TopTop
Begin typing your search above and press return to search.

ഗള്‍ഫ് പ്രതിസന്ധികാലത്തെ ആടുജീവിതങ്ങള്‍ - ബെന്യാമിന്‍ / അഭിമുഖം

ഗള്‍ഫ് പ്രതിസന്ധികാലത്തെ ആടുജീവിതങ്ങള്‍ - ബെന്യാമിന്‍ / അഭിമുഖം

ബെന്യാമിന്‍ /റിക്സണ്‍ ഉമ്മന്‍ വര്‍ഗ്ഗീസ്

ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാസ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേയും തന്റെ അനുഭവങ്ങളെയും പ്രവാസ ജീവിത ദുരന്തം പകര്‍ത്തിയ ആടുജീവിതം എന്ന നോവലിനെയും കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ സംസാരിക്കുന്നു.

റിക്സണ്‍: എണ്ണവിലയുടെ ഇടിവ് മൂലം ഒട്ടനവധി പ്രവാസികളുടെ ജോലി നഷ്ടപ്പെടുകയും മാസങ്ങളായി ശമ്പളം മുടങ്ങുകയും ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്ന ദുഷ്കര സാഹചര്യമാണ് സൗദിയിൽ നിലവിലുള്ളത്. ഇന്ത്യ ഏതു തരത്തിൽ ഈ വിഷയത്തിൽ ഇടപെടണം എന്നാണ് താങ്കള്‍ കരുതുന്നത്?

ബെന്യാമിൻ: ഈ വിഷയത്തില്‍ വ്യാജമായ നിലപാടാണ് നമ്മുടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിതാഖത് സംഭവിച്ചപ്പോഴും ഇതേ നിലപാടാണ് പുനരധിവാസത്തെ സംബന്ധിച്ച് കൈക്കൊണ്ടത്. ഒന്നും നടന്നില്ല. ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള നേഴ്‌സുമാരുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് ഉണ്ടായത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഉപക്ഷിച്ച്, തിരിച്ചു വന്നു ജോലി കണ്ടെത്തുക എന്ന യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. 1992-ല്‍ ഞാന്‍ ജോലിക്കു പ്രവേശിക്കുമ്പോള്‍ നേരിട്ട പ്രശ്‌നം 2000 ആകുമ്പോള്‍ ഗള്‍ഫിലെ സാധ്യതകള്‍ അവസാനിക്കാന്‍ പോകുന്നു, എല്ലാവരും തിരിച്ചുപോകേണ്ട സ്ഥിതി ഉണ്ടാകും എന്ന് കരുതി. പിന്നീട് 2010 ആയി. ഇപ്പോള്‍ 2020-ഓടെ ആ സ്ഥിതി ഉണ്ടാകും എന്നാണ് കരുതുന്നത്. ഓരോ തവണ ഈ പ്രതിസന്ധി ഉണ്ടാകുമ്പോഴും തിരികെ എത്തുന്ന പ്രവാസികളെ എങ്ങനെ പുനരധിവസിപ്പിക്കും എന്നതിനെപറ്റി ചിന്തിക്കുക പോലും ചെയ്യാറില്ല. തിരിച്ചു വരുന്നവരെ വിവിധ ലോണുകള്‍ നല്‍കി വീണ്ടും കടക്കെണിയിലേക്കു തള്ളിവിടുന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. എല്ലാ മേഖലകളിലും ലോകത്തെ ഏറ്റവും മികച്ച മെഷീനുകളില്‍ ജോലി ചെയ്യുന്നവരാണ് പ്രവാസികള്‍. അവരുടെ അനുഭവ പരിചയം നമ്മുടെ നിര്‍മാണ മേഖലകളില്‍ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്.
റി:
കേരളത്തില്‍ നിന്നുള്ള പ്രതിനിധിയ്ക്ക് നയതന്ത്ര പാസ്‌പോര്‍ട്ടിനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കാതിരുന്നത് വിവാദമായതിനെ കുറിച്ച് താങ്കളുടെ പ്രതികരണം?

ബെ: കേരളത്തില്‍ നിന്നും ഒരു പ്രതിനിധി അവിടെ എത്തുമ്പോള്‍ പ്രവാസികള്‍ക്ക് അത് വല്യ ആശ്വാസം ആകുമായിരുന്നു. അവിടെ പല സ്ഥലങ്ങളിലുമുള്ള സംഘടനകളെ കൂട്ടിയോജിപ്പിക്കുന്നതിന് സഹായമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിച്ചാലേ പോകൂ എന്നുള്ള തെറ്റായ നിലപാടാണ് മന്ത്രി ഡോ. കെ ടി ജലീല്‍ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണിത്. ജലീല്‍ അവിടെ ചെയ്യേണ്ടിയിരുന്നത് നയതന്ത്ര പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ പോകാനുള്ള ആര്‍ജ്ജവം കാട്ടുകയായിരുന്നു. പല രാഷ്ട്രീയ കക്ഷികളും ഈ പാവങ്ങളുടെ കൈയില്‍ നിന്നും പണം പിരിക്കാന്‍ അവിടെ എത്താറുണ്ട്. അപ്പോഴൊന്നും നയതന്ത്ര പാസ്‌പോര്‍ട്ടുമായി വന്നിട്ടല്ലല്ലോ പണം പിരിക്കുന്നത്? ഗവണ്‍മെന്റിന്റെ ആ പരിരക്ഷ ഉണ്ടായാലേ പോകുകയുള്ളൂ എന്നുള്ളത് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നാണ്.

റി:ആടുജീവിതം എന്ന നോവലാണല്ലോ താങ്കളെ എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തനാക്കിയത്. വ്യക്തിപരമായ പ്രവാസ ജീവിതം ഏത് തരത്തിലാണ് നോവലില്‍ പ്രതിഫലിച്ചിട്ടുള്ളത്?

ബെ: ഓരോ അനുഭവങ്ങളും സ്വാംശീകരിച്ച് എഴുതുമ്പോള്‍ അതില്‍ എവിടെയൊക്കെയോ വ്യക്തിജീവിതം കണ്ടുമുട്ടുന്നുണ്ട്. ഇരുപതു വര്‍ഷത്തെ എന്റെ അനുഭവത്തിന്റെ ബലത്തിലാണ് നോവല്‍ എഴുതിയത്. ദൂരെ നിന്ന് കണ്ടെഴുതിയ ഒന്നല്ല എന്നതിനാല്‍ എന്റെ ജീവിതം ഇടപഴകി കിടക്കുന്നുണ്ട്.

റി: മറ്റ് പ്രവാസ ജീവിതങ്ങളില്‍ നിന്ന് എന്ത് വ്യത്യസ്തതയാണ് ഗള്‍ഫ് പ്രവാസ ജീവിതത്തിനുള്ളത്?

ബെ: മറ്റ് ഏത് ദേശങ്ങളിലേക്ക് കുടിയേറുന്നവര്‍ക്കും അവിടെ പൗരന്മാരാകാനുള്ള അവസരം ലഭിക്കാറുണ്ട്. എന്നാല്‍ ഇരുപതും മുപ്പതും വര്‍ഷം ഗള്‍ഫില്‍ താമസിച്ചാലും അവിടെ നിന്ന് തിരിച്ചു വരേണ്ട സാഹചര്യമാണുള്ളത്. ഇതാണ് ഗള്‍ഫ് പ്രവാസ ജീവിതത്തിനുള്ള ഏറ്റവും വലിയ വ്യത്യാസം.

റി: പ്രവാസ ലോകത്തെ മലയാളി ജീവിതത്തില്‍ നോവല്‍ പ്രത്യക്ഷത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നാണ് അങ്ങേയ്ക്ക് തോന്നുന്നത്?

ബെ: നോവല്‍ കൊണ്ട് പ്രത്യക്ഷമായി ഒരു മാറ്റം ഉണ്ടായതായി അവകാശപ്പെടുന്നില്ല. എന്നാല്‍ പ്രവാസികള്‍ക്ക് തങ്ങള്‍ എവിടെയൊക്കെയോ അനുഭവിച്ച ഒരു ജീവിതാനുഭവം പോലെ തോന്നിയതായി പലരും പറഞ്ഞിട്ടുണ്ട്. അതിനാല്‍ നാട്ടിലുള്ള തങ്ങളുടെ ബന്ധുക്കളെക്കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും വായിപ്പിച്ച് പ്രവാസ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. നോവല്‍ വന്നതിന് ശേഷം വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ തങ്ങളുടെ സ്‌പോണ്‍സര്‍മാരെപ്പറ്റിയും ജോലി ചെയ്യുന്ന കമ്പനിയെപ്പറ്റിയും ഉറപ്പ് വരുത്താന്‍ പലരും ശ്രമിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ബോധവത്ക്കരണവും ഉള്‍പ്പെടെ നോവല്‍ ഇറങ്ങിയ ശേഷം ഉണ്ടായി.റി: ആടുജീവിതം ജനങ്ങള്‍ ഏറ്റെടുത്തതിന് കാരണം എന്താണെന്നാണ് കരുതുന്നത്?

ബെ: ഏത് സാധാരണക്കാരനും വായിക്കാന്‍ കഴിയുന്ന ലളിതമായ ഭാഷ തന്നെയാണ് ഒന്നാമത്തെ കാര്യമായി കരുതുന്നത്. രണ്ടാമതായി ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതുമ നോവലിന് ഉണ്ടായിരുന്നു. മൂന്നാമതായി പുസ്തകം മുന്നോട്ട് വയ്ക്കുന്ന പ്രത്യാശയുടെ ഒരു തലം ഒരു പാട് പേരെ നോവലിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

റി: ചതിക്കപ്പെട്ട നജീബ് എന്ന പ്രവാസിയുടെ ജീവിതം നോവലിലൂടെ വരച്ച് കാട്ടുകയുണ്ടായി. വലിയ തോതില്‍ ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. അതേസമയം ഇന്നും ചതിക്കപ്പെടുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുയാണ്; ഏത് തരത്തില്‍ ഇത് പരിഹരിക്കാന്‍ കഴിയും?

ബെ: ഇത്രമാത്രം ചതിക്കപ്പെടുന്ന കഥകള്‍ കേട്ടിട്ടും ലോട്ടറി എടുക്കുന്ന പരീക്ഷണത്തോടെയാണ് ആളുകള്‍ പ്രവാസ ജീവിതത്തിലേക്ക് പോകുന്നത്. അവിടെ ലഭിക്കുന്ന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു അടിസ്ഥാന തൊഴിലാളിക്ക് നാട്ടില്‍ അതിലേറെ ലഭിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ കുടുംബത്തോടൊപ്പം നമ്മുടെ നാട്ടില്‍ ജോലി ചെയ്യുന്നത് ഒരു അഭിമാനമായി കാണാന്‍ ആളുകള്‍ തയ്യാറാവണം. നമ്മുടെ പണത്തിന്റെ മൂല്യം ഇടിഞ്ഞത് കൊണ്ടാണ് അത് വലിയ തുകയായി തോന്നുന്നത്. 80-കളിലേയും 90-കളിലേയും ശമ്പള വ്യവസ്ഥയാണ് ഇപ്പോഴും അടിസ്ഥാന വിഭാഗത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളത്.

റി: ആടുജീവിതം എന്ന നോവല്‍ പൂര്‍ത്തീകരിക്കാന്‍ എത്ര വര്‍ഷം വേണ്ടി വന്നു? ആ കാലയളവില്‍ ഉണ്ടായ പ്രത്യേക അനുഭവങ്ങള്‍?

ബെ: മൂന്ന് വര്‍ഷമാണ് നോവല്‍ പൂര്‍ത്തിയാക്കാന്‍ എടുത്തത്. എന്നാല്‍ നജീബിനോട് ഇക്കാര്യങ്ങള്‍ ചോദിച്ചറിയാന്‍ മാത്രം ഒരു വര്‍ഷത്തോളം സമയമെടുത്തു. സാഹിത്യപരമായി ഗള്‍ഫിനെ പ്രതിനിധീകരിക്കുന്ന ഒരു കൃതി അതുവരെയും പുറത്തു വന്നിട്ടില്ലാത്തതിനാല്‍ വല്യ ഒരു കഥ എഴുതാനായി വളരെ അധികം കാത്തിരുപ്പു വേണ്ടി വന്നു. ഞാന്‍ സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു. ഒരു മനുഷ്യനും ദൈവവും മാത്രമായുള്ള ഒരു അവസ്ഥ. അങ്ങനെ ഒരു നോവല്‍ എഴുതണം എന്ന് ആഗ്രഹിച്ചപ്പോഴാണ് നജീബിനെ കണ്ടുമുട്ടുന്നത്. ഗള്‍ഫ് ജീവിതത്തെ പറ്റി എഴുതണം എന്ന എന്റെ ആഗ്രഹവും ഒറ്റയ്‌ക്കൊരു മനുഷ്യന്‍ ജീവിച്ചാല്‍ എങ്ങനെ ഇരിക്കും എന്നുള്ളതും ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. അവിടുത്തെ ആ ചെറിയ ചൂടില്‍ നടന്നു ഭാഗികമായി അനുഭവിച്ചാണ് നോവല്‍ എഴുതിയത്.

റി: ആടുജീവിതം ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോഴും പ്രോത്സാഹനത്തോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടായി. ഏറ്റവും വേദനാജനകമായി തോന്നിയ വിമര്‍ശനം?

ബെ: വലിയ പ്രതീക്ഷയോടെയൊന്നുമല്ല ഈ നോവല്‍ എഴുതിയത്. വേണമെങ്കില്‍ അതിശയോക്തി എന്ന നിലയില്‍ ആളുകള്‍ക്ക് തള്ളിക്കളയാം. എത്രത്തോളം ബാലന്‍സിംഗ് ആകുമെന്നുള്ള സന്ദേഹം ഉണ്ടായിരുന്നു. വിമര്‍ശനങ്ങളെ ഹൃദയത്തില്‍ എടുത്തിട്ടില്ല. കാരണം പലര്‍ക്കും പല അഭിരുചി ആണുള്ളത്. എന്നാല്‍ വളരെ മുതിര്‍ന്ന ചില നിരൂപകര്‍ നടത്തിയ വിമര്‍ശനങ്ങളിലെ മണ്ടത്തരങ്ങള്‍ അവര്‍ വളരെ ഗൗരവമായി നോവലിനെ കാണേണ്ടതിനു പകരം ബാലിശമായ രീതിയിലാണ് കണ്ടത് എന്നുള്ളതാണ്. കേരളത്തിലെ ഏറ്റവും പ്രധാനിയായ നിരൂപകന്‍ വി സി ശ്രീജന്‍, മാപ്പിള എന്ന പ്രയോഗവുമായി ബന്ധപ്പെട്ടു നടത്തിയ നിരൂപണം തീര്‍ത്തും ബാലിശമായിപ്പോയി. കുറച്ചുകൂടി ഗൗരവം നിറഞ്ഞ നിരൂപണം ആയിരുന്നു അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചത്. മാമ്മന്‍ മാപ്പിള എന്ന മനുഷ്യനെ പറ്റിയോ വര്‍ഗീസ് മാപ്പിള എന്ന മനുഷ്യനെ പറ്റിയോ കേട്ടിട്ടുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ വിമര്‍ശിക്കുകയില്ലായിരുന്നു. ഇതിനെ ഒന്നും വ്യക്തിപരമായ ആക്രമണമായി കാണുന്നില്ല.
റി: സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഈ നോവലിലൂടെ അങ്ങേയ്ക്ക് ലഭിച്ചു. ഈ നോവലിന് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം എപ്രകാരമുള്ളതായിരുന്നു?

ബെ: നോവല്‍ വളരെ പതിയെ ആളുകള്‍ ഏറ്റെടുക്കുന്ന രീതിയാണ് കണ്ടത്. അക്കാദമി പുരസ്‌കാരം ലഭിച്ചതുകൊണ്ടോ നിരൂപകര്‍ എന്തെങ്കിലും എഴുതിയതുകൊണ്ടോ ഒന്നുമല്ല പുസ്തകം ശ്രദ്ധിക്കപ്പെട്ടത്. ഒരാള്‍ വായിച്ച ശേഷം അടുത്ത സുഹൃത്തിനോട് പറഞ്ഞുള്ള രീതിയിലാണ് നല്ലൊരു ശതമാനം ആളുകളില്‍ നോവല്‍ എത്തപ്പെട്ടത്. പ്രായഭേദമന്യേ അഞ്ചാം ക്ലാസുകാരന്‍ മുതല്‍ മലബാറിലെ ഉമ്മമാര്‍ വരെ വായിച്ച ഒരനുഭവം. ധാരാളമാളുകള്‍ നോവല്‍ അവരെ സ്വാധീനിച്ച കാര്യം പങ്ക് വെച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് മേശപ്പുറത്ത് കിടക്കുന്ന ആടുജീവിതം ശ്രദ്ധയില്‍പ്പെട്ടത്. ഇതൊന്ന് വായിച്ചിട്ട് മരിക്കാമെന്ന് തീരുമാനമെടുക്കുകയും വായിച്ചതിന് ശേഷം ജീവിക്കാനുള്ള ആത്മധൈര്യം നോവലില്‍ നിന്നും ലഭിച്ചുവെന്നും പറഞ്ഞ് ഫോണില്‍ വിളിക്കുകയുണ്ടായി. അതുപോലെ കോഴിക്കോട് ചെന്നപ്പോള്‍ ഒരു ഉമ്മ പങ്ക് വച്ചത്, മകന്‍ എന്നും വഴക്കാണ് വിദേശത്ത് പോകാന്‍. ആകെയുള്ള 5 സെന്റ് പുരയിടവും ചെറിയ വീടും പണയം വച്ച് ഗള്‍ഫില്‍ വിടാനാണ് അവന്റെ ആവശ്യം. ശല്യം സഹിക്കാതെ അവന് ആടുജീവിതം വാങ്ങി നല്‍കി. ഇപ്പോള്‍ അവന്‍ മീന്‍ വിറ്റ് സന്തോഷത്തോടെ നാട്ടില്‍ ഉമ്മയോടൊപ്പം ജീവിക്കുന്നു. ഇത്തരം അനുഭവങ്ങളിലൂടെ മനുഷ്യ ജീവിതത്തെ നേരിട്ട് സ്പര്‍ശിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ലഭിച്ച പുരസ്‌കാരങ്ങളെക്കാള്‍ മഹത്തരമായി തോന്നിയിട്ടുള്ളത്.

(അവസാനിച്ചു)


[വിശദീകരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിനുമായി അഴിമുഖത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസിദ്ധീകരണം വൈകുന്നത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. നിരവധി പേര്‍ ഈ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വരികയും ചെയ്തു. ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അഴിമുഖം പത്രാധിപസമിതി ബെന്യാമിനെ ബന്ധപ്പെടുകയും സംഭവത്തില്‍ ഉണ്ടായ നിജസ്ഥിതി അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. അഴിമുഖത്തിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രസ്തുത പോസ്റ്റ് പിന്‍വലിക്കുകയും താന്‍ പോസ്റ്റ് പിന്‍വലിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാല്‍ ആഗസ്റ്റ് 21-ന് ഇറങ്ങിയ ജന്മഭൂമി ദിനപത്രം ഇതിന്റെ ആദ്യഭാഗം മാത്രം പ്രസിദ്ധീകരിക്കുകയും തെറ്റിദ്ധാരണാജനകമായ വിധത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഈ വാര്‍ത്ത പിന്നീട് അഴിമുഖത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ സ്ഥിരമായി പോസ്റ്റ് ചെയ്തും മറ്റ് മാര്‍ഗത്തിലൂടെയും അഴിമുഖം എന്ന മാധ്യമത്തേയും അത് മുന്നോട്ടു വയ്ക്കുന്ന ജനാധിപത്യ, മതേതര ഇടത്തെ താറടിച്ചുകൊണ്ടും കുറെപ്പേര്‍ രംഗത്തു വന്നിട്ടുണ്ട്. ഇത്തരം അസംബന്ധങ്ങളില്‍ മുട്ടുമുടക്കാന്‍ അഴിമുഖം തയാറല്ല എന്നു മാത്രമാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്- പത്രാധിപസമിതി)


(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനാണ് റിക്സണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories