TopTop
Begin typing your search above and press return to search.

'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളു'ടെ വിവര്‍ത്തകന്‍ അന്തരിച്ചു

ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ വിവര്‍ത്തകന്‍ അന്തരിച്ചു

മാറ്റ് ഷ്യൂഡല്‍
(വാഷിംഗ്‌ടണ്‍ പോസ്റ്റ്)

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്‍റേതടക്കം എക്കാലത്തെയും മികച്ച രചനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ രചനാസമ്പത്ത് ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ച വിവര്‍ത്തകന്‍ ഗ്രിഗറി റബാസ്സ അന്തരിച്ചു. മാരിയോ വര്‍ഗാസ്‌ ലോസയുടെയും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്‍റെയും പിന്നീട് ഇതിഹാസങ്ങളെന്ന് ലോകം വാഴ്ത്തിയ നിരവധി രചനകള്‍ വിവര്‍ത്തനം ചെയ്ത ഗ്രിഗറി ബ്രാന്‍ഫോഡിലെ ഒരു സത്രത്തില്‍ ഈ മാസം പതിമൂന്നാം തീയ്യതി മരണമടഞ്ഞതായി അദ്ദേഹത്തിന്റെ പുത്രി സ്ഥിരീകരിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല.

അറുപതുകളിലും എഴുപതുകളിലും അഭിവൃദ്ധിയിലേക്ക് കുതിച്ചുയര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെ അന്താരാഷ്ട്രതലത്തില്‍ ഒരു പ്രതിഭാസമായി മാറ്റുന്നതില്‍ ഗ്രിഗറിയുടെ വിവര്‍ത്തനങ്ങള്‍ സവിശേഷമായ പങ്ക് വഹിച്ചിട്ടുണ്ട്.

1963ല്‍ അര്‍ജന്റീനയിലെ എഴുത്തുകാരന്‍ ജൂലിയോ കോര്‍ടാസയുടെ ഒരു നോവല്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ഗ്രിഗറി സ്പാനിഷും പോര്‍ച്ചുഗീസ് ഭാഷയും പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനായിരുന്നു. ‘റയൂല’ എന്ന ഈ നോവല്‍ 1966ല്‍ ‘ഹോപ്സ്സ്കോച്ച്’ എന്ന പേരില്‍ പുറത്തുവന്നു. നോവലിന് അന്താരാഷ്‌ട്ര തലത്തില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.

കോര്‍ടാസ തന്നെയാണ് തന്‍റെ സുഹൃത്ത് ഗാര്‍സിയ മാര്‍ക്കേസിന് റബേസ്സയെ പരിചയപ്പെടുത്തുന്നത്. പിന്നീട് 1970ല്‍ മാര്‍ക്കേസിന്റെ ഇതിഹാസ രചനയായ ‘ഏകാന്തതയുടെ നൂറു വര്‍ഷം’, റബേസ്സ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഈ വിവര്‍ത്തനത്തെ മൂലരചനയെ വെല്ലുന്ന വിവര്‍ത്തനമെന്നാണ് പിന്നീട് മാര്‍ക്കേസ് വിശേഷിപ്പിച്ചത്.മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസത്തിന്‍റെ മാന്ത്രികത ലോകമറിഞ്ഞത് റബേസ്സയുടെ വിവര്‍ത്തനത്തിലൂടെയാണ്. പിന്നീട് ഈ പുസ്തകത്തിന്റെ അറുപത്തിയഞ്ച് മില്ല്യന്‍ കോപ്പികളാണ് ലോകമൊട്ടാകെ വിറ്റഴിച്ചത്.

2005ല്‍ പുറത്തിറങ്ങിയ തന്‍റെ ഓര്‍മ്മക്കുറിപ്പായ ‘ഇഫ്‌ ദിസ്‌ ബി ട്രീസന്‍: ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഇറ്റ്സ് ഡിസ്കണ്ടെന്റ്സില്‍’ വിവര്‍ത്തനത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെപ്പറ്റി റബേസ്സ വ്യക്തമാക്കുന്നുണ്ട്. റീക്കോള്‍ എന്ന വാക്കിന് പകരം റിമംബര്‍ എന്ന പദമാണ് റബേസ്സ ഉപയോഗിച്ചത്. റബേസ്സ എഴുതി “ആ വാക്ക് തന്നെ ഉപയോഗിക്കാന്‍ കാരണം ആ വാക്കിന് മാത്രമേ ഓര്‍മ്മയുടെ ആഴം വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് എനിക്ക് തോന്നി”.

‘ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് എഴുത്തുകാര'നെന്നാണ് തന്‍റെ രചനയ്ക്ക് 1982ല്‍ നോബല്‍ സമ്മാനം നേടിയ ശേഷം മാര്‍ക്കേസ് പറഞ്ഞത്. മാര്‍ക്കേസിന്റെ അഞ്ച് പുസ്തകങ്ങളാണ് റബേസ്സ വിവര്‍ത്തനം ചെയ്തത്.

ബ്രസീലിയന്‍ എഴുത്തുകാരായ ജോര്‍ജ് അമാഡോയുടേയും ക്ലാരിസ് ലിസ്പെക്റ്ററുടെയുമടക്കം അറുപതോളം പുസ്തകങ്ങളാണ് റബേസ്സ വിവര്‍ത്തനം ചെയ്തത്. സ്പാനിഷ് ഭാഷയില്‍ എഴുതി നോബല്‍ സമ്മാനം കരസ്ഥമാക്കിയ നാല് എഴുത്തുകാരുടെയും രചനകള്‍ വിവര്‍ത്തനം ചെയ്തത് റബേസ്സയാണ്. പെറുവില്‍ നിന്ന് മാര്‍ക്കേസ്, വര്‍ഗാസ്‌ ലോസ, മെക്സിക്കോയില്‍ നിന്ന് ഒക്ടാവിയ പാസ്, ഗ്വാട്ടിമാലയില്‍ നിന്നും മുഗ്വേല്‍ ഏയ്‌ഞ്ചല്‍ എന്നിവരാണ് റബേസ്സ ലോകത്തിന് പരിചയപ്പെടുത്തിയ നോബല്‍ സമ്മാന ജേതാക്കള്‍.

പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ പുസ്തകം മുഴുവനായി വായിച്ച് കഴിഞ്ഞ് വിവര്‍ത്തനം തുടങ്ങുന്ന ശീലം റബേസ്സയ്ക്ക് ഇല്ലായിരുന്നു. പകരം ആദ്യ വായനക്കാരന്‍റെ ആകാംക്ഷയോടെയും ഉദ്യോഗത്തോടെയും വിവര്‍ത്തനം ചെയ്യുന്ന രീതിയായിരുന്നു റബേസ്സയുടേത്.ഗ്രിഗറി റബേസ്സ 1922 മാര്ച്ച് 9ന് ന്യൂയോര്‍ക്കിലെ യോന്‍കേഴ്സിലാണ് ജനിച്ചത്. അച്ഛന്‍ പഞ്ചസ്സാര കച്ചവടക്കാരനായിരുന്നു. സ്കോട്ടിഷ് പാരമ്പര്യമുള്ള ന്യൂയോര്‍ക്കുകാരിയായിരുന്നു അമ്മ. അച്ഛന്റെ കച്ചവടം പൊളിഞ്ഞതോടെ റബേസ്സയും കുടുംബവും ന്യൂ ഹാംപ്ഷയറിലെ ഹാനോവറിലേക്ക് കുടിയേറി. ഫ്രഞ്ചും ലാറ്റിനും പ്രാഥമിക വിദ്യാഭ്യാസ കാലത്തുതന്നെ റബേസ്സ സ്വായത്തമാക്കി. കോളേജ് വിദ്യാഭ്യാസ കാലത്ത് സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ജര്‍മന്‍ ഭാഷകളും റബേസ്സ പഠിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തില്‍ ചേര്‍ന്ന റബേസ്സ ഇറ്റലിയില്‍ സേവനമനുഷ്ടിക്കുന്ന കാലത്ത് ഇറ്റാലിയനും പഠിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1947ല്‍ സ്പാനിഷ് ഭാഷയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും 1954ല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ ഡോക്ടറേറ്റും റബേസ്സ കരസ്ഥമാക്കി.

1967ല്‍ ‘ഹോപ്സ്സ്കോച്ചിന്’ വിവര്‍ത്തനത്തിനുള്ള ദേശീയ പുരസ്കാരം റബേസ്സയെ തേടിയെത്തി. 2006ല്‍ ‘നാഷണല്‍ മെഡല്‍ ഓഫ് ആര്‍ട്സ്’ പുരസ്കാരം നല്‍കി വൈറ്റ് ഹൌസ് റബേസ്സയെ ആദരിച്ചു.

എഴുത്തുകാരന്‍റെ വ്യക്തിത്വവും മൂലകഥയുടെ തനതു ഗുണങ്ങളും ചോര്‍ന്നുപോകാതെ രണ്ടാമതൊരു ഭാഷയിലേക്ക് മാറ്റി എഴുതുകയെന്നതാണ് വിവര്‍ത്തകന്റെ ദൌത്യം എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു റബേസ്സ. “അങ്ങനെ തോന്നിയാല്‍ മാത്രമേ അതൊരു നല്ല വിവര്‍ത്തനമാകുകയുള്ളൂ”- ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. “ഗാര്‍സിയ മാര്‍ക്കേസ് ഇംഗ്ലീഷില്‍ എഴുതുന്ന എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ അദ്ദേഹം എങ്ങനെ എഴുതുമായിരുന്നോ അങ്ങനെ വേണം ഒരു വിവര്‍ത്തനം നടത്തുവാന്‍”അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.

രണ്ട് വിവാഹം കഴിച്ച റബേസ്സയ്ക്ക് രണ്ട് കുട്ടികളുമുണ്ട്.


Next Story

Related Stories