ലോകാരോഗ്യ സംഘടന ജെന്‍ഡര്‍ ഡിസ്‌ഫോറിയയെ ലൈംഗിക ആരോഗ്യത്തിന്റെ ഗണത്തിലേക്ക് കൊണ്ടുവന്നു. ഇതുവരെ മാനസികാരോഗ്യത്തിന്റെ കൂട്ടത്തിലായിരുന്നു ഇത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിടുന്ന വൈകാരിക പ്രശ്‌നങ്ങള്‍, വിഷാദം എന്നിവയെയാണ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ എന്ന് വിളിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ഒരു മാനസികരോഗാവസ്ഥയല്ല, മറിച്ച്, ഒരാള്‍ക്ക് ജന്മനാ ലഭിക്കുന്ന ലിംഗസ്വത്വത്തിനോട് അപരമായ ലിംഗസ്വത്വം പേറുന്ന അവസ്ഥയാണ്.
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്യേണ്ട കാര്യമാണെങ്കിലും ഈ നീക്കത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. ചില എല്‍.ജി.ബി.ടി.ക്യൂ.എ.ഐ പ്ലസ് പ്രതിനിധികള്‍ ലോകാരോഗ്യ സംഘടനയുടെ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്ത് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ചിലര്‍ പറയുന്നു.
മാനസികാരോഗ്യത്തിന്റെ അല്ലെങ്കില്‍ പെരുമാറ്റ വൈകല്യങ്ങളുടെ പട്ടികയില്‍ നിന്ന് ട്രാന്‍സ് ലൈംഗികത നീക്കം ചെയ്ത് അംഗീകരിക്കാന്‍ ശാസ്ത്രസമൂഹങ്ങള്‍ വളരെയധികം സമയം എടുത്തിട്ടുണ്ട്. ലിംഗ സ്വത്വത്തെ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയം മാത്രമായി കണ്ടാല്‍ മതിയോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. പുതിയ മാറ്റം ഭിന്നലിംഗക്കാരെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണയെ ഏത് വിധം സ്വാധീനിക്കുമെന്ന ആശങ്കയുള്ളവരും ഉണ്ട്.
പുതിയ മാനദണ്ഡ പ്രകാരം നയങ്ങളും നിയമങ്ങളും മാറ്റണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നു. 'ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ പലതരത്തിലുള്ള ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ ഈ നീക്കം അവര്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്ന്' ഹംസഫര്‍ ട്രസ്റ്റ് പറയുന്നു. ഇന്ത്യയിലെ ട്രാന്‍സ് കമ്യൂണിറ്റി പലവിധത്തിലുള്ള വെല്ലുവിളികളും നേരിടുന്നുണ്ട്. ചില സ്ഥലങ്ങളില്‍ അവര്‍ ആരാധിക്കപ്പെടുന്നു. മറ്റു ചില ഇടങ്ങളില്‍ അവര്‍ നിന്ദിക്കപ്പെടുകയും ചെയ്യുന്നു.