അഴിമുഖം പ്രതിനിധി
രാം ജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ ഏറ്റവും പ്രായംകൂടിയ ഹര്ജിക്കാരന് മുഹമ്മദ് ഹാഷിം അന്‍സാരി അന്തരിച്ചു. 95 വയസ്സ് പ്രായമുള്ള അന്‍സാരി ഹൃദയ രോഗ ബാധിതനായിരുന്നു. ബാബറി മസ്ജിദ് കേസില്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് വേണ്ടി 1961 മുതല്‍ ഹാജരായ ആറു ഹര്‍ജിക്കാരില്‍ അവശേഷിച്ച ഏക വ്യക്തിയായിരുന്നു അന്‍സാരി.
രാം ലള്ള ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങള്‍ ബാബറി പരിസരത്ത് 1949 ഡിസംബര്‍ 22ന് എത്തിയതിന് സാക്ഷിയായിരുന്ന അന്‍സാരി ഫാസിയാബാദ് സിവില്‍ കോടതിയില്‍ ഹിന്ദുമഹാ സഭയുടെ അനധികൃത കൈയ്യേറ്റത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ച വ്യക്തിയുമായിരുന്നു.
അന്‍സാരിയുടെ മരണത്തോട് കൂടി അയോധ്യ തര്‍ക്കത്തിന്റെ ഒരു യുഗം അവസാനിക്കുകയാണ്. ബാബറി മസ്ജിദിലെ വിഗ്രഹ സ്ഥാപനവും, 1992ലെ മസ്ജിദിന്റെ തകര്‍ച്ചയും, സ്ഥലം മൂന്നായി ഭാഗിക്കാനുള്ള 2010ലെ ലക്നൌ ഹൈകോടതി വിധിയും നേരില്‍ കണ്ട ജീവിച്ചിരുന്ന ഏക വ്യക്തി. 2011 ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ആദ്യ പരാതിക്കാരനും അദ്ദേഹമായിരുന്നു.