TopTop
Begin typing your search above and press return to search.

ഗ്രീസിലെ 'ഭൂതം' യൂറോപ്പിനെ മാറ്റിമറിക്കുമോ?

ഗ്രീസിലെ ഭൂതം യൂറോപ്പിനെ മാറ്റിമറിക്കുമോ?

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഗ്രീസിന്റെ പുതിയ പ്രധാനമന്ത്രി, ജനപ്രിയനായ അലെക്സിസ് സിപ്രാസ് ഒരു ‘തീവ്ര’ രാഷ്ട്രീയക്കാരനും,‘അപകടകാരിയായ സൈദ്ധാന്തികനും’, എന്തിന്, നേതൃത്വത്തിലേക്കുള്ള വഴിയില്‍ നിഷ്കരുണം മറ്റുള്ളവരെ തട്ടിനീക്കിയ കുതന്ത്രക്കാരാനായ ‘പരമ്പര കൊലയാളിയും’ ആയൊക്കെയാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അയാളുടെ സിറിസ കക്ഷിയാകട്ടെ, യൂറോപ്പിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന സോഷ്യലിസ്റ്റ് പരിപാടികളുള്ള കടുംപിടിത്തക്കാരും.

പക്ഷേ, ഗ്രീസിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് നേടിയതോടെ കാര്യങ്ങളിനി സിപ്രാസും സിരിസയും നിയന്ത്രിക്കും. കടത്തില്‍ മുങ്ങിയ ഗ്രീക് സമ്പദ് വ്യവസ്ഥയുടെ മേല്‍ യൂറോപ്പിലെ വായ്പാദാതാക്കള്‍ അടിച്ചേല്‍പ്പിച്ച കടുത്ത ചെലവുചുരുക്കല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ ഗ്രീസിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ ശക്തിയായി അവര്‍ മാറി. രാജ്യത്തിന്റെ സാമ്പത്തിക ഉത്പാദനം 25% കണ്ട് കുറഞ്ഞു; തൊഴിലില്ലായ്മ നിരക്ക് 26%-മായി കുതിച്ചുയര്‍ന്നു.

“ഗ്രീക് ജനതയുടെ വിധിയെഴുത്ത് സംശയത്തിനിടനല്‍കാതെ നമ്മുടെ രാജ്യത്തെ ചെലവുചുരുക്കലിന്റെ നിഷ്ഠൂരതയെ അവസാനിപ്പിച്ചിരിക്കുന്നു,” ഏഥന്‍സില്‍ ആവേശഭരിതരായ ജനക്കൂട്ടത്തോട് സിപ്രാസ് പറഞ്ഞു.

മുന്‍ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും അടങ്ങുന്ന ഈ സഖ്യത്തിന്റെ ചരിത്രപ്രധാനമായ നേട്ടമാണ് സിരിസയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ഇതിനുമുമ്പ് അധികാരത്തിലിരുന്ന മധ്യ-വലതു, മധ്യ-ഇടത് സര്‍ക്കാരുകള്‍ യൂറോപ്പിന്റെ ഉത്തരവുകള്‍ക്കനുസരിച്ച് നടപ്പാക്കിയ, ഒരിയ്ക്കലും തുടരാന്‍ പാടില്ലെന്ന് സിപ്രാസ് കരുതുന്ന നിലവിലെ അവസ്ഥയുമായി പുതിയ സര്‍ക്കാരിന് മല്ലിടേണ്ടിവരും.“കുപ്പയില്‍ ആഹാരം തപ്പുന്ന, വീട്ടില്‍ വൈദ്യുതിയില്ലാത്ത നിരവധി ആളുകള്‍ ഈ രാജ്യത്തുണ്ട്,” കഴിഞ്ഞവര്‍ഷം നല്കിയ ഒരഭിമുഖത്തില്‍ സിപ്രാസ് പറഞ്ഞു. “യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നിരിക്കുന്നു. രാജ്യം വിടലാണ് നമ്മുടെ യുവാക്കള്‍ കരുതുന്ന ആദ്യ പോംവഴി. ഈ ദുരിതത്തില്‍ ഏറെക്കാലം ജീവിക്കുകയെന്നത് ഒരു യാഥാര്‍ത്ഥ്യമാവുകയാണ്- ചെലവുചുരുക്കലില്‍ കുടുങ്ങി, മാന്യമായ തൊഴിലോ വേതനമോ ഇല്ലാതെ, ആത്മാഭിമാനമില്ലാതെ.”

സിപ്രാസും കൂട്ടരും തങ്ങളുടെ ഉദ്ദേശം മറച്ചുവെക്കുന്നില്ല; സാധാരണക്കാരായ ഗ്രീക്കുകാര്‍ക്ക് ‘പ്രതീക്ഷ’ നല്‍കുന്ന നിരവധി പരിഷ്കാരങ്ങളും - സീരിസയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം- വേതനവര്‍ധനവും, പൊതുമേഖല തൊഴിലുകളും മടക്കിക്കൊണ്ടുവരുന്ന, ഒരു ക്ഷേമരാഷ്ട്രം പുനരുജ്ജീവിപ്പിക്കുകയാണ് ആ ലക്ഷ്യം. ഇതിനാകട്ടെ ഗ്രീസിന്റെ വന്‍ കടഭാരം എഴുതിത്തള്ളേണ്ടിവരും. അതോടെ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലടക്കമുള്ള യൂറോപ്പിലെ ശക്തികളുമായി പുതിയ ഇടതുപക്ഷ സര്‍ക്കാരിന് ഏറ്റുമുട്ടല്‍ അനിവാര്യമാകും.

“കടത്തിന്റെ വലിയൊരു പങ്ക് എഴുതിതള്ളാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. ബാക്കിയുള്ളതിന്റെ തിരിച്ചടവ് വളര്‍ച്ചയുമായി ബന്ധപ്പെടുത്തണം. നിങ്ങളെ തൊഴിലെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് കടം വീട്ടാനാവില്ല,” 1953-ലെ ലണ്ടന്‍ സമ്മേളനത്തില്‍ ജര്‍മ്മനിയുടെ കടം വെട്ടിക്കുറച്ച ചരിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ട് സിപ്രാസ് കഴിഞ്ഞവര്‍ഷം പറഞ്ഞു. “രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മ്മനിയുടെ കാര്യത്തില്‍ ഇതേ യുക്തിയാണ് പ്രയോഗിച്ചത്.”

വരാന്‍ പോകുന്ന ആഴ്ചകളിലും, മാസങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് ഉണ്ടാവുകയാണെങ്കില്‍ അതെന്തായിരിക്കും എന്നു പറയാന്‍ ഇപ്പോള്‍ എളുപ്പമല്ല. (ഗ്രീസിനുള്ള കോടിക്കണക്കിനു ഡോളര്‍ വായ്പയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനാകില്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു). പക്ഷേ ഈയൊരു ഏറ്റുമുട്ടല്‍ അനിവാര്യമാണെന്ന തീര്‍ച്ചയിലാണ് സിരിസ നേതാക്കള്‍. ഈ ചെലവുചുരുക്കല്‍ 'യൂറോപ്പിനാകെ വിനാശകാരിയാണെന്ന്’ പുതിയ ധനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ യാനിസ് വരൌഫാകിസ് പറയുന്നു.തകര്‍ന്ന ഒരു സംവിധാനം ശരിയാക്കാന്‍ നിര്‍ബന്ധിതരായ “അര്‍ദ്ധമനസ്സോടെ’ ഉള്ള നേതാക്കളാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി രാഷ്ട്രീയനേതൃത്വം സംരക്ഷിച്ച രാജ്യത്തെ കുത്തക മുതലാളിമാരും ധനകാര്യ മേലാളന്‍മാരുമാണ് അദ്ദേഹത്തിന്റെ എതിര്‍പക്ഷത്ത്. വരൌഫാകിസിന്‍റെ കാഴ്ചപ്പാടില്‍ “ജനാധിപത്യത്തിന്റെ സത്തയെ നഷ്ടപ്പെടുത്തുന്ന ശക്തികള്‍’.

യൂറോപ്യന്‍ യൂണിയന്റെ നയങ്ങള്‍ക്കും, അഞ്ചു വര്‍ഷം മുമ്പ് യൂറോമേഖലയെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യത്തിനും പ്രേരകമായ നവ-ഉദാരവത്കരണത്തിനെതിരെയാണ് സിപ്രാസും സീരിസയും. ഭൂഖണ്ഡത്തിലെ മറ്റ് രാഷ്ട്രങ്ങളിലും ചെലവ് ചുരുക്കല്‍ വിരുദ്ധ, ജനപ്രിയ കക്ഷികള്‍ ശക്തിയാര്‍ജ്ജിക്കുന്നുണ്ട്.

യൂറോപ്പിലാകേ ബ്രസല്‍സിലെ സാമ്പത്തിക വിദഗ്ധര്‍ക്കും പിടിപ്പുകെട്ട രാഷ്ട്രീയ ഉപരിവര്‍ഗത്തിനുമെതിരായ വികാരം ശക്തിപ്പെടുന്നു. ഈ വികാരം ‘തൊഴിലാളികള്‍ക്ക് അനുകൂലമാക്കാനാണ്’ താന്‍ ശ്രമിക്കുന്നതെന്ന് സിപ്രാസ് പറയുന്നു. യൂറോപ്പിലാകെ മാറ്റത്തിനായുള്ള ഒരു ഉത്തേജനമാകാന്‍.

സാധാരണക്കാരായ പതിനായിരങ്ങളാണ് ഏഥന്‍സില്‍ സീരിസയുടെ വിജയം ആഘോഷിച്ചത്. ചെങ്കൊടികളുമായി ജര്‍മ്മന്‍ ഇടതുപക്ഷക്കാരും, ഇറ്റലിക്കാരും, ടുണീഷ്യക്കാരുമൊക്കെ അവരോടൊപ്പം ചേര്‍ന്നത് ചെലവ് ചുരുക്കല്‍ വിരുദ്ധ മുന്നേറ്റത്തിന്റെ അന്താരാഷ്ട്ര സ്വഭാവം കാണിക്കുന്നതാണ്.

സ്പെയിനില്‍ കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ ഉയര്‍ന്നുവന്ന, മാഡ്രിഡിലെ ദ്വികക്ഷി സാമ്പ്രദായികതയെ വെല്ലുവിളിക്കുന്ന ചെലവ് ചുരുക്കല്‍ വിരുദ്ധ, ഇടതുപക്ഷ കക്ഷി പൊഡെമോസ് ഈ വിജയത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. സിപ്രാസിന്‍റെ അവസാന തെരഞ്ഞെടുപ്പ് ജാഥയില്‍ പങ്കെടുത്ത പൊഡെമോസ് നേതാവ് പാബ്ലോ ഇഗ്ലേസിയസ് ട്വീറ്റ് ചെയ്തു “ ഒടുവില്‍ ഗ്രീക്കുകാര്‍ക്ക് ഒരു ഗ്രീക് സര്‍ക്കാരിനെ കിട്ടി, മെര്‍ക്കലിന്റെ ദൂതന്മാരെയല്ല.” ചെലവ് ചുരുക്കല്‍ വിരുദ്ധരുടെ പൊതുശത്രുവാണ് യൂറോപ്പിലെ ഏറ്റവും വലിയ വായ്പാദാതാവായ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍.

സംവിധാനത്തിനെതിരെ എതിര്‍പ്പുള്ള കക്ഷികള്‍ തങ്ങള്‍ മാത്രമല്ലെന്നും സിപ്രാസിനും യൂറോപ്പിലെ മറ്റ് ഇടതുപക്ഷ കക്ഷികള്‍ക്കുമറിയാം. നവാനാസികള്‍ എന്നു ഗണിക്കാവുന്ന ഗോള്‍ഡണ്‍ ഡോണ്‍ കക്ഷിയാണ് ഗ്രീസിലെ തെരഞ്ഞെടുപ്പില്‍ മൂന്നാമതെത്തിയത്. ബ്രിട്ടനിലും ഫ്രാന്‍സിലും കുടിയേറ്റ വിരുദ്ധ, തീവ്ര ദേശീയവാദ കക്ഷികള്‍ നേട്ടമുണ്ടാക്കുന്നു. ഇ യു, ഐ എം എഫ് വിഷയങ്ങളില്‍ ഇവര്‍ ഒരേതൂവല്‍ പക്ഷികളാകുമെങ്കിലും സാമൂഹ്യ നയങ്ങളുടെയും, ബഹുസ്വരതയുടെയും കാര്യത്തില്‍ എതിര്‍ധ്രുവങ്ങളിലാണ്.

“പുരോഗമന,ജനാധിപത്യ ശക്തികള്‍ യൂറോപ്പിനെ മാറ്റിയില്ലെങ്കില്‍ മേരി ലീപെന്നും അവരുടെ തീവ്ര വലതുപക്ഷ സഖ്യവുമാകും നമുക്കുവേണ്ടി അതിനെ മാറ്റുക,” ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ ദേശീയ മുന്നണിയുടെ നേതാവിനെ സൂചിപ്പിച്ചു സിപ്രാസ് കഴിഞ്ഞയാഴ്ച്ച എഴുതി.

വൈരുധ്യമെന്ന് പറയാം, ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സിപ്രാസിനും സിറിസക്കും ലീ പെന്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.


Next Story

Related Stories