പ്രവാസം

ആത്മഹത്യ ചെയ്ത ഇന്ത്യൻ പൗരന്റെ ബന്ധുക്കളെ തേടി നാലുമാസം തിരഞ്ഞു; മൃതദേഹം നാട്ടിലെത്തിച്ചു

പള്ളിയിൽ മരണവിവരം അനൗൺസ് ചെയ്തു. പക്ഷെ, ബന്ധുക്കളാരെയും കണ്ടെത്താനായില്ല.

ഇന്ത്യൻ പൗരന്റെ മൃതദേഹം നാലു മാസത്തെ തിരച്ചിലിനൊടുവില്‍ ബന്ധുക്കളെ കണ്ടെത്തി യുഎഇ ഇന്ത്യയിലെത്തിച്ചു. മധ്യപ്രദേശിൽ നിന്നുള്ള യൂസുഫ് ഖാൻ റാഷിദ് ഖാൻ എന്നയാളുടെ മൃതദേഹമാണ് യുഎഇ ഇന്ത്യയിലെത്തിച്ചത്. ഏപ്രിൽ 12നായിരുന്നു യൂസുഫ് ഖാന്റെ മരണം. അജ്മാനിലെ അൽ റഷീദിയ പ്രദേശത്താണ് ഈ 50കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അജ്മാൻ പൊലീസിന്റെ പക്കലുള്ള മരണ സർട്ടിഫിക്കറ്റ് പ്രകാരം ഇയാൾ മരണസമയത്ത് മദ്യലഹരിയിലായിരുന്നു. ആത്മഹത്യയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിസിറ്റ് വിസയുടെ ഒരു കോപ്പിയല്ലാതെ മറ്റൊന്നും ഇയാളുടെ പക്കലില്ലായിരുന്നു. ഇക്കാരണത്താൽത്തന്നെ ബന്ധുക്കളെ ബന്ധപ്പെടാന്‍ പൊലീസിന് കഴിഞ്ഞില്ല.

നാലാഴ്ചയായി മൃതദേഹത്തിൽ അവകാശമുന്നയിച്ച് ആരും എത്താതിരുന്ന സാഹചര്യത്തിൽ പൊലീസ് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെട്ടു. അജ്മാനിലെ ഇന്ത്യൻ അസോസിയേഷനെയും സമീപിച്ചു. കോൺസുലേറ്റ് ആദ്യം നൽകിയ വിലാസത്തിൽ അജ്മാനിലെ ഇന്ത്യൻ അസോസിയേഷന് ആരെയും കണ്ടെത്താനായില്ല.

മധ്യപ്രദേശിലെ ഉജ്ജയിൻ എന്ന പ്രദേശത്തെ വിലാസമാണ് കോൺസുലേറ്റ് നൽകിയിരുന്നത്. അവിടുത്തെ പള്ളിയിൽ മരണവിവരം അനൗൺസ് ചെയ്തു. പക്ഷെ, ബന്ധുക്കളാരെയും കണ്ടെത്താനായില്ല. പിന്നീട് പാസ്പോർട്ട് അപ്ലിക്കേഷനിലെ വിലാസം സംഘടിപ്പിച്ചാണ് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തിയത്. ഉജ്ജയിനിൽ നിന്നും 59 കിലോമീറ്റർ അകലെയുള്ള നാഗ്ദ എന്ന സ്ഥലത്താണ് മരിച്ചയാളുടെ ബന്ധുക്കളെ പൊലീസിന്റെ സഹായത്തോടെ ഇന്ത്യൻ അസോസിയേഷൻ കണ്ടെത്തിയത്. ഖാന്റെ മരണം ബന്ധുക്കൾ അറിഞ്ഞിട്ടില്ലായിരുന്നെന്ന് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി രൂപ് സിദ്ദു പറഞ്ഞു. ഇദ്ദേഹമാണ് മരണപ്പെട്ട ഖാന്റെ കുടുംബത്തെ തേടി മധ്യപ്രദേശിൽ പോയത്.

ഖാൻ ഗൾഫിൽ‌ ജോലി തേടുകയാണെന്ന് കരുതിയിരിക്കുകയായിരുന്നു ബന്ധുക്കളെന്ന് സിദ്ദു പറഞ്ഞു. ഖാന്റെ മൃതദേഹം ഏറ്റുവാങ്ങാൻ തങ്ങൾ തയ്യാറല്ലെന്നും കുടുംബം അറിയിച്ചു. തങ്ങളുടെ ദരിദ്രമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മൃതദേഹം കൊണ്ടുവരാനും മറ്റുമുള്ള ചെലവുകൾ തങ്ങൾക്ക് താങ്ങാന്‍ കഴിയില്ലെന്നും ബന്ധുക്കൾ അറിയിച്ചു. ഇതോടെ ഇന്ത്യൻ കോൺസുലേറ്റ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല ഏറ്റെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍