TopTop
Begin typing your search above and press return to search.

പ്രവാസികൾക്ക് ഗുണമില്ലാതെ എന്തിനീ നോർക്ക?

പ്രവാസികൾക്ക് ഗുണമില്ലാതെ എന്തിനീ നോർക്ക?

ഡി. ധനസുമോദ്

മൂന്ന് ദിവസം മുൻപ് ഒരു വാർത്താ ചാനൽ ഒരു വാർത്ത പുറത്തു വിട്ടു. സൗദിയിൽ കുടുങ്ങിയ അമ്പതു തൊഴിലാളികളുമായി ഒരു വിമാനം പുലർച്ചെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നു. നോർക്കയിലെ ജനറൽ മാനേജർ നജീബ് മുംബൈക്ക് ടിക്കറ്റ് എടുത്തു. വരുന്നവർക്ക് ഹെൽപ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തുന്ന കാര്യമാണ് നോർക്ക പിന്നീട് പ്ലാൻ ചെയ്തത്. എല്ലാ പദ്ധതികളും ആവിഷ്ക്കരിച്ചു കഴിഞ്ഞിട്ടും മലയാളികളുമായി എത്തുന്ന വിമാനം ഏതാണെന്ന് മാത്രം മനസിലാകുന്നില്ല. ഉദ്യോഗസ്ഥർ തല പുകച്ചു. എയർലൈൻസ് കമ്പനികളിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു വിമാനം എത്തുന്നതിനെ കുറിച്ച് അവർക്കു വിവരം ലഭിച്ചിട്ടില്ല. ടിവിചാനലുമായി ബന്ധപ്പെട്ടു അന്വേഷിച്ചപ്പോഴാണ് അവർ വാർത്ത ഒഴിവാക്കിയ കാര്യം അറിയുന്നത്. അതായത് തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സർക്കാർ സന്നാഹങ്ങൾ ഒരുക്കിയത്. ഒടുവിൽ നജീബ് ലീവിൽ പോയി.

പ്രവാസിയുടെ കാര്യങ്ങളിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒരു ഏകോപനവും നടന്നിട്ടില്ല. സൗദിയിലെ തൊഴിലാളികൾ ബുദ്ധിമുട്ടു നേരിടുമ്പോൾ അവർക്കു വേണ്ടി ഇടപെടേണ്ട നോർക്കയുടെ സി ഇ ഒ കസേര ഒഴിഞ്ഞു കിടക്കുകയാണ്. ഇക്കാര്യങ്ങൾ എല്ലാം ഏകോപനം ചെയ്യേണ്ട സി ഇ ഒ യെ നിയമിക്കാത്തത് വിവാദം ആകുമെന്ന് മനസ്സിലാക്കിയതോടെ നോർക്ക സെക്രട്ടറി ഉഷ ടൈറ്റസിനു സി ഇ ഒ യുടെ അധിക ചുമതല നൽകുകയായിരുന്നു. പൊതുഭരണ വകുപ്പ്, പബ്ലിക് റിലേഷൻ വകുപ്പ് എന്നിവയുടെ ചുമതല കൂടിയുള്ള സെക്രട്ടറി ആണ് ഇവർ എന്ന് ആലോചിക്കണം.

വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിനു സൗദി യാത്ര നിഷേധിച്ചതിനെ ചുറ്റിപ്പറ്റിയാണ് കേരളത്തിൽ ചർച്ച നടക്കുന്നത്. സൗദിയിൽ എത്തിയാൽ തന്നെ എന്ത് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് മന്ത്രിയോട് ചോദിച്ചപ്പോൾ മലയാളി സംഘടനകളുമായി ചേർന്ന് സഹായം ചെയ്യും എന്ന് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. സത്യം പറഞ്ഞാൽ ഇത്തരം സഹായം ചെയ്യണം എങ്കിൽ സംസ്ഥാന മന്ത്രി നേരിട്ട് അവിടെ പോകേണ്ട കാര്യവും ഇല്ല. അഞ്ചു ലേബർ ക്യാംപുകളിൽ സന്ദർശിക്കാൻ ആണ് കേന്ദ്രമന്ത്രി വികെ സിംഗ് സൗദി മന്ത്രാലയത്തോട് താല്പര്യം പ്രകടിപ്പിച്ചത്. പക്ഷെ ഒരു ക്യാമ്പിൽ പോകാൻ മാത്രമാണ് സൗദി സമ്മതിച്ചത്.ഗൾഫ് നാടുകളിൽ ഉള്ള ഇൻഡ്യക്കാരെക്കുറിച്ചു വിദേശകാര്യ മന്ത്രാലയവും പ്രവാസികാര്യ മന്ത്രാലയവും പ്രത്യേകം കണക്കു എടുത്തിരുന്നു. ദുഃഖകരം എന്ന് പറയട്ടെ ഇവരുടെ കണക്കുകൾ തമ്മിൽ പത്തു ലക്ഷത്തിൽ അധികം വ്യത്യാസമാണ് ഉള്ളത്. 17 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണം എങ്കിൽ എമിഗ്രേഷൻ ക്ലിയറൻസ് അനിവാര്യമാണ്. എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേർഡ് കൺട്രി ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പ്രവാസികളെ പോലും അറിയാൻ വയ്യ എന്ന് പറയുന്നത് സംസ്ഥാനത്തിന് നാണക്കേട് ആണ്. കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട് എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടി ആണ് മന്ത്രി കെ ടി ജലീൽ പറയുന്നത്. ജലീൽ മാത്രമല്ല മുന്‍ മന്ത്രിസഭകളും ഈ ഉത്തരവാദിത്വം ഇല്ലായ്മയിൽ പ്രതികളാണ്. ഇന്ത്യയിലെ കാടുകളിൽ എത്ര കടുവയും സിംഹവും സിംഹവാലൻ കുരങ്ങും ഉണ്ട് എന്ന കണക്കു വ്യക്തമായി ഭരണകൂടത്തിന് അറിയാം. അതെ സമയം വിയർപ്പൊഴുക്കി പണം രാജ്യത്തേക്ക് അയക്കുന്ന പൗരന്മാരെ കുറിച്ച് ഒരു ചുക്കുമറിയില്ല.

ഒന്നോ രണ്ടോ കമ്പനികളിലെ പ്രശ്‌നമായി ചുരുക്കി കാണാൻ മാത്രമാണ് അബ്ദുൽ വഹാബ്‌ എംപി ഉൾപ്പെടെയുള്ളവർ ചാനൽ ചർച്ചകളിൽ കിണഞ്ഞു പരിശ്രമിച്ചത്. വിരലിൽ എണ്ണാവുന്ന കമ്പനികളിൽ മാത്രമല്ലെന്നും എണ്ണ വില പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പല കമ്പനികളിലും ശമ്പളം 10 മാസം വരെ കുടിശ്ശികയാണ്. ഈ അവസ്ഥ തുടർന്ന് പോയാൽ ആയിരക്കണക്കിന് പ്രവാസികൾക്ക് വെറും കൈയ്യുമായി ഗൾഫിൽ നിന്നും നാട്ടിലേക്കു മടങ്ങേണ്ടി വരും. ഇപ്പോൾ മുന്നൂറു പേർക്കു വേണ്ടി സൗദിയിൽ വരെ പോകാൻ മന്ത്രി ജലീൽ തയാറായി. അവിടെ പോകാതെ പ്രവാസം മതിയാക്കി നാട്ടിലെത്തുന്നവർക്കു തുടർന്ന് ജീവിക്കാനുള്ള സൗകര്യം ചെയ്തു നൽകുകയാണ് മന്ത്രിസഭ ചെയ്യേണ്ടത്.

പ്രതിസന്ധിഘട്ടത്തിൽ എല്ലാം വിട്ടെറിഞ്ഞു നാട്ടിലെത്തിയ നേഴ്സ്മാർക്കു ജോലി ഉൾപ്പെടെ എല്ലാ ആശ്വാസ പാക്കേജുകളും വാഗ്ദാനം ചെയ്തു ഒന്നും സംഭവിക്കാതെ പോലെ ഇരിക്കുകയാണ് കഴിഞ്ഞ സർക്കാരുകൾ ചെയ്തത്. വരാനിരിക്കുന്ന പ്രതിസന്ധി മുൻകൂട്ടി കണ്ടു അതിനൊരു പ്രതിവിധി കണ്ടെത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇതൊന്നും ചെയ്യാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊമ്പ് കോർക്കാൻ നിന്നാൽ ഇതിനിടയിൽ പെട്ടുപോകുന്നത് പാവം പ്രവാസികൾ ആയിരിക്കും.

അനിൽ കെ പത്തനംതിട്ടയുടെ ഫേസ്ബുക്ക് പോസ്റ്റ് കൂടെ ഇവിടെ ചേർത്ത് വായിക്കാം. പ്രവാസിക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പെൻഷനും ക്ഷേമനിധിയും അഞ്ച് ശതമാനത്തിന്റെ പക്കൽ പോലും എത്തിയിട്ടില്ല എന്നതാണ് സത്യം. അതിലെ വ്യവസ്ഥകൾ പ്രവാസിക്ക് ഗുണകരവും അല്ല.
കോൺഗ്രസ് ഭരിച്ചു, മൂന്നാം മുന്നണി ഭരിച്ചു ഇടതു പിന്തുണയോടെ,
കോൺഗ്രസ് ഇടതു പിന്തുണയോടെ ഭരിച്ചു,കേന്ദ്ര മന്ത്രി സഭയിൽ രണ്ടാം സ്ഥാനക്കാരൻ അടക്കം എട്ട് മന്ത്രിമാർ വരെ
ബി ജെ പി ഭരിച്ചു- ഇപ്പോഴും ഭരിക്കുന്നു. കോരന് കഞ്ഞി കുമ്പിളിൽ തന്നെ!

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories