TopTop
Begin typing your search above and press return to search.

ഹാരി വു; ചൈനയിലെ സ്ഥിരം 'കുഴപ്പക്കാരന്‍'

ഹാരി വു; ചൈനയിലെ സ്ഥിരം കുഴപ്പക്കാരന്‍

എമിലി ലാന്‍ജര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ചൈനയുടെ ലാവോഗായ് ലേബര്‍ ക്യാംപിലെ ക്രൂരതകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന ഹാരി വു (79) അന്തരിച്ചു. പ്രതിവിപ്ലവകാരിയെന്ന് ആരോപിതനായി ലാവോഗായില്‍ 19 വര്‍ഷം തടവുകാരനായിരുന്ന വു ഹോണ്ടുറാസിലെ അവധിക്കാലത്തിനിടെയാണ് മരിച്ചത്.

1992ല്‍ വു സ്ഥാപിച്ച ലാവോഗായ് റിസര്‍ച്ച് ഫണ്ടേഷനിലെ ബോര്‍ഡ് അംഗമായ ആന്‍ നൂനാന്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

ചൈനയുടെ ജയിലുകളില്‍ ദാരുണമായ പീഡനത്തിനിരയായ വു 1985ലാണ് യുഎസില്‍ താമസമാക്കിയത്. ജയിലിലെ ക്രൂരമായ ജോലികള്‍മൂലം ശരീരഭാരം 37 കിലോ വരെ താഴ്ന്ന് മരണത്തോടടുത്ത വു എലികളുടെ മാളത്തില്‍നിന്നു കണ്ടെത്തിയ ഭക്ഷണം വരെ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 1956ല്‍ സോവിയറ്റ് യൂണിയന്‍ ഹംഗറിയെ ആക്രമിച്ചതിനെ വിമര്‍ശിച്ചതായിരുന്നു ചൈനയിലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന വുവിന്റെ കുറ്റം.

1960ലാണ് വു തടവിലായത്. കമ്യൂണിസ്റ്റ് നേതാവ് മാവോ സേതൂങ്ങിന്റെ മരണത്തിനുശേഷം മൂന്നുവര്‍ഷം കഴിഞ്ഞ് 1979ല്‍ ജയില്‍ മോചിതനായ വു പിന്നീട് മനുഷ്യാവകാശപ്രവര്‍ത്തകനായി. ജയിലുകളിലെ ക്രൂരതകള്‍ പകര്‍ത്താന്‍ ഇടയ്ക്കിടെ ചൈനയിലെത്തി സ്വയം പ്രഖ്യാപിത പ്രശ്‌നക്കാരനായി വു മാറി.

വു പുറത്തുകൊണ്ടുവന്ന ജയില്‍ ദൃശ്യങ്ങള്‍ 1990ല്‍ സിബിഎസ് ന്യൂസ് മാഗസിനും ബിബിസിയും സംപ്രേഷണം ചെയ്തു. തന്റെ റിപ്പോര്‍ട്ടുകളിലൂടെ ചൈനയിലെ ജയില്‍ ജീവിതത്തിന്റെ ഭീകരത വു ആഗോളതലത്തിലെത്തിച്ചു. തടവുകാരെ നിര്‍ബന്ധിതമായി ജോലിയെടുപ്പിച്ചാണ് കയറ്റുമതി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ലോകത്തെ അറിയിച്ചു. വധിക്കപ്പെടുന്ന തടവുകാരുടെ അവയവങ്ങള്‍ നീക്കം ചെയ്യുന്നതായി കണ്ടെത്തി. വുവിന്റെ പഠനം അനുസരിച്ച് 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 50 മില്യണ്‍ തടവുകാര്‍ ഈ ക്രൂരതകള്‍ക്കു വിധേയരായിട്ടുണ്ട്.

സോവിയറ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ പുറത്തുകൊണ്ടുവന്ന നോബല്‍ പുരസ്‌കാര ജേതാവായ റഷ്യന്‍ എഴുത്തുകാരന്‍ അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിനോട് താരതമ്യം ചെയ്യപ്പെട്ടിരുന്ന വു ലാവോഗായ് ജയിലുകളെ 'ചൈനീസ് ഗുലാഗ്' എന്നു വിശേഷിപ്പിച്ചു. നിര്‍ബന്ധിത തൊഴിലിലൂടെ പരിവര്‍ത്തനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലാവോഗായ് 'ലോകത്ത് എല്ലാ ഭാഷകളിലുമുള്ള നിഘണ്ടുവില്‍ സ്ഥാനം പിടിക്കുന്നതുവരെ' വിശ്രമിക്കില്ലെന്നു പ്രതിജ്ഞയെടുത്തു.

യുഎസ് കോണ്‍ഗ്രസില്‍ പ്രസംഗിച്ച വു യൂണിവേഴ്‌സിറ്റി ക്യാംപസുകളില്‍ പ്രഭാഷണ പരമ്പരകള്‍ നടത്തി. പുസ്തകങ്ങള്‍ എഴുതി. ചൈനയുടെ ലേബര്‍ ക്യാംപുകളെപ്പറ്റി പൊതുജനാവബോധം വളര്‍ത്താന്‍ വാഷിങ്ടണില്‍ ലാവോഗായ് റിസര്‍ച്ച് ഫൗണ്ടേഷനും ലാവോഗായ് മ്യൂസിയവും സ്ഥാപിച്ചു.ലോസ് ആഞ്ചലസ് ടൈംസുമായുള്ള അഭിമുഖത്തില്‍ ചൈനയുടെ ലേബര്‍ ക്യാംപുകളെ ' ചൈനയുടെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ മൂലക്കല്ലും മനുഷ്യരെ ശാരീരികമായും മാനസികമായും ആത്മീയമായും തകര്‍ക്കാനുള്ള യന്ത്രവും' എന്നാണ് വു വിശേഷിപ്പിച്ചത്.

ജയിലില്‍ അതിജീവനത്തിനായി മറ്റു തടവുകാരില്‍നിന്ന് മോഷ്ടിക്കുകയും പൊലീസുമായി സഹകരിക്കുകയും ചെയ്തതായി വു പറഞ്ഞു. ' ഞാന്‍ ഒരു മൃഗമായി മാറി,' വു വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു. ' നിങ്ങള്‍ മനുഷ്യനാണെങ്കില്‍ നിങ്ങള്‍ക്ക് വികാരങ്ങളുണ്ടാകും. സാധ്യമല്ലാത്തവ ആഗ്രഹിക്കുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്ത് നിങ്ങള്‍ ദുഃഖിതനാകും. എന്നാല്‍ മൃഗങ്ങള്‍ ചിന്തിക്കുന്നില്ല. അവയ്ക്ക് ആഗ്രഹങ്ങളില്ല. മൃഗമല്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിക്കാനാകില്ല.'

ഏകാന്ത തടവുകാരനായിരുന്ന വുവിന് കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ നട്ടെല്ലിനു പരുക്കേറ്റു. വിക്ടര്‍ ഹ്യൂഗോയുടെ ലെ മിസെറബിള്‍സ് ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വു ഒളിപ്പിച്ചതായി കണ്ടെത്തിയ ജയില്‍ അധികാരികള്‍ അദ്ദേഹത്തിന്റെ കൈ ഒടിച്ചു. ജയിലില്‍ തടവുകാര്‍ക്കു ലഭിക്കുന്ന വളരെക്കുറച്ചുമാത്രമുള്ള ഭക്ഷണം ഉപേക്ഷിച്ച് വു ആത്മഹത്യയ്ക്കും ശ്രമിച്ചു.

സുഹൃത്തും സഹതടവുകാരനുമായ ഒരാളുടെ മരണം വുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. കുഴിമാടത്തിലേക്ക് കൊണ്ടുപോകുന്ന അയാളുടെ മൃദേഹം വിട്ടുപോകാതെ കെട്ടിപ്പിടിച്ചത് തന്റെ ഓര്‍മക്കുറിപ്പായ 'ബിറ്റര്‍ വിന്‍ഡ്‌സf(1994)' ല്‍ വു ഓര്‍മിക്കുന്നു.

'മനുഷ്യജീവിതത്തിന് കാറ്റിലേക്ക് വിരല്‍ കൊണ്ടു തട്ടിക്കളയുന്ന സിഗററ്റ് ചാരത്തിനെക്കാള്‍ പ്രാധാന്യമില്ല. എന്നാല്‍ വ്യക്തിയുടെ ജീവിതത്തിന് വിലയില്ലെങ്കില്‍ ആ ജീവിതം രൂപപ്പെടുത്തുന്ന സമൂഹത്തിനും വിലയില്ല. വ്യക്തികള്‍ പൊടിപോലെ വിലയില്ലാത്തതാണെങ്കില്‍ സമൂഹം നിരര്‍ത്ഥകവും തുടരാന്‍ അവകാശമില്ലാത്തതുമാണ്. സമൂഹം നിലച്ചുപോകുകയാണെങ്കില്‍ എനിക്ക് അതിനെ എതിര്‍ത്തേ തീരൂ.'

വാദമുഖങ്ങളില്‍ ഉറച്ചുനിന്ന വു പലപ്പോഴും വിവാദങ്ങളില്‍പ്പെട്ടു. അദ്ദേഹത്തിന്റെ കര്‍ക്കശമായ പ്രചാരണം ടിയാനന്‍ മെന്‍ സ്‌ക്വയര്‍ സംഭവത്തിനുശേഷമുള്ള വര്‍ഷങ്ങളില്‍ യുഎസ് - ചൈന ബന്ധത്തില്‍ സംഘര്‍ഷമുണ്ടാക്കി. 1995ല്‍ ചൈനയിലെത്തിയ വു അറസ്റ്റിലായി. ബീജിങ്ങില്‍ നടക്കുന്ന യുഎന്‍ വനിതാസമ്മേളനത്തില്‍ അന്നത്തെ പ്രഥമ വനിത ഹിലരി ക്ലിന്റന്‍ പങ്കെടുക്കാനിരിക്കെയായിരുന്നു അത്.

ചാരക്കുറ്റം ചുമത്തി 66 ദിവസത്തെ തടവിനുശിക്ഷിക്കപ്പെട്ട വു ഹിലരിയുടെ വരവിനു മുന്‍പ് നാടുകടത്തപ്പെട്ടു. അപകടങ്ങള്‍ കാത്തിരിക്കുമ്പോള്‍ എന്തിനാണ് പല തവണ ചൈനയിലേക്കു തിരിച്ചുപോകുന്നതെന്ന ചോദ്യത്തിന് 'എനിക്ക് മാതൃരാജ്യത്തോടു പുറംതിരിഞ്ഞു നില്‍ക്കാനാകില്ലെ'ന്നായിരുന്നു വുവിന്റെ മറുപടി.

'മാതാപിതാക്കളുടെ കുഴിമാടങ്ങള്‍, സഹതടവുകാരുടെ കുഴിമാടങ്ങള്‍ എല്ലാം അവിടെയാണ്. എന്റെ ചോരയും കണ്ണീരും വീണ ഭൂമിയാണത്.'

ഒരു ബാങ്കറുടെ എട്ടുമക്കളില്‍ ഒരാളായി 1937 ഫെബ്രുവരി എട്ടിനു ജനിച്ച വു ഹോങ്ഡയുടെ അമ്മ ചെറുപ്പത്തില്‍ത്തന്നെ മരിച്ചു. ഈശോ സഭക്കാരുടെ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഹാരി എന്ന പേരുവന്നത്. യൂണിവേഴ്‌സിറ്റിയില്‍ ജിയോളജി വിദ്യാര്‍ത്ഥിയായിക്കെ മാവോയുടെ നൂറുപൂക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പാര്‍ട്ടിയോടുള്ള അഭിപ്രായഭിന്നതകള്‍ പങ്കുവയ്ക്കാന്‍ മാവോ ഇതില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതിലും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ വിമര്‍ശകരെ വലതുപക്ഷ പ്രതിവിപ്ലവകാരികളെന്നു മുദ്രകുത്തി അവര്‍ക്കെതിരെ നടപടി തുടങ്ങി. വുവും അവരില്‍പ്പെട്ടു. വു തടവിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വളര്‍ത്തമ്മ ആത്മഹത്യ ചെയ്തു.തടവില്‍നിന്നു പുറത്തുവന്നശേഷം ചൈനയില്‍ ജിയോളജി അദ്ധ്യാപകനായി ജോലി ചെയ്ത വു 1985ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെത്തി. ഒരു ഡോനട്ട് ഷോപ്പില്‍ ജോലി ചെയ്ത് കുറച്ചുകാലം ഭവനരഹിതനായി ജീവിച്ചു. ബെര്‍ക്കര്‍ലിയിലെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുമായും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂഷനുമായും ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളിലൂടെ വു തന്റെ നില മെച്ചപ്പെടുത്തി.

1994ല്‍ യുഎസ് പൗരത്വം സ്വീകരിച്ച വു പീറ്റര്‍ ഹോങ്ഡ വു എന്ന് പേരുമാറ്റി. ' ലാവോഗായ്: ദ് ചൈനീസ് ഗുലാഗ് (1992), മുന്‍ ന്യൂയോര്‍ക്ക് ടൈംസ് സ്‌പോര്‍ട്‌സ് കോളമിസ്റ്റ് ജോര്‍ജ് വെക്‌സിയുമായി ചേര്‍ന്നു രചിച്ച ' ട്രബിള്‍ മേക്കര്‍ (1996)' എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.

പല തവണ വിവാഹിതനായ വു അവസാനം വിവാഹം കഴിച്ചത് ഷിങ് ലീയെയാണ്. ആ വിവാഹവും വേര്‍പിരിഞ്ഞു. ഹാരിസണ്‍ വു ആണ് മകന്‍.

'ഞാന്‍ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് 20 വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു. എങ്കിലും മനസില്‍നിന്ന് കുറ്റബോധം വിട്ടുപോകുന്നില്ല. കാരണം ഇന്നും ലക്ഷക്കണക്കിന് ആളുകള്‍ ചൈനയില്‍ എന്റെ അതേ അനുഭവം നേരിടുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ സംസാരിക്കുന്നില്ലെങ്കില്‍ ആര് സംസാരിക്കും?'


Next Story

Related Stories