TopTop
Begin typing your search above and press return to search.

എന്റെ തല എന്റെ മുടി; അത് വളരുന്നത് നിങ്ങളുടെ പറമ്പിലൊന്നുമല്ലല്ലോ?

എന്റെ തല എന്റെ മുടി; അത് വളരുന്നത് നിങ്ങളുടെ പറമ്പിലൊന്നുമല്ലല്ലോ?

പെണ്‍കുട്ടികള്‍ക്ക് നീണ്ട മുടി വേണം എന്ന ബോധോദയം ഉദിക്കാത്ത കാലത്ത് മുടി വെട്ടിക്കാന്‍ ദിവാകരേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് അച്ഛനും അനിയനും ഞാനും ഒന്നിച്ചാണ് പോയിരുന്നത്. ഒരേ ഹെയര്‍ കട്ട്! അങ്ങനിരിക്കെ അഞ്ചില്‍ വച്ച് സ്കൂള്‍ മാറിയപ്പോള്‍ പന്നിവാല്‍ പിന്നി റിബണ്‍ കെട്ടിയ നീണ്ട മുടിക്കാരികള്‍ നിറഞ്ഞ അഞ്ച് സി-യില്‍ ബോയ്‌കട്ട് ഉള്ള കുറെ ആണ്‍കുട്ടികളും ആലീസും പിന്നെ ഞാനും! പെണ്‍കുട്ടികള്‍ ആയാല്‍ നീണ്ട മുടി വേണം എന്ന 'അറിവൊ'ക്കെ അവിടുന്നാണ് കിട്ടുന്നത്. ഒടുക്കം അപകര്‍ഷത കൂടിക്കൂടി എനിക്കും മുടി വളര്‍ത്തണം എന്ന് ഭയങ്കര ആഗ്രഹമായി. അങ്ങനെ വാശിക്കൊടുവില്‍ അനുവദിച്ചു കിട്ടിയ മുടിവളര്‍ത്തല്‍ പെര്‍മിഷന്‍ ഭയങ്കരമായി ആസ്വദിച്ച് തലയിലെ ഇച്ചിരി പോന്ന പൂട വളര്‍ന്നു വലുതായി പന്നിവാല്‍ പിന്നുന്ന കാലം ആഗ്രഹിച്ച് താലോലിച്ചു കൊണ്ട് നടന്ന ആ കാലം! കൊച്ചു 'കൊമ്പ്' കെട്ടാന്‍ മാത്രം മുടി ഏകദേശം ആയി വരുന്നു. അങ്ങനിരിക്കെ അച്ഛന്റെ അമ്മാവന്‍ ലാന്‍ഡ് ചെയ്യുന്നു. 'പഠിക്കുന്ന പെമ്പിള്ളാര്‍ക്ക് മുടി വളര്‍ത്തുന്നത് എന്തിനാ'ന്ന് അച്ഛനോട് രണ്ട് ചാട്ടം! ആരും ഒന്നും എതിര്‍ത്ത് പറയാത്തതെന്താന്നു ഞാന്‍ അന്തം വിട്ടിരിക്കെ പുള്ളി തന്നെ കൊണ്ടുപോയി മുടി വെട്ടിക്കുന്നു - അന്ന് തല വെട്ടിയ പോലെ ഞാന്‍ കരഞ്ഞു. അടുത്ത ദിവസം സ്കൂളില്‍ പോവുന്നത് ഓര്‍ക്കുന്തോറും ഏങ്ങലടിച്ചു കരഞ്ഞു.

ഈ വിധം ഭയങ്കരമാന ദുരന്തം അതിജീവിച്ച എന്നെ വീട്ടുകാര്‍ അടുത്ത കൊല്ലം ബോര്‍ഡിംഗില്‍ കൊണ്ട് ചെന്ന് ആക്കുമ്പോ സമാധാനിപ്പിച്ചത് ഇനി മുടി വളര്‍ത്താമല്ലോ എന്ന സ്വപ്നമാണ്. മുടി വളര്‍ന്നു, ഒരുമാതിരി ഫാക്ടംഫോസ് 20-20-0-15 ഇട്ട് കൊടുത്താലെന്ന പോലെ തലങ്ങും വിലങ്ങും വളര്‍ന്നു, 'റ' കാലം ഒക്കെ പെട്ടെന്ന് ഓടിപ്പോയി 'കൊമ്പു' കാലമെത്തി. അവിടെയാണ് പ്രശ്നം തുടങ്ങിയത്. ഞാന്‍ പഠിച്ചിരുന്ന നവോദയ വിദ്യാലയയുടെ വീക്ക്‌ ഡേ ടൈം ടേബിള്‍ അനുസരിച്ച് വെളുപ്പിനെ അഞ്ചരയ്ക്കുള്ള വിസില്‍ കേട്ട് ഉണര്‍ന്ന് പല്ല് തേച്ച് സ്പോര്‍ട്ട്സ് യൂണിഫോം ഇട്ട് ആറു മണിക്ക് തയാറായി ഗ്രൗണ്ടില്‍ എത്തുന്നു, അഞ്ചാറു റൗണ്ട് ഓട്ടം - വ്യായാമ മുറകള്‍ ഒക്കെ കഴിഞ്ഞ് ആറരയ്ക്ക് തിരികെ ഹോസ്റ്റലില്‍ എത്തിയാല്‍ എഴുമണി വരെയുള്ള സമയം കൊണ്ട് തയാറായി ക്ലാസിലെത്തി റോള്‍ കോള്‍ കഴിഞ്ഞ് അസംബ്ലിക്ക് MP ഹാളില്‍ എത്തണം. അസംബ്ലി കഴിഞ്ഞ് നേരെ ക്ലാസ് തുടങ്ങുകയായി. അരമണിക്കൂര്‍ സമയം കൊണ്ട് ചെയ്യേണ്ടതില്‍ - കുളി ഒരു കാരണവശാലും ഒഴിവാക്കാന്‍ ആവില്ല. ഓടി തളര്‍ന്നു വിയര്‍ത്തു കുളിച്ചു വന്നിരിക്കുമ്പോ കുളിക്കാതെ യൂണിഫോം വലിച്ചു കേറ്റുന്നത് എങ്ങനെ? ഇനി യൂണിഫോമിന്റെ ഷൂസും സോക്സും ബെല്‍റ്റും ഒന്നും പോരാഞ്ഞ് കൂടെ റെഡ് റിബണ്‍ ചേര്‍ത്ത് മുടി പിന്നിയിടല്‍ നിര്‍ബന്ധം! മുടി നീളമുള്ളത് ആണെന്നുണ്ടെങ്കില്‍ മടക്കി പിന്നിയിടണം! ഒരു ഡോര്‍മിറ്ററിയില്‍ ഉള്ള ഇരുപത് പേര്‍ക്ക് രണ്ട് കോമണ്‍ ബാത്ത് റൂമാണ് ആകെയുള്ളത്. അഞ്ചു മിനിറ്റ് കൃത്യമായി വാച്ചില്‍ നോക്കി കുളിക്കാന്‍ പഠിച്ചതൊക്കെ അങ്ങനെയാണ്. നനഞ്ഞ മുടി പിന്നിക്കെട്ടാനുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് വിയര്‍ത്ത തല കഴുകാതെ ഇരുന്നു ക്ലാസില്‍ പോയി ഉറക്കം തൂങ്ങുന്നവര്‍ ഒരു പുതുമ ഒന്നുമായിരുന്നില്ല. നനഞ്ഞ മുടി പിന്നിക്കെട്ടി പോവുന്നവരും അതുപോലെ. ഏതായാലും ഏഴു കൊല്ലത്തെ സ്കൂള്‍ ജീവിതം കൊണ്ട് കിട്ടിയ സമ്പാദ്യം വിട്ടുമാറാത്ത ജലദോഷം, പോരാഞ്ഞ് മുടിയൊന്നില്‍ പത്തെണ്ണം വച്ചെങ്കിലും പേനും ഈരും താരനും മുടിക്കായയും എന്ന് വേണ്ട എല്ലാ നാശങ്ങളുമായിരുന്നു! അവധിക്ക് വരുമ്പോ മുടി നശിപ്പിച്ചതിന് വീട്ടുകാരുടെ വക ചീത്ത വേറെ! കേട്ടാല്‍ തോന്നും മന:പൂര്‍വം താരനും പേനും ഈരും ഒക്കെ ഞാന്‍ പെറുക്കി തലയില്‍ ഇട്ടതാണെന്ന്! പില്‍കാലത്ത് മുടി വെട്ടാന്‍ കെഞ്ചിയപ്പോ ഒരിക്കലും വീട്ടുകാര്‍ സമ്മതിച്ചുമില്ല.


By JhonRobert

വല്ലാതെ വൈകിയ ഒരു ദിവസം അസംബ്ലിക്ക് ബെല്‍ അടിച്ചിട്ടും മുടി കെട്ടി തീരാഞ്ഞിട്ടു കിട്ടാന്‍ പോവുന്ന പണിഷ്മെന്റ് ഓര്‍ത്ത് ടെന്‍ഷന്‍ കാരണം കരച്ചില്‍ വന്നു കിതയ്ക്കുമ്പോ മുടിയില്‍ ദേ, ഉടക്ക് വീഴുന്നു. കൂടുതല്‍ ഒന്നും ആലോചിക്കാതെ കത്രിക എടുത്ത് ഉടക്കിയ ഭാഗം മുഴുവനായി അങ്ങ് വെട്ടിക്കളഞ്ഞു ബാക്കി ഒരുവിധം റിബണിന്റെ ഉള്ളിലേക്ക് തിരുകി ഷൂസുമിട്ട് ഓടുന്നതിനിടെ പണ്ട് മുടിവെട്ടിച്ച അച്ഛന്റെ അമ്മാവന്റെ കൈ ഒടിഞ്ഞു പോണേന്ന് ആത്മാര്‍ഥമായി പ്രാകിയ കാലമൊക്കെ ഓര്‍ത്തു ചിരിയും വന്നു.

കോളേജ് കാലത്തിന്റെ ഏറ്റവും സുന്ദരമായ ഭാഗം മുടിസ്വാതന്ത്ര്യമായിരുന്നു. പക്ഷെ അപ്പോഴേക്കും അര കവിഞ്ഞ മുടി അത്രമേല്‍ വെറുത്ത് പോയിരുന്നു. പോരാത്തതിന് അടക്കവും ഒതുക്കവും ഇല്ലാത്ത എന്റെ ചുരുണ്ട മുടി 'ഒതുക്കി വയ്ക്കാത്ത'തിന് വീട്ടുകാര്‍ വക മുതല്‍ ചീത്ത വേറെ. സെക്കന്റ് ഇയര്‍ ആയപ്പോഴേക്കും നിരന്തരമായ മുടി വെട്ടല്‍ വാശിക്കൊടുവില്‍ അച്ഛന്‍ ദേഷ്യം വന്നു മുടി കഴുത്തൊപ്പം വെട്ടിത്തന്നു. അടുത്ത ദിവസം എട്ടു വര്‍ഷത്തെ ഭാരം ഒടുക്കം തലയില്‍ നിന്നിറക്കിയ സന്തോഷത്തില്‍ കഴുത്തില്‍ കാറ്റടിച്ച കുളിരും ആസ്വദിച്ച് കോളേജില്‍ പോയ എന്നെക്കണ്ട് അതുവരെ നേരില്‍ മിണ്ടിയിട്ടു പോലും ഇല്ലാതിരുന്ന എത്രയെത്ര ആണ്‍കുട്ടികള്‍ നേരെ വന്നു സങ്കടം രേഖപ്പെടുത്തി! ചിലര്‍ ദേഷ്യപ്പെട്ടു! മുടിയാണ് പെണ്ണിന്റെ അഴകെന്ന് പറഞ്ഞു മനസിലാക്കിത്തരാന്‍ ശ്രമിച്ചു. അന്ന് തെറി വാക്കൊന്നും പറയാന്‍ സത്യമായും ധൈര്യം ഇല്ലാതിരുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ കൂളായി പറഞ്ഞേനെ, മൈര് എന്ന് :)

സ്കൂള്‍വിദ്യാര്‍ഥിനികളെ മുടി രണ്ടായി പിന്നിക്കെട്ടാന്‍ നിര്‍ബന്ധിക്കരുത് എന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കണ്ടു ഭയങ്കര സന്തോഷം തോന്നി. അതിനിടയാക്കിയ പരാതി ഉയര്‍ത്തിയ പെണ്‍കുട്ടിയോട് ബഹുമാനവും സ്നേഹവും തോന്നി. എന്നാല്‍ പല സ്ത്രീ സുഹൃത്തുക്കളുടെയും ഈ വിഷയത്തിലെ സന്തോഷ സ്റ്റാറ്റസുകളുടെ താഴെ ദുഃഖവും പ്രതിഷേധവും പ്രകടിപ്പിക്കുന്ന പുരുഷപ്രജകളെ കണ്ട് കോളേജ് കാലത്തെ ഇരുപത് വയസുകാരായ ആണ്‍കുഞ്ഞുങ്ങളെ ഓര്‍മ വന്നു. വല്യ അത്ഭുതം ഒന്നും തോന്നുന്നില്ല. നയനാനന്ദകരമായ കാഴ്ച നഷ്ടപ്പെട്ടു എന്നത്രേ സങ്കടം. പെണ്ണുങ്ങടെ അസൌകര്യമൊക്കെ പോട്ട് പുല്ല്!

മുന്നോട്ടു പോകെപ്പോകെ ഇതിന്റെ മറുവശം കണ്ടത് മുടി വളര്‍ത്തിയ ആണ്‍കുട്ടികളെ 'കഞ്ചാവാ'യോ 'ഫ്രീക്കന്മാര്‍' ആയോ അനുസരണയില്ലാത്ത അലവലാതികള്‍ ആയോ 'ആണും പെണ്ണും കെട്ടവരാ'യോ ഒക്കെ ഇകഴ്ത്തുന്ന പ്രവണതയും ഉള്ള നാട്ടിലാണ് ജീവിക്കുന്നത് എന്ന ബോധം വച്ച കാലത്താണ്. തൃശൂര്‍ പോലീസിന്റെ കുപ്രസിദ്ധിയാര്‍ന്ന ഫ്രീക്കന്‍ വേട്ട ഓര്‍മയുണ്ടാവുമല്ലോ. സ്കൂളുകളും വ്യത്യസ്തമല്ല. ഈ മാസമാണ് തനിക്കിഷ്ടപ്പെട്ട സ്റ്റൈലില്‍ മുടി വെട്ടിയതിന് വഴക്ക് കേട്ട ഏഴാം ക്ലാസുകാരന്‍ പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഒരു വ്യക്തിക്ക് അവന്റെ ദേഹത്തെ രോമങ്ങളുടെ കാര്യത്തില്‍ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായ്മയാണ് പ്രശ്നം. നിയമപരമായി പ്രായപൂര്‍ത്തി ആയവരെയും ആവാത്തവരെയും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ഉള്ളവരായി അംഗീകരിക്കാന്‍ മടിക്കുന്ന, അവരെ ലിംഗപദവി അനുസരിച്ച് വാര്‍പ്പ് മാതൃകകളില്‍ ഒതുക്കാനും അനുസരിപ്പിക്കാനും അച്ചടക്കം പഠിപ്പിക്കാനും നടക്കുന്ന സിസ്റ്റത്തിന്റെയും സമൂഹത്തിന്റെയും മുന്നിലേക്കാണ് ഈ നിര്‍ദ്ദേശം വന്നത് എന്നതുകൊണ്ട് അത്യധികം സന്തോഷമുണ്ട്.

മനസിലാക്കേണ്ടത് വിദ്യാര്‍ഥികളുടെത് മാത്രമല്ല, സ്വന്തം മക്കളുടെ ശരീരമായാലും അത് പരമ പ്രധാനമായി അവരുടേത് മാത്രമാണ് എന്നതാണ്. കുട്ടികളുടെ ഇഷ്ടങ്ങളെ, താത്പര്യങ്ങളെ, അസൌകര്യങ്ങളെ ഒന്നും വകവയ്ക്കാതെ ശരീരത്തിലേക്കുള്ള ഇത്തരം കടന്നു കയറ്റങ്ങള്‍ കേവലം ലൈംഗിക ആക്രമണങ്ങള്‍, corporal punishments മാത്രമല്ല, ഈ വിധം മുടി-താടി-വസ്ത്രധാരണം എന്നിങ്ങനെ പല സ്വാതന്ത്ര്യങ്ങളും കവര്‍ന്ന് അവരെ മാനസികമായി മുറിവേല്‍പ്പിക്കുന്നതും കൂടിയാണ്. നീളന്‍ മുടിയിഴകളില്‍ കാറ്റ് ഊളിയിടുന്ന സുഖമൊക്കെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ ഒന്നറിയട്ടെ. ഇഷ്ടമുള്ളത് പോലെ മുടി വെട്ടിയോ വളര്‍ത്തിയോ എങ്ങനെയെങ്കിലും നടക്കട്ടെ. അവനവനെ സംബന്ധിച്ച് ആത്മവിശ്വാസമുള്ള തലമുറകള്‍ ഉണ്ടാവട്ടെ. അവരെ അനുസരണ പഠിപ്പിക്കാന്‍ തോന്നിക്കുന്ന മാനസികാവസ്ഥയ്ക്ക് കൊടുക്ക് ചൂരല്‍ കൊണ്ട് നല്ല നാല് പെട! അവരുടെ മുടി വളരുന്നത് നിങ്ങടെ പറമ്പില്‍ അല്ലല്ലോ. അപ്പൊ അതങ്ങ് അതിന്റെ വഴിക്ക് വിടുക എന്ന് സാരം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories