TopTop
Begin typing your search above and press return to search.

ഹൈതി കലാപത്തിന്റെ വഴിയില്‍

ഹൈതി കലാപത്തിന്റെ വഴിയില്‍

വാഷിംഗ്ടന്‍ പോസ്റ്റ്

രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് ഹൈത്തിയന്‍ പ്രസിഡന്റ് മിഷേല്‍ മാര്‍ടെല്ലി രാജ്യം മുഴുവന്‍ അറിയപ്പെട്ടിരുന്ന, ആരാധകര്‍ക്കു വേണ്ടി സ്റ്റേജില്‍ പല കോമാളിത്തരങ്ങളും കാണിച്ചു കൂട്ടിയിട്ടുള്ള ഒരു പോപ്പ് താരമായിരുന്നു. പ്രസിഡന്റ് എന്ന നിലയ്ക്ക് 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങുന്ന മാര്‍ടെല്ലി ഒരു കോടിയോളം വരുന്ന ഹൈതി പൌരന്‍മാര്‍ക്ക് യാതൊരുവിധ ബഹുമാനവും നല്‍കുന്നില്ലെന്ന് പറയേണ്ടി വരും.

രാജ്യത്തെ രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുസംബന്ധിയായും ഉള്ള കുഴപ്പങ്ങളിലേയ്ക്ക് തള്ളി വിട്ടതിന്റെ മുഖ്യ ഉത്തരവാദിത്വം മാര്‍ടെല്ലിക്കാണ്. ഹൈതിയന്‍ ഭരണഘടന നിര്‍ദേശിക്കുന്നതനുസരിച്ച്, ഫെബ്രുവരി 7നോടകം തനിക്കു പകരം സ്ഥാനമേല്‍ക്കേണ്ട പിന്‍ഗാമിയെ തെരഞ്ഞെടുക്കേണ്ടതാണെങ്കിലും അതിനുള്ള ഉദ്ദേശവും കാണുന്നില്ല. നിശ്ചിത കാലാവധി മാത്രമുള്ള തദ്ദേശ ഭരണാധികാരികളെയും പാര്‍ലമെന്റ് അംഗങ്ങളെയും യഥാസമയം മാറ്റി നിയമിക്കാന്‍ തെരഞ്ഞെടുപ്പുകള്‍ നടത്താതെ, ഏതാണ്ടൊരു സ്വേച്ഛാധികാരിയെ പോലെ ഭരിച്ചു കൊണ്ടിരുന്ന മാര്‍ടെല്ലി ഒക്ടോബറിലെ പ്രെസിഡെന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കുഴഞ്ഞു മറിഞ്ഞതില്‍ പ്രധാന കാരണക്കാരനാണ്.

ആ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും അമ്പരപ്പിക്കുന്ന ഫലങ്ങളും തീരെ ആത്മവിശ്വാസം പകരുന്നതല്ല. ഒന്നാമതെത്തിയ ജോവാനെല്‍ മോയിസ് 'ബനാന മാന്‍' (banana man) എന്നറിയപ്പെട്ടിരുന്ന, കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, അത്ര അറിയപ്പെടാത്ത ഒരാളാണ്. ഇദ്ദേഹത്തെയാണ് മോര്‍ടെല്ലി തന്റെ പിന്‍ഗാമിയായി സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പിലെ കൃത്രിമം എത്രത്തോളമായിരുന്നു വിപുലവും ആസൂത്രിതവും ആയിരുന്നോ അതോ വ്യാപകമായ ഒന്നു മാത്രമായിരുന്നോ എന്ന ചോദ്യമേ ബാക്കിയുള്ളൂ.ഇതേ തുടര്‍ന്നു ഡിസംബര്‍ 27നു വീണ്ടും നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് (presidential runoff) വിജയകരമാക്കാന്‍ അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധികള്‍ ആത്മാര്‍ത്ഥ ശ്രമം നടത്തിയെങ്കിലും പറ്റാനുള്ള കുഴപ്പങ്ങള്‍ പറ്റിയിരുന്നു അപ്പോഴേയ്ക്കും. ഞായറാഴ്ചയിലേയ്ക്ക് മാറ്റി നിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പ് മാര്‍ടെല്ലിയുടെ പ്രസിഡന്റ് പദത്തോടൊപ്പമുള്ള ഗുരുതരമായ കുഴപ്പങ്ങളെ തുടര്‍ന്നും പ്രോവിഷണല്‍ ഇലക്ടോറല്‍ കൌണ്‍സില്‍ പ്രകടിപ്പിച്ച അവിശ്വാസത്തെ തുടര്‍ന്നും ഉപേക്ഷിക്കപ്പെട്ടു. 'ബനാന മാന്‍' ജോവാനെല്‍ മോയിസിന്റെ പ്രധാന എതിരാളിയും രണ്ടാം സ്ഥാനക്കാരനുമായിരുന്ന ജൂഡ് സെലെസ്റ്റിന്‍ മല്‍സരത്തില്‍ നിന്നു പിന്മാറിയതോടെ തെരഞ്ഞെടുപ്പ് ഒരാള്‍ക്ക് വേണ്ടിയുള്ളതായി. ഒപ്പം ജനങ്ങളുടെ തെരുവില്‍ ഇറങ്ങിയുള്ള അക്രമങ്ങള്‍ തീവ്രമാകുകയും ചെയ്തു. ഇതോടെ ഇലക്ഷന്‍ ഉപേക്ഷിക്കുന്നതായി ഇലക്ടറല്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചു.

ഇനിയെന്ത് സംഭവിക്കും എന്നത് ഇപ്പൊഴും അജ്ഞാതമാണ്. അധികാര കൈമാറ്റത്തിനുള്ള, താല്‍ക്കാലിക ഗവണ്‍മെന്റ് (transitional) ആഭ്യന്തര കുഴപ്പങ്ങളും അരാജകത്വവും പരിഹരിക്കും. എന്നാല്‍ മാര്‍ടെല്ലിക്ക് വീണ്ടുമൊരു കാലാവധി അനുവദിക്കാത്ത ഭരണഘടനയില്‍ ഇതിനും വ്യവസ്ഥയില്ല. മാര്‍ടെല്ലി മുന്‍നിശ്ചയപ്രകാരം ഭരണം ഒഴിയണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവുകളില്‍ തടിച്ചു കൂടുമ്പോള്‍ സ്വകാര്യ മേഖലയിലെ പ്രമാണിമാരും സാംസ്‌കാരിക പ്രമുഖരും അമേരിക്കയും മറ്റു നയതന്ത്രജ്ഞരുമെല്ലാം പ്രശ്‌ന പരിഹാരത്തിനായി ഇടപെടലുകള്‍ നടത്തുകയാണ്.

ഹൈതിയെ നാശത്തിലേയ്ക്ക് തള്ളി വിട്ട ആദ്യത്തെ ഭരണാധികാരിയൊന്നുമല്ല മാര്‍ടെല്ലി. എന്നാല്‍ അഴിമതിക്കാരും സ്വാര്‍ഥരുമായിരുന്ന തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങളും പ്രതീക്ഷകളും പാഴാക്കിയതിന്റെ പേരിലാവും മാര്‍ടെല്ലി ഓര്‍മിക്കപ്പെടുക.

ഹൈതിയെ താറുമാറാക്കിയ 2010ലെ വന്‍ഭൂകമ്പം ഉണ്ടായി ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍ടെല്ലി അധികാരമേല്‍ക്കുന്നത്. ബില്ല്യണ്‍ കണക്കിനു ഡോളര്‍ വിദേശസഹായം ഒഴുകി വന്നിരുന്ന സമയം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു മുന്‍ഗാമിയില്‍ നിന്നു ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു അധികാരം ഏറ്റു വാങ്ങിയ ഒരേയൊരു ഹൈതിയന്‍ പ്രസിഡെന്റ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു മാര്‍ടെല്ലിക്ക്. അങ്ങനെയൊരു സന്ദര്‍ഭം ആ രാജ്യത്തു ഇനി എന്നുണ്ടാകും എന്ന് ആലോചിച്ചു പോകുന്നതില്‍ തെറ്റില്ല.

ഹൈതിയന്‍ രാഷ്ട്രീയത്തില്‍ ഗണ്യമായ സ്വാധീനമുള്ള യുഎസ് 3.3 കോടിയോളം ഡോളറാണ് പ്രസിഡെന്റ് തെരഞ്ഞെടുപ്പിന് വേണ്ടി ചെലവിട്ടത്; ഒരു പ്രയോജനവും ഉണ്ടായതുമില്ല. ഹൈതിയന്‍ ജനങ്ങളില്‍ പലര്‍ക്കും വാഷിങ്ടണിന്റെ ലക്ഷ്യങ്ങളെ കുറിച്ച് സംശയമുണ്ടെങ്കിലും നയതന്ത്ര തലത്തിലെ ശക്തമായ യുഎസ് ഇടപെടല്‍ ഇല്ലെങ്കില്‍ രാജ്യത്തെ ഈ ആശയക്കുഴപ്പങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയെ ഉള്ളൂ.


Next Story

Related Stories