TopTop
Begin typing your search above and press return to search.

മാഞ്ഞുപോകുന്നത് ഒരു ചെറുപുഞ്ചിരി: ഇ ചന്ദ്രശേഖരന്‍ നായരെ ഓര്‍ക്കുമ്പോള്‍

മാഞ്ഞുപോകുന്നത് ഒരു ചെറുപുഞ്ചിരി: ഇ ചന്ദ്രശേഖരന്‍ നായരെ ഓര്‍ക്കുമ്പോള്‍

കേരള രാഷ്ട്രീയത്തിലെ അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും സൗമ്യതയുടെയും ദീപ്ത സാന്നിധ്യമായിരുന്നു ഇ ചന്ദ്രശേഖരന്‍ നായര്‍. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ നിയമസഭ സാമാജികന്‍. ഏവരുടെയും അംഗീകാരം പിടിച്ചുപറ്റിയ ഭരണകര്‍ത്താവ്. കൃത്യമായ രാഷ്ട്രീയ നിഷ്ഠയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുകയും എന്നാല്‍ അതോടൊപ്പം തന്നെ ആ രാഷ്ട്രീയ നിലപാടുകള്‍ പക്ഷപാതത്തിന്റെ തലത്തിലേക്ക് വീഴുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്ത മനുഷ്യത്വം. ഇ ചന്ദ്രശേഖരന്‍ നായര്‍ കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തനാകുന്നത് ഇത്തരം പല കാരണങ്ങളാലാണ്.

ഇ ചന്ദ്രശേഖരന്‍ നായര്‍ കേരള നിയമസഭയുടെ ആദ്യത്തെ സഭയിലെത്തിയ ആളുകളില്‍ ഒരാളാണ്. 1957ല്‍ തന്നെ ജയിച്ച് കേരള നിയമസഭയില്‍ എത്തി അന്ന് മുതല്‍ കേരളത്തിന്റെ രാഷ്ട്രീയത്തെയും സമൂഹത്തെയും പുതുക്കിപ്പണിത നിരവധി നിയമനിര്‍മ്മാണങ്ങളില്‍ ഇ ചന്ദ്രശേഖരന്‍ നായരുടെ കയ്യൊപ്പ് പതിഞ്ഞു കിടക്കുന്നത് നമുക്ക് കാണാന്‍ കഴിയും. അത് ഭൂപരിഷ്‌കരണമാണെങ്കിലും കൊള്ളാം വിദ്യാഭ്യാസ പരിഷ്‌കരണമാണെങ്കിലും കൊള്ളാം പില്‍ക്കാലത്ത് നടപ്പാക്കിയ അഴിമതി നിരോധന നിയമമാണെങ്കിലും കൊള്ളാം ഇത്തരം കാര്യങ്ങളിലെല്ലാം തന്നെ ഇ ചന്ദ്രശേഖരന്‍ നായര്‍ വഹിച്ച പങ്ക് വളരെ വളരെ വലുതാണ്. ഈ നിയമങ്ങളെല്ലാം സൃഷ്ടിക്കുന്നതില്‍ തന്റേതായ പങ്ക് വഹിക്കുമ്പോള്‍ തന്റേതായ വാദമുഖങ്ങള്‍ നിയമസഭയില്‍ മറുപക്ഷത്തിന് മുന്നിലേക്ക് എടുത്തിടുകയും ആ വാദമുഖങ്ങള്‍ അവരെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്ത അതിശയകരമായ ചാതുര്യം ചെറുതല്ല.

പിന്നീട് കേരളത്തിന്റെ ഭരണത്തിലേക്ക് ഒരു മന്ത്രിയെന്ന നിലയില്‍ കടന്നുവരുമ്പോള്‍ തന്റെ സൗമ്യ ഭാവത്തിനപ്പുറത്ത് ഉറച്ച മനസുള്ള ഒരു വ്യക്തി കൂടിയാണ് താനെന്നും ഒരു ഭരണാധികാരിയെന്ന നിലയില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങളായിരിക്കണം നടപ്പാക്കേണ്ടതെന്നും തീരുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. അതിന്റെ മുദ്ര ആയിരുന്നു മാവേലി സ്റ്റോര്‍ ശൃംഖല. ഈ മാവേലി സ്‌റ്റോര്‍ ശൃംഖലയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇ ചന്ദ്രശേഖരന്‍ നായരെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നത്. കേരളത്തിലെ ഭരണം എന്ന് പറയുന്നത് തന്നെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണനിര്‍വഹണ സംവിധാനത്തിന്റെ ഇടപെടലാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാവേലി സ്റ്റോര്‍ ശൃംഖല. പൊതുകമ്പോളത്തില്‍ എപ്പോഴെല്ലാം വില ഉയര്‍ന്നിട്ടുണ്ടോ അപ്പോഴെല്ലാം കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിച്ച് കൊടുക്കുന്നത് മാവേലി സ്‌റ്റോറുകളും അതോടൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള റേഷന്‍ പൊതുവിതരണ സംവിധാനവുമാണ്. ഈ ഒരു ഇടപെടലില്‍ സ്തുത്യര്‍ഹമായ പങ്കിന് ഒരാളുടെ പേര് പറയാമെങ്കില്‍ അത് ഇ ചന്ദ്രശേഖരന്‍ നായരുടെ പേരാണ്.

1957ലും 67ലും 77ലും 80ലും 87ലും 96ലും ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമസഭയില്‍ എത്തി. ഈ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ അദ്ദേഹം തന്റേതായ രീതിയില്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും സമീപിക്കുന്ന ആളാണെന്ന് തെളിയിക്കുകയും ചെയ്തു. വളരെ സങ്കീര്‍ണമായ രാഷ്ട്രീയകാലാവസ്ഥയായിരുന്നു 57 മുതല്‍ 97 വരെയുള്ള പതിറ്റാണ്ടുകളിലുണ്ടായിരുന്നു. ഈ സങ്കീര്‍ണമായ കാലാവസ്ഥയ്ക്ക് നടുവില്‍ നിന്നുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ രീതിയില്‍ ഭരണത്തെയും അതുപോലെ ഭരണപ്രതിപക്ഷ ബന്ധത്തെയും കൊണ്ടുപോകുന്നതില്‍ ചന്ദ്രശേഖരന്‍ നായരുടെ വിജയം വളരെ വളരെ സൂക്ഷ്മതയോടെ ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകനും നേതാവും പഠിക്കേണ്ടതാണ്.

ഇതിനുമപ്പുറത്ത് കേരളത്തിന്റെ ടൂറിസം വികസന മേഖലയില്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ നടത്തിയ ഇടപെടലുകളും വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സഹയാത്രികനും പാര്‍ട്ടി നേതാവുമായിരുന്ന പിഎസ് ശ്രീനിവാസനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരുപക്ഷെ കേരളത്തിലെ ടൂറിസത്തെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ചു. ഇതിനെല്ലാമപ്പുറത്താണ് ഒരു സഹകാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം. കേരളത്തിന്റെ സഹകരണ മേഖലയെ പ്രത്യേകിച്ച് വി കുര്യന്‍(നമ്മള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്) കൊണ്ടുവന്ന ആനന്ദ് മാതൃകയിലുള്ള സഹകരണസംഘ വ്യവസ്ഥയെ കേരളത്തില്‍ തന്റേതായ രീതിയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ കൊണ്ടുവരുന്നതിനും ഇ ചന്ദ്രശേഖരന്‍ നായര്‍ വലിയ പങ്കാണ് വഹിച്ചത്.

ഇങ്ങനെ നോക്കിക്കഴിഞ്ഞാല്‍ ഭരണരംഗത്താണെങ്കിലും നിയമനിര്‍മ്മാണ രംഗത്താണെങ്കിലും രാഷ്ട്രീയ രംഗത്താണെങ്കിലും അവിടെയെല്ലാം തന്റേതായിട്ടുള്ള മുദ്ര പതിപ്പിച്ചിട്ടാണ് ഇ ചന്ദ്രശേഖരന്‍ നായര്‍ പോകുന്നത്. ഇതിനെല്ലാം അപ്പുറത്ത് വളരെ ആഴത്തിലുള്ള, പ്രത്യേകിച്ച് ക്ലാസിക്കല്‍ സാഹിത്യത്തിലും വൈജ്ഞാനിക സാഹിത്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ അറിവ് നിയമസഭയിലെ നിരവധി പ്രസംഗങ്ങളിലും അതുപോലെ തന്നെ അദ്ദേഹത്തിന്റെ എഴുത്തുകളിലും പൊതുപ്രഭാഷണങ്ങളിലുമെല്ലാം മിന്നിമറയുന്നത് നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. അതെല്ലാം അദ്ദേഹം നിര്‍വഹിച്ചത് ഒരു ചെറുപുഞ്ചിരിയോടെയായിരുന്നു. ഒരുപക്ഷെ, ഇ ചന്ദ്രശേഖരന്‍ നായരെ കേരളം ഓര്‍ക്കുക ആ ചെറുപുഞ്ചിരി എപ്പോഴും തെളിഞ്ഞുകാണുന്ന ഒരു മുഖത്തിന്റെ ഉടമയായ് ആയിരിക്കും. സത്യത്തില്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ മരിക്കുമ്പോള്‍ കേരളത്തില്‍ അത്തരമൊരു ചെറിയ പുഞ്ചിരിയാണ് മാഞ്ഞുപോകുന്നത്.


Next Story

Related Stories