തിരഞ്ഞെടുപ്പ് കാലത്തെ ഹാക്കിംഗിന് പിന്നില്‍ റഷ്യയാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. റഷ്യയും ട്രംപും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയും ഹിലരി ക്ലിന്റനും ആരോപിച്ചിരുന്നത്. അതേസമയം തനിക്ക് വേണ്ടിയാണ് ഹാക്കിംഗ് പരിപാടി നടത്തിയതെന്ന ആരോപണം ട്രംപ് തള്ളി. നിയുക്ത പ്രസിഡന്റെന്ന് നിലയ്ക്ക് നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ പ്രസിഡന്റായി അധികാരമേറ്റാല്‍ റഷ്യന്‍ ഹാക്കിംഗ് അവസാനിക്കുമെന്നും
ട്രംപ് പറഞ്ഞു. തന്നെ പ്രതിരോധത്തിലാക്കാനും ബ്ലാക് മെയില്‍ ചെയ്യാനും കഴിയുന്ന വിവരങ്ങള്‍ റഷ്യയുടെ കയ്യിലുണ്ടെന്ന ആരോപണവും ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു.
ഹാക്കിംഗ് വളരെ മോശം പരിപാടിയാണ്. എന്നാല്‍ എന്ത് വിവരങ്ങളൊക്കെയാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്ന് കൂടി ആലോചിക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഉദ്ദേശിച്ച് ട്രംപ് പറഞ്ഞു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നത് നാസി ജര്‍മ്മനിയിലേത് പോലെയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. റഷ്യയുമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ ടീമിനോ ആരോപിക്കപ്പെടുന്ന പോലൊരു ബന്ധമല്ല ഉള്ളത്. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി താന്‍ ഉണ്ടാക്കിയിരിക്കുന്ന ബന്ധം അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിവരങ്ങളും ഹാക്ക് ചെയ്യാന്‍ റഷ്യ ശ്രമിച്ചിരുന്നെങ്കിലും ഡെമോക്രാറ്റുകളുടേത് പോലെ ദുര്‍ബലമായ സംവിധാനമായിരുന്നില്ല എന്നതിനാല്‍ ഒന്നും സംഭവിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലപ്പെടുത്തുന്ന ഒബാമയുടെ അഫോഡബിള്‍ കെയര്‍ ആക്ട് പദ്ധതി പിന്‍വലിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മെക്സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയാനായി മതില് കെട്ടുമെന്ന് പറഞ്ഞത് ട്രംപ് ആവര്‍ത്തിച്ചു. നിങ്ങള്‍ ഫേക് ന്യൂസുകാരാണ് (വ്യാജ വാര്‍ത്ത) എന്ന് ട്രംപ് ഇടയ്ക്ക് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍മാരെ നോക്കി വിളിച്ച് പറയുന്നുണ്ടായിരുന്നു.