UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷോണ്‍ പെന്നിനോട് ഗുസ്മാന്‍ പറഞ്ഞു; ലോകത്തില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വിതരണക്കാരന്‍ ഞാനാണ്…

Avatar

ജോഷ്വ പാര്‍ട്ട്‌ലോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജയില്‍ചാടല്‍, എണ്ണമില്ലാത്ത അഴുക്കുചാലുകളും തുരങ്കങ്ങളും നിറഞ്ഞ രക്ഷപെടല്‍, ഒഴുകിയെത്തുന്ന പണം, ആവേശകരമായ ആള്‍വേട്ട എന്നിങ്ങനെ മെക്‌സിക്കന്‍ മയക്കുമരുന്നുരാജാവ് ജൊവാക്വിന്‍ എല്‍ ചാപോ ഗുസ്മാന്റെ ജയില്‍ചാട്ടത്തിന്റെയും വീണ്ടും പിടിയിലാകലിന്റെയും കഥ അവിശ്വസനീയതകള്‍ നിറഞ്ഞതാണ്. ആ കഥയില്‍ വീണ്ടും അതിശയം നിറച്ച് ഷോണ്‍  പെന്‍ കടന്നുവരുന്നു.

ലോകത്തെ ‘മോസ്റ്റ് വാണ്ടഡ്’കുറ്റവാളികളിലൊരാളാണ് ഗുസ്മാന്‍. മെക്‌സിക്കന്‍ മിലിട്ടറി ഓപ്പറേഷനുകളെയും അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനെയും (ഡിഇഎ) വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ ഹോളിവുഡ് നടന്‍ ഷോണ്‍  പെന്നുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ വിവരം. ശനിയാഴ്ച റോളിങ്‌സ്‌റ്റോണ്‍ മാസിക പ്രസിദ്ധീകരിച്ച ഈ അഭിമുഖ സംഭാഷണം ഗുസ്മാന്റെ മയക്കുമരുന്നു ജീവിതത്തില്‍ ആദ്യത്തെതാണ്. അഭിമുഖം നടന്ന സ്ഥലം വ്യക്തമാക്കിയിട്ടില്ല.

സംഭാഷണത്തില്‍ ഗുസ്മാന്‍ മയക്കുമരുന്നു സാമ്രാജ്യത്തിലെ തന്റെ മേധാവിത്വം ഉറക്കെ പ്രഖ്യാപിക്കുന്നു. ‘ലോകത്ത് മറ്റാരെക്കാള്‍ കൂടുതല്‍ ഹെറോയിന്‍, മെറ്റാംഫിറ്റമൈന്‍, കൊക്കെയ്ന്‍, മരിജുവാന എന്നിവ വിതരണം നടത്തുന്നത് ഞാനാണ്. എനിക്ക് സബ്മറൈനുകളും വിമാനങ്ങളും ട്രക്കുകളും ബോട്ടുകളുമുണ്ട്, ‘ ഗുസ്മാന്‍ പറയുന്നു.

സ്വന്തം സംസ്ഥാനമായ സിനാലോവയില്‍ പിടിയിലായ ഗുസ്മാനെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചവയില്‍ ഒന്ന് ഈ അഭിമുഖമാണെന്ന് മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നു.

ഗുസ്മാനുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ദൈര്‍ഘ്യമേറിയ വിവരണമാണ് പെന്‍ തരുന്നത്. മെക്‌സിക്കന്‍ നടി കേറ്റ് ദെല്‍കാസ്റ്റിലോ വഴി മെക്‌സിക്കന്‍ മലനിരകളിലെ വെളിപ്പെടുത്താത്ത ഒരിടത്തായിരുന്നു പെന്‍ – ഗുസ്മാന്‍ കൂടിക്കാഴ്ച. എന്‍ക്രിപ്ഷന്‍, അജ്ഞാത ഇ മെയില്‍വിലാസങ്ങള്‍, ബേണര്‍ ഫോണുകള്‍ എന്നിങ്ങനെ ഒളിയിടം കണ്ടെത്തപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും ചെയ്തിരുന്നു.

ഗുസ്മാനൊപ്പം ഏഴുമണിക്കൂറുകള്‍ ചെലവിട്ട പെന്‍ പിന്നീട് ഫോണ്‍, വീഡിയൊ എന്നിവ വഴി തുടര്‍ വിവരശേഖരണവും നടത്തി. ഒരു വേലിക്കു മുന്നില്‍ നിന്ന് ഗുസ്മാന്‍ സംസാരിക്കുന്ന വിഡിയോ റോളിങ്‌സ്‌റ്റോണ്‍ വെബ്‌സൈറ്റിലുണ്ട്.

മയക്കുമരുന്നുമായി ബന്ധമില്ലെന്നും കൃഷിക്കാരനാണ് താനെന്നുമായിരുന്നു ഇതുവരെ ഗുസ്മാന്റെ നിലപാട്. എന്നാല്‍ പെന്നുമായുള്ള സംഭാഷണത്തില്‍ തന്റെ അത്യാകര്‍ഷകമായ വ്യാപാരത്തെപ്പറ്റി കുറ്റബോധമൊന്നുമില്ലാതെയും മനോഹരമായും ഗുസ്മാന്‍ സംസാരിക്കുന്നു.

‘ ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്ത് ഭക്ഷണം വാങ്ങാനുള്ള പണം കണ്ടെത്താനുള്ള ഏകവഴി പോപ്പിച്ചെടികള്‍ വളര്‍ത്തുകയായിരുന്നു. മയക്കുമരുന്ന് നാശമുണ്ടാക്കുമെന്നത് ശരിയാണ്. പക്ഷേ, വേറെ വഴിയുണ്ടായിരുന്നില്ല. ഇന്നും മറ്റുവഴികളില്ല. ജോലി കണ്ടെത്താനോ ജീവിക്കാനോ മറ്റൊരു സാധ്യതയുമില്ല,’ ഗുസ്മാന്‍ പറയുന്നു.

വളരെ ചെറുപ്പത്തില്‍ത്തന്നെ ഈ രംഗത്തെത്തിയ ഗുസ്മാന്റെ സംഘം മറ്റു മയക്കുമരുന്ന് സംഘങ്ങളുമായി പലതവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും തനിക്ക് അക്രമസ്വഭാവമില്ലെന്നാണ് സംഭാഷണത്തില്‍ ഇയാള്‍ പ്രഖ്യാപിക്കുന്നത്. ‘ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരിക്കലും ഞാനായി പ്രശ്‌നത്തിനു തുടക്കമിടാറില്ല’.

തീരപ്രദേശമായ ലോസ് മോച്ചിസിലെ ഒരു വീട്ടില്‍നിന്നാണ് വെള്ളിയാഴ്ച ഗുസ്മാന്‍ പിടിയിലായത്. അഴുക്കുചാലുകള്‍ കടന്ന് ഒരുകാര്‍ തട്ടിയെടുത്തു പാഞ്ഞ ഇയാള്‍ ഹൈവേയില്‍ അറസ്റ്റിലാകുകയായിരുന്നു.

സിനിമാ നിര്‍മാതാക്കള്‍ക്കും നായികമാര്‍ക്കും ഗുസ്മാനുമായുണ്ടായിരുന്ന ബന്ധം അധികൃതര്‍ക്ക് ഇയാള്‍ക്കടുത്തെത്താന്‍ സഹായകമായെന്നു മെക്‌സിക്കോ അറ്റോര്‍ണി ജനറല്‍ ആര്‍ലി ഗോമെസ്‌ഗോണ്‍സാലെസ് അറിയിച്ചു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍