TopTop
Begin typing your search above and press return to search.

നാട്ടിലേക്കുള്ള അവധികളെണ്ണുന്നവര്‍- ഒരു പ്രവാസി കുറിപ്പ്

നാട്ടിലേക്കുള്ള അവധികളെണ്ണുന്നവര്‍- ഒരു പ്രവാസി കുറിപ്പ്

സന്തോഷ് പവിത്രമംഗലം

"തോളത്ത് കനം തൂങ്ങും, വണ്ടി തന്‍ തണ്ടും പേറി കാളകള്‍ മന്ദം മന്ദം ഉഴലുന്നു.."

സ്‌കൂളില്‍ പഠിച്ച പദ്യത്തിലെ ഈ വരികള്‍ മനസില്‍ മായാതെ തങ്ങി നില്ക്കുന്നു. സ്‌കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ മിക്കപ്പോഴും അതു വഴി വരുന്ന കാളവണ്ടിയിലേക്ക് പുസ്തകങ്ങള്‍ അടങ്ങിയ ഭാരിച്ച സഞ്ചി വച്ചിട്ട് കൂട്ടുകാരോടൊപ്പം വണ്ടിയുടെ പിന്നില്‍ പിടിച്ചുകൊണ്ട് നടന്ന് കൊച്ചുതമാശകള്‍ പറഞ്ഞതും, പുല്ലില്‍ ചവിട്ടിയുള്ള കളികളുമെല്ലാം ഒട്ടും മങ്ങലേല്‍ക്കാതെ പച്ചയായി തന്നെ നിലകൊള്ളുന്നു. അതൊക്കെയും ഓര്‍ക്കുമ്പോള്‍ ലഭിക്കുന്ന ഒരു സുഖം, അതൊന്ന് വേറെതന്നെ. ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കാന്‍ കഴിയാതെ പോയ ഒത്തിരി ഒത്തിരി നന്മകളുടെ കാലം.

ഗ്രാമത്തില്‍ സാധനങ്ങള്‍ എത്തിക്കുവാന്‍ ഉപയോഗിച്ചിരുന്ന കാള വണ്ടികള്‍ അപ്രത്യക്ഷമായി. ഇന്ന് ഈ ഗ്രാമ വീഥികളെ ആഡംബര വാഹനങ്ങള്‍ കൈയടക്കിയിരിക്കുന്നു. സാധനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിക്കാന്‍ പിക്കപ്പ് വാന്‍ തയ്യാറായി നില്ക്കുന്നു. ഒരു പരസ്യത്തില്‍ പറയുന്നതുപോലെ 'നമ്മുടെ നാടും പുരോഗമിച്ചു'. എന്നാല്‍ പുരോഗമനം മൂലം സാധാരണ മനുഷ്യരായി ജീവിച്ചവരില്‍ നിന്നുപോലും മാനുഷിക മൂല്യങ്ങളും നന്മകളും ഇല്ലാതായി തീര്‍ന്നിരിക്കുന്നു. ഇവരില്‍ പലരും മ്യഗ തുല്യരായി മാറുന്നു. മാതാപിതാക്കള്‍ വിടുകളില്‍ നിന്നും അടിച്ചിറക്കപ്പെടുന്നു. നമ്മുടെ കുട്ടികള്‍ സുരഷിതരല്ലാതെ ആകുന്നു. ഏതു വിധേനയും പണം സമ്പാദിക്കുന്നതിനായി മനുഷ്യന്‍ പായുന്നു. രാഷ്ട്രീയക്കാരും, ജാതിമത സംഘടനകളും പരസ്പരം കലഹിച്ച് ജീവനെടുക്കുന്നു.ഈ കറുത്ത കാലത്ത് നന്മയുടെ മനസ് കാണാന്‍ കഴിയുന്നത് പ്രവാസികളില്‍ മാത്രം. അവര്‍ വന്ന വഴികളെക്കുറിച്ച് ഓര്‍ക്കുന്നു. സഹജീവികളോട് കരുതലോടെ പെരുമാറുന്നു. സമ്പാദ്യത്തിന്റെ മുന്തിയ ഭാഗം നാടിനും നാട്ടാര്‍ക്കും വേണ്ടി നല്കുന്നു. നാടിന്റെ ദുഖം അവന്റെ സ്വന്തം ദുഖമായി അവന്‍ ഏറ്റെടുക്കുന്നു. അവസാനം സര്‍ക്കാരിനു പോലും വേണ്ടാത്ത ഒരു പാഴ് വസ്തുവായി പ്രവാസിയുടെ ജീവന്‍ അവസാനിക്കുന്നു. ജീവിതഭാരം അധികമായി ചുമക്കുന്ന ഒരു പ്രവാസിയുടെ ഉള്ളില്‍ ജാതി മത ചിന്ത എന്ന വിഷം ചെന്നിട്ടില്ല. കാരണം അവന്റെ പാര്‍പ്പിടത്തിലേക്ക് ഈ വിഷം കുത്തിവയ്ക്കുന്ന നേതാക്കള്‍ക്ക് കടന്നുചെല്ലുവാന്‍ അല്പം ആയാസമാണ്. പരവതാനി വിരിച്ച് ആനയിക്കുവാന്‍ അവര്‍ക്ക് നേരമില്ല. സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്കുവാന്‍ ഇങ്ങനെയുള്ളവര്‍ക്ക് കഴിയുകയില്ല. ഒരു യഥാര്‍ത്ഥ പ്രവാസിയില്‍ വടക്കേ ഇന്‍ഡ്യ എന്നോ തെക്കേ ഇന്‍ഡ്യയെന്നോ വ്യത്യാസമില്ല. ഇന്‍ഡ്യയെന്ന സ്വതന്ത്ര ഭാരതം, അതാണ് അവന്റെ അഭിമാനം. ആ ഒരു അഭിമാനത്തിന്റെയും ചങ്കൂറ്റത്തിന്റെയും പേരില്‍ അവന്‍ മറ്റുള്ളവരുടെ മുന്നില്‍ തലകുനിയ്ക്കാതെ നിവര്‍ന്നു നില്ക്കുന്നു. തങ്ങളുടെ കൂടെയുള്ളവന് ഒരു വീഴ്ചപറ്റിയാല്‍ താങ്ങി എഴുന്നേല്പിച്ച് തന്നൊടൊപ്പം നിര്‍ത്തുന്നു. അവിടെ രാജ്യം നോക്കാറില്ല. മുസല്‍മാനോ, ക്രിസ്ത്യാനിയോ, ഹൈന്ദവനോ എന്ന തരംതിരിക്കലില്ല. കുടൂസു മുറിയില്‍ പല രാജ്യക്കാരൊത്ത്, പല ഭാഷക്കാരൊത്ത് വേദനകളും, സന്തോഷങ്ങളും പരസ്പരം പങ്കിട്ട് ഈ മണലാരുണ്യത്തില്‍ ദിനങ്ങള്‍ തള്ളിനീക്കുന്നു. ഒരേ മുറിയില്‍ അവരവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ രൂപങ്ങള്‍ വച്ച് ആരാധിക്കാന്‍ഒരു തടസവും ഉണ്ടാകാറില്ല. ഈദും, ക്രിസ്മസും, ഓണവും, വിഷുവും, ദീപാവലിയും എല്ലാം ഇവര്‍ ആഘോഷമാക്കുന്നു. നൊയമ്പ് നോക്കുന്ന മുസല്‍മാന് നൊയമ്പു തുറക്കാനുള്ള വിഭവങ്ങള്‍ അന്യമതസ്തരായ സഹോദരങ്ങള്‍ പാകപ്പെടുത്തുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഒരു എയര്‍ ഇന്ത്യന്‍ ആകാശത്തമാശ
ഒമാൻ ഇന്ത്യയുടെ പുതിയ കല്യാണമണ്ഡപം
ലോകം ഇങ്ങനാണ് ഭായ്
പ്രവാസികളില്‍ സാധാരണക്കാരുമുണ്ട്, സാര്‍
ഗല്‍ഫില്‍ നിന്നു തിരിച്ചെത്തുന്ന ശവമഞ്ചങ്ങള്‍

ഇങ്ങനെയുള്ള പ്രവാസിയെ നമ്മുടെ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കോ, സമുദായ നേതാക്കള്‍ക്കോ ആവശ്യമില്ല. കാരണം ഇവര്‍ പാവങ്ങളാണ്. സ്വരൂപിച്ച് വയ്ക്കുന്ന ചെറിയ സമ്പാദ്യങ്ങള്‍ അവന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും നീണ്ട ആവശ്യത്തിനുമുമ്പില്‍ ഒന്നുമല്ലാതെയാകുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം നാട്ടിലേക്കുള്ള അവധിയ്ക്ക് പോക്കില്‍ ആദ്യം തന്നെ അവനെ നമ്മുടെ സ്വന്തം വിമാന കമ്പനി ചൂഷണം ചെയ്യുന്നു. സ്വന്തം കുടുബത്തിനായി പൊതിഞ്ഞ് വയ്ക്കുന്ന സമ്മാനങ്ങള്‍ പോലും കൊണ്ടുപോകാന്‍ സാധിക്കാതെ വിഷമിക്കുന്ന പ്രവാസി സഹോദരങ്ങള്‍ ഗള്‍ഫിലെ വിമാനത്താവളത്തില്‍ ഒരു സ്ഥിരം കാഴ്ചയാണ്. അന്യായമായ യാത്രകൂലി ഗള്‍ഫുകാരനില്‍ നിന്നും തട്ടിപറിച്ച് എടുക്കുന്നതോടൊപ്പം യാത്രയ്ക്കായി കൂടെ കൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കം പോലും വെട്ടികുറച്ച് അവരെ വിഷമിപ്പിക്കുന്നു. ഇന്‍ഡ്യയിലുള്ള ഒരു കൂട്ടം മേധാവികള്‍ക്ക് സുഖിക്കാനായി നമ്മുടെ വിമാന കമ്പനികള്‍ പ്രവാസിയെ ചൂഷണം ചെയ്യുന്നു.അടുത്ത ചൂഷണം നമ്മുടെ വിമാനത്താവളങ്ങളിലാണ്. അവിടെ നിന്നും തുടങ്ങുന്ന കബളിപ്പിയ്ക്കപ്പെടല്‍ ഉറ്റ ബന്ധുക്കള്‍ മുതല്‍, നാട്ടുകാരായ മ്യൂച്ചല്‍ ഫണ്ട് ഏജന്റില്‍ വരെ എത്തിനില്ക്കുന്നു. കൈയ്യിലുള്ള പണത്തിന്റെ ഭാരം കുറയുമ്പോള്‍ സ്വന്തക്കാരെന്ന് കരുതുന്നവരുടെയടക്കം മുഖത്തെ ഭാവമാറ്റം പ്രവാസി അറിയുന്നു. ഏത് വിധേനയും തങ്ങളുടെ അവധി തള്ളി നീക്കി അവര്‍ വീണ്ടും ഈ മണലാരുണ്യത്തിലേക്ക് ഊളിയിടുന്നു. ജന്മരാജ്യം നല്കുന്ന കരുതലിന്റെ പത്തിരട്ടി സുരക്ഷിതത്വം ഗള്‍ഫ് എന്ന പുണ്യദേശം അവര്‍ക്ക് നല്കുന്നു. എങ്കിലും അവര്‍ അടുത്ത അവധിയ്ക്കായി ദിനം എണ്ണല്‍ തുടങ്ങുകയായി.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സന്തോഷ് പവിത്രമംഗലത്തിന്റെ ലേഖനം

പ്രതിസന്ധി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ആദ്യം സ്വന്തം മുണ്ട് മുറുക്കിയുടുക്കട്ടെ


Next Story

Related Stories