫസാനിസും Left Platformഉം ആണെന്ന് മാധ്യമങ്ങള്‍ക്കും ജനങ്ങള്ക്കും അറിയാം. ഒരു പുതിയ വട്ടം തുടങ്ങാനുള്ള അടിസ്ഥാനം ഇതാണ്. രാഷ്ട്രീയ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനും അനിതരസാധാരണമായ അനുഭവങ്ങളെ ഉപയോഗിക്കാനും.

ഈ വെല്ലുവിളി നേരിട്ടില്ലെങ്കില്‍ ഇതിന് ശേഷം ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് തകര്‍ച്ചയുടെ താഴ്വാരങ്ങളാണ്.

ആ കാഴ്ച്ചപ്പാടില്‍ നിന്നും നോക്കിയാല്‍, മുതലാളിത്തവിരുദ്ധ കാഴ്ചപ്പാടാണത്, ഇതിലെ ഏക പങ്കാളി നമ്മളാണെന്ന നാട്യം കൂടാതെ, എത്ര വലുതാണ് ചുമതലകളെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ പ്രവര്‍ത്തനങ്ങളെ അത് കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കുന്നു.

(വെഴ്‌സോ ബുക്ക്‌സ് എഡിറ്ററും ഹിസ്‌റ്റോറിക്കല്‍ മെറ്റീരിയലിസത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമാണ് സെബാസ്റ്റിയന്‍ ബഡ്ജന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories