അഴിമുഖം പ്രതിനിധി
സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പ്രധാന നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഓടുന്നുണ്ട്. മോട്ടോര്‍വാഹന പണിമുടക്കുകൂടിയുള്ളതിനാല്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സുകളോ ടാക്സികളോ സര്‍വീസ് നടത്തുന്നില്ല. മോട്ടോര്‍തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് വാഹനപണിമുടക്ക്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിരക്ക് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയുടെ ഹര്‍ത്താല്‍.
മത്സ്യത്തൊഴിലാളികളും കര്‍ഷക സംഘടനകളും പണിമുടക്കിലാണ്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. റബ്ബര്‍ വിലത്തകര്‍ച്ച ഉള്‍പ്പടെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സംയുക്ത കര്‍ഷകസമിതിയുടെ ഹര്‍ത്താല്‍. ഹർത്താലിൽ പത്രം, പാല്, ആതുരസേവനം, പ്രാദേശിക ഉത്സവങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, വിദേശ മീന്‍പിടുത്ത കപ്പലുകള്‍ക്ക് ലൈസന്‍സ് നല്കാന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരദേശ ഹര്‍ത്താൽ ആചരിക്കുന്നത്.
സംസ്ഥാനത്ത് ഹർത്താൽ പൂർണം

Next Story