UPDATES

ചരിത്രത്തില്‍ ഇന്ന്

1991 ജനുവരി 17: ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോമി’ന് തുടക്കമായി

കുവൈറ്റിനെ ഇറാഖ് ആക്രമിക്കുകയും കീഴടക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള 34 രാഷ്ട്രങ്ങളുടെ സഖ്യ ശക്തികള്‍ ഇറാഖിനെതിരെ നടത്തിയ യുദ്ധമാണ് ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോം

കുവൈറ്റിനെ ഇറാഖ് ആക്രമിക്കുകയും കീഴടക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള 34 രാഷ്ട്രങ്ങളുടെ സഖ്യ ശക്തികള്‍ ഇറാഖിനെതിരെ നടത്തിയ യുദ്ധമാണ് ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോം (1991 ജനുവരി 17-1991 ഫെബ്രുവരി 28). ഇസ്രായേലി തിരിച്ചടിയെ പ്രതിരോധിക്കുന്നതിന് 1991 ജനുവരി 17-ന് ഇറാഖ് എട്ട് സ്‌കഡ് മിസൈലുകള്‍ പരീക്ഷിച്ചെങ്കിലും അതില്‍ വിജയിക്കാന്‍ സാധിച്ചില്ല. 1990 ഓഗസ്റ്റ് രണ്ടിന് ഇറാഖി സൈന്യം ആരംഭിച്ച കുവൈറ്റ് അധിനിവേശം അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമാവുകയും ഐക്യരാഷ്ട്ര സുരക്ഷ കൗണ്‍സില്‍ ഉടനടി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ലിയു ബുഷ് ഉടനടി യുഎസ് സേനയെ സൗദി അറേബ്യയില്‍ വിന്യസിക്കുകയും രംഗത്തേക്ക് സൈന്യങ്ങളെ അയയ്ക്കാന്‍ മറ്റ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനീക സഖ്യം എന്ന് വിശേഷിപ്പിക്കാവുന്ന മുന്നണിയില്‍ നിരവധി രാജ്യങ്ങള്‍ അണിചേര്‍ന്നു. യുഎസില്‍ നിന്നായിരുന്നു ഏറ്റവും വലിയ സേന അണിനിരന്നത്. യഥാക്രമം സൗദി അറേബ്യയും യുണൈറ്റഡ് കിംഗ്ഡവും ഈജിപ്തും പ്രധാന സംഭാവനകള്‍ നല്‍കി. മൊത്തം ചിലവായ 60 ബില്യണ്‍ യുഎസ് ഡോളറില്‍ 32 ബില്യണ്‍ യുഎസ് ഡോളര്‍ കുവൈത്തും സൗദി അറേബ്യയും നല്‍കി.

കുവൈത്തായിരുന്നു യുഎസിന് പ്രധാനമായും എണ്ണ നല്‍കിയിരുന്നത്. ഇറാഖിന്റെ ആക്രമണം മറ്റൊരു പ്രധാന എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയ്ക്ക് അടിയന്തിര ഭീഷണിയായി മാറി. സൗദി അറേബ്യ സദ്ദാം ഹുസൈന് മുന്നില്‍ കീഴടങ്ങിയിരുന്നെങ്കില്‍ ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചില്‍ ഒരു ഭാഗത്തിന്റെ നിയന്ത്രണം ഇറാഖിന് ലഭിക്കുമായിരുന്നു. എല്ലാ കണ്ണുകളും വൈറ്റ് ഹൗസിന്റെ പ്രതികരണത്തിന് വേണ്ടി കാക്കുകയായിരുന്നു. പ്രസിഡന്റ് റീഗന്റെ പിന്‍ഗാമിയായി അധികാരമേറ്റ പ്രസിഡന്റ് ബുഷിന്റെ പ്രതികരണം ലളിതമായിരുന്നു: ‘ഇത് അനുവദിക്കാനാവില്ല.’ വിയറ്റ്‌നാം പാഠങ്ങള്‍ ഓര്‍മയുണ്ടായിരുന്ന ബുഷ് പൊതുജനങ്ങളുടെ പിന്തുണയും തേടി. അപൂര്‍വം വിമര്‍ശകര്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിലെ നേരിയ ഭൂരിപക്ഷവും പ്രസിഡന്റിന്റെ നടപടികളെ പിന്തുണച്ചു. സേനകളെല്ലാം വിന്യസിക്കപ്പെട്ടതോടെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് അന്ത്യശാസനം നല്‍കി: 1991 ജനുവരി 15-ന് മുമ്പ് കുവൈത്തില്‍ നിന്നും പിന്മാറുകയോ അല്ലെങ്കില്‍ ബഹുരാഷ്ട്ര സേനയുടെ സമ്പൂര്‍ണ ആക്രമണം നേരിടുകയോ ചെയ്യുക. ഇറാഖില്‍ നിന്നും ഒരു പ്രതികരണവുമില്ലാതെ ജനുവരി 15 കടന്നുപോയി. 1991 ജനുവരി 17-ന് വ്യോമ, നാവിക ബോംബാക്രമണത്തിലൂടെയാണ് കുവൈത്തില്‍ നിന്നും ഇറാഖിനെ ഒഴിപ്പിക്കാനുള്ള സൈനീക നടപടികള്‍ ആരംഭിച്ചത്. ഈ ആക്രമണം അഞ്ച് ആഴ്ച നീണ്ടുനിന്നു. തുടര്‍ന്ന് ഫെബ്രുവരി 24-ന് കരയുദ്ധം ആരംഭിച്ചു. സഖ്യസേനകള്‍ നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു. കുവൈത്തില്‍ നിന്നും ഇറാഖി സേനകളെ ഒഴിപ്പിക്കുകയും ഇറാഖ് മേഖലകളിലേക്ക് സഖ്യസേന കടന്നുകയറുകയും ചെയ്തു. ആക്രമണം തുടങ്ങി 100 മണിക്കൂറിന് ശേഷം സഖ്യസേന മുന്നേറ്റം അവസാനിപ്പിക്കുകയും വെടിനിറുത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാഖിലും കുവൈത്തിലും സൗദി അറേബ്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലുമായി കര, വ്യോമ ആക്രമണങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. സൗദി അറേബ്യയിലെ സഖ്യകക്ഷികളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാഖ് സ്‌കഡ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഫെബ്രുവരി 24-നാണ് കരയുദ്ധം ആരംഭിച്ചത്. ബോംബാക്രമണം ആഴ്ചകളോളം നീണ്ടെങ്കിലും കരയുദ്ധം തുടങ്ങി 100 മണിക്കൂറിന് ശേഷം കുവൈത്ത് മോചിപ്പിക്കപ്പെട്ടതായി സഖ്യസേന പ്രഖ്യാപിച്ചു. കുവൈത്തിലൂടെ മുന്നേറിയ അമേരിക്കന്‍ കരസേനയിലെ പട്ടാളക്കാര്‍ തെക്കന്‍ ഇറാഖ് പ്രവിശ്യകളില്‍ പ്രവേശിച്ചു. ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ചില അനിശ്ചിതത്വങ്ങള്‍ സമ്മാനിച്ചു. സൈനീക ലക്ഷ്യങ്ങള്‍ പൂര്‍ണമായെങ്കിലും, കുവൈത്തിന്റെ ബലാല്‍സംഗത്തിന്റെ സൂത്രധാരനായ സദ്ദാം ഹുസൈന്‍ ബാഗ്ദാദ് കേന്ദ്രമാക്കി അപ്പോഴും ഇറാഖ് ഭരിക്കുകയായിരുന്നു. ബാഗ്ദാദ് പിടിച്ചടക്കാന്‍ സഖ്യസേനകള്‍ സഹായിക്കില്ലെന്ന് പ്രസിഡന്റ് ബുഷ് ഭയന്നു. സദ്ദാം ഭരണകൂടത്തെ അട്ടിമറിച്ചാല്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീളുമെന്ന ഭീതിയും ഉടലെടുത്തിരുന്നു. എന്നാല്‍ അധികം താമസിയാതെ ഇറാഖ് വെടിനിറുത്തലിന് സമ്മതിക്കുകയും സംഘര്‍ഷം അവസാനിക്കുകയും ചെയ്തു. യുദ്ധമുന്നണിയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു തുടങ്ങിയത് ഈ യുദ്ധത്തോടെയാണ്. അമേരിക്കന്‍ ചാനലായ സിഎന്‍എന്‍ ആയിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോമിനിടയില്‍ യുഎസ് യുദ്ധവിമാനങ്ങളില്‍ വച്ചിരുന്ന ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വീഡിയോ ഗെയിം യുദ്ധം എന്ന വിളിപ്പേരും ഇതിനുണ്ടായി. റഡാറിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ശേഷിയുള്ള പ്രച്ഛന്ന യുദ്ധവിമാനങ്ങള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു. യുദ്ധമുഖത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് നേരിട്ടുകാണാന്‍ തുടങ്ങിയതോടെ ജനറല്‍ നോര്‍മന്‍ സ്‌കവാര്‍സ്‌കോഫും ജനറല്‍ കോളിന്‍ പവലും ലോകമെമ്പാടും കുടുംബാംഗങ്ങളെ പോലെ പരിചിതരായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍