TopTop
Begin typing your search above and press return to search.

വിദേശഫണ്ടിന് അനുമതിയില്ല: ഗുജറാത്തിലെ ഏറ്റവും പഴയ ദളിത് എന്‍ജിഒയ്ക്ക് എന്ത് സംഭവിക്കും?

വിദേശഫണ്ടിന് അനുമതിയില്ല: ഗുജറാത്തിലെ ഏറ്റവും പഴയ ദളിത് എന്‍ജിഒയ്ക്ക് എന്ത് സംഭവിക്കും?

അഹമ്മദാബാദ് ജില്ലയിലെ റായ്ക ഗ്രാമത്തിലാണ് നവസര്‍ജന്‍ വിദ്യാലയ. 2005ലാണ് ദളിത്, ആദിവാസി വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്കായി നാല് ഏക്കര്‍ ക്യാമ്പസില്‍ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയത്. അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. ഇത് കൂടാതെ സുരേന്ദ്ര നഗര്‍, പത്താന്‍ ജില്ലകളിലും നവസര്‍ജന്‍ ട്രസ്റ്റിന് ഓരോ സ്‌കൂളുകളുണ്ട്. രാജ്യത്തെ ഏറ്റവും വലുതും ഗുജറാത്തിലെ ഏറ്റവും ആദ്യത്തേതുമായ ദളിത് സന്നദ്ധ സംഘടനയാണ് 1989ല്‍ സ്ഥാപിതമായ നവസര്‍ജന്‍. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജാതികളില്‍ നിന്നുള്ള 102 കുട്ടികള്‍ മൂന്ന് സ്‌കൂളിലുമായി പഠിക്കുന്നുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം മുന്‍ സ്‌കൂളുകളില്‍ തങ്ങള്‍ നേരിട്ട കടുത്ത ജാതി വിവേചനത്തെക്കുറിച്ച് പറയാനുണ്ട്. സാധാരണ പാഠങ്ങള്‍ക്കൊപ്പം അംബേദ്കറുടേയും ജ്യോതിറാവു ഫൂലേയുടേയും ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രത്യേകം പഠിപ്പിക്കുന്നു.

എന്നാല്‍ അടുത്ത അക്കാദമിക വര്‍ഷത്തില്‍ ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കാരണം വ്യക്തമാക്കാതെ വിദേശഫണ്ട് സ്വീകരിക്കാന്‍ നവസര്‍ജന്‍വ ട്രസ്റ്റിന് അനുമതി നിഷേധിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നവസര്‍ജന്‍ സ്‌കൂളുകളിലെ 92 ജീവനക്കാരും 3000ത്തോളം ഗ്രാമങ്ങളിലെ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) അഥവാ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം ലൈസന്‍സ് ലഭിച്ചാലേ വിദേശഫണ്ട് സ്വീകരിക്കാനാവൂ. 2016 ഓഗസ്റ്റ് മൂന്നിന് നവസര്‍ജന്‌റെ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കിയെങ്കിലും ഡിസംബര്‍ 15ന് ഇത് റദ്ദാക്കി. മത, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്‌റെ നടപടി. എന്നാല്‍ പ്രധാനമായും വിദേശ ഫണ്ടിനെ ആശ്രയിച്ചാണ് നവസര്‍ജന്‍ നിലനില്‍ക്കുന്നത്.

ഉനയില്‍ ദളിത് യുവാക്കള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം 2016 ജൂലായ് 11 മുതല്‍ ആരംഭിച്ച ശക്തമായ ജനകീയ പ്രതിഷേധവുമായി നവസര്‍ജന് എതിരായ നീക്കത്തിന് ബന്ധമുണ്ടെന്നാണ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ മാര്‍ട്ടിന്‍ മക്വാന്‍ പറയുന്നത്. ഉന ദളിത് പീഡനത്തില്‍ പ്രതിഷേധിച്ചുണ്ടായ മുന്നേറ്റത്തില്‍ നവസര്‍ജന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും എതിരെ നിയമ പോരാട്ടം നടത്തുന്ന ടീസ്റ്റ സെതല്‍വാദിന്‌റെ സബ് രംഗ് ട്രസ്റ്റ്, സബ് രംഗ് ട്രസ്റ്റിന്‌റെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ അവര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്‌റെ ലോയേഴ്‌സ് കളക്ടീവ് എന്നീ എന്‍ജിഒകളുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ അന്‍ഹദ്, മര്‍വാര്‍ മുസ്ലീം എജുകേഷന്‍ ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി, റൂറല്‍ ഡെവലപ്‌മെന്‌റ് റിസര്‍ച്ച് സെന്‌റര്‍ ആന്‍ഡ് ദ ഇസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നീ സ്ഥാപനങ്ങളുടേയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നടപടിയോടെ ജീവനക്കാരെ പിരിച്ചുവിടേണ്ട അവസ്ഥയിലാണ് നവസര്‍ജന്‍. 80 പേരെ മാര്‍ച്ച് 31 വരെയുള്ള ശമ്പളം കൊടുത്ത് പിരിച്ച് വിട്ടു കഴിഞ്ഞു. ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നവസര്‍ജന്‍ ട്രസ്റ്റ്. നവസര്‍ജന്‌റെ വാര്‍ഷിക ചിലവ് 2.75 കോടി രൂപയാണ്. ഇതില്‍ 1.8 കോടി രൂപയും ശമ്പളയിനത്തില്‍ പോകും. മൂന്ന് സൂകൂളുകളിലെ ജീവനക്കാരെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെ പിരിച്ചുവിടാനാണ് തീരുമാനം. പെട്ടെന്ന് ജോലി നഷ്ടമായത് ജീവനക്കാരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.

1995 മുതല്‍ തോട്ടിപ്പണിക്കെതിരായ ശ്രമങ്ങളില്‍ നവസര്‍ജ്ജന്‍ സജീവമാണ്. ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുടെ പ്രവര്‍ത്തനങ്ങളും നടത്തുന്നു. വാല്‍മീകി സമുദായത്തില്‍ പെട്ടവരാണ് ഗുജറാത്തില്‍ ശുചീകരണ തൊഴില്‍ ചെയ്യുന്നതും തോട്ടിപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നതും. ഇവര്‍ മലം കോരുന്നതും നീക്കം ചെയ്യുന്നതും വെറും കൈ കൊണ്ടാണ്. ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനവും ഗ്ലൗസുകളും മാസ്‌കുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നവസര്‍ജന്‍ രംഗത്തുണ്ട്. ഗുജറാത്തില്‍ അതിശക്തമായി തുടരുന്ന തൊട്ടുകൂടായ്മയെ പറ്റി നവസര്‍ജന്‍ നടത്തിയ പഠനത്തിന്‌റെ റിപ്പോട്ട് വ്യക്തമാക്കുന്നു.

ഉന സംഭവത്തിന് പിന്നാലെയുള്ള ദളിത് പ്രക്ഷോഭത്തിന്‌റെ ഭാഗമായി കന്നുകാലികളുടെ ജഡം നീക്കം ചെയ്യുന്ന പണി നിരവധി ദളിതര്‍ ഉപേക്ഷിച്ചതിന് പിന്നില്‍ നവസര്‍ജന്‍ ഉണ്ടായിരുന്നു. നൂറ് കണക്കിന് കേസുകളാണ് ജാതീയമായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മുന്നില്‍ വരുന്നതെന്ന് മാര്‍ട്ടിന്‍ മക്വാന്‍ പറയുന്നു. ഇതില്‍ 30 ശതമാനം ദളിത് ഇതര സമുദായങ്ങളില്‍ നിന്നുള്ളവരാണ്. പരാതികളില്‍ കാര്യമുണ്ടെങ്കില്‍ അത് ആരുടേതാണെങ്കിലും പരിഗണിക്കാറുണ്ട്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം വെറും പൊള്ളയാണെന്നും മക്വാന്‍ ചൂണ്ടിക്കാട്ടുന്നു.

വായനയ്ക്ക്: https://goo.gl/Xai9be


Next Story

Related Stories