TopTop
Begin typing your search above and press return to search.

പുതിയ ഹാരി പോട്ടര്‍ പുസ്തകം ഇതാ; പക്ഷേ, നാടകമാണ്

പുതിയ ഹാരി പോട്ടര്‍ പുസ്തകം ഇതാ; പക്ഷേ, നാടകമാണ്

ജെസിക്ക കോണ്‍ട്ര
(വാഷിങ്ടണ്‍ പോസ്റ്റ്)

ഹാരി മരിക്കുന്നു.

തമാശ പറഞ്ഞതാണ്.

പക്ഷേ ആകാശത്തിലെ ഈ കറുത്ത അടയാളം നോക്കൂ. ജിജ്ഞാസ നിലനിര്‍ത്തിക്കൊണ്ടുതന്നെ 'ഹാരി പോട്ടര്‍ ആന്‍ഡ് ദ് കഴ്‌സ്ഡ് ചൈല്‍ഡ്' എന്ന പുസ്തകത്തെപ്പറ്റി വായിക്കാന്‍ ആഗ്രഹിക്കുന്നയാളാണു നിങ്ങളെങ്കില്‍ പകരം ഇതു വായിക്കുക. ഹാരി പോട്ടര്‍ പുസ്തകപരമ്പരയിലെ എട്ടാമത്തെ ഔദ്യോഗിക പുസ്തകമെന്ന് മുദ്ര ചെയ്യപ്പെട്ട പുസ്തകം ഞായറാഴ്ച രാത്രിയാണ് ഗൗണ്‍ അണിഞ്ഞ കോമാളി ആരാധകരുടെ തിരക്കിനിടയില്‍ പ്രസിദ്ധീകരിച്ചത്. ലണ്ടനില്‍ കളിച്ചുതുടങ്ങിയ രണ്ടു ഭാഗങ്ങളുള്ള നാടകത്തിന്റെ തിരക്കഥയാണ് യഥാര്‍ത്ഥത്തില്‍ ഈ പുസ്തകം.

കഥാകൃത്ത് ജെ കെ റോളിങ് അവിടെയുണ്ടായിരുന്നു. മികച്ച ഏഴുഭാഗങ്ങളുള്ള പരമ്പരയോട് ഇപ്പോള്‍ നടത്തുന്ന കൂട്ടിച്ചേര്‍ക്കലിനെപ്പറ്റി പല ആരാധകര്‍ക്കുമുള്ള സംശയം റോളിങ് ഉറപ്പിച്ചു. 'ഈ രണ്ടു നാടകങ്ങളില്‍ ഹാരി വലിയൊരു യാത്രയ്ക്കു പോകുകയാണ്. അത് അവസാനിച്ചുകഴിഞ്ഞുവെന്നു ഞാന്‍ കരുതുന്നു. ഇത് പുതിയ തലമുറയാണ്. ഇത് ഇത്ര മനോഹരമായി വന്നു എന്നു കാണുന്നതില്‍ എനിക്കു സന്തോഷമുണ്ട്. പക്ഷേ, ഇനിയില്ല. ഹാരിയുടെ കാര്യം കഴിഞ്ഞു.'

ഹാരി അവസാനിച്ചുകഴിഞ്ഞു.

ഹാരി, റോണ്‍, ഹെര്‍മയോണി എന്നിവരൊക്കെ സ്വന്തം സുഹൃത്തുക്കളെന്ന മട്ടില്‍ വളര്‍ന്നുവന്ന കുട്ടികളുടെ തലമുറയ്ക്ക് 'ഹാരി പോട്ടര്‍ ആന്‍ഡ് ദി കഴ്സ്ഡ് ചൈല്‍ഡി'ല്‍ സംഭവിക്കുന്നതിനു പ്രാധാന്യമുണ്ട്.

പരമ്പര തുടരാനുള്ള ഏതു തീരുമാനവും പണമുണ്ടാക്കാനുള്ള ആര്‍ത്തിയായി മുദ്ര കുത്തപ്പെടുമെന്ന് ഉറപ്പായിരുന്നു. എങ്കിലും താന്‍ എഴുതുന്നതെന്തും വാങ്ങാന്‍ ആരാധകരുണ്ടെന്നു റോളിങ്ങിനറിയാം. പലചരക്കു സാധനങ്ങളുടെ പട്ടിക ട്വിറ്ററില്‍ ഇട്ടാലും അത് ഹിറ്റാകും. എട്ടാമത്തെ പുസ്തകം? ശരിക്കും? അപ്രതീക്ഷിതം. എങ്കിലും നാം അത് സ്വീകരിക്കും. ഒരു സിനിമ? ഡാനിയേല്‍ റാഡ്ക്ലിഫ് വയസനാകുന്നു. അത് ചെയ്യുക തന്നെ. ഒരു നാടകം? ലണ്ടനില്‍? എഴുതിയത് റോളിങ്ങും മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത മറ്റു രണ്ടുപേരും? നിങ്ങള്‍ തിരക്കഥ ഞങ്ങള്‍ക്കു തരുന്നോ?അതൊരു ആശയമാണ്. (ഈ പുസ്തകം തന്റെ കുട്ടിക്കാലത്തെ നശിപ്പിക്കുമെന്നു കരുതുന്ന ഒരു ആരാധകന്റെയും താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ എന്തു ചെയ്യാനും റോളിങ്ങിന് അവകാശമുണ്ടെന്നു കരുതുന്ന മറ്റൊരു ആരാധകന്റെയും വാക്കുകള്‍ കൊണ്ട് ഇവിടെ ഞങ്ങള്‍ നിങ്ങളെ മുഷിപ്പിക്കില്ല.) അഭിപ്രായങ്ങള്‍ക്കു ക്ഷാമമുണ്ടായില്ല. എന്നാല്‍ അര്‍ദ്ധരാത്രിയായതോടെ ലോകമെമ്പാടുമുള്ള പുസ്തകക്കടകള്‍ നിറഞ്ഞു കവിഞ്ഞു. 30 ഡോളര്‍ ചെലവഴിച്ച് വായനാവിളക്കുകളുടെ താഴെ ഒരു രാത്രി തീര്‍ക്കാനുള്ള ശ്രമം. പരിചിതമായ ആ ലോകത്തേക്കു മടക്കം. നാടകം ഞങ്ങള്‍ക്കു തരൂ. ഞങ്ങളുടെ മാന്ത്രിക ലോകം തിരിച്ചുതരൂ.

എന്നാല്‍ നാടക തിരക്കഥകളെപ്പറ്റി നാം മറന്നത് ഇതാണ്. അവ ഇങ്ങനെയാണ് എഴുതപ്പെടുക.

ഹാരി പെട്ടെന്ന് ഉണരുന്നു. രാത്രിയില്‍ ദീര്‍ഘനിശ്വാസം വിടുന്നു.ഒരു നിമിഷം കാത്തിരിക്കുന്നു. സ്വയം ശാന്തനാക്കുന്നു. അപ്പോള്‍ നെറ്റിയില്‍ കടുത്ത വേദന തോന്നുന്നു. മുറിവില്‍. അവനു ചുറ്റും ദുര്‍മന്ത്രവാദം അനങ്ങുന്നു.

ജിന്നി: ഹാരി...

ഹാരി: കുഴപ്പമില്ല. ഉറങ്ങിക്കോളൂ.

ജിന്നി: ലുമോസ്... പേടിസ്വപ്നം?

ഹാരി: അതെ.സ്റ്റേജില്‍ ഇത് വളരെ ആനന്ദദായകമായേക്കാം. ഹാരിയെ റോളിങ്ങ് മുപ്പത്തിയേഴുകാരനായി കാണുന്നത്, അദൃശ്യമായ തിയറ്റര്‍ തന്ത്രങ്ങളിലൂടെ മാന്ത്രികത യഥാര്‍ത്ഥമായി മാറുന്നത്. നാടകത്തിന്റെ റിവ്യൂകളെല്ലാം അങ്ങനെ കരുതുന്നതായി തോന്നി. 'ലളിതമായി പറഞ്ഞാല്‍, അതിശയകരം,' വെറൈറ്റി പറഞ്ഞു. 'ത്രസിപ്പിക്കുന്ന തിയറ്റര്‍ ദൃശ്യം,' ഗാര്‍ഡിയന്‍ ഉറപ്പുതരുന്നു.

എന്നാല്‍ തിരക്കഥ മാത്രമാകുമ്പോള്‍ ഡയലോഗുകള്‍ക്കൊപ്പം സ്റ്റേജ് കമാന്‍ഡുകളും എഴുതപ്പെടുമ്പോള്‍ (ആല്‍ബസ് ഇരിപ്പിടത്തില്‍ ഉറങ്ങുന്നു. ജിന്നി അവനെ ശ്രദ്ധിച്ചുനോക്കുന്നു. എതിര്‍ ജനാലയിലൂടെ പുറത്തേക്കു നോക്കുകയാണ് ഹാരി) അത് നാം സ്‌നേഹിക്കുന്ന വിവരണാത്മകമായ റോളിങ് പാരഗ്രാഫുകളില്‍ നിന്നു വ്യത്യസ്തമാകുന്നു. അവരുടെ അപൂര്‍ണമായ കുറിപ്പുകള്‍ വായിക്കുന്നതുപോലെയോ ആരാധകരിലൊരാളുടെ സാഹിത്യം കാണുന്നതുപോലെയോ ആകാം അത്. മാജിക് മുരടിച്ചുപോകുന്നു.

ഹാരി, റോണ്‍, ഹെര്‍മയോണി എന്നിവര്‍ക്ക് എന്തു സംഭവിച്ചു എന്ന് നിങ്ങള്‍ അറിയാനാഗ്രഹിക്കുന്നതെല്ലാം ആദ്യത്തെ ഏതാനും പേജുകളില്‍ പറയപ്പെടുന്നു. മാന്ത്രിക മന്ത്രാലയത്തിലെ മാജിക്കല്‍ നിയമപാലനവിഭാഗം തലവനാണ് ഹാരി. സഹോദരന്റെ തമാശവില്‍പനശാല നടത്തുകയാണ് റോണ്‍. ഹെര്‍മയോണി മാജിക് മന്ത്രിയാണ്. (സ്ത്രീശാക്തീകരണം). അവിടം മുതല്‍ ഹാരിയുടെ മക്കളിലൊരാളായ ആല്‍ബസിനു ചുറ്റുമാണ് കഥ. ആല്‍ബസ് സ്ലിതറിനിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്തനായ പിതാവിന്റെ ദുരിതത്തിലാകുന്ന മകന്‍. അവന്റെ പ്രിയ സുഹൃത്ത് സ്‌കോര്‍പിയസ് മാല്‍ഫോയിയാണ്. ഡ്രാക്കോ മാല്‍ഫോയിയുടെ മകന്‍. യഥാര്‍ത്ഥ പിതാവ് മോള്‍ഡെമോര്‍ട്ടാണെന്ന കഥകളില്‍പ്പെട്ട് കൗമാരത്തിലെ ആകുലതകളില്‍ ഉഴലുകയാണ് സ്‌കോര്‍പിയസ്.

അവര്‍ പതിവു പോട്ടര്‍ പ്രശ്‌നങ്ങളില്‍ കുരുങ്ങുമ്പോള്‍ ചോദ്യം ഇതാണ്: ' ഏഴാമത്തെ പുസ്തകത്തില്‍ ഹാരി ഇല്ലാതാക്കിയ വോള്‍ഡെമോര്‍ട്ട് യഥാര്‍ത്ഥത്തില്‍ ഇല്ലാതായോ?

കഥാതന്തു ശക്തമാണ്. നാടകം എത്ര നന്നായിരിക്കുമെന്ന് നിങ്ങള്‍ക്കു കാണാനാകും. ലണ്ടനിലേക്കു പറന്ന് എല്ലാവരും ഒരുമിച്ച് അത് കാണേണ്ടതുമാകാം. ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു എന്നുമാത്രം. എന്നാല്‍ പ്രതീക്ഷയ്ക്കു വകയുണ്ട്. ഹാരിയുടെ കഥ കഴിഞ്ഞു എന്നു പറയുന്നതിനൊപ്പം റോളിങ് പറഞ്ഞത് സാധിക്കുന്നിടത്തോളം വേദികളില്‍ ഈ നാടകം എത്തിക്കാന്‍ ശ്രമിക്കുമെന്നാണ്. അതിനാല്‍ ആരാധകര്‍ക്കെല്ലാം ഇതു കാണാന്‍ അവസരം കിട്ടിയേക്കും.

'ഹാരി പോട്ടര്‍ ആന്‍ഡ് ദ് കഴ്‌സ്ഡ് ചൈല്‍ഡ്' ബ്രോഡ്വേയിലെത്തുമ്പോഴും അതില്‍ മാജിക് ബാക്കിയുണ്ടാകാം. അതല്ലെങ്കില്‍ മിന്നെപോളിസില്‍. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധുവിന്റെ കമ്യൂണിറ്റി തിയറ്ററില്‍. അതുവരെ നവംബറില്‍ വരാനിരിക്കുന്ന ചലച്ചിത്രം - ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വെയര്‍ ടു ഫൈന്‍ഡ് ദം- കാണുക. ഫ്‌ളോറിഡയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ ഹാരി പോട്ടര്‍ തീം പാര്‍ക്കിലും പോകാം. അതല്ലെങ്കില്‍ കലിഫോര്‍ണിയയില്‍. അതുമല്ലെങ്കില്‍ സഞ്ചരിക്കുന്ന ഹാരി പോട്ടര്‍ പ്രദര്‍ശനം. പോക്കിമാന്‍ ഗോയുടെ സൃഷ്ടാക്കള്‍ വീണ്ടും പണമുണ്ടാക്കാന്‍ ആഗ്രഹിച്ചാല്‍ നിങ്ങള്‍ക്കു ഹാരി പോട്ടര്‍ ഗോ കളിക്കാനാകും. മാജിക്കിനെ പിടികൂടാനാകും.

മുന്നോട്ടു പോകുക. ഞാന്‍ പഴയ പുസ്തകങ്ങള്‍ വീണ്ടും വായിക്കാന്‍ പോകുകയാണ്.


Next Story

Related Stories