TopTop
Begin typing your search above and press return to search.

സർക്കാരിനും വേണ്ടാത്ത ഗൾഫ് തൊഴിലാളികള്‍

സർക്കാരിനും വേണ്ടാത്ത ഗൾഫ് തൊഴിലാളികള്‍

ഗള്‍ഫ് കുടിയേറ്റം കേരളത്തില്‍ ഉണ്ടാക്കിയ സാമ്പത്തിക മാറ്റങ്ങള്‍ നിരവധി പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ എല്ലാം തന്നെ കുടിയേറിയ തൊഴിലാളികൾ കേരളത്തിലേക്ക് അയക്കുന്ന പണത്തിന്റെ അളവും അത് കേരളത്തിന്റെ നിര്‍മ്മാണരംഗത്തുണ്ടാക്കിയ മാറ്റങ്ങളും വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റം എന്ന പൊതുവിശകലനം തന്നെ തെറ്റാണ്. കേരളത്തില്‍ ഉല്പാദന ബന്ധങ്ങളില്‍ യാതൊരുവിധമായ പങ്കാളിത്തവും ഇല്ലാതിരുന്ന ഒരു സാമൂഹികവിഭാഗം, കൃത്യമായി പറഞ്ഞാല്‍ ഒരുവലിയ വിഭാഗം മുസ്ലീങ്ങള്‍ അടങ്ങിയ സംഘം, ജീവിക്കാന്‍ വേണ്ടി നടത്തിയ സാഹസികതയാണ് പിന്നീട് ഗള്‍ഫ് കുടിയേറ്റം എന്ന പേരില്‍ അംഗീകരിക്കപ്പെട്ടത്. എന്നാല്‍ കേവലം സാമ്പത്തിക സ്രോതസ്സ് എന്ന നിലയ്ക്കല്ലാതെ ഗള്‍ഫ് കുടിയേറ്റം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന സത്യം വിസ്മരിക്കാന്‍ കഴിയുന്നതല്ല. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കേരളം ഈ മനുഷ്യരുടെ ജീവിതത്തെ അടയാളപ്പെടുത്താൻ ഒന്നും തന്നെ ചെയ്തില്ല.

മുസാഫര്‍ അഹമ്മദ്, ബാബു ഭരദ്വാജ്, ബെന്ന്യാമിന്‍, അന്തരിച്ച ടി.കെ.കൊച്ചുബാവ തുടങ്ങിയ വിരലില്‍ എണ്ണാവുന്ന എഴുത്തുകാര്‍ മാത്രമാണ് ഗള്‍ഫ് ജീവിതത്തിന്റെ സങ്കടവും ആധിയും മലയാളികള്‍ക്ക് മുമ്പില്‍ അനാവരണം ചെയ്തത്. അതുകൊണ്ട് തന്നെ അവര്‍ എഴുത്തുകാര്‍ മാത്രമല്ല സാമൂഹിക പ്രവര്‍ത്തകര്‍ എന്ന രീതിയിൽകൂടി വേണം വിലയിരുത്താൻ. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തോളം ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട് എന്നാണ് കണക്ക്. ഇത് ഒരു ചെറിയസംഖ്യയല്ല, കാരണം ഒരാളെങ്കിലും ഗള്‍ഫില്‍ ജോലിചെയ്യാത്ത കുടുംബങ്ങള്‍ കേരളത്തില്‍ കുറവാണ്. പ്രത്യേകിച്ചും മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒരാളെങ്കിലും ഗള്‍ഫില്‍ ചെയ്യുന്നുവരുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഗള്‍ഫ് പ്രതിസന്ധി എന്നത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല ഈ കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥകളും കൂടിയാണ്.

എന്നാല്‍ പലപ്പോഴും കേരളീയ സമൂഹം ഇത്തരം ആകുലതകളെ വേണ്ട രീതിയില്‍ പരിഗണിയ്ക്കാറില്ല എന്നതാണ് വസ്തുത. മാത്രവുമല്ല, നാട്ടിലെ ഭൂമിയ്ക്ക് വിലകൂടുന്നതിനും പാരിസ്ഥിതിക നാശമുണ്ടാകുന്നതിനും കാരണം ഗള്‍ഫ് പണമാണ് എന്ന രീതിയില്‍ പുത്തന്‍ വിശകലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. അടുത്തകാലത്തായി ഇത്തരം ചിന്തകൾക്ക് വലിയ പിന്തുണ ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം കേവല ധാരണകള്‍ക്കും അപ്പുറത്താണ് ഗള്‍ഫ് തൊഴിലാളിപ്രതിസന്ധി. കേരളത്തില്‍ നിന്നും അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറി ഉപരിവര്‍ഗ്ഗ മദ്ധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കിട്ടുന്ന സാമൂഹിക പ്രാധാന്യം സമൂഹവും സര്‍ക്കാരും ഗള്‍ഫ് കുടിയേറ്റക്കാര്‍ക്ക് നല്‍കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികാര്യ വകുപ്പ് തന്നെയാണ് ഇതിനുദാഹരണം. ഈയൊരു വകുപ്പ് പലപ്പോഴും മുതിർന്ന രാഷ്ട്രീയക്കാരെ കുടിയിരുത്താൻ വേണ്ടിയുള്ള വകുപ്പായി മാറിയിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കേരള സര്‍ക്കാര്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ആയാലും ഫലത്തില്‍ നിര്‍ജ്ജീവമായ ഒന്നാണ്.ഈ ഒരു പശ്ചാത്തലത്തില്‍ വേണം ഇപ്പോഴത്തെ സൗദി അറേബ്യന്‍ പ്രതിസന്ധി വിശകലനംചെയ്യേണ്ടത്. ഭൂരിപക്ഷം വരുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നിത്യേനയുള്ള പ്രതിസന്ധിയാണ്. സ്വദേശിവല്‍ക്കരണവും മറ്റു രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളി കുടിയേറ്റവും ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴിലും ജീവിതവുംപ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം സ്വദേശിവല്‍ക്കരണം മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ മുതലാളിത്ത സാമ്പത്തിക നയത്തിന്റെ പ്രശ്‌നം കൂടിയാണ്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ക്കുണ്ടാകുന്ന പ്രതിസന്ധികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തതിന്റെ കാരണം കൊണ്ടുകൂടിയാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായത്. സൗദി സര്‍ക്കാര്‍ ഏതായാലും ഇന്ത്യന്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കാനോ മറ്റേതെങ്കിലും സഹായങ്ങള്‍ നല്‍കാനോ തയ്യാറാകില്ല. അതവരുടെ പരിധിയില്‍ പെടുന്ന പ്രശ്‌നവും അല്ല. ഇന്ത്യന്‍ സര്‍ക്കാരിന് ധാര്‍മ്മികതയ്ക്കപ്പുറം യാതൊരു വിധ ഭരണഘടനാ ബാധ്യതയും ഇക്കാര്യത്തില്‍ ഇല്ല എന്നതും വിസ്മരിക്കാൻ കഴിയില്ല. കാരണം ഈ തൊഴിലാളികള്‍ എല്ലാം തന്നെ സ്വന്തം തീരുമാനപ്രകാരവും സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ വഴി അല്ലാതെയും ആണ് ജോലിക്കെത്തുന്നത്. അതുകൊണ്ട് തന്നെ ആരെങ്കിലും തങ്ങളെ സഹായിക്കും എന്ന വിശ്വാസത്തില്‍ ജീവിയ്ക്കുന്നവരല്ല ഈ തൊഴിലാളികള്‍. അവരെ സംബന്ധിച്ചിടത്തോളം സ്വയം മറികടക്കേണ്ടതാണ് ഈപ്രതിസന്ധി എന്ന വിശ്വാസം ഓരോ ഗള്‍ഫ് കുടിയേറ്റ തൊഴിലാളികള്‍ക്കുണ്ട്.

സര്‍ക്കാര്‍ അവരെ തിരിച്ചുകൊണ്ട് വരാന്‍ നടപടികള്‍ സ്വീകരിച്ചേക്കാം. അത്തരം നടപടികള്‍ക്ക് വന്‍തോതില്‍ വാര്‍ത്താ പ്രാധാന്യം ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ഇവിടം കൊണ്ട് തീരുന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം. നിതാഖത്ത് സമയത്തും കേരള സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചു. എന്നാൽ സാധാരണക്കാരായ തൊഴിലാളികള്‍ ഒന്നും തന്നെ സര്‍ക്കാരിന്റെ ഇത്തരം സഹായ ധനസഹായത്തിന് വേണ്ടി അപേക്ഷിച്ചില്ല. അവര്‍ സ്വയം മറ്റ് തൊഴില്‍ കണ്ടുപിടിക്കുകയോ, കുറഞ്ഞ കൂലിയായിട്ട് കൂടി വീണ്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചു പോകുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന് അവകാശപ്പെടുന്ന സഹായങ്ങള്‍ എല്ലാം തന്നെ താല്‍ക്കാലികമാണ്. ഈ വിഷയത്തില്‍ കാര്യമായ ഒന്നും ചെയ്യാനില്ല.

സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ മൂലം തൊഴില്‍ പങ്കാളിത്തമില്ലാത്തവരുടെ ആശ്വാസമാണ് ഇന്നും ഗള്‍ഫിലെ തൊഴില്‍ മേഖല. ഈ മനുഷ്യര്‍ക്ക് തിരിച്ചുവന്നാല്‍ തൊഴിലെടുക്കാന്‍ വേണ്ട അവസരങ്ങള്‍ ഇന്നും കേരളത്തില്‍ ഇല്ല. അന്യസംസ്ഥാനതൊഴിലാളികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവര്‍ക്ക് ഇവിടെ എന്തുകൊണ്ട് ജോലിഎടുത്തുകൂടാ എന്ന മറുചോദ്യം ഉയര്‍ത്തിക്കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ പ്രശ്‌നം. കേരളത്തിലെ ഉയര്‍ന്ന ജീവിതനിലവാരം ഇല്ലാതാക്കിയത് സാധാരണ തൊഴിലാളികളുടെ സ്വയം ആര്‍ജ്ജിത ജീവിത സാഹചര്യങ്ങള്‍ ആണ്. ഇവർ തിരിച്ചുവന്നാൽ സമരം ചെയ്യേണ്ടത് മറ്റ് തൊഴിലാളികളോടല്ല പകരം കേരളത്തിലെ ഉയർന്ന ജീവിത ചിലവുകളോടും കൂടിയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരം ഈ മനുഷ്യര്‍ തന്നെ കണ്ടെത്തണം എന്നതാണ് വസ്തുത. ഭരിക്കുന്ന സർക്കാരുകൾക്കും ഇതറിയാം, അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ സർക്കാർ വലിയ താല്പര്യം കാണിക്കാത്തതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories