TopTop
Begin typing your search above and press return to search.

വിശുദ്ധമുറിയിലെ മനുഷ്യാവകാശലംഘനങ്ങള്‍; ഡോക്ടര്‍മാരും മാറാതെ പ്രസവമുറികള്‍ സ്ത്രീ സൗഹൃദപരമാകില്ല-ഡോ: ഖദീജ മുംതാസ് എഴുതുന്നു

വിശുദ്ധമുറിയിലെ മനുഷ്യാവകാശലംഘനങ്ങള്‍; ഡോക്ടര്‍മാരും മാറാതെ പ്രസവമുറികള്‍ സ്ത്രീ സൗഹൃദപരമാകില്ല-ഡോ: ഖദീജ മുംതാസ് എഴുതുന്നു

ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവ മുറിയില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് 'പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസഹായരായ സ്ത്രീകള്‍' എന്ന റിപ്പോര്‍ട്ട് അഴിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ഒപ്പം ഇത്തരത്തില്‍ ആരോപിക്കപ്പെടുന്നത് പോലെ പ്രസവമുറികളില്‍ മാനസിക പീഡനങ്ങള്‍ നടക്കുന്നുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ തന്നെ അതെന്തുകൊണ്ട് എന്നു ചോദിച്ചവരും ഉണ്ട്. അതുകൊണ്ട് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ്‌സ്, സ്വീപ്പേഴ്‌സ്, റിട്ട. നഴ്‌സസ് എന്നിവരുടെ പ്രതികരണങ്ങളും അഴിമുഖം തേടിയിരുന്നു. അവരില്‍ ചിലര്‍( സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നതിനാല്‍ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്തതിനാല്‍ അത് ഒഴിവാക്കി) തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അഴിമുഖത്തോട് പങ്കുവയ്ക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ തുടര്‍ന്നും അനുഭവങ്ങളും പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുമ്പോള്‍ ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാണ് അഴിമുഖവും ശ്രമിക്കുന്നത്.

നിലവിലെ വിഷയവുമായി ബന്ധപ്പെട്ട് തന്നെ ഡോ. ഖദീജ മുംതാസ് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ മാര്‍ച്ച് 2017 ലക്കത്തില്‍ എഴുതിയ ലേഖനം അവരുടെ സമ്മതപ്രകാരം പുനഃപ്രസിദ്ധീകരിക്കുന്നു...

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചിലപ്പോഴൊക്കെ മുതിര്‍ന്ന ഡോക്ടര്‍മാരും ചെറിയ ആഘോഷവേളകളില്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന 'സ്‌കിറ്റു'കളെന്ന ചെറു ആക്ഷേപഹാസ്യ പരിപാടികളുണ്ട്. പഠനത്തിനും ചികിത്സയ്ക്കുമിടയില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ ഹാസ്യരൂപേണ, അതിഭാവുകത്വത്തോടെ അവതരിപ്പിക്കപ്പെടുകയാണ്. തങ്ങളുടെ സീനിയേഴ്‌സിനെ, അധ്യാപകരെ അവരുടെ മാനറിസങ്ങളോടെ അവതരിപ്പിച്ച് കൈയടി നേടാമെന്ന സൗകര്യവുമുണ്ട് ഇതില്‍. ചെറിയ ഒരു ഓട്ടന്‍തുള്ളല്‍ തന്നെ! ഇവയില്‍ സദസ്യരില്‍ നിന്ന് ഏറ്റവും ഉച്ചത്തിലുള്ള ആസ്വാദനച്ചിരികളുയര്‍ത്തുന്ന രംഗങ്ങള്‍ പ്രസവമുറിയുമായി ബന്ധപ്പെട്ടവയായിരിക്കും. അത്യന്തം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളാല്‍ സമൃദ്ധമായ രംഗങ്ങള്‍. സ്ത്രീയുടെ വേദനയോടെയുള്ള കരച്ചിലിന്റെയും അവളുടെ 'പതം പറച്ചിലി'ന്റെയും ഹാസ്യാനുകരണങ്ങള്‍, പ്രസവശുശ്രൂഷയ്ക്ക് നില്‍ക്കുന്നവരുടെ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, ശരീരചലനങ്ങളുടെ ഹാസ്യാനുകരണങ്ങള്‍... അങ്ങനെ പോകും അവ. മനുഷ്യായുസ്സിന്റെ ഏറ്റവും സാര്‍ത്ഥകവും സായൂജ്യകരവുമായ അനുഭവത്തെ ഇമ്മട്ടില്‍ വികലമായി അവതരിപ്പിക്കുമ്പോള്‍ യാതൊരലോസരവും കൂടാതെ അതുകണ്ടാസ്വദിച്ചിരിക്കുന്ന സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ട 'അഭിജ്ഞ സദസ്സ്' വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്. വിയോജിപ്പുകള്‍ അറിയിക്കേണ്ടിവന്നിട്ടുമുണ്ട്.

ലേബര്‍ റൂം എന്ന 'റിയാലിറ്റി'യും അത്യന്തം സ്ത്രീവിരുദ്ധമാകാറുണ്ട്, ചിലപ്പോഴൊക്കെ. സ്‌കിറ്റുകളിലെ അപഹാസ്യതയേക്കാള്‍ ദയനീയതയ്ക്കാണ് അവിടങ്ങളില്‍ മുന്‍തൂക്കം എന്നു മാത്രം. സര്‍ക്കാര്‍ ആശുപത്രികളുടെ കഥയാണ് പറഞ്ഞത്. മനുഷ്യാവകാശ ലംഘനങ്ങളുടെ എത്രയോ ഉദാഹരണങ്ങള്‍ ആ വിശുദ്ധ മുറിയിലെ അനുഭവങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തു കാണിക്കാനാവും. അവയില്‍ പലതും ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ പരിഹരിക്കാനാവാത്തവിധം, സര്‍ക്കാര്‍ സംവിധാനങ്ങളിലെ അപര്യാപ്തതകള്‍ മൂലമാണെന്നു പറയാമെങ്കിലും അനുഭാവപൂര്‍ണമായ പെരുമാറ്റത്തിന് അവയൊന്നും തടസ്സമാകേണ്ടതില്ലല്ലോ. ഒരേ കട്ടിലില്‍ ശരീരസ്രവങ്ങള്‍ പരസ്പരം കലര്‍ന്ന് പ്രസവവേദനയില്‍ പുളഞ്ഞ് മണിക്കൂറുകള്‍ കഴിയേണ്ടി വരുന്ന ഗര്‍ഭിണികള്‍, നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികള്‍, ചെറിയ സാന്ത്വനവാക്കുകളാലും ചുരുങ്ങിയ സമയമെടുത്തു തന്നെ നല്‍കാന്‍ കഴിയുന്ന വിശദീകരണങ്ങളാലും അയവുണ്ടാക്കാമായിരുന്ന ഉത്കണ്ഠകള്‍, മാനസിക പിരിമുറുക്കങ്ങള്‍, തന്റെ ശരീരത്തില്‍ 'കത്തി'വെക്കാന്‍ പോകുകയാണെന്ന് അറിയുക പോലും ചെയ്യാതെ ട്രോളിയില്‍ ഓപ്പറേഷന്‍ തിയേറ്ററുകളിലേക്ക് ഉന്തിക്കയറ്റപ്പെടുന്ന ഗര്‍ഭിണികള്‍.... അങ്ങനെയങ്ങനെ ഏറെ ഓര്‍മച്ചിത്രങ്ങള്‍. രോഗം മനുഷ്യനെ ഏറ്റവും ദുര്‍ബലനും വിധേയനുമാക്കുന്നുവെങ്കിലും പുരുഷവാര്‍ഡുകളിലെ അനുഭവങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടവ തന്നെയാണെന്നുറപ്പ്.

മാനുഷികമായ പരിഗണനകള്‍ അനാവശ്യമോ അധികപ്പറ്റോ ആണെന്നു കരുതുന്ന ഒരു ഡോക്ടര്‍ തലമുറ വളര്‍ന്നുവരുന്നു എന്നത് ഗൗരവത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ചെറുക്ലാസുകളില്‍ തുടങ്ങി മെഡിക്കല്‍ വിദ്യാഭ്യാസത്തിലും തുടരുന്ന അറിവുണ്ടാക്കുന്നതിലെ യാന്ത്രികതയും ഹൃദയമില്ലായ്മയും തന്നെയാണ് ഇതിനു കാരണം. രോഗിയുടെ അവകാശങ്ങളെപ്പറ്റി, രോഗ വിവരങ്ങള്‍ വിശദീകരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തത്തെപ്പറ്റി സ്വയം മാതൃകകളാവാന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപകരും വിരളം. റെഫറല്‍ സിസ്റ്റം കര്‍ശനമാക്കി തിരക്കു കുറയ്ക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷേ ഡോക്ടര്‍മാരുടെ മനോഭാവങ്ങളില്‍ കൂടി മാറ്റം വരാതെ പ്രസവമുറികളും വാര്‍ഡുകളും സ്ത്രീ സൗഹൃദപരമാകില്ല തന്നെ.

http://www.azhimukham.com/offbeat-harassment-in-labour-room-more-responses-report-by-kr-dhanya/

ആണധികാരവ്യവസ്ഥയുടെ പ്രതിഫലനങ്ങള്‍ സ്ത്രീരോഗചികിത്സാമുറികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയുമല്ല. പ്രൈവറ്റ് സ്വാശ്രയകോളജുകളിലെ വിദ്യാര്‍ത്ഥീപീഡനപരമ്പരകള്‍ ഇന്ന് നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കയാണല്ലോ. ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവും ലോ അക്കാദമിയിലെ സംഭവവവികാസങ്ങളും ടോംസ് കോളേജ് ചെയര്‍മാന്റെ സ്ത്രീപീഡനോത്സുകതകളും ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. വീട്ടകങ്ങളില്‍ തുടങ്ങുന്ന ആണധികാരവ്യവസ്ഥയുടെ സ്വാധീനം ജീവിതത്തിന്റെ സര്‍വമേഖലകളെയും ആസുരമായി ഗ്രസിച്ചു കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സമ്പത്തും സ്ഥാനമാനങ്ങളും ജാതിശ്രേഷ്ഠതയും ലിംഗപരമായ മേലാളത്തവും ഉള്ളവര്‍ക്ക് അതില്ലാത്തവരുടെ മേല്‍ പീഡനസ്വാതന്ത്ര്യമുണ്ട് എന്നൊരു വിശ്വാസം അബോധത്തിലെങ്കിലും പേറിക്കൊണ്ടാണ് ഇന്ന് ഓരോരുത്തരും ജീവിതക്കളരിയിലേക്കിറങ്ങുന്നത്. സ്ത്രീയെയും ഈ സംസ്‌കാരം, അവസരം കിട്ടുമ്പോള്‍ മികച്ച പീഡകരാക്കി മാറ്റുന്നുമുണ്ട്.

സര്‍ഗപരമായും രാഷ്ട്രീയപരമായും ഏറെ കലാപങ്ങളുയര്‍ത്തിയ കോഴിക്കോട് മെഡിക്കല്‍ ക്യാമ്പസും സാവകാശത്തില്‍ ഇന്നൊരു ഷണ്ഡീകരണത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്നു കാണാം. ഇക്കാര്യത്തില്‍ ചെറുതല്ലാത്ത സംഭാവന ഈ നവഫ്യൂഡല്‍ അധികാരവ്യവസ്ഥയ്ക്കുണ്ട്. നാലു ദശകങ്ങളോളം മുമ്പ് വളരെ സര്‍ഗാത്മകവും സ്വതന്ത്രവുമായ ക്യാമ്പസ് അനുഭവങ്ങളുടെ പാരമ്പര്യമുള്ളവരില്‍ പലരും അധ്യാപകരായി എത്തിയപ്പോള്‍ ഈ അധികാര വ്യവസ്ഥയുടെ ഭാഗമാകുന്നതും കാണാനായി. രാത്രി കറുത്താലും രോഗപഠനങ്ങളും രോഗചികിത്സയുടെ ഭാഗമാകലും ഒക്കെക്കഴിഞ്ഞ് എം.ബി.ബി.എസ്-പി.ജി വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ്‌സര്‍ജന്മാര്‍ക്കും സുരക്ഷിതമായി ക്യാമ്പസിനുള്ളില്‍ സഞ്ചരിക്കാനും ലിംഗഭേദത്തിന്റെ വേവലാതിയില്ലാതെ ഒന്നിച്ചൊരു കാപ്പി കുടിച്ച് ക്ഷീണമകറ്റാനും പിന്നെ അവനവന്റെ ഹോസ്റ്റലിലേക്കോ പ്രവൃത്തിസ്ഥലങ്ങളിലേക്കോ തിരിച്ചു പോകാനും സാധിച്ചിരുന്ന കാലമായിരുന്നു അന്ന്. അസമയങ്ങളില്‍ വാര്‍ഡില്‍ നിന്ന് 'കോള്‍' ഉണ്ടായാല്‍ എമര്‍ജന്‍സി രോഗീപരിചരണത്തിനെത്താന്‍ ലേഡീ ഹൗസ് സര്‍ജന്‍മാര്‍ക്കും അങ്കലാപ്പുണ്ടായിരുന്നില്ല. ഇന്ന് ചെറുപ്പക്കാര്‍ ഏറെ ഭയപ്പെടുന്നു. ക്യാമ്പസില്‍ നിറയെ സാമൂഹിക വിരുദ്ധര്‍! അതുകൊണ്ടു തന്നെ മതിലുകള്‍, ഏഴു മണിയ്ക്കടക്കുന്ന കോമ്പൗണ്ട് ഗേറ്റുകള്‍, പെണ്‍ ഹോസ്റ്റലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍... ഒക്കെ പുതിയ സ്ത്രീപീഡന കാലത്തെ ആവശ്യങ്ങള്‍. ഇതിനിടയില്‍ പെണ്‍പഠിതാക്കള്‍ക്ക് നഷ്ടപ്പെടുന്ന അവസരങ്ങളെപ്പറ്റി ആര്‍ വേവലാതിപ്പെടുന്നു! കാഷ്വാലിറ്റിയില്‍ പഠന പ്രാധാന്യമുള്ളതും തങ്ങളുടെകൂടി സേവനമാവശ്യമുള്ളവരുമായ രോഗികളെപ്പറ്റി ചിന്തിക്കാതെ, ക്യാമ്പസിന്റെ അങ്ങേത്തലയ്ക്കലുള്ള ഹോസ്റ്റലിന്റെ അടയുന്ന ഗേറ്റിനെപ്പറ്റി വേവലാതിപ്പെടേണ്ടിവരുന്നവര്‍, അവര്‍ക്കു നഷ്ടപ്പെടുന്ന പഠനാനുഭവങ്ങള്‍, മെഡിക്കല്‍ എത്തിക്‌സിനു വിരുദ്ധമായും തങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി തീരുമാനമെടുക്കേണ്ടി വരുന്നതിന്റെ സംഘര്‍ഷങ്ങള്‍ ഇവയൊക്കെ പരിഗണനയര്‍ഹിക്കുന്നില്ലേ? ഡ്യൂട്ടിയിലുള്ള പിജി വിദ്യാര്‍ത്ഥിനികള്‍ക്കെങ്കിലും കാഷ്വാലിറ്റിയില്‍ ടോയ്‌ലറ്റ്-വിശ്രമ സൗകര്യങ്ങളൊരുക്കേണ്ട കടമ അധികാരികള്‍ക്കില്ലേ?

http://www.azhimukham.com/offbeat-harrasment-in-labour-room-responses-report-by-kr-dhanya/

നടന്ന സംഭവമാണ്. സര്‍ജിക്കല്‍ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മിടുക്കിയായ പി.ജി. വിദ്യാര്‍ത്ഥിനി ആര്‍ത്തവകാലത്തെ പ്രത്യേക ശാരീരികാവശ്യങ്ങളുമായി ഒരിത്തിരി വൈകി ഹോസ്റ്റല്‍ വാതില്‍ക്കലെത്തുന്നു. മുപ്പതു വയസ്സുകഴിഞ്ഞ, രണ്ടു കുട്ടികളുടെ അമ്മയായ അവളെ ഗേറ്റു കാവല്‍ക്കാരന്‍ തടയുന്നു. തന്റെ അവകാശങ്ങളെപ്പറ്റി തികഞ്ഞ ബോധ്യമുള്ള അവള്‍ ശബ്ദമുയര്‍ത്തുന്നു. വാര്‍ഡന്‍ കൂടിയായ അധ്യാപിക അരങ്ങിലെത്തുന്നു. ഹോസ്റ്റലില്‍ കയറാനാകില്ലെന്ന അധികാരികളുടെ കുരുടന്‍തിട്ടൂരം അറിയിക്കുന്നു. ആര്‍ത്തവത്തുണിയില്‍ കുതിരുന്ന തന്റെ ശരീരത്തിന്റെ അസ്വസ്ഥതയുമായി തന്നെക്കാള്‍ ഏറെ പ്രായക്കൂടുതലില്ലാത്ത അധ്യാപികയുടെ കൈ തട്ടി മാറ്റിത്തന്നെ അവള്‍ക്ക് അകത്തു കടക്കേണ്ടിവരുന്നു. പിന്നീടു വന്ന ദിവസങ്ങളില്‍ അവളുടെ പീഡന പര്‍വം ആരംഭിക്കുകയായി. പരാതിയുമായെത്തിയ അവള്‍ കോളജധികാരിയുടെ മുറിയില്‍ കുറ്റവാളിയായി മുദ്ര കുത്തപ്പെടുന്നു. അസമയങ്ങളില്‍ ക്യാമ്പസില്‍ കറങ്ങിനടന്ന അപഥസഞ്ചാരിണിയായി മാറുന്നു. പ്രധാനാധ്യാപകനോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിനിയാവുന്നു. ഡോക്ടര്‍ അധ്യാപകരുടെ എന്‍ക്വയറി കമ്മീഷന്‍ വരുന്നു. എന്തിനേറെപ്പറയുന്നു, കുറെ അധ്യാപകര്‍ ഒന്നിച്ചു നിന്നപ്പോള്‍ പി.ജി. വിദ്യാര്‍ത്ഥിനി നന്നായി പഠിച്ചിട്ടും പരീക്ഷയില്‍ അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്നു. അത്രയ്ക്കായോ ഇവളുടെ അഹങ്കാരം!

പ്രതികാര നടപടികള്‍ ആ പെണ്‍കുട്ടിയില്‍ മാത്രം ഒതുങ്ങി നിന്നതുമില്ല. അവളെ അനുകൂലിച്ച ജൂനിയര്‍ അധ്യാപകന്‍ അപമാനിതനായി സ്ഥലം മാറ്റപ്പെട്ടു. പെണ്‍സൗകര്യങ്ങള്‍ക്കു വേണ്ടി വാദിച്ച സീനിയര്‍ അധ്യാപികയ്ക്ക് സ്വയം പിരിയലിനു ശേഷവും വ്യാജാരോപണങ്ങളിലും അന്വേഷണത്തിലും കുടുങ്ങി ചുവപ്പുനാടക്കുരുക്കുകള്‍... ഒരു സര്‍ക്കാര്‍ വൈദ്യവിദ്യാഭ്യാസ സ്ഥാപനത്തിലെ അധികം അറിയപ്പെടാത്ത യാഥാര്‍ത്ഥ്യങ്ങള്‍ ആണിവ. ഓര്‍മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നവയേ കുറിച്ചിട്ടുള്ളൂ. ചില ടോര്‍ച്ചുമിന്നിക്കലുകള്‍ മാത്രം...

http://www.azhimukham.com/kerala-what-is-happening-in-our-labour-rooms-by-kr-dhanya/


Next Story

Related Stories