ന്യൂസ് അപ്ഡേറ്റ്സ്

ജമീല ടീച്ചറോട് സ്കൂള്‍ മാനേജ്മെന്‍റ് ചെയ്തതും ടീച്ചറുടെ പോരാട്ടവും; നീതിയുടെ വഴികള്‍

സുഫാദ് ഇ മുണ്ടക്കൈ

പച്ച ബ്ലൗസും പച്ചബോര്‍ഡും പച്ചക്കോട്ടുമെല്ലാം സമീപകാല വിവാദങ്ങളിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. പലതും മാധ്യമങ്ങളില്‍ ഒരുപാട് ആഘോഷിക്കപ്പെട്ടതുമാണ്. ഉയര്‍ന്ന സാക്ഷരതയിലൂടെ, പ്രബുദ്ധതയിലൂടെ കേരളീയ സമൂഹം വളര്‍ന്നു വളര്‍ന്ന് എവിടെ എത്തിയിരിക്കുന്നു എന്നതിലേക്കുള്ള ചൂണ്ടുപലകയാണ് ഈ വിവാദങ്ങളെല്ലാം. എന്നാല്‍ ഇതിനുമപ്പുറം നാമറിയാതെ പോകുന്ന, ചര്‍ച്ച ചെയ്യാതെ പോകുന്ന, കണ്ടില്ലെന്നു നടിക്കുന്ന ചിലകാര്യങ്ങളുണ്ട്. അതിലൊന്ന് ഈ വിവാദങ്ങളിലെല്ലാം ഇരകളായിത്തീരുന്നവരുടെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്; അവരുടെ പോരാട്ടത്തിന്റേയും സഹനത്തിന്റേയും കഥകളാണ്. അത്തരമൊരു സമീപകാല സംഭവത്തിലേക്ക്: 

മലപ്പുറം ജില്ലയിലെ അരീക്കോട്ടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ് സുല്ലമുസ്സാലാം ഹൈസ്‌കൂള്‍. ജമീല ടീച്ചര്‍ അവിടുത്തെ കണക്ക് അധ്യാപികയും. രക്ഷിതാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും സ്വീകാര്യ. വിദ്യാര്‍ഥികളേയും അദ്ധ്യാപകരേയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന മുതിര്‍ന്ന അദ്ധ്യാപിക. എന്നാല്‍ അവരുടെ അധ്യാപന ജീവിതത്തിന്റെ അവസാന പാദങ്ങള്‍ കാഠിന്യമേറിയതായിരുന്നു. മാനേജ്‌മെന്റിന്റെ തലതിരിഞ്ഞ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അത് തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. അദ്ധ്യാപികമാര്‍ക്കെല്ലാം പച്ച നിറത്തിലുള്ള ഓവര്‍കോട്ട് നിര്‍ബന്ധമാക്കിയതു മുതലാണ് എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം. സാരി ഉടുത്ത് വരുന്ന അദ്ധ്യാപികമാരുടെ ശരീരഭാഗങ്ങള്‍ കാണുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്രെ! അതേ തുടര്‍ന്നാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത് എന്നാണ് മാനേജ്മന്റ് അവര്‍ക്കു നല്‍കിയ വിശദീകരണം. ഓവര്‍കോട്ട് ധരിക്കുന്നതിനോട് ടീച്ചര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പച്ചനിറത്തിലുള്ളത് തന്നെ വേണമെന്ന ശാഠ്യം അംഗീകരിക്കാന്‍ ടീച്ചര്‍ ഒരുക്കമല്ലായിരുന്നു. അവര്‍ ശക്തമായി പ്രതികരിച്ചു. ജോലിയില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ടു. കീഴടങ്ങിയില്ല. മാനേജ്‌മെന്റും നിയമപാലകരും വിദ്യാഭ്യാസ വകുപ്പുമെല്ലാം ഒരുമിച്ച് വേട്ടയാടിയപ്പോഴും അവര്‍ കരുത്തിന്റെ പ്രതീകമായി. ഒടുവില്‍, വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍, നീതി കിട്ടിയിരിക്കുകയാണ് ജമീലടീച്ചര്‍ക്ക്.

പച്ചകോട്ടല്ല, അസ്പരാഗസ്
2012-ലാണ് അധ്യാപകര്‍ പച്ചനിറത്തിലുള്ള ഓവര്‍കോട്ട് കൂടി ധരിക്കണമെന്ന മാനേജ്‌മെന്റ് ഉത്തരവിറങ്ങുന്നത്. എന്നാല്‍ ഇതിനുപകരം വെള്ള നിറത്തിലുള്ള കോട്ടായിരുന്നു ജമീല ടീച്ചര്‍ ധരിച്ചിരുന്നത്. ‘ഇതില്‍ അസഹിഷ്ണുത കാണിച്ച ഹെഡ്മിസ്ട്രസ് പച്ചകോട്ട് നിര്‍ബന്ധമായും ധരിക്കണമെന്നും അല്ലാത്തപക്ഷം ക്ലാസില്‍ കയറരുതെന്നും പറഞ്ഞു. അതേ തുടര്‍ന്ന് എനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. അതിന് ഉചിതമായ മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം ഹെഡ്മാസ്റ്റര്‍ എന്നെ വിളിച്ച് പച്ച നിറത്തിലുള്ള കോട്ട് നിര്‍ബന്ധമായും ധരിക്കണമെന്നും അല്ലാത്തപക്ഷം ക്ലാസില്‍ കയറരുതെന്നും നിര്‍ദേശിച്ചു. തുര്‍ന്ന് ദിവസങ്ങളോളം ക്ലാസെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ നിര്‍ദേശം രേഖാമൂലം എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും എന്നെ ചര്‍ച്ചയ്ക്ക് വിളിക്കുകയുമാണ് ചെയ്തത്. തുടര്‍ന്നും ഞാന്‍ വെള്ളകോട്ട് ധരിച്ചുതന്നെ സ്‌കൂളില്‍ പോയി. അപ്പോഴാണ് എന്നെ സസ്‌പെന്റു ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്’- ജമീല ടീച്ചര്‍ പറയുന്നു. 

സംഗതി വിവാദമായി. സുല്ലമുസ്സലാം മാനേജ്മന്റ് പ്രതിക്കൂട്ടിലാവുമെന്ന് ഉറപ്പായപ്പോള്‍ അവരുടെ വിശദീകരണം പച്ചനിറത്തിലുള്ള കോട്ടല്ല മറിച്ച് ‘അസ്പരാഗസ്’ നിറത്തിലുള്ള കോട്ട് ധരിക്കാനാണ് തങ്ങള്‍ പറഞ്ഞത് എന്നായിരുന്നു. എന്നാല്‍ ടീച്ചര്‍ക്ക് നല്‍കിയ നോട്ടീസില്‍ ഗ്രീന്‍ എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേതുടര്‍ന്ന് അവര്‍കോടതിയെ സമീപിച്ചു. തല്‍ഫലമായി 2012 ഒക്ടോബര്‍ 20 മുതലുള്ള എല്ലാ ആനുകൂല്യങ്ങളും ശമ്പളവും കുടിശ്ശികയും നല്‍കി അവരെ തിരിച്ചെടുക്കണമെന്നും, മേലില്‍ ഇത്തരം അച്ചടക്ക നടപടികള്‍ ഉണ്ടാവരുത് എന്നുമായിയിരുന്നു ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ ഉത്തരവിട്ടത്. മാനേജ്‌മെന്റിന്റെ ‘പച്ച’ രാഷ്ടീയത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. നടപടിയുടെ പേരില്‍ സര്‍ക്കാരിനേയും മാനേജ്‌മെന്റിനേയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അദ്ധ്യാപകര്‍ക്കിടയിലെ പോര്
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അനീതികള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ടീച്ചര്‍ക്ക് സഹ അദ്ധ്യാപകര്‍പോലും പിന്തുണ നല്‍കിയിരുന്നില്ല. മറിച്ച് മാനേജ്‌മെന്റിനെ പ്രീണിപ്പിച്ച് അവരുടെ വാക്കുകള്‍ അതേപോലെ വിഴുങ്ങി ടീച്ചര്‍ക്കെതിരെ പട നയിക്കുകയാണ് അവരില്‍ ചിലര്‍ ചെയ്തത്. അതിന് അവര്‍ സ്വീകരിച്ചിരുന്ന മാര്‍ഗങ്ങള്‍ അത്യന്തം ലജ്ജാകരമായിരുന്നത്രെ. വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ എസ് എം എസുകള്‍ പ്രചരിപ്പിച്ചു. ഇത് വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായിരുന്ന ടീച്ചറുടെ സല്‍പ്പേരിനെ സാരമായി ബാധിച്ചിരുന്നു. ‘സ്‌കൂളിലെ ചില അദ്ധ്യാപകര്‍ ചേര്‍ന്ന് എനിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തിലുള്ള ചില കാര്യങ്ങള്‍ ചെയ്തിരുന്നു. അന്ന് ഞാന്‍ മാനേജ്‌മെന്റില്‍ പരാതിപ്പെട്ടിട്ടും അവര്‍ ഒന്നും ചെയ്തില്ല. ആരാണ് ഇതിനു പിന്നിലെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഹെഡ്മാസ്റ്ററടക്കം പലര്‍ക്കും അത് ബോധ്യപ്പെട്ടതുമാണ്. എന്നിട്ടും യാതൊരു നടപടിയും എടുക്കാതെ വന്നപ്പോഴാണ് ഞാന്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടത്. ആ അന്വേഷണവും മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ഞാന്‍ വനിതാ കമ്മീഷനില്‍ പരാതിപ്പെട്ടത്. തീരുമാനമൊന്നും ഉണ്ടായില്ല. മാനേജ്‌മെന്റാവട്ടെ ഞാനത് അവരെയും അതുവഴി സ്‌കൂളിന്റെ സല്‍പ്പേരിനേയും കളങ്കപ്പെടുത്താന്‍ ഉന്നയിച്ച ആരോപണമാണെന്ന നിഗമനത്തിലാണ് എത്തിയത്’- ടീച്ചര്‍ പറയുന്നു.

ആ സമയത്താണ് സീനിയോറിറ്റി ലിസ്റ്റ് മറികടന്ന് ഒരു അധ്യാപകനെ പ്രധാനാധ്യാപകനായി മാനേജ്മെന്‍റ് പ്രൊമോട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ജമീല ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ് ആകേണ്ടിയിരുന്നത്. എന്നാല്‍ പ്രത്യക്ഷമായ ചട്ടലംഘനം നടത്തിക്കൊണ്ട് മാനേജ്മെന്‍റ് തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന ഒരാളെ ഹെഡ്മാസ്റ്ററാക്കുകയാണ് ചെയ്തത്. 

എന്തുകൊണ്ടാണ് മാനേജ്മന്റ് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ക്ക് മുതിര്‍ന്നത്? ടീച്ചര്‍ പറയുന്നതുപോലെ ഇത് കേവലമൊരു വൈരാഗ്യത്തിന്റെ പ്രശ്‌നമല്ല, മറിച്ച് ഇത് പ്രകടമായ സ്ത്രീവിരുദ്ധതയുടെയും കൂടി പ്രശ്‌നമാണ്. കാരണം സുല്ലമുസ്സലാം ഹൈസ്‌കൂളില്‍ വര്‍ഷങ്ങളായി സ്ത്രീകളായിരുന്നു പ്രധാനാധ്യാപക തസ്തികയില്‍ വന്നിരുന്നത്. വരും വര്‍ഷങ്ങളിലും ജമീല ടീച്ചറടക്കമുള്ള സ്ത്രീകളായിട്ടുള്ള അധ്യാപകരാണ് ആ തസ്തികയില്‍ വരേണ്ടതും. അത് അംഗീകരിക്കാന്‍ മാനേജ്‌മെന്റ് ഒരുക്കമല്ലായിരുന്നു എന്നു വേണം കരുതാന്‍. അതിനാണ് പ്രായം കൊണ്ടും, സര്‍വീസ് ദൈര്‍ഘ്യം കൊണ്ടും അവരേക്കാള്‍ പിന്നിലുള്ള ഒരാളെ പിടിച്ച് ഹെഡ്മാസ്റ്ററാക്കിയത്. ഇവിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാകുന്നത്. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മാനേജ്‌മെന്റുകള്‍ക്ക് അനിയന്ത്രിത സ്വാതന്ത്ര്യമില്ലെന്നും, ഏതെങ്കിലും തരത്തിലുള്ള മേല്‍ക്കോയ്മ നേടാനുള്ളതല്ല ഈ അവകാശമെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

ഓര്‍ക്കാപ്പുറത്ത് കിട്ടിയ സസ്‌പെന്‍ഷന്‍
മാനേജ്‌മെന്റും അധ്യാപകരും മറ്റു നിയമ സംവിധാനങ്ങളുമെല്ലാം ടീച്ചര്‍ക്ക് എതിരായി നിന്ന സാഹചര്യത്തില്‍ പച്ച നിറത്തിലുള്ള കോട്ട് ധരിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. അതിനിടെ മാനേജ്മെന്‍റ് അവരെ ചര്‍ച്ചയ്ക്ക് വിളിച്ചു. പച്ചക്കോട്ട് നിര്‍ബന്ധമാണെന്നും അല്ലാത്തപക്ഷം സ്ഥാനം സ്‌കൂളിനു പുറത്തായിരിക്കുമെന്നും തീര്‍ത്തു പറഞ്ഞു. അപ്പോഴാണ് അവധിയില്‍ പ്രവേശിക്കുവാന്‍ അവര്‍ തീരുമാനിക്കുന്നത്. അതിനു ശേഷം അവരുടെ താല്പര്യംപോലെ മനസില്ലാ മനസ്സോടെ പച്ച നിറത്തിലുള്ള കോട്ട് ധരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് മറ്റൊരു സംഭവം അവരുടെ ശ്രദ്ധയില്‍പെടുന്നത്. പച്ചക്കോട്ടിനു പകരം കറുത്ത നിറത്തിലുള്ള കോട്ട് ധരിക്കുന്ന ഒരു അധ്യാപിക കൂടിയുണ്ടായിരുന്നു ആ സ്‌കൂളില്‍. സാമൂഹ്യപാഠം അദ്ധ്യാപിക സുഹൈറ ടീച്ചര്‍. ഹെഡ്മിസ്ട്രസ്സിന്റെ മരുമകളായിവരും അവര്‍. ഈ കോലാഹലങ്ങളെല്ലാം നടക്കുമ്പോഴും അവര്‍ കറുത്ത നിറത്തിലുള്ള കോട്ടായിരുന്നത്രെ ധരിച്ചിരുന്നത്. അവരോട് ആരും പച്ചക്കോട്ട് ധരിക്കണമെന്ന് നിര്‍ബന്ധിച്ചില്ല, ക്ലാസില്‍ കയറരുതെന്ന് പറഞ്ഞില്ല, ഒരു കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയില്ല. കടുത്ത അനീതി. ഈ സംഭവം മാത്രം മതി ടീച്ചറുടെ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് വിശ്വസിക്കാന്‍.

ഇതേകുറിച്ച് മാനേജ്‌മെന്റിനോട് ചോദിച്ചപ്പോള്‍ അന്വേഷിക്കാം എന്നാണ് പറഞ്ഞത്. അതോടെ ടീച്ചര്‍ ഒരിക്കലും താന്‍ പച്ചകോട്ട് ധരിക്കില്ലെന്ന് ഉറപ്പിച്ചു. ലീവിനു ശേഷവും വെള്ള നിറത്തിലുള്ള കോട്ട് ധരിച്ചു. അപ്പോഴാണ് പെട്ടന്നൊരു ദിവസം സസ്‌പെന്റ് ചെയ്തത്. ‘അങ്ങനെയാണ് ഞാന്‍ വണ്ടൂര്‍ ഡി എ ഒക്ക് പരാതി നല്‍കിയത്. സത്യസന്ധവും നിയമപരവുമായി അന്വേഷണം നടത്തിയ അദ്ദേഹം സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എത്രയും പെട്ടന്ന് എന്നെ തിരിച്ചെടുക്കണമെന്നാണ് പറഞ്ഞത്’.

പൊരുതി നേടിയ വിജയം
2013-ലായിരുന്നു പ്രധാനാധ്യാപിക ശ്രീമതി നജ്മ വിരമിച്ചത്. തുടര്‍ന്ന് ആ ഒഴിവിലേക്ക് സിനിയോരിറ്റി ലിസ്റ്റില്‍ പതിനൊന്നാം സ്ഥാനത്തുള്ള കെ ടി മുനീബ് റഹ്മാനെ പ്രൊമോട്ട് ചെയ്തു ഹെഡ്മാസ്റ്ററാക്കി. ഈ നിയമനത്തിനെതിരെ സ്‌കൂളിലെ ഏറ്റവും സീനിയറായിട്ടുള്ള അധ്യാപികയായിരുന്ന ജമീല ടീച്ചര്‍ വണ്ടൂര്‍ ഡി ഇ ഒയ്ക്ക് പരാതി നല്‍കി. പരാതിക്കാരിയുടെ വാദങ്ങള്‍ ന്യായമാണെന്ന് കണ്ടെത്തിയ ഡി ഇ ഒ മുനീബ് റഹ്മാനെ പ്രധാനാധ്യാപകനായി നിയമിച്ചുകൊണ്ടുള്ള മാനേജ്‌മെന്റ് ഉത്തരവ് മരവിപ്പിച്ചു. എന്നാല്‍ ഇതിനെതിരെ മാനേജ്‌മെന്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 30 (1) പ്രകാരം യോഗ്യരായ ആരെ വേണമെങ്കിലും ഹെഡ്മാസ്റ്ററാക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്ന വാദം നിരത്തി നിയമനം ശരിവച്ചുകൊണ്ട് ഡപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്നാണ് അവര്‍ അഡ്വക്കറ്റ് കാളീശ്വരം രാജ് വഴി ഹൈക്കോടതിയെ സമീപിക്കുന്നത്. ‘യഥാര്‍ത്ഥത്തില്‍ മാനേജ്‌മെന്റ് നടത്തിയ രാഷ്ടീയമായ ഇടപെടലുകളുടെ അന്തിമ ഫലമായിരുന്നു ഡെപ്യുട്ടി ഡയറക്ടറുടെ ഈ ഉത്തരവ്; മുസ്ലിം ലീഗിന്റെ അധീനതയിലുള്ള സ്ഥാപനമെന്ന നിലയ്ക്ക് വിദ്യാഭ്യാസ വകുപ്പ് വഴിവിട്ട സഹായങ്ങളാണ് മാനേജ്‌മെന്റിന് നല്‍കിയത്’. ജമീല ടീച്ചര്‍ ആരോപിക്കുന്നു.

 

ഹൈക്കോടതി വിധി മാനേജ്‌മെന്റിനും അവരുടെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിന്ന വിദ്യാഭ്യാസ വകുപ്പിനുമുള്ള കനത്ത പ്രഹരമായിരുന്നു. ഒരു നിയമനത്തിന്റെ പേരില്‍ വിദ്യാഭ്യാസാവകാശങ്ങള്‍ക്ക് കോട്ടങ്ങളൊന്നും സംഭവിക്കരുത് എന്ന് പറഞ്ഞ കോടതി വിദ്യാഭ്യാസ ദൗത്യം നിറവേറ്റുക എന്നതാണ് ഇത്തരം പദവികള്‍ നല്‍കുന്നതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും, അനുയോജ്യരായവരെ നിയമിക്കാന്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന് മാനേജ്മെന്‍റ് വാദിച്ചപ്പോള്‍ ന്യൂനപക്ഷാവകാശമെന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്നുമാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. 2013 ഏപ്രില്‍ ഒന്നു മുതല്‍ ഇവര്‍ ഹെഡ്മിസ്ട്രസായി എന്നു കണക്കാക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ യോഗ്യതയുള്ള പലരും ഉണ്ടെന്നിരിക്കെ മുനീബ് റഹ്മാന്‍ അതേ സ്ഥാനത്ത് തുടരുകയാണ്.

ന്യൂനപക്ഷാവകാശം ലഭിച്ച മാനേജര്‍ക്ക് അതേ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സീനിയര്‍ അധ്യാപകരേയും യോഗ്യതയുള്ളവരേയും മറികടന്ന് അതേ വിഭാഗത്തില്‍പ്പെട്ട ജൂനിയര്‍ അധ്യാപകരെ പ്രധാനാധ്യാപകരായി നിയമിക്കാമെന്ന് വ്യക്തമാക്കുന്ന സ്റ്റാറ്റ്യൂട്ടറി ഉത്തരവുകള്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ നിലവിലില്ല എന്നിരിക്കെ മറ്റെന്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇത്തരത്തിലൊരു നിയമനത്തിന് അംഗീകാരം നല്‍കിയത്? വിദ്യാഭ്യാസ വകുപ്പിന്റെ പക്ഷപാത നിലപാടിലേക്കല്ലേ ഇത് വിരല്‍ ചൂണ്ടുന്നത്? ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് യാതൊരുവിധ ന്യായങ്ങളും നിരത്താതെ മാനേജ്‌മെന്റിന്റെ ധിക്കാരങ്ങള്‍ക്ക് ചുവടുപിടിച്ച് തള്ളിക്കളഞ്ഞതിനു പിന്നില്‍ മാനേജ്‌മെന്റും ലീഗും തമ്മിലുള്ള ബന്ധമാണെന്ന് ജമീല ടീച്ചര്‍ പറയുന്നു.

ഇതേ സ്ഥാപനത്തില്‍  തന്നെയാണ് പത്താം ക്ലാസ് പാസാകാനുള്ള യോഗ്യതയില്ല എന്ന പേരില്‍ ഒന്‍പതാം ക്ലാസില്‍ തോല്‍പ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. അതും ‘മൈനോരിറ്റി’ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടി. എ പ്ലസ്സുകള്‍ യാതൊരു മര്യാദയും കൂടാതെ വാരിക്കോരി നല്‍കുന്ന ഒരു സംസ്ഥാനത്താണ് ഇത്തരം ദാരുണമായ സംഭവങ്ങള്‍ നടക്കുന്നത് എന്നതു കൂടി ഇതൊട് ചേര്‍ത്തു വായിക്കണം. 

ഇത് ഒരു ജമീല ടീച്ചറുടെ മാത്രം പ്രശ്‌നമല്ല. സാമുദായിക ഭേദമന്യേ സ്ത്രീകളടക്കം നിരവധിപേര്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ടീച്ചറുടെ ഇച്ഛാശക്തിയും തന്റേടവും സഹനശക്തിയും കൊണ്ട് മാത്രമാണ് എല്ലാറ്റിനേയും ചെറുത്ത് തോല്പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചത്. സര്‍വ്വ പിന്തുണയും നല്‍കി കൂടെ നില്‍ക്കാന്‍ അവരുടെ കുടുംബം മാത്രമാണ് ഉണ്ടായിരുന്നത് എന്നതാണ് യാഥാര്‍ഥ്യം. (കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് സുഫാദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


    Share on

    മറ്റുവാര്‍ത്തകള്‍