TopTop
Begin typing your search above and press return to search.

ഹന്‍സ് രാജ് ആഹിര്‍: ഒരു 'മാവോയിസ്റ്റ്' ബി ജെ പി എം പി

ഹന്‍സ് രാജ് ആഹിര്‍: ഒരു മാവോയിസ്റ്റ് ബി ജെ പി എം പി

ടീം അഴിമുഖം

ഹന്‍സ് രാജ് ആഹിര്‍, മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ നിന്ന് നാലുവട്ടം ലോക്‌സഭയില്‍ എത്തിയ നേതാവ്. മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് പറയത്തക്ക വ്യത്യാസമൊന്നുമില്ലാതിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹവും. ആഗോള ശക്തികളുടെയും ഖനനഭീമന്മാരുടെയും കേന്ദ്രമായ ചന്ദ്രാപൂരില്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നില്ലെങ്കില്‍ പോലും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ചന്ദ്രാപൂരില്‍ നിന്ന് വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

ഖനികളാല്‍ സമ്പന്നമാണ് ചന്ദ്രാപൂര്‍. ഇരുമ്പയിര്, ലൈംസ്റ്റോണ്‍, കല്‍ക്കരി എന്നിവയുടെ നിധിശേഖരങ്ങളാണ് ഈ പ്രദേശത്തുള്ളത്. നിരവധി വ്യവസായശാലകള്‍, ഊര്‍ജോത്പാദനകേന്ദ്രങ്ങള്‍, സിമന്റ്, സ്റ്റീല്‍-ഫാക്ടറികള്‍ എന്നിവ ഈ പ്രദേശത്ത് നിരവധിയാണ്. കല്‍ക്കരി പാടങ്ങളുടെ എണ്ണം തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. കറുത്ത സ്വര്‍ണത്തിന്റെ നഗരം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ.

"ഞാനൊരു ആഹിര്‍ (യാദവന്‍) ആണ്. ജാതിയുടെയും മതത്തിന്റെയും തന്ത്രങ്ങളൊക്കെ പ്രയോഗിച്ച് ചന്ദ്രാപൂരില്‍ നിന്ന് എനിക്ക് വിജയിക്കാമായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന ഭീമന്‍ കമ്പനികള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ചെറുതായി ഒന്നു കണ്ണടച്ചുകൊടുത്താല്‍ നിറയെ പണവും സമ്പാദിക്കാമായിരുന്നു"- ഒരിക്കല്‍ ഒരുസംഘം മാധ്യമപ്രവര്‍ത്തകരോട് ആഹിര്‍ തന്നെ പറഞ്ഞതാണിത്. എന്നാല്‍ ജനങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം ഹന്‍സ് രാജ് ആഹിറിന്റെ രാഷ്ട്രീയം മാറ്റിമറിച്ചു.ഏതാണ്ട് 6000 വന്‍കിട-ചെറുകിയ വ്യവസായ സംരംഭങ്ങള്‍ ചന്ദ്രാപൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം നടത്തുന്നുണ്ട്. "ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയാണ് ഖനനത്തിനും ഈ കമ്പനികള്‍ക്കുമായി കൈയേറിയിരിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയില്‍ മറ്റൊരിടത്തും ഈ വിധത്തില്‍ ഉണ്ടാവുകയില്ല. ജനങ്ങള്‍ ഈ കൈയ്യേറ്റത്തില്‍ പ്രകോപിതരായിരുന്നു. അത്തരമൊരു അവസരത്തില്‍ ഞാന്‍ അവര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ അവര്‍ മറ്റുവഴികള്‍ തേടിപോകും. മാവോയിസ്റ്റുകളുടെ സമീപം വരെ അവര്‍ ചെന്നെന്നുവരാം"- ആഹിര്‍ പറയുന്നു. ജനങ്ങള്‍, അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ ആഹിറിനെ മാറ്റി. ഒരു രാഷ്ട്രീയക്കാരിനില്‍ നിന്ന് ഒരു ആക്ടിവിസ്റ്റായി ആഹിര്‍ മാറുകയായിരുന്നു. ചില ബിജെപി നേതാക്കള്‍ രഹസ്യമായി പറയുന്നത് ആഹിര്‍ മാവോയിസ്റ്റ് ആണെന്നാണ്. ഈ 'ആരോപണ'ത്തെ ചിരിച്ചുകൊണ്ടു നേരിടുകയാണ് ആഹിര്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

കോള്‍ഗേറ്റ് അഥവാ വില്ലന്‍മാരുടെ ഗ്യാലറി- കോള്‍ കഴ്സിന്‍റെ സംവിധായകന്‍ പരഞ്ചോയ് ഗുഹ തകുര്‍ത്ത എഴുതുന്നു
COAL CURSE: പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രം
കല്‍ക്കരി കുംഭകോണം: നാള്‍വഴികള്‍
കേന്ദ്രത്തിന് അടിച്ചത് ബമ്പര്‍ ലോട്ടറി

സാധാരണ രാഷ്ട്രീയക്കാരന്‍ ഇടപെടാന്‍ പരാജയപ്പെടുന്നിടത്ത് ആഹിര്‍ സാവധാനം കൈകടത്താന്‍ തുടങ്ങി. ഭൂമികൈയ്യേറ്റത്തിനെതിരെ പരാതികള്‍ വന്നുനിറയാന്‍ തുടങ്ങി. താമസിയാതെ ഈ ഇടപെടലുകള്‍ ഒരു മൂവ്‌മെന്റായി മാറി. കല്‍ക്കരി പാടം കൈമാറ്റം ഇതിനിടയിലായിരുന്നു നടന്നത്. "2005-06 കാലം മുതല്‍ ഈ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം ഞാന്‍ തുടരുകയായിരുന്നു. ഒടുവില്‍ എനിക്ക് കിട്ടിയ തെളിവുകളെല്ലാം ചേര്‍ത്ത് ഒരു പരാതി അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കല്‍ക്കരി വകുപ്പ് മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍, നിയമമന്ത്രി എന്നിവര്‍ക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലും നല്‍കി. എന്നിട്ടോ? യുപിഎ സര്‍ക്കാരും അതിന്റെ മുതിര്‍ന്ന നേതാക്കളും എന്റെ ആരോപണങ്ങളെ പുച്ഛിച്ചു തള്ളുകയായിരുന്നു. അനധികൃതമായി അനുവദിക്കപ്പെട്ട കല്‍ക്കരി പാടങ്ങളെക്കുറിച്ചും അവിടെ നടക്കുന്ന നിയമലംഘനങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ തെളിവുകള്‍ ഞാന്‍ എത്തിച്ചുകൊടുത്തിട്ടാണ് അവര്‍ ഈ വിധത്തില്‍ പ്രവര്‍ത്തിച്ചത്", ആഹിര്‍ പറഞ്ഞു.നിയമവിരുദ്ധമെന്ന് ഞാന്‍ തെളിവു നല്‍കിയ അതേ കല്‍ക്കരിപാടങ്ങളുടെ കൈമാറ്റം അസാധുവാക്കികൊണ്ട് പിന്നീട് സുപ്രീം കോടതിയുടെ വിധിവന്നു. 50 ബില്യണ്‍ മെട്രിക് ടണ്‍ കല്‍ക്കരിഖനനം ചെയ്തെടുക്കാവുന്ന ആ നിലങ്ങളുടെ മതിപ്പുവില 50 ലക്ഷം കോടിയുടെ അടുത്തായിരുന്നു. "അന്നത്തെ സര്‍ക്കാര്‍ ശരിയായ മാര്‍ഗ്ഗത്തിലൂടെയായിരുന്നു നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നതെങ്കില്‍ എത്രവലിയ വരുമാനമാകുമായിരുന്നു നമ്മുടെ രാജ്യത്തിന് സ്വന്തമാവുന്നത്. രാജ്യത്തോടു സര്‍ക്കാര്‍ കാട്ടിയ വഞ്ചന സുപ്രീം കോടതിയാണ് പുറത്ത് കൊണ്ടുവന്നത്", ആഹിര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിലെ പുതിയ ബിജെപി സര്‍ക്കാരും പക്ഷെ, കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ എന്തോ സന്ദേഹം കാണിക്കുകയാണ്. കല്‍ക്കരി ഖനികള്‍ ഇന്ത്യയുടെ പ്രധാന സാമ്പത്തിക നേട്ടത്തിന് ഉപകരിക്കുന്നവയാണ്. പൊതുമേഖലകള്‍ ശക്തമാകാത്തിടത്തോളം കാലം രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ വേണ്ടരീതിയില്‍ അഭിസംബോധന ചെയ്യപ്പെടുകയില്ലെന്നും ആഹിര്‍ പറയുന്നു.

ആര്‍ എസ് എസ് സംഘാടകര്‍ അദ്ദേഹത്തെ കല്‍ക്കരി മന്ത്രി എന്ന് വിളിച്ചുതുടങ്ങിയിരുന്നെങ്കിലും നരേന്ദ്ര മോദിയുടെ ക്യാബിനറ്റില്‍ ആഹിറിന് സ്ഥാനം ലഭിച്ചില്ലെന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല. മന്ത്രിസഭാ രൂപീകരണസമയത്ത് അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതുപോലുമില്ല. എന്നാല്‍ കല്‍ക്കരിപ്പാടങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാനായി ഹന്‍സ് രാജ് ആഹിറിനെ നിയമിച്ചു. അദ്ദേഹം അതില്‍ സന്തുഷ്ടനാണ്. തന്റെ പ്രവര്‍ത്തനങ്ങളെ വിപുലമാക്കാന്‍ ഈ ചുമതല തന്നെ ധാരാളമെന്ന് ആഹിര്‍.


Next Story

Related Stories