TopTop
Begin typing your search above and press return to search.

അടിമകളല്ല അവര്‍; നിങ്ങളുടെ കുഞ്ഞുങ്ങളെയും നിങ്ങളെയും നോക്കുന്നവരാണ്; മനുഷ്യരാണ്

അടിമകളല്ല അവര്‍; നിങ്ങളുടെ കുഞ്ഞുങ്ങളെയും നിങ്ങളെയും നോക്കുന്നവരാണ്; മനുഷ്യരാണ്

സന്തോഷ് പവിത്രമംഗലം

നമ്മുടെ ഗള്‍ഫിലുള്ള മലയാളി കുടുംബങ്ങള്‍ പലതും ഒരു വീട്ടുജോലിക്കാരിയെ ആശ്രയിച്ചാണ് ഇന്ന്‍ ജീവിക്കുന്നത് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും ജോലിക്കാരാകുമ്പോള്‍. കുട്ടികളെ പരിചരിയ്ക്കാനും അവരെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാനും തിരികെ വരുമ്പോള്‍ റോഡില്‍ പോയി നിന്ന്‌ വിളിച്ചുകൊണ്ട്‌ വരാനും എന്നുവേണ്ട കുട്ടിയുടെ മുതല്‍ മുതിര്‍ന്നവരുടെ കാര്യങ്ങള്‍ക്ക്‌ വരെ പരിചാരികയുടെ ആവശ്യം ഒഴിച്ചുകൂടാന്‍ പറ്റാതെവന്നിരിയ്ക്കുന്നു. അങ്ങനെയുള്ള കുടുംബങ്ങളില്‍ കേരളത്തില്‍ നിന്നുമുള്ള അനേകം സ്ത്രീകള്‍ ഉപജീവനത്തിനായി പണിയെടുക്കുന്നുണ്ട്. എന്നാല്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ആണ് ഇന്ന് ഞാന്‍ വിരല്‍ചൂണ്ടുന്നത്.

ഇങ്ങനെ വീട്ടുവേല ചെയ്യുന്നവരുടെ പ്രയാസങ്ങള്‍ ഒരുപരിധിവരെയും പുറംലോകം അറിയുന്നില്ല. അഥവാ അറിഞ്ഞാല്‍തന്നെ നാം അതിനെ അപ്രാധാന്യത്തോടെ തള്ളിവിടുന്നു. എന്നാല്‍ ചുരുക്കം ചില കുടുംബങ്ങളില്‍ ജോലിക്കാരിയെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെ കാണുന്നവരുണ്ട് എന്ന വസ്തത നിരസിയ്ക്കുന്നില്ല. മുമ്പൊക്കെയും മറ്റ്‌ രാജ്യക്കാരുടെ വീട്ടില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്ന്‌ കേട്ടിട്ടുണ്ടെങ്കില്‍ ഇന്ന്മലയാളി വീട്ടുവേലക്കാരികള്‍ക്ക് മലയാളി കുടുംബങ്ങളില്‍ നിന്നുതന്നെയാണ് പ്രശ്‌നങ്ങളെ അഭിമുഖീകരിയ്‌ക്കേണ്ടി വരുന്നത്. കുട്ടികളുടെ പരിചരണം വിദേശത്തെ നിയമവ്യവസ്ഥിതി അനുസരിച്ച്‌ വളരെ ഭാരിച്ച ഉത്തരവാദിത്വമാണ്. ചെറിയ ഒരു അപകടം സംഭവിച്ചാല്‍ സ്വന്തം മാതാപിതാക്കള്‍ പോലും ജയിലില്‍ പോകേണ്ടതായിവരും എന്നുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പാള്‍ ആ ഉത്തവാദിത്വം ഏറ്റെടുക്കുന്ന ജോലിക്കാരിക്കുള്ള ആയാസം വളരെ വലുതാണ്. ഇതുകൂടാതെ കുട്ടികളുടെയും വീട്ടിലെ മറ്റുള്ളവരുടെയും ഭക്ഷണ കാര്യങ്ങള്‍, വീട്‌ വൃത്തിയാക്കല്‍, വസ്ത്രം കഴുകി അതിനെ ഇസ്തരിയിട്ട് ഓരോരുത്തരുടെയും അലമാരകളില്‍ അടുക്കിവയ്ക്കുന്നതുള്‍പ്പടെ ഏതുകാര്യങ്ങളും ഒരു വീട്ടുവേലക്കാരിയുടെ ചുമലിലാണ്.

ഇങ്ങനെ രാവും പകലും പണിയെടുക്കുന്നവര്‍ക്ക്‌ ലഭിയ്ക്കുന്ന വേതനമോ വളരെ പരിമിതവും. ആഴ്ചയുടെഅവസാനം പല ഭവനങ്ങളിലും സാധാരണയായി സുഹൃത്തുക്കളുടെ ഒത്തുകൂടല്‍ നടക്കാറുണ്ട്. രാവ് ഏറെ വൈകിയാകും ഇങ്ങനെയുള്ള കൂട്ടായ്മകള്‍ അവസാനിയ്ക്കുക. ഏവരും പിരിഞ്ഞ് അന്നത്തെ പാത്രങ്ങളും അടുക്കളയും വൃത്തിയാക്കിയതിന് ശേഷം മാത്രമായിരിയ്ക്കും ഈ സാധു സ്ത്രീക്ക് കിടന്നുറങ്ങാന്‍ കഴിയുകയുള്ളൂ. വൈകിക്കിടന്നാലും അടുത്ത ദിവസം രാവിലെ ജോലിക്കാരിയ്ക്ക് അടുക്കളയില്‍ കയറേണ്ട സമയത്തിന് മാറ്റം ഉണ്ടാവുകയുമില്ല. സാധാരണയായി രണ്ട് മുതല്‍ മൂന്നും നാലും കിടപ്പുമുറിയും അതിനൊടനുബന്ധിച്ചുള്ള സൗകര്യങ്ങളുമുള്ള ഒരുവീട് വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടതും ജോലിക്കാരിയുടെ ഉത്തരവാദിത്വമാണ്. ചുരുക്കി പറഞ്ഞാല്‍ ഗൃഹനാഥയെന്ന നമ്മുടെ സ്ത്രീകളില്‍ നല്ല ഒരുവിഭാഗവും കുട്ടികളെ സമയാസമയത്ത് പ്രസവിച്ചു എന്നതൊഴിച്ചാല്‍ ആ കുട്ടികളെ വളര്‍ത്തി ഒരു കുടുംബം ഭംഗിയായി സൂക്ഷിയ്ക്കുകയെന്ന ഉത്തരവാദിത്വവും ഒരു വീട്ടുജോലിക്കാരിയില്‍ത്തന്നെയാണ്. ഇങ്ങനെ സമയക്‌ളിപ്തതയില്ലാതെ പണിചെയ്യുന്ന വീട്ടുജോലിക്കാരോട് പലപ്പോഴും നമ്മുടെ കുടുംബനാഥമാര്‍ വളരെ പരുഷവും മനഃസാക്ഷിയില്ലാതെയും പെരുമാറുന്നത് കണ്ടിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം
അമ്മമാര്‍ക്ക് ചട്നിയുടെയും രൂപമാണ്
ഈദുനാളില്‍ വിരുന്നു വന്ന മണങ്ങള്‍
പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?
പ്രവാസികളില്‍ സാധാരണക്കാരുമുണ്ട്, സാര്‍

സ്വന്തം കുടുബത്തിലെ ബുദ്ധിമുട്ടും പ്രയാസവും കൊണ്ട് മാത്രമാണ് ഈ പാവങ്ങള്‍ വീട്ടുവേലയ്ക്കായി ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നത്. ഉറ്റവരെ പിരിഞ്ഞ് ഗള്‍ഫിലെ ഫ്‌ളാറ്റിലോ, വില്ലകളിലോ വന്ന് കഷ്ടപ്പെടുന്ന ഈ സാധുവിനോട് മനുഷ്യത്വപരമായ ഒരു സമീപനമാണ് ഇവരെ വീട്ടുജോലിയ്ക്കായി നിര്‍ത്തുന്നവരില്‍ നിന്നും ലഭിയ്‌ക്കേണ്ടത്. അതിന് നമ്മുടെ ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. അവര്‍ മൃഗങ്ങളോ അടിമകളോ അല്ല; തന്നെപ്പോലെയുള്ള മനുഷ്യരാണ് എന്ന് മനസിലാക്കാന്‍ നമുക്ക് കഴിയണം. വളരെ അഭിമാനത്തോടെയും ഗമയോടും കൂടി കൂട്ടുകരോട്‌ വീട്ടില്‍ 'സെര്‍വന്റ്' ഉണ്ട് എന്ന് പറയുമ്പോള്‍ അവര്‍ ഒരുതരം മൃഗമല്ല, അവരും നമ്മെപ്പോലെ ജീവിയ്ക്കാനായി ജന്മനാടും വീടും വിട്ട്‌ വന്നതാണ് എന്ന് മനസിലാക്കുന്നത് നന്ന്. വീടുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പുറത്തുപോകാനോ, ബന്ധുമിത്രാദികളോട് ഇടപഴകാനോ ഉള്ള അനുവാദം മിക്ക വീടുകളിലും നല്കാറില്ല. അഥവാ ഉണ്ടെങ്കില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രം.

ഇങ്ങനെ ജോലിചെയ്യുന്നവരുടെ പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹരിക്കാനോ ഇവിടെ ഗള്‍ഫില്‍ വേദികളില്ലായെന്നതാണ്‌ വാസ്തവം. ഇക്കൂട്ടര്‍ക്ക് പിന്തുണയേകന്‍ ഒരുസംഘടനയും മുന്നോട്ട്‌ വരാറുമില്ല. ഇതിന്റെ ഒരുകാരണം, സംഘടനകളുടെ തലപ്പത്തുള്ള നല്ല ഒരുവിഭാഗം നേതാക്കന്‍മാരുടെ വീടുകളിലും ഈ വിഭാഗത്തിലുള്ള വീട്ടുജോലിക്കാര്‍ പണിചെയ്യുന്നുണ്ട് എന്നതാണ്‌ യാഥാര്‍ത്ഥ്യം. ആയതിനാല്‍ സഹായിയ്ക്കുവാന്‍ ആരും തന്നെയില്ലാത്തവര്‍ക്ക് ആശ്വാസമാകുവാന്‍ നമ്മുടെ മനഃസാക്ഷിയ്ക്ക് മാറ്റംവരുത്തുകയെന്നതാണ് പ്രധാനം. കൂടാതെ വീട്ടുജോലിയ്ക്കായി പോരുന്നതിന് മുമ്പായി നാട്ടില്‍ വച്ചുതന്നെ നോര്‍ക്കയുമായി ബന്ധപ്പെട്ടുകൊണ്ട് ഏതുവിധം തങ്ങളുടെ ജോലിയ്ക്കും ജീവിതത്തിനും സുരക്ഷ ലഭിയ്ക്കും എന്നുള്ള കാര്യങ്ങള്‍ വിശദമായി മനസിലാക്കേണ്ടതാണ്. അവരും മനുഷ്യരാണ്; അവര്‍ക്കും അന്തസോടെ ജീവിക്കേണ്ടതുണ്ട്.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സന്തോഷ് പവിത്രമംഗലത്തിന്റെ ലേഖനങ്ങള്‍

നാട്ടിലേക്കുള്ള അവധികളെണ്ണുന്നവര്‍- ഒരു പ്രവാസി കുറിപ്പ്

പ്രതിസന്ധി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ആദ്യം സ്വന്തം മുണ്ട് മുറുക്കിയുടുക്കട്ടെ

*Views are personal


Next Story

Related Stories