Top

ഗള്‍ഫ് പ്രതിസന്ധി; പോകേണ്ടത് മന്ത്രിയല്ല, വിദഗ്ദ സംഘം

ഗള്‍ഫ് പ്രതിസന്ധി; പോകേണ്ടത് മന്ത്രിയല്ല, വിദഗ്ദ സംഘം

ഡോ. എസ്. ഇരുദയ രാജന്‍

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇതിനു മുമ്പ് ഉണ്ടായ രണ്ട് പ്രതിസന്ധികളാണ്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യവും 2014 നിതാഖത്തും. ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പരിക്കേറ്റത് ദുബായിക്ക് മാത്രമായിരുന്നു, നിതാഖത്ത് വേദനിപ്പിച്ചത് സൗദി അറേബ്യയേയും. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഗള്‍ഫ് മേഖലയെ ആകെ പിടികൂടിയിരിക്കുകയാണ്. എണ്ണയുടെ രാഷ്ട്രീയം ഗള്‍ഫിനെ ആകെ പൊതിഞ്ഞിരിക്കുന്നു. എണ്ണയുടെ വിലയിടിവ് തന്നെയാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രൗഢിക്കുമേല്‍ പുകച്ചുരുളുകളായി ഉയര്‍ന്നിരിക്കുന്നത്. അതത്ര നിസ്സാരമല്ല, വിനാശകരമാണ്. ഇതൊരു താത്കാലിക പ്രതിസന്ധിയല്ല, വരാനിരിക്കുന്ന ദുര്‍ദിനങ്ങളുടെ ആരംഭമാണ്. പേടിക്കാന്‍ ഏറെയുണ്ട്.

നിങ്ങളുടെ കൈയ്ക്ക് പരിക്ക് പറ്റിയെന്നു കരുതുക. വിദഗ്ദനായ ഒരു ഡോക്ടര്‍ പരിക്കേറ്റ ഭാഗത്ത് മരുന്ന് കെട്ടിവച്ച് വിടുകയല്ല ചെയ്യുക. ആ പരിക്കിന്റെ ആഴവും കാരണവും മനസിലാക്കും, മുമ്പ് അതേ കൈയ്ക്ക് ഏതെങ്കിലും തരത്തില്‍ പരിക്കേറ്റിട്ടുണ്ടോയെന്ന് കണ്ടെത്തും. ഇതെല്ലാം മനസിലാക്കിയശേഷമായിരിക്കും അദ്ദേഹം ചികിത്സ നടത്തുക. ഇവിടെയും വേണ്ടത് ആ ഡോക്ടറുടെ മനോഭാവമാണ്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല നടക്കുന്നത്.

നമുക്ക് ഇപ്പോഴും അറിയില്ല എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന്. നമ്മുടെ ഭരണാധികാരികള്‍ നടത്തുന്നത് വിദഗ്ദ ചികിത്സയല്ല. പ്രാഥമിക ചികിത്സ നല്‍കി അസുഖം ഭേദപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ പ്രതിസന്ധി താത്കാലികമെന്ന് കരുതരുത്. അതു വലുതായി വരും. അത്തരമൊരു സാഹചര്യം വന്നാല്‍ ഇപ്പോഴത്തെ ഇടപെടലുകള്‍ കൊണ്ട് കാര്യമൊന്നുമില്ല. വലിയ അപകടത്തിലേക്ക് രാജ്യത്തെ (മലയാളിയെന്നോ തമിഴനെന്നോ മാത്രം പരിഗണിക്കാതെ നോക്കുമ്പോള്‍) തള്ളിയിടും.

എണ്ണയുടെ വിലയിടിവ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കടുത്ത ക്ഷീണം ഏല്‍പ്പിക്കുമ്പോള്‍ അവര്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കും. സ്വന്തം പൗരന്മാരുടെ കാര്യത്തിലായിരിക്കും സ്വാഭാവികമായും അവര്‍ ഉത്കണ്ഠപ്പെടുന്നത്. വിദേശികളായവരെ പുറന്തള്ളാനും നിര്‍ബന്ധിതരാകും. നിതാഖത്ത് പോലുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. കാരണം അവരെ കാത്തിരിക്കുന്നതു വലിയ പ്രശ്‌നങ്ങളാണ്.

സ്വദേശിവത്കരണത്തിലേക്ക് അറബ്യേന്‍ രാജ്യങ്ങള്‍ കൂടുതലായി തിരിയുന്നതോടെ വിദേശതൊഴിലാളികള്‍ക്ക് രാജ്യം വിടേണ്ടി വരും. അവര്‍ തിരിച്ചെത്തുന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴയുന്നത് അവരുടെ മാതൃരാജ്യങ്ങളാണ്.

ഇന്ത്യയുടെ മേലും ഇതേ അപ്തശങ്കയുണ്ട്. പക്ഷേ ഇപ്പോഴും അതെങ്ങനെ നേരിടാമെന്ന് നാം പഠിക്കാന്‍ ശ്രമിക്കുന്നില്ല. അവിടെയാണ് നമ്മുടെ പരാജയം.സാധാരണപോലെ ഇത്തവണയും ഗള്‍ഫില്‍ പ്രതിസന്ധിയുണ്ടാവുകയും ഇന്ത്യക്കാര്‍ അതില്‍ അകപ്പെടുകയും ചെയ്തപ്പോള്‍ രാജ്യം വളരെ പെട്ടെന്നു തന്നെ ഇടപെടലുകള്‍ നടത്തി. പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു, തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ചു. വിദേശകാര്യ മന്ത്രാലയം അതിന്റെയൊരു മന്ത്രിയെ അങ്ങോട്ട് അയക്കുകയും ചെയ്തു. ചെയ്‌തെന്നു പറയാന്‍ ഇതൊക്കെ കാണിച്ചാല്‍ മതി. പക്ഷേ, ഇതു മതിയോ? രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാന്‍ മതിയാകുമായിരിക്കും. എന്നാല്‍ അത് യഥാര്‍ത്ഥ ചികിത്സയല്ല.

കേന്ദ്രമന്ത്രിയോ സംസ്ഥാന മന്ത്രിയോ ചെന്നാല്‍ ചെയ്യുന്നതെന്താണ്? ജോലി നഷ്ടപ്പെട്ട, പട്ടിണികിടക്കുന്ന തൊഴിലാളികളെ കാണും, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും, മടങ്ങിപ്പോരാന്‍ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും, അധികൃതരുമായി പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കും. അതിന്റെ ഫലമായി നാട്ടിലേക്ക് പോരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കാന്‍ അതാതു രാജ്യങ്ങള്‍ തയ്യാറായേക്കും. പക്ഷേ എത്രപേര്‍ തിരികെ പോരാന്‍ ആഗ്രഹിക്കുന്നുണ്ട്? പോന്നാല്‍ അവര്‍ നാട്ടില്‍ വന്ന് എന്തു ചെയ്യും? മാസങ്ങളോളം കിട്ടാതിരിക്കുന്ന അവരുടെ ശമ്പളം എങ്ങനെ കിട്ടും? മറ്റു കമ്പനികളില്‍ ജോലി കിട്ടാന്‍ എന്തു ചെയ്യണം. നിലവിലെ അവസ്ഥയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊന്നു കിട്ടാന്‍ എളുപ്പമല്ല. തൊഴില്‍ ഇല്ലാത്തവരെ എത്രനാള്‍ ആ രാജ്യങ്ങള്‍ അവരുടെ മണ്ണില്‍ നില്‍ക്കാന്‍ അനുവദിക്കും? ഇനി വരാനിരിക്കുന്ന കാലം ഇപ്പോഴുള്ളതിനേക്കാള്‍ ഭീകരമായിരിക്കുമോ? ഇപ്പോള്‍ ആയിരങ്ങളാണ് പെരുവഴിയില്‍ ആയെങ്കില്‍ ഈ കണക്ക് വരും നാളുകളില്‍ പതിനായിരമോ ലക്ഷമോ ആകുമോ? അങ്ങനെ വന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എന്തു ചെയ്യും? സംസ്ഥാന സര്‍ക്കാരുകള്‍ എന്തു ചെയ്യും? ഒന്നിനും നമുക്ക് ഉത്തരമില്ല. കാരണം ഇതെ കുറിച്ചൊന്നും നമുക്ക് ഒന്നും അറിയില്ല.

300 പേരല്ലേയുള്ളൂ, അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ നാട്ടിലേക്ക് പോരാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. നാട്ടില്‍ വന്നിട്ടോ. സര്‍ക്കാര്‍ അവരെ എങ്ങനെ പുനരധിവസിപ്പിക്കും? മുന്നൂറു പേരെയുള്ളൂവെങ്കില്‍ അവര്‍ക്ക് കച്ചവടം തുടങ്ങാനോ വാഹനങ്ങള്‍ വാങ്ങി ടാക്‌സിയായി ഓടിക്കാനുമൊക്കെ ബാങ്ക് ലോണോ മറ്റെന്തെങ്കിലും സഹായമോ ചെയ്യാം. ഇതൊക്കെ പക്ഷേ നടക്കുക മുന്നൂറു പേരുടെ കാര്യത്തിലാണ്. 24 ലക്ഷത്തോളം മലയാളികള്‍ പ്രവാസികളായിട്ടുണ്ടെന്നാണ് 2014 ലെ കണക്ക് പറയുന്നത്. അതില്‍ തൊണ്ണൂറ് ശതമാനവും ഏതാണ്ട് 20 ലക്ഷത്തിനടത്തും മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അവരില്‍ ആയിരം പേര്‍ തിരികെ പോരാന്‍ നിര്‍ബന്ധിതരായാല്‍, അതില്‍ കൂടുതല്‍ പേര്‍ക്കു തിരികെ പോരേണ്ടി വന്നാല്‍ സര്‍ക്കാര്‍ എന്തു ചെയ്യും? നമുക്ക് ഉത്തരമില്ല.

ഉത്തരം വേണമെങ്കില്‍ ആദ്യം എന്താണ് യഥാര്‍ത്ഥകാരണമെന്ന് കണ്ടെത്തണം. അത് സംസ്ഥാനമായാലും കേന്ദ്രമായാലും. ഒരു മന്ത്രിയെയോ എം പിയെയോ മാത്രം അയച്ചിട്ട് കാര്യമില്ല. അയക്കേണ്ടത് ഒരു വിദഗ്ദസംഘത്തെയാണ്. മന്ത്രിയും എംപിയും സംസ്ഥാന പ്രതിനിധികളും ബന്ധപ്പെട്ട വിഷയത്തിലെ മികച്ച ഉദ്യോഗസ്ഥരും നിരീക്ഷകരും എല്ലാം ഉള്‍പ്പെട്ട ഒരു സംഘത്തെ. അവര്‍ പഠിക്കണം; നടക്കുന്നതും നടന്നതും വരാനിരിക്കുന്നതുമായ പ്രശ്‌നങ്ങളെ കുറിച്ച്. കാര്യങ്ങള്‍ മനസിലാക്കി അവര്‍ തന്നെ ഒരു പരിഹാരം നിര്‍ദ്ദേശിക്കട്ടെ. ആ നിര്‍ദേശം സ്വീകരിച്ച് തുടര്‍ നടപടികള്‍ ഇപ്പോള്‍ തന്നെ തുടങ്ങാം. അതല്ലാതെ രോഗം വന്നശേഷം മുറിവൈദ്യം കൊണ്ട് സുഖപ്പെടുത്താം എന്ന വിശ്വാസവുമായി ഇരിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തിന് മുന്നില്‍ പകച്ചു നില്‍ക്കാനെ കഴിയൂ എന്നോര്‍ക്കുക.

(സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസറാണ് ഇരുദയ രാജന്‍)

(ഇരുദയ രാജനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)Next Story

Related Stories