TopTop
Begin typing your search above and press return to search.

സിനിമാക്കഥയല്ല കാശ്മീരിയുടെ ജീവിതം; ഹൈദര്‍ നമ്മോട് പറയുന്നത്

സിനിമാക്കഥയല്ല കാശ്മീരിയുടെ ജീവിതം; ഹൈദര്‍ നമ്മോട് പറയുന്നത്

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കാശ്മീര്‍ ഒരു നിലവിളിയാണെങ്കില്‍, ഹൈദര്‍ ഒരു മിഴിനീര്‍കണമാണ്... നോവിക്കും ഈ നായക കഥാപാത്രം നിങ്ങളെ. തീയറ്റര്‍ വിട്ട് കിടപ്പറയില്‍ എത്തിയാലും, നേരം പുലര്‍ന്നു ജീവിതത്തിലേക്ക് കടന്നാലും ഹൈദര്‍ നിങ്ങളുടെ കൂടെപ്പോരും.

തോക്കും പ്രതികാരവും ആട്ടവും പാട്ടും സ്റ്റണ്ടുമുള്ള ശുഭ പര്യവസായിയായ ഒരു ക്ലീഷേ ബോളിവുഡ് മസാലയല്ല ഹൈദര്‍. എന്നാല്‍ വിശാല്‍ ഭരദ്വാജ് ബുദ്ധിമാനുംസമര്‍ത്ഥനുമായ ഒരു ചലച്ചിത്രകാരന്‍ ആണെന്നും, തബുവും, ഇര്‍ഫാന്‍ ഖാനും, കെ കെ മേനോനും ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കള്‍ ആണെന്നും മാത്രമേ ഹൈദരും പറയുന്നുള്ളൂ. മറിച്ച് കാശ്മീരിനെയോ, അവിടുത്തെ രാഷ്ട്രീയ- മനുഷ്യാവകാശ പ്രശ്നങ്ങളെയോ സ്പര്‍ശിക്കാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. സ്ഥിരമായി പത്രം വായിക്കുന്ന ഒരു ശരാശരി ഇന്ത്യന്‍ പൗരന് അറിയുന്ന കാശ്മീര്‍ "പ്രശ്നങ്ങള്‍" പോലും സംവിധായകന്‍ വിശാല്‍ ഭരദ്വാജിന് അറിയാത്ത മട്ടുണ്ട് ഹൈദര്‍ കാണുമ്പോള്‍. ഇന്ത്യന്‍ പട്ടാളത്തെ കുറ്റപ്പെടുത്തുന്നത് ദഹിക്കാത്ത "ദേശസ്നേഹികള്‍ക്ക്" വേണ്ടി ആവശ്യത്തിലേറെ "വിട്ടുവീഴ്ചകള്‍" സംവിധായകന്‍ ചെയ്തു എന്ന് ഏതൊരു പ്രേക്ഷകനും പ്രാഥമികമായി തോന്നും.

വില്ല്യം ഷേക്സ്പിയറിന്റെ 'ഹാംലെറ്റി'ന്‍റെ പ്ലോട്ടിന് മുകളില്‍ കാശ്മീരിന്റെ പ്രകൃതി ഭംഗിയും, പിതാവിന്റെ തിരോധാനത്തിനു പകരം വീട്ടാന്‍ വരുന്ന മകന്റെ ജീവിത വഴികളും, പ്രണയവും, പട്ടാളവും, ഉന്മാദത്തിനും അപ്പുറമുള്ള മാനസിക നിലയുള്ള നായകന്‍റെ ചേഷ്ടകളും, മകന് അമ്മയോടുള്ള ഈഡിപ്പല്‍ ആകര്‍ഷണത്തിന്റെ സൂചനകളും എല്ലാം ചേര്‍ത്തുവച്ചാല്‍ നവ്യമായ ഒരു ദൃശ്യാനുഭവം പകരുന്നുണ്ട് ഹൈദര്‍. ഇന്ത്യയുടെ ഇങ്ങേയറ്റത്തെ കേരളത്തില്‍ ഇരുന്നുകൊണ്ടാണ് ഞാനും നിങ്ങളും ഹൈദറിനെ വിലയിരുത്തുന്നത്. അങ്ങേയറ്റത്തെ കാശ്മീരില്‍ ഹൈദര്‍ അവരുടെ ജീവിതത്തോട് ഒട്ടും സത്യസന്ധത പുലര്‍ത്താത്ത ഒരു സാധാരണ ബോളിവുഡ് സിനിമ മാത്രമായിരിക്കും.ഹൈദര്‍ എന്ന നായകന്‍റെ ജീവിത ദുരന്തങ്ങള്‍ പ്രേക്ഷകന് പൂര്‍ണ്ണമായി മനസ്സിലാകണമെങ്കില്‍, ഇന്ത്യയെന്തെന്നും, പാകിസ്ഥാന്‍ എന്തെന്നും, ഇതിനിടയില്‍ കാശ്മീര്‍ എങ്ങിനെയാണ് നോവിന്റെ ഒരു ചോരനിറമാര്‍ന്ന വലിയ വട്ടപ്പൊട്ടായി സ്ഥിരമായി നിലനില്‍ക്കുന്നത് എന്നും ബോധ്യമാക്കാനുള്ള ചെറിയ ശ്രമമെങ്കിലും ചലച്ചിത്രകാരന്‍ നടത്തേണ്ടതായിരുന്നു. സിനിമ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മൂര്‍ത്തമായ കലാരൂപമായി നിലകൊള്ളുമ്പോഴും ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ തന്‍റെ സിനിമ വെളിച്ചം കാണില്ല എന്ന ശരാശരി ചലച്ചിത്രകാരന്റെ ഭയം വിശാല്‍ ഭരദ്വാജിനെയും ഭരിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

ടമാര്‍ പടാര്‍: അരിക് ജീവിതങ്ങളിലേക്ക് ഒരു മുഖ്യധാരാ ഇടപെടല്‍
ചൈനീസ് അധോലോകം, സിനിമ, ജീവിതം- സംവിധായകന്‍ ഷാങ് വീ സംസാരിക്കുന്നു
ബോളിവുഡ് മേരികോം; നമ്മുടെ നടിമാര്‍ കണ്ടുപഠിക്കേണ്ടതും
ഒടുവില്‍ അവര്‍ എന്നെ തേടിയെത്തി; ജയിലനുഭവങ്ങളുമായി 'റോസ് വാട്ടര്‍'
ഞാന്‍: ക്ലീഷേകളുടെ ഘോഷയാത്രയ്ക്കപ്പുറം കാണികളെ കാണാന്‍ പഠിപ്പിക്കുന്ന സിനിമ

ഹൈദറിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് അസാധാരണത്വം ഉള്ളവരും, ചിലപ്പോഴൊക്കെ സാഹസികരും, നിസ്സഹായരുമായി തോന്നും. പക്ഷേ ഓരോ ശരാശരി കാശ്മീരിക്കും മലയാളി ഒന്‍പത് മണിക്ക് കാണുന്ന ഒരു ന്യൂസ് അവര്‍ പോലെ കണ്ടിരിക്കാം ഹൈദര്‍. അവര്‍ക്കന്ന്യമായ ഒന്നും ഹൈദറില്‍ ഇല്ല എന്ന് മാത്രമല്ല; അവരുടെ തീക്ഷ്ണമായ അനുഭവങ്ങളോട് ഒട്ടും സത്യസന്ധത പുലര്‍ത്തുന്നുമില്ല. ഒരു നാട്ടിലെ പ്രിയങ്കരനായ ഡോക്ടര്‍ ഒരു ദിവസം അപ്രത്യക്ഷനാകുന്നതും (ഭരണകൂടം അപ്രത്യക്ഷനാക്കുന്നതും എന്നതാകും കൂടുതല്‍ ശരി) തുടര്‍ന്ന് അയാളുടെ ഭാര്യ വിധവാ തുല്യമായ ജീവിതം നയിക്കുന്നതോ, ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം ജീവിക്കുന്നതോ, മകന്‍ നമ്മുടെയും നിയമ സംഹിതകളുടെയും കണ്ണില്‍ റിബല്‍ ആകുന്നതോ, അവനു പ്രണയം നഷ്ടപ്പെടുന്നതോ, ദുരന്തങ്ങളുടെ പെരുമഴ അവന്റെ ജീവിതത്തില്‍ പേമാരിയായി പെയ്യുന്നതോ ഒരു കാശ്മീരിയുടെ ജീവിതത്തില്‍ സിനിമാക്കഥ പോലുമല്ല എന്ന് നമുക്കറിയാം.ആ നിലയ്ക്ക് പതിറ്റാണ്ടുകളായി കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേക്ക്, നിശ്ശബ്ദ തേങ്ങലുകളിലേക്ക്, ഒഴുകുന്ന രക്ത അരുവികളിലേക്ക് തിരിച്ച് പിടിച്ച ഒരു കുഞ്ഞു കണ്ണാടിപ്പൊട്ട് ആകുവാനുള്ള ശ്രമം നടത്തുന്നുണ്ട് ഹൈദര്‍. ഭരണഘടനയിലെ കാശ്മീരിന്റെ പ്രത്യേക പദവിയും . സായുധ സൈന്യത്തിന്റെ പ്രത്യേക അവകാശ -അധികാരങ്ങളെയും (Armed Forces Special Powers Act എന്ന അഫ്‌സ്പ) വിമര്‍ശന വിധേയമാക്കേണ്ടതിനു പകരം പരാമര്‍ശിച്ചുപോകുന്നുണ്ട് ചലച്ചിത്രകാരന്‍. ''മദ്രാസികള്‍" അപൂര്‍വ്വമായി മാത്രം കഥാപാത്രങ്ങളായി വരാറുള്ള ഹിന്ദി സിനിമകള്‍ക്ക്‌ അപവാദമായി വളരെ കര്‍ക്കശക്കാരായ ആര്‍മി ഉദ്യോഗസ്ഥരായി ചില സൌത്ത് ഇന്ത്യന്‍ കഥാപാത്രങ്ങളെ കാണിക്കുന്നുണ്ട് സിനിമയില്‍. അതൊഴിച്ചു നിര്‍ത്തിയാല്‍ നായകനും, പ്രതിനായകരും എല്ലാം കാശ്മീരി മുസ്ലിങ്ങള്‍ തന്നെയാണ്. വ്യവസ്ഥിതിയും, ഭരണകൂടവും , നിയമങ്ങളുമാണ് കാശ്മീരിന്റെ തോരാത്ത കണ്ണുനീരും, നിലക്കാത്ത മനുഷ്യാവകാശ പ്രശ്നങ്ങളും എന്ന് ഹൈദരും അടിവരയിടുന്നുണ്ട്.

ഇര്‍ഫാന്‍ ഖാന്റെ രുഹ്ദാരും, തബുവിന്റെ ഘസാലയും മികച്ച അഭിനയത്തികവാര്‍ന്ന കഥാപാത്രങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ച് ഇര്‍ഫാന്‍ ഖാന്‍ താരതമ്യം ഇല്ലാത്ത അതുല്ല്യ നടന്‍ എന്ന് തെളിയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. സമാനതകളില്ലാത്ത മികച്ച ക്യാമറയും സംഗീതാനുഭാവവുമാണ് ഹൈദര്‍ സമ്മാനിക്കുന്നത്. കാശ്മീരിനെ ഇത്രയും മനോഹരമായി ചിത്രീകരിച്ച സിനിമകള്‍ അപൂര്‍വ്വം എന്ന് തന്നെ പറയേണ്ടി വരും. ഗുല്‍സാറിന്റെ കവിത തുളുമ്പുന്ന വരികള്‍ക്ക് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് തന്നെ ഈണം പകര്‍ന്നിരിക്കുന്നു. ഓരോ രംഗത്തെയും ഹൃദയത്തെയും, തലച്ചോറിനെയും കൊണ്ട് ആശ്ലേഷിക്കാന്‍ ഉതകുന്ന രൂപത്തില്‍ ആകര്‍ഷകമായ പശ്ചാത്തല സംഗീതവും ഹൈദറിനെ മികവുറ്റതാക്കുന്നുണ്ട്. എന്തൊക്കെ കുറവുകള്‍ കണ്ടെത്തിയാലും ഹൈദര്‍, നിങ്ങളുടെ മനസ്സില്‍ ഒരു നോവായി പടരാന്‍ കെല്‍പ്പുള്ള ചലച്ചിത്ര ഭാഷ്യം തന്നെയാണ്..!


Next Story

Related Stories