TopTop
Begin typing your search above and press return to search.

ജി എസ് ടി: ചരിത്രപരമായ നികുതി പരിഷ്ക്കരണത്തിലേക്ക് രാജ്യം കടക്കുമ്പോള്‍

ജി എസ് ടി: ചരിത്രപരമായ നികുതി പരിഷ്ക്കരണത്തിലേക്ക് രാജ്യം കടക്കുമ്പോള്‍
ഒടുവില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബുധനാഴ്ച കൈവരിച്ച നേട്ടത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ചരിത്രപരം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവു. സമീപകാലത്ത് നടപ്പിലാക്കിയ ഏറ്റവും സമഗ്രമായ നികുതി പരിഷ്‌കരണമാണിത്. ചരക്ക് സേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട അവസാന ബില്ലുകള്‍ ലോക്‌സഭ പാസാക്കിയതോടെ, ആദ്യമായി രാജ്യത്തെ സാമ്പത്തികമായി ഏകോപിപ്പിക്കുന്ന പരോക്ഷ നികുതി വ്യവസ്ഥയിലേക്ക് ഇന്ത്യ ഒരു ചുവട് മാത്രം അകലെയായി.

ജിഎസ്ടി കൗണ്‍സിലിന്റെ രൂപീകരണത്തിലൂടെ കേന്ദ്രത്തെ പോലെ സംസ്ഥാനങ്ങളും നികുതിയുടെ തീരുമാന-അവകാശങ്ങളില്‍ പങ്കാളികളാവുന്നതോടെ, കളിനിയമങ്ങള്‍ മാറ്റുന്ന ഒരു നികുതി പരിഷ്‌കരണം എന്നതിനപ്പുറം സഹകരണ ഫെഡറിലസത്തിന്റെ ഒരു വാര്‍പ്പ് മാതൃകയായി മാറുന്നു. ഒരു ഏകീകൃത നികുതി ഘടന സൃഷ്ടിക്കുന്നതിനായി നിലവിലുള്ള ചില നികുതി അധികാരങ്ങള്‍ സംയോജിപ്പിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സമ്മതിച്ചതോടെയാണ് നിയമം രൂപപ്പെടുത്താന്‍ സാധിച്ചത്.

എന്താണ് ജിഎസിടി ചെയ്യുന്നത്?
എക്‌സൈസ് തീരുവ, സേവന നികുതി, മുല്യവര്‍ദ്ധിത നികുതി, വിനോദ നികുതി, ആഡംബര നികുതി, പ്രവേശന നികുതി തുടങ്ങി കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികളുടെ ഒരു സഞ്ചയത്തെ ജിഎസ്ടി ഉള്‍ക്കൊള്ളുന്നു. തങ്ങളുടെ വരുമാന പ്രഭാവത്തിന്റെ പ്രധാന ഭാഗമായ പരോക്ഷ നികുതി പിരിക്കുന്നതില്‍ തങ്ങള്‍ക്കുള്ള സ്വയംഭരണാവകാശം ഉപേക്ഷിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും തയ്യാറാവുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.

അഞ്ച്, 12, 18, 20 എന്നിങ്ങന നാല് തട്ടുകളായുള്ള നികുതി ഘടനയാണ് ജിസ്ടി നിര്‍ദ്ദേശിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുന്ന ആദ്യ അഞ്ചു വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിനായി, ഏറ്റവും ഉയര്‍ന്ന തട്ടില്‍, ആഡംബര, അനാവശ്യ ചരക്കുകള്‍ക്ക് ഒരു സെസ് ഏര്‍പ്പടുത്തും. എന്നാല്‍, കേന്ദ്ര ചരക്ക് സേവന നികുതിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 20 ശതമാനമാണ്. സംസ്ഥാനങ്ങളുടെ ചരക്ക് സേവന നികുതി നിയമത്തില്‍ ഇത് ഉള്‍ക്കൊള്ളിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ കൂടിയ നിരക്ക് നാല്‍പ്പത് ശതമാനമായി മാറും. എന്നാല്‍ സാമ്പത്തിക ദുര്‍ഘടാവസ്ഥ വരുമ്പോള്‍ മാത്രമേ ഇത് നടപ്പിലാക്കുകയുള്ളു. അഞ്ച് വര്‍ഷത്തേക്ക് താല്‍ക്കാലികമായാണ് സെസ് ഏര്‍പ്പെടുത്തുന്നതെന്നും ഇതില്‍ നിന്നുള്ള വരുമാണം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിനിയോഗിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.ആശങ്കകള്‍

എല്ലാ സംസ്ഥാനങ്ങളെയും ഈ നികുതി പരിഷ്‌കരണത്തില്‍ ഉള്‍ക്കൊള്ളിച്ചതോടെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം കണ്ട് വര്‍ദ്ധിക്കുമെന്നും നികുതികളുടെ കുത്തൊഴുക്ക് തടയുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഈ പ്രക്രിയക്കിടയില്‍ നിരവധി പ്രശ്‌നങ്ങളില്‍ കേന്ദ്രത്തിന് ഒത്തുതീര്‍പ്പ് ചെയ്യേണ്ടി വന്നു. ഹൃസ്വകാലത്തിലെങ്കിലും വ്യവാസായങ്ങളുടെ അസംസ്‌കൃത വസ്തു ചിലവ് വര്‍ദ്ധിപ്പിക്കാനും വ്യാപാര പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കാനും പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇവയില്‍ ചിലവ കാരണമാകും.

സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കാന്‍ ജിഎസ്ടി സഹായിക്കുമോ എന്ന കാര്യത്തില്‍ ബിജു ജനതാദള്‍ എംപി ഭര്‍തൃഹരി മഹ്താബിന് വിമര്‍ശനാത്മകമായ സമീപനമാണുള്ളത്. 'ഈ നിയമം നടപ്പിലാകുമ്പോള്‍ വിലകള്‍ കുറയുമോ? പ്രതീക്ഷകള്‍ ആകാശത്തോളം വളര്‍ന്നിട്ടുണ്ട്. പക്ഷെ അത് സാങ്കല്‍പികമാണ്. ഒരു വര്‍ത്തിന് ശേഷമേ നമുക്ക് യഥാര്‍ത്ഥ ഫലം അറിയാന്‍ കഴിയൂ' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൃഷിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു. കര്‍ഷകരെ രജിസ്‌ട്രേഷനില്‍ നിന്നും ഒഴിവാക്കുകയാണ് ഉദ്ദേശം എന്ന് വ്യക്തമാക്കിക്കൊണ്ട് കൃഷിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ജയ്റ്റ്‌ലി ന്യായീകരിച്ചു. 'ഈ ഉല്‍പന്നങ്ങള്‍ക്ക് (കന്നുകാലികള്‍, ക്ഷീരകൃഷി) ഇനിയും പൂജ്യം നിരക്ക് പ്രാബല്യത്തില്‍ വരുത്താം,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്ലിലെ നിരവധി വ്യവസ്ഥകളെ കുറിച്ച് കോണ്‍ഗ്രസ് എംപി വീരപ്പ മൊയ്‌ലി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. 'ഒരു ദേശം ഒരു നികുതി എന്നത് ഒരു സങ്കല്‍പം മാത്രമാണ്. ഇത് കളിനിയമങ്ങള്‍ മാറ്റുന്ന ഒന്നാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇതൊരു ശിശുവിന്റെ ചുവടുവെപ്പ് മാത്രമാണ്,' എന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലയുടെ നികതിവല്‍ക്കരണം എങ്ങനെയായിരിക്കും, ലാഭേതര സംവിധാനങ്ങള്‍ എങ്ങനെയാവും പ്രവര്‍ത്തിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളിലെ ജിഎസ്ടി നിര്‍ദ്ദേശങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് മൊയ്‌ലി ചൂണ്ടിക്കാട്ടി. 'ലാഭേതര നിര്‍ദ്ദേശങ്ങള്‍ക്ക് കരിനിയമത്തിന്റെ സ്വഭാവമാണുള്ളത്. അത് വ്യവസായമേഖലയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും,' എന്ന് അദ്ദേഹം പറയുന്നു.മുന്നോട്ടുള്ള വഴികള്‍
മൂല്യനിര്‍ണയവും ജിഎസ്ടിയിലേക്കുള്ള മാറ്റവും ഉള്‍പ്പെടെയുള്ള ഒമ്പത് കൂട്ടം നിയമങ്ങള്‍ക്ക് മാര്‍ച്ച് 31ന് ചേരുന്ന ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ അന്തിമരൂപം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടിയുടെ വിവരസാങ്കേതിക നട്ടെല്ലായ ജിഎസ്ടി ശൃംഖലയും അതിന്റെ സോഫ്റ്റ്വയറുകളും ഹാര്‍ഡ്വെയറുകളും അന്തിമ പരിശോധനകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും മാസങ്ങളില്‍ അവയുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.

സുഗമമായ മാറ്റം സാധ്യമാക്കുന്നതിനായി വ്യാവസായിക നിര്‍ദ്ദിഷ്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പത്ത് പ്രവര്‍ത്തനസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഭൂമി വ്യാപാരവും ഇന്ധന ഉല്‍പന്നങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍, വോട്ടെടുപ്പിലൂടെയാവില്ല മറിച്ച്, അഭിപ്രായസമന്വയത്തിലൂടെയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

Next Story

Related Stories