TopTop
Begin typing your search above and press return to search.

പോണ്ടിച്ചേരി: കടല്‍ നഗരത്തിന്റെ തെരുവുകളിലൂടെ...

പോണ്ടിച്ചേരി: കടല്‍ നഗരത്തിന്റെ തെരുവുകളിലൂടെ...

പോയിട്ടുവരാം എന്നൊരു വാക്ക് എവിടെയും കുറിച്ചു വച്ചിട്ടല്ല ഇന്നു വരെയുള്ള യാത്രകളിലേക്ക് ക്ലച്ച് പിടിച്ച് ഗിയറിട്ടിട്ടുള്ളത്. കന്യാകുമാരി മുതല്‍ ലഡാക്ക് വരെ ബുള്ളറ്റിലൊന്നു ചുറ്റി വന്ന് ചെരിപ്പഴിച്ചു വെച്ച് അകത്തേക്കു കയറുമ്പോഴും അടുത്ത യാത്രയെക്കുറിച്ച് മാത്രം ചിന്തിക്കുന്നതും അതു കൊണ്ട് മാത്രമാണ്. ഉത്തരാഖണ്ഡ് വഴി ഹിമാലയം കറങ്ങാനുള്ള റോഡ് മാപ്പ് മനസില്‍ വരച്ചു തുടങ്ങിയിട്ടൊരുപാട് കാലമായി. അതിനിടെയത്തുന്ന അപ്രീതീക്ഷിതമായി സഞ്ചരിച്ചു പോകേണ്ടി വന്നിട്ടുള്ള ചെറു ദൂരങ്ങളാകട്ടെ കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെയായിരുന്നു. അങ്ങനെയാണ് ചെന്നൈയിലെ യുസ് കോണ്‍സുലേറ്റിലേക്കുള്ള യാത്ര ചരിത്രം ഉറങ്ങുന്ന പോണ്ടിച്ചേരിയില്‍ കൊണ്ടു ചെന്നെത്തിക്കുന്നത്. ചെന്നൈ പട്ടണത്തിലിറങ്ങി വെയില്‍ കൊണ്ട് പണിയെല്ലാം കഴിഞ്ഞതോടെ അടുത്ത് സുഹൃത്ത് അഞ്ജുവിനെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയില്ലാതെ മണിയടിച്ചു തീര്‍ന്നതേ ഉള്ളൂ. തിരികെ മടങ്ങാനുള്ള ട്രെയിന്‍ ഇനി ഏഴു മണിക്കേയുള്ളു. ടിക്കറ്റ് റിസര്‍വ് ചെയ്തു പോകുന്ന അത്ര കരുതലൊന്നുമില്ലാത്തതിനാല്‍ ഇനിയുള്ള സമയം മറീന ബീച്ചില്‍ വെയില്‍ കൊണ്ടിരിക്കാമെന്നു തീരുമാനിക്കുന്നു.

ചിത്രം-റീഡിംഗ്അവര്‍

ചെന്നൈയില്‍ ഒരിടനേരം

അങ്ങനെ മറീനയിലേക്കുള്ള വഴി ഓട്ടോയിലാക്കാമെന്നു കരുതിയിരിക്കുമ്പോള്‍ അതാ വരുന്നു അഞ്ജുവിന്റെ വിളി. അവള്‍ കഴിഞ്ഞയാഴ്ച പോണ്ടിച്ചേരില്‍ ഒരു പ്രോജക്ട് കഴിഞ്ഞ് നാട്ടിലാണ്. പോണ്ടിച്ചേരിയെന്ന പേര് മനസിലുടക്കിയതോടെ പിന്നെ അഞ്ജു പറഞ്ഞ വിശേഷങ്ങളൊന്നും ചെവിയില്‍ കയറിയില്ല. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ മുതല്‍ അവള്‍ പറഞ്ഞു പറഞ്ഞു കൊതിപ്പിച്ച ഒരിടമാണ് പോണ്ടിച്ചേരി. അങ്ങോട്ടു വെച്ചുപിടിക്കാന്‍ ഇതിലും പറ്റിയൊരു സമയമില്ലെന്നു മനസ് പറഞ്ഞതോടെ ബസ്റ്റാന്‍ഡിലേക്കു വച്ചടിച്ചു.

ഓരോ അരമണിക്കൂര്‍ ഇടവിട്ടും ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിക്ക് ബസുണ്ട്. രണ്ടോ മൂന്നോ ട്രെയിനുകളുമുണ്ട്. ചെന്നൈയില്‍ നിന്നും ഏതാണ്ട് 150 കിലോമീറ്റര്‍ തെക്കുമാറി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്താണ് പോണ്ടിച്ചേരി പട്ടണം. ഏതാണ്ട് 300 കൊല്ലത്തെ ഫ്രഞ്ച് ഭരണത്തിനു ശേഷം 1954 ല്‍ പുതുച്ചേരി ഇന്ത്യയുടെ ഭാഗമായി. ഫ്രഞ്ച് കോളനിവത്കരണത്തിന്റെ ശേഷിപ്പുകളെ കുറിച്ചുള്ള വിവരണങ്ങളും ചില സിനിമകളില്‍ കണ്ട ഭംഗിയുള്ള ദൃശ്യങ്ങളുമാണ് അങ്ങോട്ടുള്ള കുതിപ്പിനായി മനസിനെ കൊതിപ്പിച്ചു നിര്‍ത്തുന്നത്.

കൂടുതലും പാസഞ്ചര്‍ ട്രെയിന്‍ ആയതിനാല്‍ ബസ് സര്‍വീസ് തിരഞ്ഞെടുക്കുന്നതാകും ഉത്തമം. ഹൈവേയില്‍ കൂടി നല്ല വേഗത്തില്‍ പോകുന്ന ബസ് ഏകദേശം നാല് നാലര മണിക്കൂര്‍ കൊണ്ട് പോണ്ടിച്ചേരി എത്തും. ഉച്ചയ്ക്ക് 12 മണി ആയപ്പൊളേക്കും ബസ് വിട്ടു. 160 രൂപയാണ് ബസ് ചാര്‍ജ്. പുഷ്ബാക്ക് സീറ്റ് ഉള്ള സാമാന്യം തരക്കേടില്ലാത്ത യാത്ര. ഉച്ചയൂണ് കഴിഞ്ഞ ആലസ്യത്തില്‍ കണ്ണുകള്‍ മെല്ലെ അടഞ്ഞു വരുന്നുണ്ട്. കൂടാതെ പുറത്തു നിന്നുള്ള ചൂട് കാറ്റും. നഗരത്തിന്റെ തിരക്കുകള്‍ വിട്ടു പതിയെ ഹൈവേയില്‍ എത്തിയപ്പോളേക്കും അങ്ങിങ്ങായി ചെറിയ സംഘര്‍ഷങ്ങളൊക്കെ കണ്ടു തുടങ്ങി. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ പ്ലക്കാര്‍ഡും പിടിച്ചു വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം. അതൊരു ഹര്‍ത്താലില്‍ പരിണമിക്കുമെന്നു ഞാന്‍ സപ്നത്തില്‍ പോലും കരുതിയിരുന്നില്ല. സംഭവബഹുലമായ മറ്റൊരു യാത്രയിലേക്കും ഹര്‍ത്താലെന്ന അനിശ്ചിതത്വത്തിലേക്കുമുള്ള ഒരു യാത്രയായിരുന്നു അത്.

ഒരു തുള്ളി ഫ്രാന്‍സ്

ഏകദേശം അഞ്ചു മണിയോടെ പോണ്ടിച്ചേരി എത്തി. അപ്പോഴാണറിയുന്നത് ജെല്ലിക്കെട്ടിന്റെ പേരില്‍ പിറ്റേന്ന് ഹര്‍ത്താലാണെന്ന്. തിരിച്ചു പോകാമെന്നു വച്ചാല്‍ ട്രെയിന്‍ ഇല്ല. ചെന്നൈക്കുള്ള അടുത്ത ബസ് ചോദിച്ചപ്പോള്‍ അതും സര്‍വീസ് നിര്‍ത്തി. വീണ്ടും അഞ്ജുവിനെ വിളിച്ചു. അവളുടെ പരിചയത്തില്‍ ഒരു ചേച്ചി നടത്തുന്ന ഹോംസ്റ്റേ ഉണ്ട്. അവള്‍ തന്ന നമ്പറില്‍ വിളിച്ചപ്പോള്‍ റൂം എല്ലാം ഫുള്‍ ആണെന്നും നാളെ ഹര്‍ത്താല്‍ ആയതിനാല്‍ ചെന്നൈക്ക് പോകുന്നത് അപകടമാണെന്നും അവര്‍ പറഞ്ഞു. ചെന്നൈയെക്കാളും പോണ്ടിച്ചേരി കുറച്ചു കൂടെ സുരക്ഷിതം ആണെന്നു തോന്നിയതിനാല്‍ ഇന്നവിടെ തന്നെ തങ്ങാമെന്ന് ഉറപ്പിച്ചു.

അവര്‍ തന്നെ ആറു മണിയോടെ എന്നെ മറ്റൊരു ഹോംസ്റ്റേയില്‍ ആക്കി തന്നു. അവരുടെ തന്നെ ബന്ധുവിന്റെയാണത്. റൂമില്‍ ചെന്ന് ബാഗ് എല്ലാം വച്ച് ഫ്രഷ് ആയി. എന്നെ കാത്തു ചേച്ചിയും ചേച്ചിയുടെ മകന്‍ ആല്‍വിനും അവിടുണ്ടായിരുന്നു. പിന്നെ ആല്‍വിനൊപ്പം അവരുടെ വീട്ടില്‍ പോയി വിഭവസമൃദ്ധമായ ശാപ്പാടടിച്ച് വീണ്ടും വീണ്ടും ഹോട്ടലിലേക്ക്. ഹര്‍ത്താല്‍ ആയതിനാല്‍ നാളെ ഓട്ടോറിക്ഷകള്‍ കിട്ടില്ല. 'ഉങ്കള്‍ക്കു ബൈക്ക് ഓടിക്ക തെരിയുമാ?' ആല്‍വിന്‍ ചോദിച്ചു. ബുള്ളറ്റില്‍ ഹിമാലയം പോയ ചരിത്രമൊന്നും പറയാന്‍ പോയില്ല. അവര്‍ ഒപ്പിച്ചു തരാമെന്നു പറഞ്ഞ ആക്ടീവയുടെ കാര്യം ഉറപ്പിച്ചു.

രാവിലെ ഏഴു മണിക്ക് ആക്ടിവയുമായി ആല്‍വിന്‍ എത്തി. പുറത്തു ഹര്‍ത്താലിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. പെട്രോള്‍ പമ്പ് ഇല്ലാത്തതു കൊണ്ട് ബ്ലാക്കില്‍ പെട്രോള്‍ വാങ്ങി. കയ്യിലാണെങ്കില്‍ ഇനി കടലാസു രൂപത്തില്‍ ഒറ്റക്കാശില്ല. കാര്‍ഡ് മാത്രം ആശ്രയം. ആല്‍വിന്‍ എനിക്ക് പോണ്ടിച്ചേരിയില്‍ കാണുവാന്‍ ഉള്ള ലൊക്കേഷനും ഒക്കെ അടങ്ങുന്ന ഗൈഡ് മാപ് കൊണ്ട് തന്നു. എല്ലാം ഒരു 20 കിലോമീറ്ററിന്റെ ഉള്ളേ താന്‍ ഇരുക്ക്. പോണ്ടിച്ചേരി വരുന്നതിനു മുന്‍പ് തന്നെ ഒരുപാട് തവണ കേട്ടിട്ടുള്ള സ്ഥലമായിരുന്നു ആരോവില്ല. പോണ്ടിച്ചേരി സിറ്റിയില്‍ നിന്നു എട്ട് കിലോമീറ്റര്‍ മാറി ഒരു ഗ്രാമപ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ടൗണ്‍ഷിപ് ആണ് ആരോവില്ല. ടൗണ്‍ഷിപ്പിന്റെ ഒത്ത നടുക്കായി മട്രിമന്ദിര്‍ എന്നൊരു കെട്ടിടം കാണാം. ദൂരെ നിന്നു നോക്കിയാല്‍ ഒരു സ്വര്‍ണ ഗോളം പോലെ തോന്നും. അങ്ങോട്ടായിരുന്നു ആദ്യ യാത്ര. ആരോവില്ലയിലേക്കുള്ള വഴി ചോദിച്ചു ചോദിച്ചു പോകുമ്പോള്‍ നാട്ടുകാര്‍ക്കറിയാത്ത വഴി തമിഴില്‍ തന്നെ പറഞ്ഞു തരാന്‍ എത്തിയത് ഒരു വിദേശിയായിരുന്നു.

ചോദിച്ച് ചോദിച്ച് പോകുമ്പോള്‍

നേരെ പോയാല്‍ മതിയെന്നാണ് പറഞ്ഞത്. പറഞ്ഞ എട്ടു കിലോമീറ്റര്‍ കഴിഞ്ഞു. ഇതുവരെ തിരിഞ്ഞു പോകേണ്ട വഴി കാണാത്തതിനാല്‍ ഞാന്‍ മുന്നോട്ടു തന്നെ പോയി. കാര്‍ണേശ്വര്‍ നടരാജ ക്ഷേത്രം എന്ന ബോര്‍ഡ് കണ്ടത്. അതും കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ വഴിയില്‍ കണ്ട ഒരാളോട് ആരോവില്ല പോണ വഴി ചോദിച്ചു. അതായിരുന്നു മറുപടി. അമ്മാ ആരോവില്ല വന്ത് പോണ്ടിച്ചേരിയില്‍ താന്‍ ഇരിക്കും. ഇത് വന്ത് തമിഴ്നാട് താനെ. ഇങ്കെരുന്ത് ഒരു പതിനഞ്ചു കിലോ മീറ്റര്‍ താണ്ടി പോകലാം. ദൈവമേ, തമിഴ്നാടോ അയ്യോ.. ഇങ്കെ ഹര്‍ത്താല്‍ താനേ.. തിരുമ്പി പോക മുടിയുമാ. പറവായില്ലേ, നീ പൊങ്കോ.

വണ്ടി തിരിച്ചേക്കാമെന്നു വെച്ചപ്പോള്‍ ദേ വരുന്നു ഒരു നൂറു നൂറ്റമ്പതു പേര്. അതും പന്തം കൊളുത്തി പ്രകടനം. പക്ഷെ വണ്ടി തടയുകയോ, പ്രക്ഷോഭം ഉണ്ടാക്കുകയോ ചെയ്യുന്നില്ല. അങ്ങനെ ഒടുവില്‍ ആരോവില്ലയില്‍ എത്തി. അരബിന്ദോയുടെ സഹയാത്രികയായിരുന്ന ഫ്രഞ്ച് വനിത രൂപം നല്‍കിയതാണ് ആരോവില്ല. പ്രഭാതത്തിന്റെ നഗരം എന്നാണ് ആരോവില്ല എന്ന വാക്കിനര്‍ഥം. എന്തുചെയ്യാം ഹര്‍ത്താല്‍ ആയതിനാല്‍ ആരെയും കയറ്റി വിടില്ലെന്ന് പറഞ്ഞു. ഗേറ്റ് കടന്നു മുന്നിലേക്ക് പോയപ്പോള്‍ ഒരു പൊട്ടു പോലെ ആ സ്വര്‍ണ ഗോളം കണ്ടു.. അപ്പോളേക്കും സെക്യൂരിറ്റി വന്നു ഞങ്ങളെ പറഞ്ഞു വിട്ടു. അതിനു അടുത്തായി ഓറോവില്‍ ബീച്ചിലും പോയി തിരികെ പോണ്ടിച്ചേരി സിറ്റിയിലേക്ക് തന്നെ വെച്ചടിച്ചു.

നേരെ പ്രോമിനെയ്ഡ് ബീച്ചിലേക്ക് ആണ് അടുത്തതായി പോയത്. ഫ്രഞ്ച് നിര്‍മാണ ശൈലിയുടെ സൗന്ദര്യം അധികം കോട്ടം തട്ടാതെ നില നിര്‍ത്തിയിരിക്കുന്ന വിശാലമായ ഒരു തെരുവ്. ബംഗാള്‍ ഉള്‍ക്കടലിന് സമാന്തരമായി മനോഹരമായ നടപ്പാതയുള്ള റോഡോട് കൂടിയ ഈ ബീച്ചാണ് പോണ്ടിച്ചേരിയുടെ ഏറ്റവും മനോഹര പ്രദേശം. ഇതിന്റെ വശത്ത് കടലിനെ അഭിമുഖീകരിച്ച് നില്‍ക്കുന്ന സുന്ദരമായ ധാരളം സൗധങ്ങള്‍ കാണാം. പോണ്ടിച്ചേരിയുടെ ചരിത്രം തന്നെ ആ വഴിയിലാണെന്നു തോന്നും.

പുതുച്ചേരി ഇന്ന് കൂടുതലും അറിയപ്പെടുന്നത് ശ്രീ അരബിന്ദോയുടെ പില്‍ക്കാല വാസസ്ഥലം എന്ന നിലയ്ക്കാവും. സ്വതന്ത്രസമരസേനാനി, യോഗി, മിസ്റ്റിക്ക്, കവി, തത്വചിന്തകന്‍ എന്ന നിലയ്ക്കൊക്കെ അറിയപ്പെടുന്ന ഒറോബിന്തോ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അറസ്റ്റു ഒഴിവാക്കാന്‍ 1910-ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് ഫ്രഞ്ച് അധീനതയിലുള്ള പുതുച്ചേരിയില്‍ വന്ന് താമസം ഉറപ്പിക്കുകയായിരുന്നു. പ്രോമിനൈഡ് ബീച്ച് സൈഡില്‍ തന്നെ ഡ്യൂപ്ലക്സ് പ്രതിമ, ഫ്രഞ്ച് വാര്‍ സ്മാരകം, ഗാന്ധി മണ്ഡപം, കാര്‍ഗില്‍ യുദ്ധ സ്മാരകം, ജോവാന്‍ ഓഫ് ആര്‍ക്കിന്റെ സ്മാരകം, ലൈറ്റ ഹൗസ്, ഹാര്‍ബര്‍ എന്നിവ കാണാം. പുതുച്ചേരി പട്ടണത്തിന്റെ മുഖ്യ ആകര്‍ഷണം കടല്‍ത്തീരത്തുള്ള ഈ നടപ്പാതയാണ് ഗാന്ധി സ്മാരകത്തിന് എതിര്‍വശത്തായി വിളക്കുമാടം കാണാം. കടല്‍പ്പാലവും അവിടെ തന്നെ. കാലപ്പഴക്കം ഉള്ളതിനാല്‍ കടല്‍പ്പാലത്തിലേക്ക് കയറുന്നത് നിരോധിച്ചിരിക്കുകയാണ്.

1742 മുതല്‍ 1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ജോസഫ് ഫ്രാന്‍സ്വാ ഡ്യൂപ്ലെക്സിന്റെ ഒരു പ്രതിമയും കടല്‍ത്തീരത്ത് കാണാം. ഈ ഫ്രഞ്ച് കോളോണിക്കുള്ളിലായി തന്നെയാണ് ആശ്രമം, സമാധി,കോണ്‍സുലേറ്റ്, പോലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവ ഉള്ളത്. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. അവിടെ നിന്നും ഏഴു കിലോമീറ്ററോളം പോയി കഴിയുമ്പോള്‍ പാരഡൈസ് ബീച്ച് കാണാം.

അതൊരു പ്രൈവറ്റ് ബീച്ച് ആണ്. ബീച്ചില്‍ പോകണമെങ്കില്‍ ബോട്ട് സര്‍വീസ് മാത്രമേ ഉള്ളൂ. സമുദ്രത്താല്‍ അനുഗ്രഹീതമായ പോണ്ടിച്ചേരി നഗരത്തിന്റെ വാസ്തു വിദ്യകളും സവിശേഷമാണ്. സന്ദര്‍ശകരുടെ മനം മയക്കുന്നതാണ് നഗരത്തിന്റെ രൂപകല്‍പ്പന. ഗ്രിഡ് പാറ്റേണിലാണ് നഗരം പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത്നഗരത്തിന്റെ രൂപകല്‍പനയില്‍ ഫ്രഞ്ച് സ്വാധീനം എത്രത്തോളം ഉണ്ടെന്നുള്ളതിന്റെ ഉത്തമോദാഹരണം കൂടിയാണിത്. പോണ്ടിച്ചേരിയിലെ പല തെരുവുകള്‍ക്കും ഫ്രഞ്ച് പേരുകളാണ് നല്‍കിയിരിക്കുന്നത്. കൊളോണിയല്‍ വാസ്തുവിദ്യയാണ് ഇവിടുത്തെ പല വീടുകളുടെയും നിര്‍മ്മിതിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഫ്രഞ്ച് ദേശം എന്നും ഇന്ത്യന്‍ ദേശം എന്നും നഗരത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശം വൈറ്റ് സിറ്റി എന്നും ഇന്ത്യന്‍ ദേശം ബ്ലാക് സിറ്റി എന്നും അറിയപ്പെടുന്നുണ്ട്. തനത് കൊളോണിയല്‍ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ളതാണ് വൈറ്റ് സിറ്റി. അതേസമയം, ബ്ലാക് സിറ്റിയാകട്ടെ പുരാതന തമിഴ് ശൈലികളും രൂപകല്‍പനകളും ആണ് സ്വീകരിച്ചിരിക്കുന്നത്. ഈ രണ്ട് സവിശേഷ ശൈലകളുടെ കൂടിച്ചേരല്‍ പോണ്ടിച്ചേരി നഗരത്തിന് വ്യത്യസ്തയും അതേസമയം അതുല്യമായ മനോഹാരിതയും നല്‍കുന്നു.

ഹര്‍ത്താല്‍ എന്ന ഭീതി മനസിലുള്ളത് കൊണ്ട് പോണ്ടിച്ചേരിയെ ഓടിച്ചൊന്നു കണ്ടെന്നു വരുത്തി മടങ്ങാതെ വയ്യ. ഇനിയൊന്നു കൂടി വരണം ഈ കടല്‍ നഗരത്തിന്റെ കാഴ്ചകളില്‍ മതിവരുവോളം മുങ്ങി നിവരുവാന്‍. മേയില്‍ ഹിമാലയം കയറിയിറങ്ങുമ്പോഴേക്കും പോണ്ടിച്ചേരി വീണ്ടും വിളിക്കുമായിരിക്കും.

(പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് ലേഖിക. നിധിയും സഹോദരന്‍ നിഷാന്തും കൂടി നടത്തിയ ഇന്ത്യാ പര്യടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി യാത്രകള്‍ ചെയ്തു വരുന്നു. യാത്രകള്‍ക്കൊപ്പം പകര്‍ത്തിയതും സ്‌കെച്ച് ചെയ്തതുമായ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും വിവിധ സ്ഥലങ്ങളില്‍ നടത്തിയിട്ടുണ്ട്. ഈ സ്‌കെച്ചുകളും ലേഖികയുടെത് തന്നെയാണ്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories