TopTop
Begin typing your search above and press return to search.

മരങ്ങള്‍ ഇടതുപക്ഷം മാത്രം നട്ടാല്‍ മതി; സ്വജനപക്ഷപാതത്തിന്റെ സര്‍ക്കാര്‍ വഴികള്‍

മരങ്ങള്‍ ഇടതുപക്ഷം മാത്രം നട്ടാല്‍ മതി; സ്വജനപക്ഷപാതത്തിന്റെ സര്‍ക്കാര്‍ വഴികള്‍

എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ വളരെയധികം സഹായിച്ചു; വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. വന്നശേഷം സ്വന്തം പക്ഷക്കാര്‍ക്കുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഒന്നായി സര്‍ക്കാര്‍ മാറിയതിന്റെ നേരനുഭവം ആണിവിടെ കുറിക്കുന്നത്.

ഗ്രീന്‍ വെയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ പേജില്‍ നോക്കിയാല്‍ കാണാം വര്‍ഷത്തിലെ എട്ട് മാസത്തിനു മുകളില്‍ മരം നടുന്നചിത്രങ്ങള്‍. 2014-ല്‍ പേജ് തുടങ്ങിയതിനു ശേഷം ഞങ്ങള്‍ തന്നെ പോസ്റ്റിയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ നോക്കിയാല്‍ നിങ്ങള്‍ക്കതറിയാന്‍ പറ്റും. മരങ്ങള്‍ നടാത്ത ദിവസങ്ങള്‍ അതില്‍ വളരെ കുറവായിരിക്കും. അതിനൊക്കെ പിന്നീല്‍ അക്ഷീണം പ്രയത്‌നിക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാരുടെ പ്രകൃതിയോടുള്ള ആരാധനയിലാണ് ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സത്യമാവുന്നത്. ഗ്രീന്‍ വെയിന്റെ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡും വനമിത്ര പുരസ്കാരവും ലഭിച്ചതും. 2014 ഗവണ്മെന്റ് ഓര്‍ഡര്‍ പ്രകാരം (എസ് എ 2 /1952 /2014 ഡേറ്റ് 26/5/2014) ഗ്രീന്‍ വെയിനായി രണ്ട് ലക്ഷം മരങ്ങള്‍ അനുവദിക്കുകയും അത് വനം വകുപ്പിനു തരാന്‍ പറ്റാതെ വരുകയും ചെയ്തു. വനം വകുപ്പ് അത് തരും എന്ന് പ്രതീക്ഷിച്ച് വലിയ വാഹനങ്ങളും വിളിച്ച് എല്ലാ ജില്ലകളിലും സോഷ്യല്‍ ഫോറസ്ട്രീ ഓഫീസില്‍ ചെല്ലുകയും മരം കിട്ടാതെ വണ്ടിക്കാശുകള്‍ നഷ്ടപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ അടുത്ത വര്‍ഷം വനം വകുപ്പിനെ വിശ്വാസമില്ലാത്തത് കൊണ്ട് സ്വന്തമായ് ഞങ്ങള്‍ തന്നെ നഴ്‌സറികള്‍ ആരംഭിച്ച് മരങ്ങള്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കാന്‍ തുടങ്ങി. അതിനിടയില്‍ കഴിഞ്ഞ വര്‍ഷം വനം വകുപ്പ് മേലധികാരികള്‍ നേരില്‍ വിളിച്ച് ഈ വര്‍ഷം മുതല്‍ ശരിയാകും എന്നൊക്കെ പറഞ്ഞെങ്കിലും അതത്ര ശരിയായില്ല. എങ്കിലും ഞങ്ങളുടെ പ്രവര്‍ത്തകരുടെ മിടുക്കുകൊണ്ട് വനം വകുപ്പിന്റെ പതിവ് പരാജയ ഉത്തരവാദിത്വം തുടരുകയും ഞങ്ങളതിനെ അതിജീവിക്കുകയും ചെയ്തു. സ്വന്തമായി മരങ്ങള്‍ കരുതിയിരുന്നത് കൊണ്ട് അധികം നാണം കെടേണ്ടി വന്നില്ല.

ഈ വര്‍ഷം സര്‍ക്കാരില്‍ നിന്നും മരങ്ങള്‍ വാങ്ങണം എന്ന് കരുതിയത് മറ്റൊന്നും കൊണ്ടല്ല. സൗജന്യമായി സര്‍ക്കാര്‍ തരുന്ന മരങ്ങള്‍ മുഴുവന്‍ ഞങ്ങളുടെ ഗ്രീന്‍ ആപ് മുഖാന്തിരം നടുന്നത് തൊട്ട് വളര്‍ച്ചമുതലുള്ള എല്ലാ കാര്യങ്ങളും പൊതു ജനങ്ങള്‍ക്ക് കാണുന്ന തരത്തില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കാണിക്കുകയും അത് കേരളത്തിനും ഇന്ത്യക്കും മാതൃകയാകുകയും ചെയ്യും എന്നുള്ള വിശ്വാസവും ഉണ്ടായിരുന്നു. ഗവണ്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരൊക്കെ വളരെ സന്തോഷത്തോടെ ഗ്രീന്‍ വെയിന് മരങ്ങള്‍ സൗജന്യമായി തരുന്നതിന് ഞങ്ങള്‍ പൂര്‍ണ്ണമായും ശ്രമിക്കും എന്നുറപ്പും നല്‍കിയിരുന്നു. അതുപ്രകാരം അവര്‍ അവസാന സമയം വരെ ശ്രമിച്ചു; അതിനു ശേഷം അത് നടക്കാതെ വന്നപ്പോഴാണ് പതിവുപോലെ ഗവണ്മെന്റിലെ ആരെയെങ്കിലും അല്ലെങ്കില്‍ വനം വകുപ്പ് മന്ത്രിയെ നേരിട്ട് കാണ്ടാല്‍ എന്തെങ്കിലും നടക്കും എന്നു പറഞ്ഞത്. അതുപ്രകാരം മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകന്‍ വഴി അദ്ദേഹത്തെ ചെന്നു കണ്ടു. മന്ത്രിയുടെ ഓഫീസ് വളരെ നല്ലതായി അനുഭവപ്പെട്ടു. എങ്കിലും അദ്ദേഹം പറഞ്ഞത്, "നിങ്ങള്‍ പറഞ്ഞ പ്രകാരമുള്ള മരങ്ങള്‍ തരാന്‍ പറ്റില്ല; വേണമെങ്കില്‍ ഒരു പത്തൊ പതിനായിരമോ മരങ്ങള്‍ വേണേല്‍ എടുത്തോളു" എന്നാണ്.

നിരാശനായി അവിടെനിന്നും മടങ്ങും വഴി വീണ്ടും ഒരു പ്രതീക്ഷയായത് കാനം രാജേന്ദ്രനെ ചെന്നു കണ്ടാല്‍ വല്ലതും നടക്കും എന്നതാണ്. ആ വഴി എംഎന്‍ സ്മാരകത്തില്‍ ചെന്നു കാനത്തെ കണ്ടു. അദ്ദേഹം വളരെ മാന്യമായി അടുത്ത മീറ്റിങ്ങിന് ഞാന്‍ പറയാം എന്നു പറഞ്ഞു, അല്ല, മന്ത്രിയോട് ഒന്ന് സൂചിപ്പിച്ചാല്‍ മതി എന്നു പറഞ്ഞപ്പോള്‍, ചെയ്‌തോളാം എന്നു മറുപടി. അപ്പോള്‍ ആ വഴിയും അടഞ്ഞു. അവിടെ നിന്നു പോരുംവഴി മറ്റൊരു പ്രമുഖ പത്രത്തിലെ സീനിയറായ ഒരാള്‍ എന്നെ കണ്ടുമുട്ടി. നമുക്കിത് കിട്ടില്ല എന്ന സങ്കടം പറഞ്ഞപ്പോള്‍ അദ്ദേഹം സ്വയം പാര്‍ട്ടി ഓഫിസില്‍ ചെന്നു പന്ന്യന്‍ രവീന്ദ്രനെ കണ്ടു. പന്ന്യന്‍ ഉടന്‍ തന്നെ മന്ത്രിയെ നേരിട്ടു വിളിച്ചു പറഞ്ഞു. അങ്ങനെ വീണ്ടും മന്ത്രിയെ കാണാന്‍ എത്തി. ഇപ്രാവശ്യം മന്ത്രി അല്‍പം മയത്തില്‍ പരമാവധി തരാം എന്നു പറഞ്ഞു. ഇവിടെ ഇപ്പോള്‍ യെല്ലകി വരും, അദ്ദേഹത്തോടും ഒന്നു നേരിട്ട് പറയൂ എന്നു പറഞ്ഞു. അങ്ങനെ യെല്ലകിയെന്ന സോഷ്യല്‍ ഫോറസ്ട്രിയുടെ ഉന്നത ഉദ്ദ്യോഗസ്ഥനെ കാണാന്‍ മന്ത്രിയുടെ മുറിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ തന്നെ കടന്നു വന്നു. അദ്ദേഹം എന്നെയും കൂട്ടിച്ചെന്ന്‍ മന്ത്രിയോട് ചോദിച്ചു, അല്ല ഇവര്‍ക്ക് എത്ര കൊടുക്കണം എന്നിങ്ങനെ.

ഇതിനിടയില്‍ കോറിസാര്‍ എന്നോട് ഗ്രീന്‍ വെയിനു 50 പൈസ വീതം കൊടുത്ത് മരം വാങ്ങാമോ എന്ന് ചോദിച്ചു. ഞാന്‍ സാറിനോട് തീര്‍ത്തുപറഞ്ഞു, സര്‍ ഇത് 50 പൈസയ്ക്ക് വാങ്ങാന്‍ വേണ്ടിയല്ല, പകരം നിങ്ങള്‍ക്ക് വേണ്ടിക്കൂടി ഒരു പൊതുകാര്യം ചെയ്യാനാണ്. സൗജന്യമായി മറ്റു സംഘടനകള്‍ക്ക് കൊടുക്കുന്ന പോലെ ഞങ്ങള്‍ക്കും തരണം. എന്തായാലും എല്ലാം ശരിയാകും, തീര്‍ച്ചയായിട്ടും കിട്ടും എന്നൊക്കെ മൂന്ന് പേരും ആശ്വസിപ്പിച്ച് എന്നെ പറഞ്ഞുവിട്ടെങ്കിലും എസ് എ 2/599/2016/ എന്ന ഞങ്ങളുടെ ഫയല്‍ മറ്റ് രണ്ട് ഫയലുകള്‍ക്കൊപ്പം സെക്രട്ടറിക്ക് ഒപ്പിടുവാന്‍ പോയി. അത് ഇങ്ങനെയായിരുന്നു: ഡിവൈഎഫ് ഐ 3,00,000 മരങ്ങള്‍, ഗ്രീന്‍ വെയിന്‍ 1,70,000, എഐവൈഎഫ് 1,00,000. അവിടെ നിന്നും ആ ഫയല്‍ സെക്രട്ടറി ഒപ്പിട്ടു തിരികെ വരേണ്ടതാണ്. പക്ഷേ ഇപ്രാവശ്യം സംഭവിച്ചത്, അവിടെ നിന്നും ആ ഫയല്‍ നേരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് പോയി. പിന്നെ തിരിച്ചു വന്നപ്പോള്‍ ഉള്ള ഉത്തരവ് പ്രകാരം ഡി വൈ എഫ് ഐ, എ ഐ വൈ എഫ് എന്നിവര്‍ക്കുള്ളത് മാത്രം അനുവദിച്ച് സോഷ്യല്‍ ഫോറസ്ട്രീയുടെ ഉത്തരവ്. അത് ക്രമപ്രകാരം പോയി. എന്നുവെച്ചാല്‍, ഇടതുപക്ഷ സംഘടനകള്‍ക്ക് മാത്രം കൃത്യമായി സൗജന്യമരം കൊടുത്ത് ബഹുമാനപ്പെട്ട ഗവണ്മെന്റ് മാതൃകയായി. മറ്റ് സംഘടനകളുടെ ഒന്നും അപേക്ഷ അവിടെ വന്നിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്രാവശ്യം സൗജന്യമായി പത്തോ അമ്പതോ നൂറോ അല്ലാതെ വലിയ തോതില്‍ മരങ്ങള്‍ സൗജന്യമായി കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനകള്‍ മാത്രം നട്ടാല്‍ മതി.


മരത്തൈകള്‍ ഇപ്പോള്‍ തരും, ഇപ്പോള്‍ തരും എന്ന് പറഞ്ഞിരുന്നതു കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രീന്‍ വെയിന്റെ എല്ലാ ജില്ലകളിലുമുള്ള കോര്‍ഡിനേറ്റര്‍മാര്‍ ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫീസുകളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടേ ഇരിക്കുകയായിരുന്നു. ഓര്‍ഡര്‍ കിട്ടിയിട്ടില്ല എന്ന മറുപടിയാണ് നാലാം തീയതി വൈകുന്നേരം വരെ നമുക്ക് ലഭിച്ചത്. മന്ത്രിയുടെ ഓഫീസുമായും പിസിസിഎഫുമായും ബന്ധപ്പെടുമ്പോള്‍ എല്ലാം മുന്‍വര്‍ഷങ്ങളിലേതു പോലെത്തന്നെയായിരിക്കും മരത്തൈകളുടെ ലഭ്യത എന്നു പറഞ്ഞെങ്കിലും കാത്തു മുഷിഞ്ഞ ഗ്രീന്‍ വെയിന്റെ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഓര്‍ഡറും മരവും ലഭിച്ചില്ല. എങ്കിലും നമ്മുടെ മുന്‍പിലൂടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വളരെ ഭംഗിയായി മരത്തൈകള്‍ കൊണ്ടുപോകുന്നുമുണ്ടായിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് പോലെയുള്ള ജില്ലകളിലാവട്ടെ, പൈസ കൊടുത്തു വാങ്ങിക്കാം എന്ന് പറഞ്ഞിട്ട് പോലും മരത്തൈകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ് ഉണ്ടായത്.

ഇനി ഇത് വയിക്കുമ്പോള്‍ മറുപടി പറയുന്ന ചില നുണകളെ ഓര്‍ത്ത് ഇപ്പോഴേ ഒന്ന് ചിരിച്ചേക്കാം. കാരണം ആര്‍ക്കൊക്കെ എത്രയൊക്കെ മരങ്ങള്‍ എന്ന കണക്ക് കഷ്ടകാലത്ത് ഒരു നോക്ക് ഞാനും കണ്ടതാണ്. പക്ഷെ ഗവണ്മെന്റ് ഓര്‍ഡറിലെ ആ 'യുവജന സംഘടനകള്‍ക്ക് സൗജന്യം' എന്ന ആ കുരുക്കു ബുദ്ധിയും മറ്റ് യുവജന സംഘടനകളുടെ അപേക്ഷകള്‍ ഇല്ലാതിരിക്കലും കാണുമ്പോള്‍ ആകെക്കൂടി കുളിരു കോരുന്നു.

അടിക്കുറിപ്പ്: എന്തായാലും ഒരു കാര്യത്തില്‍ പിണറായി വിജയനെ അഭിനന്ദിക്കുന്നു. അതിനൊരു സംഭവകഥ തന്നെ പറയാം ഹിമാലയത്തില്‍ ഗംഗാ നദിയുടെ കൈവഴികളില്‍ നിര്‍മ്മിക്കുന്ന അനധികൃത ഡാമുകള്‍ക്കെതിരെ ഞാനും കൂടി പരാതിക്കാരനായ സുപ്രീം കോടതിയിലെ കേസില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ മുറിയില്‍ കയറി, കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഒരുമിച്ച് സമരം ചെയ്ത പഴയ പരിചയം വെച്ച് നല്ല അസ്സലായി മന്ത്രിയുടെ വകുപ്പ് കോടതിയില്‍ ചെയ്ത ഒരു വിവരക്കേടിനെ ചൂണ്ടിക്കാട്ടിയപ്പോള്‍, മന്ത്രി പി എസിനോടു ചോദിച്ചു; 'ആ ഫയലെന്തിയേ, ആരാ ആ ഫയല്‍ കോടതിയില്‍ കൊടുത്തേ? എന്ന്‍. അത് നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു, അവിടന്നാണ് കൊടുത്തതെന്ന് പി എസ് വിനയാന്വിതനായി അറിയിച്ചു. അത് കേട്ടപാടെ മന്ത്രിയുടെ മുഖത്ത് ഒരു ജാള്യതയും വന്നു. സമാനമായ ജാള്യത വനം മന്ത്രി കെ രാജുവിന് വരുമോ ഇല്ലയോ എന്നറിയില്ല, എങ്കിലും പിണറായി, മോദിക്ക് പഠിക്കുന്നതില്‍ അഭിമാനിക്കുന്നു. സ്വജനപക്ഷപാതം വിജയിക്കട്ടെ. ലാല്‍ സലാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories