TopTop
Begin typing your search above and press return to search.

പ്രവാസി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍

പ്രവാസി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍

ഭാര്യയ്ക്ക് നാട്ടില്‍ സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ ആദ്യ രണ്ടു വര്‍ഷം ജോലി ചെയ്ത് തിരിച്ച് വീണ്ടും ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാം എന്ന ഉറപ്പിലാണ് എന്റെ രണ്ടു കുട്ടികളെയും ഞാന്‍ നാട്ടിലേക്കയക്കുന്നത്. വളരെ വിഷമത്തോടെ കൂട്ടുകാരെ പിരിഞ്ഞ ഞങ്ങളുടെ കുട്ടികള്‍ നാട്ടില്‍ എത്തി 6 മാസത്തിനകം അവരുടെ ആഗ്രഹം തുറന്നു പറഞ്ഞു. പപ്പാ ഞങ്ങള്‍ക്ക് ഗള്‍ഫില്‍ പഠിക്കേണ്ട, ഇവിടെ പഠിച്ചാല്‍ മതി. വിഷമത്തോടെ ഞാന്‍ ഉവ്വ് എന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളി. എന്റെ വിഷമം കണ്ട - ഒരു ടീച്ചറായ ഭാര്യയിലൂടെ കുട്ടികളെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.

ഖത്തറില്‍ ഒന്നിലും മൂന്നിലും പഠിച്ചുകൊണ്ടിരുന്ന എന്റെ കുട്ടികള്‍ കണ്ടെത്തിയ കാരണങ്ങള്‍ വളരെ ഹൃദയസ്പര്‍ശിയായിരുന്നു. ഉറക്കം പൂര്‍ത്തിയാകാതെയുള്ള ദിനചര്യകള്‍ അവരെ മാനസികമായി വിഷമിപ്പിച്ചിരുന്നു. സ്‌കൂളില്‍ വച്ചുള്ള പ്രഭാതഭക്ഷണവും വെയിലത്ത് വാടിവന്നുള്ള ഉച്ചഭക്ഷണവും ആഴ്ചാവസാനമുള്ള പാര്‍ട്ടികളും അവരുടെ ആഹാരരീതിയെ പാടെ മാറ്റിയിരുന്നു. പൊരിവെയിലത്തു വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞു ഹോംവര്‍ക്കിനും പ്രോജക്ട് വര്‍ക്കിനും ഇരിക്കുമ്പോള്‍ അവരുടെ ശരീരം ഒരു നല്ല വിശ്രമം ആഗ്രഹിക്കുന്ന സമയങ്ങളായിരുന്നു.

ഗള്‍ഫ് നാടുകളില്‍ ജോലി തേടിയെത്തുന്നവരുടെ പ്രധാന ലക്ഷ്യം സമ്പാദ്യം ആയതിനാലും, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചിലവുകള്‍ കഴിഞ്ഞു ബാക്കി വരുന്നത് വളരെ തുച്ഛമായതോ, ജീവിത ചിലവുകള്‍ക്ക് തന്നെ അപര്യാപ്തമായതോ ആയതിനാല്‍ മിക്കവാറും ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു. ഇവിടെ തുടങ്ങുകയായി കുട്ടികളുടെ ദുരിതം. കൈക്കുഞ്ഞുങ്ങളെ പോലും ആയമാരുടെ കൈയ്യില്‍ ഏല്‍പ്പിച്ച് കിട്ടിയ ജോലി നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടിവിടെ. അണുകുടംബങ്ങളായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തൊട്ടടുത്ത ബന്ധുക്കള്‍ വരാന്‍ തയ്യാറായാലും അവര്‍ക്കവിടെ പെര്‍മനെന്റ് വിസ കിട്ടില്ല എന്നുള്ളത് മറ്റൊരു വിഷമമാണ്.

കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയാലും തീരുന്നില്ല മാതാപിതാക്കളുടെ ഉത്രാടപ്പാച്ചില്‍. മിക്ക സ്‌കൂളുകളും അതിരാവിലെ 7 നും 7.30നും ഇടയ്ക്ക് തുറക്കും. ഇവിടുത്തെ ഏറ്റവും വലിയ ചിലവ് വാടക ആയതിനാല്‍ വാടക ഏറ്റവും കുറവുള്ള ഫ്‌ളാറ്റുകളിലോ വില്ല കോമ്പൗണ്ടുകളിലോ ആകും സാധാരണ ആള്‍ക്കാര്‍ താമസിക്കുക. പത്തോ പതിനഞ്ചോ കിലോമീറ്റര്‍ ദൂരമുള്ള സ്‌കൂളിലെത്തുവാന്‍ മിക്കവാറും 30 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം എടുക്കാറുണ്ട്. സ്‌കൂള്‍ ബസില്‍ വെച്ചുറങ്ങിപ്പോയ കുട്ടികള്‍ മരിച്ചതുപോലുള്ള സംഭവങ്ങള്‍ പല മാതാപിതാക്കളേയും, പ്രത്യേകിച്ച് കൊച്ചുക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുള്ളവര്‍, കുട്ടികളെ സ്‌കൂളില്‍ നേരിട്ട് കൊണ്ടുപോയി വിടാന്‍ നിര്‍ബന്ധിതമാക്കുന്നു. ഇതുണ്ടാക്കുന്ന ഗതാഗതകുരുക്കും ചില്ലറയല്ല.പണ്ടുള്ളതുപോലെ മൈലുകള്‍ താണ്ടിയല്ല സ്‌കൂളുകളെങ്കിലും തീര്‍ച്ചയായും നാട്ടിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന പി ഇ ടി സമയം ക്ലാസ് മുറികളില്‍ നിന്നും അവര്‍ക്ക് കിട്ടുന്ന വലിയൊരാശ്വാസമാണ്. രാജ്യത്തിന് തന്നെ അഭിമാനമായിത്തീര്‍ന്ന കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ സ്‌കൂള്‍ ടൈം ടേബിളിലെ ഈ സമയം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നതില്‍ രണ്ടഭിപ്രായമില്ല. കടുത്ത ചൂടോ അല്ലെങ്കില്‍ അതിശൈത്യമോ അനുഭവപ്പെടുന്ന ഈ മണലാരണ്യത്തില്‍ ഉള്ള സ്‌കൂളുകളില്‍ മിക്കവാറും പി ഇ ടി സമയങ്ങള്‍ ക്ലാസുകളില്‍ തന്നെ ഇരുന്നു മുഷിയാനോ അല്ലെങ്കില്‍ ശീതീകരിച്ച ഇടനാഴിയില്‍ വ്യായാമമുറകള്‍ ചെയ്യാനോ മാത്രമേ ഉപകരിക്കൂ. തന്നെക്കാള്‍ ഒരു ഡിഗ്രി കൂടുതല്‍ പഠിച്ചവന്‍ വാങ്ങിക്കുന്ന ശമ്പളത്തെക്കുറിച്ച് വ്യാകുലനാകുന്ന മലയാളി പലപ്പോഴും തനിക്കെത്തിപ്പെടാന്‍ പറ്റാത്ത കസേരകളില്‍ എങ്ങനെ തന്റെ മക്കളെ എത്തിക്കാം എന്ന ചിന്തയില്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കാറില്ല.

സ്വന്തം എ സി കാറില്‍ പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും തണുപ്പും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന എന്നെപ്പോലുള്ള പല മാതാപിതാക്കളും എന്റെ മക്കള്‍ വിഷമത്തോടെ പറഞ്ഞ വാക്കുകളും അറിഞ്ഞിരിക്കണം. ''പപ്പാ കൊടുംചൂടില്‍ ഇട്ടിരിക്കുന്ന വണ്ടിലിയേക്കാണ് 40 തിലേറെ കുട്ടികളെ തള്ളിക്കയറ്റുക. ഫുള്‍ സ്പീഡില്‍ എ സി ഇട്ടാലും ചൂട് കാറ്റ് പോലേ തോന്നൂ.'' തന്നെയുമല്ല തിരക്കില്‍ നിന്നും വണ്ടി ഒന്ന് നന്നായി ഓടിത്തുടങ്ങാന്‍ കുറഞ്ഞത് അരമണിക്കൂര്‍ സമയമെങ്കിലും എടുക്കും.

വറുചട്ടിയില്‍ നിന്നും എരിതീയിലേക്ക് എന്ന് പറഞ്ഞപോലെയാണ് മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുന്ന കുട്ടികളുടെ അവസ്ഥ. സ്‌കൂള്‍ ബസിലെ കാല്‍വരി യാത്ര കഴിഞ്ഞൊന്നു വിശ്രമിക്കാനായി ആഗ്രഹിച്ചു വരുന്ന അവരിലും പലരും പോകേണ്ടിവരിക അവരുടെ വീടിന്റെ അത്ര പോലും സൗകര്യമില്ലാത്ത ഡേ കെയര്‍ അല്ലെങ്കില്‍ ട്യൂഷന്‍ സ്ഥലത്തേക്കാവും. വൈകിട്ടു മാതാപിതാക്കള്‍ ആരെങ്കിലും വന്ന് വിളിക്കുന്നത് വരെയുള്ള മണിക്കൂറുകള്‍ അവരിലുണ്ടാക്കാവുന്ന മാനകിസവ്യഥ ആ കണ്ണുകളിലെ നിരാശാഭാവത്തില്‍ പ്രകടമാണ്. ''ഇങ്ങനെ വരുന്ന കുട്ടികളെ കാത്തിരിക്കുന്നത് അടുത്ത ദിവസം ചെയ്തു തീര്‍ക്കേണ്ട പ്രോജക്ട് വര്‍ക്കുകളും വൈകിട്ടത്തെ ട്യൂഷനുമാകും.'' ഇവിടെയുള്ള ഒരു പ്രമുഖ സ്‌കൂളിലെ ടീച്ചര്‍ ഓര്‍മ്മപ്പെടുത്തി.

മിക്കവാറും കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞാല്‍ നാട്ടിലാണ് പഠിക്കാറ്. ഗള്‍ഫ് സ്‌കൂള്‍ ജീവിതത്തിലെ സഹനങ്ങള്‍ എല്ലാം കഴിഞ്ഞ് നാട്ടിലെത്തുന്ന ഇവര്‍ പടയെപ്പേടിച്ച് പന്തളത്തെത്തിയാല്‍ പന്തം കൊളുത്തിപ്പട എന്നു പറയുന്ന സാഹചര്യത്തിലാവും ജീവിക്കുക. ഗള്‍ഫ് നാടുകളിലെ ചിട്ടയായ ജീവിതസാഹചര്യങ്ങള്‍ മിക്കവാറും കുട്ടികളെ ഒരു പുസ്തകപ്പുഴുവോ കമ്പ്യൂട്ടര്‍ സഹചാരിയോ ആക്കിയിട്ടുണ്ടാവും. മാതാപിതാക്കളുടെ ലക്ഷ്മണരേഖ താണ്ടാത്തവരാകും അധികവും. പഠനമേഖലയില്‍ തീര്‍ച്ചയായും ഇവര്‍ നാട്ടിലെ വിരുതന്‍മാരെ കടത്തിവെട്ടുക തന്നെ ചെയ്യും, എന്നാല്‍ പാഠ്യേതര വിഷയങ്ങളില്‍ - അല്ലെങ്കില്‍ കോളേജ് കാമ്പസ് കഴിഞ്ഞുള്ള എന്ത് കാര്യത്തിലും അവര്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് അവസ്ഥയിലാകും.കുട്ടികളുടേതായ ലോകത്തിലെ പല തമാശകളും അതിന്റേതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് കഴിയണം എന്നില്ല. ഏതിലും എന്തിലും ദ്വയാര്‍ത്ഥമുള്ള നമ്മുടെ ഭാഷാ പ്രയോഗവും ഇവരെ വിഷമിപ്പിക്കാറുണ്ട്. പ്രവാസി എന്ന കാരണം കൊണ്ടും, ഗള്‍ഫ് നിയമസംഹിതയിലുള്ള കാഠിന്യവും ഏതൊരു മലയാളിയും കഴിവതും നല്ല മാര്‍ഗ്ഗത്തിലൂടെ ജീവിക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. തീര്‍ച്ചയായും അവരുടെ കുട്ടികളും വളഞ്ഞ വഴികള്‍ കണ്ടുപിടിച്ചവരാകില്ല. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഭരിക്കുന്ന പാര്‍ട്ടി തീരുമാനിക്കുന്ന അതിര്‍വരമ്പുകള്‍ മാത്രമുള്ള നമ്മുടെ നാടിന്റെ സ്ഥിതി അതല്ല. ഇവിടെ വാളെടുത്തവന്‍ എല്ലാ കോമരക്കാരാണ്. മിക്കവാറും എല്ലാ അത്യാവശ്യ സര്‍വ്വീസുകളും ഓണ്‍ലൈന്‍ ആയിരിക്കുന്ന ഇവിടെ ജീവിച്ചു വളര്‍ന്നു നാട്ടില്‍ എന്തെങ്കിലും ഒരാവശ്യത്തിന് ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോകേണ്ടി വന്നാല്‍ മനസ്സിലാകും സായിപ്പ് പിടിപ്പിച്ചുപോയ പുലിവാലാകുന്ന നടപടിക്രമങ്ങള്‍ എത്ര അക്രമകാരി എന്ന്.

നാട്ടില്‍ ഉപരിപഠനത്തിനായി പോകുന്ന എന്‍ ആര്‍ ഐ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന ചില വിഷമങ്ങളിലേക്ക് ഇ & വൈയില്‍ ഡയറക്ടറായി ജോലി നോക്കുന്ന രനേഷ് നായര്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. പലപ്പോഴും നാട്ടിലെ പത്തുരൂപയില്‍ കുറവുള്ള ചിലവ് റിയാലിലേക്ക് മാറ്റുമ്പോള്‍ തീരെ ഗണ്യമല്ലാ എന്നുള്ളത് ഇവരെ മറ്റുള്ളവരുടെ ഇടയില്‍ ധൂര്‍ത്തനോ ധാരാളിയോ ഒക്കെ ആയി ചിത്രീകരിക്കാം. എ സി കാറുകളിലും ടാക്‌സിയിലും മാത്രം സഞ്ചരിച്ചിട്ടുള്ള ഇത്തരക്കാരെ നാട്ടിലെ ബസ്സുകളുമായി പൊരുത്തപ്പെട്ടു വരാന്‍ കുറച്ചു സമയം എടുക്കും. ഗള്‍ഫിലുള്ള കൃത്യമായ ഗതാഗത നിയമങ്ങള്‍ കണ്ടുവളര്‍ന്നവരെ സംബന്ധിച്ചിടത്തോളം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നാട്ടിലെ ട്രാഫിക് നിയമവും, ഒരു കാറുപോലും പോകാത്ത വഴിയിലൂടെ ബസ്സും ട്രക്കും ഒക്കെ കൊണ്ടു പോകേണ്ടിവരുന്ന വിരുതും, നാളിതുവരെ മാതാപിതാക്കളുടെ അമിത സംരക്ഷണ വലയത്തില്‍ കഴിഞ്ഞതും ഒരു ബദല്‍ മാര്‍ഗ്ഗമായ ടൂ വീലര്‍ പരീക്ഷിക്കുന്നതില്‍ നിന്നും അവരെ പിറകോട്ട് വലിക്കുന്നു.

ഗള്‍ഫില്‍ തന്നെ ജീവിച്ചു വളര്‍ന്ന് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന മറ്റൊരു പെണ്‍കുട്ടി പറഞ്ഞത് നാട്ടില്‍ എത്തിയപ്പോള്‍ ഏറ്റവും വിഷമം തോന്നിയത് ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാന്‍ പറ്റിയില്ല എന്നുള്ളതും, കോളേജ് പഠന സമയത്ത് എന്‍ ആര്‍ ഐ കുട്ടികളെ സ്വന്തം കൂടെ കൂട്ടാന്‍ മറ്റു കുട്ടികള്‍ കാണിക്കുന്ന വിമുഖതയാണ്.

മറ്റൊരാള്‍ പറഞ്ഞത് വളരെ രസകരമായി തോന്നി. ''ഇവിടെയുള്ള ചട്ടക്കൂട്ടില്‍ നിന്നും ഒന്നു മാറി നാട്ടിലുള്ള അവസ്ഥയുമായി പൊരുത്തപ്പെട്ട് അവിടുത്തെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉപ്പയുടെ ഫോണ്‍ വന്നു. മോനേ നിനക്കിവിടെ ഒരു നല്ല ജോലി ശരിയായി. വേഗം മടങ്ങാന്‍ തയ്യാറായിക്കോ എന്ന്.''

മറ്റാരേക്കാളും പ്രശ്‌നങ്ങളെ നേരിടാന്‍ ആത്മധൈര്യമുള്ളവരാണ് പ്രവാസികള്‍ - നമ്മുടെ അനുദിന ബുദ്ധിമുട്ടുകളെ നേരിടാന്‍ വാരാന്ത്യ പാര്‍ട്ടികളും ഒത്തുചേരലുകളും പ്ലാന്‍ ചെയ്യുന്ന നമ്മള്‍ - നമ്മുടെ കുട്ടികളുടെ വിഷമങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നുണ്ട് എന്നുറപ്പ് വരുത്താം. എഞ്ചിനീയറിംഗും, എം ബി ബി എസും അല്ലാതെയും ജീവിതത്തിന് ലക്ഷ്യമുണ്ട് എന്ന ബോധ്യം ആദ്യം നമ്മളിലുണ്ടാവട്ടെ... അതൊരു പക്ഷെ നമ്മുടെ കുട്ടിയെ നല്ലൊരു കലാകാരനോ, പത്രപ്രവര്‍ത്തകനോ, നല്ല ബിസിനസുകാരനോ ഒക്കെയാക്കി മാറ്റും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകനമ്മുടെ കുട്ടികള്‍ നമുക്കെപ്പോഴും കുട്ടികള്‍ തന്നെയാണ്. നാളെ അവര്‍ മറ്റൊരാളുടെ അച്ഛനും അമ്മയും ആകേണ്ടവരാണ്. കാര്യഗൗരവത്തോടെ വിഷയങ്ങള്‍ വിശകലനം ചെയ്യേണ്ടവരാണ്. ഇന്ന് നമ്മള്‍ നമ്മെക്കാളും വലിയവരായി കാണുന്നവരെപ്പോലും നിയന്ത്രിക്കാന്‍ കാര്യശേഷിയുണ്ടാവേണ്ടവരാണ്. നമ്മെ നാമാക്കിയ നമ്മുടെ നാടിനെയും നാട്ടുകാരെയും ഉത്സവങ്ങളെയും ആഘോഷങ്ങളെയും ഒരിക്കലും മറക്കാതെ നമ്മുടെ കുഞ്ഞുങ്ങളിലേക്ക് പകരാന്‍ ശ്രമിക്കാം. കുടുംബബന്ധങ്ങളുടെ ആഴം മനസ്സിലാക്കാന്‍ നമ്മുടെ ബന്ധുക്കളുമായി കുട്ടികള്‍ തീര്‍ച്ചയായും ഒരു നല്ല സ്‌നേഹബന്ധം വളര്‍ത്തുന്നു എന്നുറപ്പു വരുത്താം കുട്ടികളുടെ പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു ജോലികളില്‍ അവരെക്കൂടി പങ്കുകാരാക്കാം. പോരായ്മകളിലും വിഷമങ്ങളിലും നമുക്കാശ്വാസം നല്‍കിയ മണ്ണിന്റെ സുഗന്ധം അറിയാന്‍ അവര്‍ക്കും അവസരം നല്‍കാം.

മാറ്റങ്ങളെ എന്നും കൈ നീട്ടി സ്വീകരിച്ച നമുക്ക് കുട്ടികള്‍ ജീവിച്ചുവളരുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് അതിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ തയ്യാറാക്കാം. അവരുടെ ചുറ്റുപാടുകളില്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. അങ്ങനെ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി നാം കാണുന്ന കുട്ടികള്‍ ഒരു നല്ല നാളെയുടെ രചയിതാക്കളാവട്ടെ.


Next Story

Related Stories