TopTop
Begin typing your search above and press return to search.

ഗ്വാണ്ടനാമോയ്ക്കു ശേഷം അവരുടെ ജീവിതം

ഗ്വാണ്ടനാമോയ്ക്കു ശേഷം അവരുടെ ജീവിതം

ജോഷ്വാ പാർട്ട് ലോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തെരുവിൽ എവിടെയോ ഒരു കച്ചവടക്കാരൻ മുഴക്കിയ മെഗാഫോൺ ശബ്ദം അയാളെ അസ്വസ്ഥപ്പെടുത്തി. അയാൾ നിസാരക്കാരനല്ല, കൊടും ഭീകരൻ എന്ന് ഒരിക്കൽ യു എസ് പട്ടാളം വിശേഷിപ്പിച്ച ജിഹാദ് അഹമ്മദ് മുസ്തഫ ദിഹാബ്. ചെവിയിൽ വിരൽ തിരുകിക്കൊണ്ട് അയാൾ ചോദിച്ചു: “എന്താ ഇങ്ങനെ? എപ്പോഴും ഇങ്ങനെ ആണല്ലോ.” മുസ്തഫ ദിഹാബിനെയും അഞ്ചു കൂട്ടാളികളെയും ഗ്വാണ്ടനാമോ ജയിലിൽ നിന്നും ഉറുഗ്വേയ് കടല്‍ത്തീരത്തുള്ള ഈ നാലു മുറി വീട്ടിലേക്കു കൊണ്ടുവന്നിട്ടിപ്പോൾ മൂന്ന് മാസം കഴിഞ്ഞെങ്കിലും അവർ പുതിയ സ്ഥലവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടില്ല.

സിറിയൻ സ്വദേശിയായ ദിഹാബ് ഗ്വാണ്ടനാമോ ജയിലിൽ 12 കൊല്ലം ജീവിച്ചു. ഇപ്പോൾ മൂന്നു സിറിയക്കാരോടും, ഒരു പലസ്തീനിക്കും ടുണീഷ്യനുമൊപ്പം മോണ്ടെവിഡിയോയിൽ അദ്ദേഹം താമസിക്കുന്നു. ക്യൂബയിലെ യു എസ് ശിക്ഷാകേന്ദ്രത്തിലെ അന്തേവാസികളായിരുന്നു ഇവരെല്ലാം. ഒരു ലാറ്റിൻ അമേരിക്കൻ തലസ്ഥാനത്തേക്കുള്ള ജീവിത പരിണാമം ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് ഒരാഴ്ച നീണ്ടു നിന്ന സുദീർഘ സംഭാഷണത്തിനൊടുവിൽ അദ്ദേഹം സമ്മതിച്ചു.

ആദ്യ ദിനങ്ങളിൽ സ്ഥിതി തിരിച്ചായിരുന്നു. ചിരിച്ച മുഖവുമായി കൈകൾ വീശി സ്വാഗതം ചെയുന്ന അയല്‍ക്കാർ, മോടിയായി വസ്ത്രം ധരിച്ച യുവാക്കൾ, അങ്ങനെ സുന്ദരമായ ഒരു സമയം. എന്നാൽ അത് കഴിഞ്ഞു പോയി. ദിഹാബിനായിരുന്നു ഏറ്റവും പ്രശ്നം. നിരവധി കാലം ജയിലിൽ കഴിഞ്ഞതിന്റെയും അവിടെ നടത്തിയ നിരാഹാരങ്ങളുടെയും അടയാളങ്ങൾ ആ മെലിഞ്ഞ 43 വയസുകാരനിൽ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ താടി നരച്ചു തുടങ്ങി. ഗ്വാണ്ടാനാമോ ജയിലിൽ നിന്ന് ലഭിച്ച പട്ടാളയൂണിഫോറത്തിന്റെ നിറമുള്ള പച്ചമേല്‍ക്കുപ്പായവും, കാലുറയും ധരിച്ചു ഒരു ഊന്നുവടിയുടെ സഹായത്തോടെ മുടന്തി നടക്കുന്ന ഒരാളായി തീര്‍ന്നു അദ്ദേഹം. ജയിൽ യൂനിഫോറം എന്ന്‍ കുപ്രസിദ്ധമായ ആ ഓറഞ്ച് യൂണിഫോം അദ്ദേഹത്തിന്റെ വസ്ത്രശേഖരത്തിൽ സുഭദ്രം.

ഉറുഗ്വേക്ക് പുറത്തേക്കു (തത്വത്തിൽ) പോകാൻ ഇവര്‍ക്കാര്‍ക്കും പാസ്പോര്‍ട്ട്‌ ലഭ്യമായിട്ടില്ല. ദിഹാബ് പുറത്തേക്ക് ഇറങ്ങാറേ ഇല്ല. തനിക്കു തന്ന വാഗ്ദാനങ്ങൾ ഒന്നുപോലും നടപ്പാക്കാതെ തന്നെ ചതിച്ചു എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹത്തിന് സിറിയയിൽ നിന്ന് തന്റെ കുടുംബത്തെ കൊണ്ടുവന്നു ഒപ്പം താമസിക്കാൻ സ്വന്തമായൊരു വീടും, ലളിതമായ എന്നാൽ സുരക്ഷിതമായ ഒരു ജീവിതം നയിക്കാനുള്ള പണവും ഒരു കച്ചവടം തുടങ്ങാനുള്ള സഹായവുമാണ് വേണ്ടിയിരുന്നത്. ഒരു കുറ്റവും തനിക്കെതിരെ തെളിയിക്കാൻ സാധിക്കാഞ്ഞിട്ടും പന്ത്രണ്ടു കൊല്ലത്തോളം ജയിലിൽ അടച്ച യു എസ് ഭരണകൂടം ഇതിനുത്തരം പറയണം എന്ന് അദ്ദേഹം പറയുന്നു. അവസാനം അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും ഭീകരവാദവുമായി ബന്ധം ഉണ്ടെന്നു തെളിയിക്കാൻ സാധിക്കാത്തതിനാൽ വെറുതെ വിടുന്നു എന്ന് പറയുന്ന ഒരു കത്തും തന്നു അവരെ "സ്വതന്ത്രരാക്കി".


ജിഹാദ് അഹമ്മദ് മുസ്തഫ ദിഹാബ്

ഇതിനു പ്രതിഷേധമെന്നവണ്ണം തനിക്കു ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം അദ്ദേഹം ചെയ്യുന്നു. ഉറുഗ്വേ സര്‍ക്കാർ നല്‍കുന്ന 600 ഡോളർ ധനസഹായം വേണ്ടെന്നുവച്ചു. അനേകം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും സ്ഥിരം ചെയ്യേണ്ട പരിശോധനകൾ ഒഴിവാക്കി. ഇപ്പോൾ യാതൊരു വരുമാനവും അദ്ദേഹത്തിനില്ല. ഫോൺ, ജോലി അങ്ങനെ യാതൊന്നും സ്വന്തമായി ഇല്ല. ഇപ്പോൾ അദ്ദേഹത്തിന്റെ കൈവശം ഉള്ള തക്കാളിയും കക്കിരിക്കയും ഉരുളക്കിഴങ്ങും കുറച്ച് ആഴ്ചയിലേക്കു കൂടി തികയും എന്നാണ് അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ. അത് തീര്‍ന്നാൽ അദ്ദേഹത്തിന് മറ്റൊരു പദ്ധതി ഉണ്ട്.

"ഇതൊക്കെ തീര്‍ന്നാൽ ഞാൻ യു എസ് എംബസ്സിയുടെ മുന്നിൽ ചെന്ന് നിരാഹാരസമരം തുടങ്ങും."

ജിഹാദ് ദിഹാബ് ജയിലിൽ നിന്ന് പുറത്തു വന്നു പക്ഷെ ഇപ്പോഴും സ്വതന്ത്രൻ ആയില്ല.

തോറ ബോറയിൽ നടന്ന ചാവേർ ആക്രമണത്തിനും, കൃത്രിമ രേഖകൾ ചമയ്ക്കുന്നതിനും അൽ- ഖ്വയ്ദയെ സഹായിച്ചു എന്ന കുറ്റം ചുമത്തി 2002-ൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയ ചിലര്‍ക്ക് തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നു. ബാക്കിയുള്ളവർ ഗ്വാണ്ടനാമോയിൽ വച്ച് പരിചയപ്പെട്ടു. 2009-ൽ ഇവരെ സ്വതന്ത്രരാക്കാനുള്ള തീരുമാനം എടുത്തെങ്കിലും, തടവുകാരെ വിട്ടുകൊടുക്കുന്നതിൽ ഉയര്‍ന്ന എതിര്‍പ്പ് എല്ലാ നടപടികളും വൈകിപ്പിച്ചു.

2013 ഡിസംബറിൽ ഉറുഗ്വേയിലെ യു എസ് അംബാസിഡർ ജൂലിസ്സ രേയ്നോസോ പ്രസിഡന്റ് ജോസ് മുജികായുമായി തടവുകാരെ രാജ്യത്തു താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കൂടികാഴ്ച നടത്തി. ഇന്നുവരെ ഉള്ള കണക്കനുസരിച്ച്; ഗ്വാണ്ടനാമോ ജയിലില്‍നിന്നും 645 തടവുകാരെ ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലേക്ക് (അതിൽ ബെര്‍മുഡ, ബള്‍ഗേറിയ, പലാവു എന്നീ രാജ്യങ്ങളും ഉണ്ട്), മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. ഇനിയും 122 പേരെ കൂടി ഇത്തരത്തിൽ മാറ്റാൻ തീരുമാനം എടുത്തു കഴിഞ്ഞു. കുടിയേറ്റക്കാരെയും, തടവുകാരെയും മടി കൂടാതെ സ്വീകരിക്കുന്നതിനാൽ ദക്ഷിണ അമേരിക്കയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് ഉറുഗ്വേ അറിയപ്പെടുന്നത്. ചെറുപ്പകാലത്ത് ടുപമാരോ എന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഗറില്ല യുദ്ധം നടത്തുകയും, ഉറുഗ്വേ പട്ടാളത്തിന്റെ പിടിയിൽ ആവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത് പിന്നീടു ഉറുഗ്വേയുടെ പ്രസിഡന്റ് ആയി മാറിയ ആളാണ് മുജികാ എന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഈ ആവശ്യത്തെ വളരെ തുറന്ന മനസോടെ ആണ് മുജികാ സമീപിച്ചത് എന്ന് രേയ്നോസോ പറഞ്ഞു. “അദ്ദേഹം യഥാര്‍ത്ഥത്തിൽ വളരെ കരുണയുള്ള ഒരു മനുഷ്യനാണ്.”

തുടര്‍ന്ന് ഉറുഗ്വേ നയതന്ത്ര വിദഗ്ധര്‍ ഗ്വാണ്ടനാമോ സന്ദര്‍ശിക്കുകയും, 2014 മാര്‍ച്ചിൽ ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തു. എന്നാൽ വീണ്ടും എതിര്‍പ്പുമായി എത്തിയ പെന്റഗൺ നടപടികൾ ഈ വേനൽ വരെ വൈകിപ്പിച്ചു. അപ്പോഴേക്കും ഉറുഗ്വേ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമാഗതമായതിനെ തുടര്‍ന്ന്, മാധ്യമങ്ങൾ വിവാദങ്ങൾ ഉണ്ടാക്കുന്നത്‌ ഒഴിവാക്കാൻ മുജികാ തീരുമാനിച്ചതിനെ തുടര്‍ന്ന് അവരുടെ കൈമാറ്റം പിന്നെയും നീണ്ടു. ഒടുവിൽ ഡിസംബർ മാസത്തിൽ ഇവർ ക്യൂബയിൽ നിന്ന് പുറപ്പെട്ടപ്പോഴും അവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന നിമിഷത്തിന്റെ വെപ്രാളത്തിലാണ് നടന്നത്.

"ഒരു വിവാദവും സൃഷ്ടിക്കാതെ ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ടിയാണ് ഇത്ര കരുതലോടെ സമയമെടുത്തു ചെയ്തത്,” എന്ന് ഈ നടപടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച യു എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവരുടെ ദൈനംദിന കാര്യങ്ങൾ നോക്കാൻ ഒരു തൊഴിലാളി സംഘടനക്ക് ഉറുഗ്വേ ചുമതല നല്‍കി. ഈ കൂട്ടർ ഇവരെ മോണ്ടെവീഡിയോയിൽ അറ്റ്‌ലാന്റിക്കിനടുത്തു തൊഴിലാളികൾ പാര്‍ക്കുന്ന ഒരു പ്രദേശത്തെ ഇരുനിലവീട്ടിലേക്ക് മാറ്റി. നിറയെ ചുവരെഴുത്തുകൾ നിറഞ്ഞ ആ തെരുവിൽ അവര്‍ക്കാവശ്യമുള്ള സൌകര്യങ്ങൾ ലഭ്യമായിരുന്നു.

മുന്‍പ് ആക്രമണങ്ങളിൽ പരിക്കേറ്റ വനിതകൾ താമസിച്ചിരുന്ന ആ വീട് ഒരു ആശുപത്രി വാര്‍ഡിന്റെ ഓര്‍മകൾ സമ്മാനിച്ചു. മരംകൊണ്ടു നിര്‍മ്മിച്ച തറയിൽ അവർ ജയിൽ വാസ കാലത്ത് ലഭിച്ച കാലുറകളും ധരിച്ചു നടന്നു. അവരുടെ മനസു മുഴുവൻ ഇടവേളകളിൽ വരുന്ന അറബിക് വാര്‍ത്തയിലും, സ്വദേശത്തു നിന്നുള്ള ഫോണിലും, സ്കൈപ്പ് കോളുകളിലും ഉടക്കി നിന്നു. അവർ അഞ്ചുനേരം പടിഞ്ഞാറ് നോക്കി മെക്കയെ ധ്യാനിച്ച് നിസ്കാരം നടത്തി; പ്രാര്‍ത്ഥിച്ചു.

അവർ വളരെ ആതിഥ്യമര്യാദ ഉള്ളവരായിരുന്നു. ചെന്ന് കയറിയ ഉടൻ ചായ ലഭിച്ചു. എന്നാൽ തങ്ങളുടെ അവസ്ഥ വിവരിക്കാനോ അത് റെക്കോര്‍ഡ്‌ ചെയ്യാനോ അവരാരും താല്പര്യം കാണിച്ചില്ല. ഒരാള്‍ക്ക് ഗ്വാണ്ടനാമോയെ കുറിച്ച് ഓര്‍മ്മിക്കാൻ തന്നെ ഇഷ്ടമല്ലായിരുന്നു. മറ്റൊരാളാകട്ടെ പണം തന്നാലേ കാര്യങ്ങൾ പറയൂ എന്ന നിലപാടിലും.

ദിഹാബിനാകട്ടെ തന്റെ ക്രോധം അടക്കിനിര്‍ത്താൻ ആകുന്നില്ല. തന്റെ ഈ അവസ്ഥക്ക് മുഴുവൻ കാരണം അമേരിക്കയുടെ അന്ധമായ മുസ്ലിം വിരോധം ആണെന്ന ധ്വനിയിലാണ് അദ്ദേഹം ചര്‍ച്ചകൾ ആരംഭിക്കുന്നത് തന്നെ. ഒരു കുറ്റവും ചെയ്യാത്ത തന്നെ പന്ത്രണ്ടു കൊല്ലം ജയിലിൽ അടച്ചു, സിറിയയിൽ വച്ച് തന്റെ നാലു മക്കളിൽ ഒരാളെ രാസായുധ പ്രയോഗത്തിൽ വധിച്ചു. താൻ ചെയ്ത ഒരേ ഒരു തെറ്റ് ഇസ്ലാം ആയിപ്പോയി എന്നതാണ്. തന്നെ സ്വീകരിച്ചതിൽ ഉറുഗ്വേയോട് കടപ്പെട്ടിരിക്കുന്നു എങ്കിലും, തന്റെ സ്വാസ്ഥ്യം ഉറപ്പുവരുത്തേണ്ടത് അമേരിക്കയാണ് എന്നും അദ്ദേഹം പറയുന്നു. താനും തന്റെ പത്നിയും ഇന്ന് ദുരിതത്തിൽ ജീവിക്കുന്നതിനു ഒരേ ഒരു കാരണക്കാരനേ ഉള്ളു. അത് അമേരിക്കയാണ്.ഈ ജെയിംസ്‌ ബോണ്ട് ഏതു നാട്ടുകാരൻ ആണെന്ന് അറിയാമോ? ദിഹാബ് ഒരു ദിവസം എന്നോട് ചോദിച്ചു.

ഇംഗ്ലണ്ട്?

അദ്ദേഹം നിഷേധാര്‍ത്ഥത്തിൽ തലയാട്ടി.

ഞാൻ ബ്രിട്ടൻ, യു കെ എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ അദ്ദേഹം കൂടുതൽ അസ്വസ്ഥനാവുകയാണ് ചെയ്തത്. എന്റെ ഐഫോൺ കയ്യിലെടുത്തു അദ്ദേഹം ചോദിച്ചു "ഈ ജെയിംസ്‌ ബോണ്ട്‌"

“സ്റ്റീവ് ജോബ്സ് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?” ഞാൻ ചോദിച്ചു.

“ആ, അതെ സ്റ്റീവ് തന്നെ”.

“കാലിഫോര്‍ണിയ,” ഞാൻ പറഞ്ഞു.

“അല്ല. അദ്ദേഹം സിറിയയിൽ നിന്നും വന്നവനാണ്. അദ്ദേഹത്തിന്റെ പിതാവ് സിറിയൻ ആണ്.”

തുറങ്കിൽ അടയ്ക്കപ്പെടുന്നതിനു മുന്‍പ് ദിഹാബിനു സാങ്കേതിക വിദ്യകളിൽ ഏറെ താത്പര്യം ഉണ്ടായിരുന്നു. ഈ കഴിവുകൾ ഉപയോഗിച്ചാണ് വ്യാജരേഖകൾ ഉണ്ടാകാൻ അൽ- ഖ്വയ്ദയെ അദ്ദേഹം സഹായിച്ചിരുന്നത് എന്ന് പട്ടാള രേഖകൾ പറയുന്നു. എന്നാൽ ദീര്‍ഘകാലത്തെ ജയിൽ വാസം അയാളെ പുത്തൻ സാങ്കേതിക വിദ്യകളിൽ തീര്‍ത്തും അജ്ഞനാക്കി തീര്‍ത്തു. തടവിലാകുന്ന സമയത്ത് അദ്ദേഹം ഒരു പെന്റിയം III മൈക്രോ പ്രോസസർ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു സാംസങ്ങ് ഗാലക്സി എസ് 5-ഉം ആപ്പിൾ ഐഫോൺ 6-ഉം തമ്മിലുള്ള വ്യത്യാസം എന്തെന്ന് മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കുകയാണ് അദ്ദേഹം. ഏതു കാനൻ ക്യാമറ ആണ് വീഡിയോ എടുക്കാൻ നല്ലത്? കമ്പ്യൂട്ടറിൽ വൈബർ എങ്ങിനെ ഉപയോഗിക്കാം എന്നൊക്കെ ഒരു വിദ്യാര്‍ത്ഥിയെ പോലെ അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ കൈവശമുള്ള ലെനോവോ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പോലും അദ്ദേഹത്തിന് അറിയില്ല. എന്തിനു ഒരു സാധനം കോപ്പി-പേസ്റ്റ് ചെയ്യാൻ പോലും അറിയാത്ത ഒരവസ്ഥ. “ഞാൻ ഒരുപാട് ഇ-മെയിൽ അക്കൗണ്ട്‌ തുറന്നു. ഒന്നിന്റെയും പാസ്സ്‌വേഡ് എനിക്കോര്‍മ്മയില്ല. എല്ലാം ഞാൻ ഗ്വാണ്ടനാമോയിൽ മറന്നു കളഞ്ഞു.” അദ്ദേഹം പറഞ്ഞു.

1990-കളിൽ ദമാസ്കസിന്റെ കിഴക്കൻ ഉൾപ്രദേശങ്ങളിൽ എത്തിയ ദിഹാബ്, സിറിയൻ വ്യോമസേനയിൽ മൂന്നു വര്‍ഷത്തെ നിബന്ധിത സേവനം അനുഷ്ഠിച്ചു. അതിനുശേഷം അച്ഛന്റെ ഏറെ പ്രശസ്തമായ ഭക്ഷണശാലയിലും ജോലി നോക്കി. 2008-ൽ ഗ്വാണ്ടനാമോ ജയിലിൽ രേഖപ്പെടുത്തിയ പ്രകാരം അദ്ദേഹം സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിലെത്തിയ ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിനെ അബ്സേന്റിയയിൽ വച്ച് സിറിയയിൽ നടത്തി എന്ന് പറയപ്പെടുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 11-നു മുന്‍പുവരെ താൻ കാബൂളിൽ തേൻ കച്ചവടം നടത്തിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു ജോര്‍ദാൻ ഭീകരവാദിയായ അബു മുസാബ് അൽ-സര്‍ക്വാവിക്ക് ആതിഥ്യം നല്‍കി എന്നും, അതിനു ശേഷം കാണ്ടാഹാറിലെ ഒരു അല്‍ഖ്വയ്ദ ക്യാമ്പിൽ വച്ച് പരിശീലനം നേടി എന്നും ഔദ്യോഗിക രേഖകൾ പറയുന്നു. പാക്കിസ്ഥാൻ പോലീസ് 2002-ൽ നടത്തിയ ഒരു റെയ്ഡിനിടെ ആണ് അദ്ദേഹത്തെ ലാഹോറിൽ വച്ച് അറസ്റ്റു ചെയ്തതും പിന്നീട് ഗ്വാണ്ടനാമോയിലേക്കെത്തിച്ചതും.

അദ്ദേഹം ജയിലിൽ എത്തുന്നതിനു മുന്‍പുള്ള ജീവിതത്തെ കുറിച്ചോ ജയിലിൽ നിന്നുള്ള അനുഭവങ്ങളെ കുറിച്ചോ അധികമൊന്നും പറയാൻ താത്പര്യം കാണിച്ചില്ല. പക്ഷെ തന്റെ ജീവിത കഥ അദ്ദേഹം ഒരു പുസ്തക രൂപത്തിൽ എഴുതുന്നുണ്ട്. “അതിൽ നിങ്ങള്‍ക്കെല്ലാ വിവരങ്ങളും ലഭിക്കും,” എന്ന് അദ്ദേഹം പറയുന്നു. ജയിലിൽ വച്ച് നിരവധി തവണ മര്‍ദ്ദനങ്ങള്‍ക്കു വിധേയനായി എന്ന് ആരോപിക്കുന്നുണ്ട്. നിരാഹാരം അനുഷ്ഠിക്കുന്ന സമയത്ത് അദ്ദേഹത്തെ ബലമായി കസേരയിൽ കെട്ടിയിട്ട് മൂക്കിലൂടെ ട്യൂബിട്ടു ഭക്ഷണം നല്‍കിയിരുന്നു. ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തണം എന്നാവശ്യവുമായി ദിഹാബിനോപ്പം വാഷിംഗ്‌ടൺ പോസ്റ്റ്‌ ഉള്‍പ്പെടെയുള്ള മറ്റു മാധ്യമങ്ങളും കോടതിയിൽ അപേക്ഷ നല്‍കിയിട്ടുണ്ട്.

മറ്റു ദൈനംദിന പ്രശ്നങ്ങളും അനുഭവിക്കേണ്ടിവന്നു. ജയിലിൽ ഇവര്‍ക്കായി നടത്തുന്ന പല പരിശീലന ക്ലാസ്സുകളും ഗാര്‍ഡുകളുടെ ഉടക്കു കാരണാം നഷ്ടപ്പെട്ടിരുന്നു. തടവുകാരിൽ വലുപ്പം കുറഞ്ഞവര്‍ക്ക് വലിപ്പം കൂടിയ യൂണിഫോമും, വലുപ്പം കൂടിയവര്‍ക്ക് ചെറിയ അളവിലുള്ള യൂനിഫോമും ആണ് ലഭിക്കുക. വെറുതെ വിടാൻ ഉത്തരവ് വന്നിട്ട് അഞ്ചു കൊല്ലത്തിനു ശേഷം മോണ്ടെവീഡിയോയിലേക്കുള്ള യാത്രാ സമയത്തും, അവരുടെ കൈകാലുകളിൽ വിലങ്ങണിയിച്ചിരുന്നു. മുഖംമൂടിയും ധരിപ്പിച്ചു. ടോയ്ലറ്റ് അനുവദിക്കാത്തതിനാൽ ഒന്നു രണ്ടു പേർക്ക് ഇരുന്നയിടത്ത് മൂത്രമൊഴിക്കേണ്ടി വന്നു.

ദിഹാബിന്റെ രേഖകളിൽ അദ്ദേഹത്തെ കുറിച്ച് പരാതിയില്ലാത്ത, എന്നാൽ അക്രമാസക്തനായ ഒരാൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ജയിലിൽ ഗാര്‍ഡിനെ ഇടിച്ചത് ഉള്‍പ്പെടെ നടത്തിയ അച്ചടക്ക ലംഘനങ്ങളുടെ ഒരു നീണ്ട പട്ടികയും.

ഒരു ദിവസം ഉച്ചതിരിഞ്ഞ് ഗ്വാണ്ടനാമോയെ കുറിച്ചുള്ള ഒരു വീഡിയോ ദിഹാബ് വളരെ താല്പര്യത്തോടെ കാണുകയായിരുന്നു. ആ വീഡിയോയിൽ ജയിലിലെ സൌകര്യത്തെ കുറിച്ച് വര്‍ണിക്കുന്ന ഭാഗങ്ങൾ ആശ്ചര്യത്തോടെ കണ്ടു ഇതൊന്നും ഇത്രയും കാലത്തിനിടയ്ക്കു ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു അദ്ദേഹം പൊട്ടിച്ചിരിച്ചു. "ബട്ട്ലർ എന്ന വ്യക്തി എന്നോട് ഇടയ്ക്കു ജയിലിൽ വന്നു സംസാരിക്കാറുണ്ട്. ഒരു കള്ളൻ. എങ്ങനെ അദ്ദേഹം ഒരു ജനറൽ ആയതെന്നതിൽ എനിക്കെപ്പോഴും സംശയം തോന്നും."

വീഡിയോയുടെ അവസാനം ഒബാമയുടെ ഒരു പ്രസംഗ ശകലവും ഉണ്ടായിരുന്നു. "ഒരു പ്രസിഡന്റ് എന്ന നിലയിൽ ഗ്വാണ്ടനാമോ പൂട്ടാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്." പെരുംനുണയൻ എന്നായിരുന്നു ഇതിനു ദിഹാബിന്റെ പ്രതികരണം.ഞായറുകളിൽ ഉറുഗ്വേ ജനത മുഴുവൻ കടൽ തീരത്തും തെരുവുകളിലും ആര്‍ത്തുല്ലസിക്കുമ്പോൾ മൽഡാൻഡോ തെരുവിലെ ആ ഇരു നിലകെട്ടിടത്തിൽ ഒരു ഓൺലൈൻ കോഴ്സിലൂടെ സ്പാനിഷ്‌ ഭാഷ പഠിക്കുന്ന പഴയ തടവുകാരുടെ ശബ്ദം മാത്രമാണ് നിറഞ്ഞു നിന്നത്.

ജുആൻ എസ് ഡേ ലോണ്ട്രെസ് - ജുവാൻ ലണ്ടനിൽ നിനും വരുന്നു.

യോ എസ്ക്രിബോ ഉന കാർട്ടാ - ഞാൻ ഒരു കത്തെഴുതുന്നു.

നോസോട്രോസ് റെനെമോസ് കുഎ ഹബ്ലാർ കോൻ ല ഗെന്റെ - നമുക്ക് ജനങ്ങളോട് സംസാരിക്കേണ്ടിയിരിക്കുന്നു.

ഈ അവസ്ഥകളുമായി പൊരുത്തപ്പെടുക എന്നത് ചിലര്‍ക്ക് എളുപ്പമായിരുന്നു. രാവിലെ ഡോക്ടർ വന്നു പരിശോധന നടത്തും അത് കഴിഞ്ഞു ജിമ്മിൽ അല്‍പനേരം വ്യായാമം. അവർ തെരുവിൽ ജനങ്ങള്‍ക്കിടയിൽ ഉത്സവങ്ങളിൽ പങ്കെടുത്തു. തങ്ങളുടെ മാസപ്പടിയിൽ നിന്ന് ചേര്‍ത്ത് വച്ച പണം കൊണ്ട് സെല്‍ഫോണുകൾ സ്വന്തമാക്കി. ചിലർ തദ്ദേശീയ ഭാഷ പഠിച്ചു അവിടെ ഒരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ചു.

എന്നാൽ തങ്ങൾ അതിനു പ്രാപ്തരായി എന്നവർ വിശ്വസിക്കുന്നില്ല താമസക്കാര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങളിൽ അവർ സംതൃപ്തർ അല്ല എന്നതാണ് പ്രധാന കാരണം. 50-കാരനായ ടുണീഷ്യൻ വംശജൻ ആബേൽ ബിൻ മുഹമ്മദ്‌ എൽ ഔറീഘി ഇപ്പോൾ തൊട്ടടുത്ത ഹോട്ടലിലാണ് താമസം. എന്നാൽ അതിനൊന്നും തികയുന്ന ഒരു മാസപ്പടി അല്ല അവര്‍ക്കുള്ളത്. തന്റെ കുടുംബത്തെ ഇവിടെ കൂടെ കൊണ്ടുവന്നു താമസിപ്പിച്ചാൽ അവരെ സാമ്പത്തികമായി സഹായിക്കാൻ ഉതകുന്ന ഒരു വരുമാനം തനിക്കില്ലെന്നു 33 വയസുള്ള സിറിയൻ വംശജൻ അലി ഹുസൈൻ ശബാൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

"എന്റെ ജീവിതത്തിന്റെ പകുതിയിലേറെ സമയവും ഞാൻ തടവറയിൽ ആണ് ചിലവിട്ടത്. ഒരു സുപ്രഭാതത്തിൽ എന്നോട് സ്വന്തം ചിലവുകളും, കുടുംബത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ പറഞ്ഞാൽ എനിക്കതിനു സാധിക്കില്ല. അത് ഒട്ടും ന്യായവുമല്ല.” അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഇവര്‍ക്ക് നല്‍കുന്ന മാസപ്പടിയും സൗകര്യങ്ങള്‍ക്ക് ചിലവാകുന്ന തുകയും ഉറുഗ്വേയുടെ മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ചു എന്ന വിധമാണ് അവരുടെ പെരുമാറ്റം. രണ്ടാഴ്ചക്കു മുന്‍പ്, ആ വീട്ടിലെ ടെലിഫോണിൽ നിന്ന് ദീര്‍ഘദൂരത്തേക്ക് വിളിക്കാനുള്ള സൗകര്യം എടുത്തു കളഞ്ഞു. ആ ഫോണിനു വന്ന വലിയ ബിൽ തുകയെ തുടര്‍ന്നാണ് ഈ നടപടി. അതേപോലെ വിലപിടിച്ച മാംസവും ഇപ്പോൾ ഇവര്‍ക്ക് നല്‍കുന്നില്ല. ഇവര്‍ക്കായി കുറച്ചു ലാപ്പ്ടോപ്പുകൾ നല്‍കിയിട്ടുണ്ട്. എന്നാൽ വീഡിയോ കോളുകൾ നടത്താൻ ഓരോരുത്തര്‍ക്കും സ്വന്തമായി ഹെഡ്സെറ്റ് നല്‍കാൻ യൂണിയൻ വിസമ്മതിച്ചു. അവരോടു നിലവിൽ ഉള്ള ഒരു ഹെഡ്സെറ്റ് മാറി മാറി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

“അവർ അഞ്ചു വയസുള്ള കുട്ടികളെ പോലെയാണ് പെരുമാറുന്നത്. സ്വാതന്ത്ര്യം എന്ന അവസ്ഥയിൽ ജീവിക്കാൻ അവർ പഠിക്കേണ്ടിയിരിക്കുന്നു,” എന്ന് യൂണിയൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഗബ്രിയേൽ മൽഗാരേജോ പറഞ്ഞു.

അവരുടെ വീട്ടിലേക്കുള്ള സന്ദര്‍ശനത്തിനു ശേഷം പ്രസിഡന്റ് മുജിചാ പറഞ്ഞ വാക്കുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി. യൂണിയൻ നൽകാമെന്നു പറഞ്ഞിരുന്ന ജോലികൾ ഇവർ നിരസിച്ചതോടെ അവർക്ക് തൊഴിൽ നൈതികത ഇല്ലെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്.

“ഇവർ മരുഭൂമിയിലെ പാവപ്പെട്ടവരും വിനീതരായവരുമായ ആളുകൾ ആണെങ്കിൽ കുറേക്കൂടി ശക്തരായേനെ. എന്നാൽ ഇവർ അങ്ങനെയല്ല. ഇവരുടെ ശാരീരിക ഘടനയും, കുടുംബ ചരിത്രവും കാണുമ്പോൾ ഇവർ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ആളുകൾ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ ഇവരിൽ പലരും ദീര്‍ഘകാലത്തെ ജയിൽ വാസത്തിന്റെ അനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ചിലര്‍ക്ക് ക്ഷയം, ചിലര്‍ക്ക് മഞ്ഞപ്പിത്തം. ശബാനാകട്ടെ തന്റെ കാഴ്ച ശക്തി ക്രമേണ ഇല്ലാതായി വരുന്നു. ഇതും ജയിലിന്റെ സമ്മാനം തന്നെ. 37 വയസുള്ള അഹമ്മദ്‌ അദ്നാൻ ആഹ്ജം കുടൽ സംബന്ധമായ പ്രശ്നങ്ങളും, തുള വീണ കര്‍ണപുടങ്ങളുമായി ജീവിക്കുന്നു. വൃക്കസംബന്ധമായ പ്രശങ്ങൾ മൂലം കാപ്പിയോ ചായയോ കുടിക്കാൻ ദിഹാബിനു സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ വലതു വശം ഇടയ്ക്കിടെ മരവിച്ചു പോകുന്നു. രാത്രി ഉണ്ടാകുന്ന കഠിന വേദന മൂലം അദ്ദേഹത്തിന് രണ്ടു മണിക്കൂറിൽ കൂടുതൽ തുടര്‍ച്ചയായി ഉറങ്ങാൻ സാധിക്കാറില്ല. അദ്ദേഹത്തിന് പലതരം അന്തസ്സംഘര്‍ഷങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ട് എന്നും അദ്ദേഹത്തിന്റെ വക്കീൽ പറഞ്ഞു.

അവർ അത്ര സുഖകരമായ ഒരു ആരോഗ്യസ്ഥിതിയിൽ അല്ല ഇവിടെ എത്തിയത്. അവര്‍ക്ക് അടുത്ത കാലത്തൊന്നും ജോലി ചെയ്തു ജീവിക്കാനുള്ള പ്രാപ്തി ഉണ്ടാവില്ല എന്നതാണ് യാഥാര്‍ഥ്യം എന്നും അവരെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്ന ഒരു ഉദ്യോഗസ്ഥനായ ലിയനാര്‍ഡോ ദുവാർട്ടെ പറഞ്ഞു.

ദിഹാബിന്റെ ലണ്ടനിലെ അഭിഭാഷകൻ കോറി ക്രൈഡർ, ഉറുഗ്വേയുടെ "സുമനസ്സിനെ" പ്രകീര്‍ത്തിച്ചു. "അനവധി വര്‍ഷങ്ങൾ ജയിലിലെ താമസവും, അതോടൊപ്പം ഏറ്റുവാങ്ങേണ്ടി വന്ന ക്രൂര പീഡനങ്ങളും മകന്റെ മരണവും അദ്ദേഹത്തിന്റെ മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം ഇല്ലതാക്കിയിട്ടുണ്ട്. അത് വേണ്ടെടുക്കാൻ ഒരു പാട് സമയം വേണ്ടി വരും,” അവർ പറഞ്ഞു.

ഇനി എന്താണ് ചെയ്യേണ്ടത് എന്നു ദിഹാബിനു വലിയ തിട്ടമില്ല. അദ്ദേഹത്തിന്റെ ഗ്രാമം യുദ്ധത്തിൽ നമാവശേഷമായതിനാൽ വീട്ടിലേക്കു ഒരു മടക്കം ഇനി സാധ്യമല്ല. അദ്ദേഹത്തിന്റെ കുടുംബം പല അഭയാര്‍ഥി ക്യാമ്പുകളിൽ ആയി ചിതറിക്കിടക്കുന്നു. അറബി സംസാരിക്കാൻ സാധിക്കുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ - ഖത്തർ,മലേഷ്യ, ബ്രുണേ എന്നിവിടങ്ങളിൽ എവിടെയെങ്കിലും പോകാനാണ് അദ്ദേഹത്തിനാഗ്രഹം.

“പതിമൂന്നു വര്‍ഷമായി ഞാൻ എന്റെ കുടുംബത്തെ കണ്ടിട്ട്. എനിക്കവരെ കാണാൻ ആഗ്രഹം ഉണ്ട്. എനിക്കവരെ വേണം, അവരെപ്പോലെ ആരും എന്നെ സഹായിക്കില്ല,” അദ്ദേഹം പറയുന്നു.

ഭാവിയിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടും എന്ന പ്രതീക്ഷയും കാത്തിരിപ്പുമാണ്‌ അദ്ദേഹത്തിന്റെ കൂട്ട്.

"ഞങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു. അത് ഉണങ്ങാൻ കാത്തിരിക്കുകയാണ്." അദ്ദേഹം പറഞ്ഞു.

അഴിമുഖം യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

https://www.youtube.com/c/AzhimukhamMalayalamNext Story

Related Stories