TopTop
Begin typing your search above and press return to search.

ഹഷ്മുഖ് അധിയ; നോട്ട് നിരോധന പരിപാടിയിലെ മോദിയുടെ രഹസ്യ ചാവേര്‍

ഹഷ്മുഖ് അധിയ; നോട്ട് നിരോധന പരിപാടിയിലെ മോദിയുടെ രഹസ്യ ചാവേര്‍

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് നോട്ട് നിരോധന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് വിളിച്ചു ചേര്‍ത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ഇത്രകൂടി പറഞ്ഞു: "ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ പഠനങ്ങളും ഞാന്‍ നടത്തിയിട്ടുണ്ട്. ഇത് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ കുറ്റം എനിക്കാണ്." ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ജനങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ഭാവി ശോഭനമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആ പ്രഖ്യാപനം കഴിഞ്ഞ് മാസം ഒന്നു കഴിഞ്ഞിട്ടും ജനങ്ങള്‍ ഇപ്പോഴും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ നീണ്ട ക്യൂകളിലാണ്. സമ്പദ്‌വ്യവസ്ഥയില്‍ ഇടിവുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചു കഴിഞ്ഞു. കള്ളപ്പണം പിടിക്കലും വ്യാജ നോട്ട് ഇല്ലാതാക്കലുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിടത്ത് നിന്ന് അത് കാഷ്‌ലെസ് എകോണമി എന്നതിലേക്ക് സര്‍ക്കാര്‍ ചുവടു മാറ്റി.

ഇത്ര വലിയ ഒരു നടപടിയിലേക്ക് രാജ്യത്തെ തള്ളിവിടുമ്പോള്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഉണ്ട് എന്നു തന്നെയാണ് സര്‍ക്കാരും റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ സര്‍ക്കാര്‍ പറഞ്ഞത് ശരിയാണ്. ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഒരു വര്‍ഷം മുമ്പെങ്കിലും ആരംഭിച്ചിരുന്നു. അതിനായി പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് തന്നെയുണ്ടായിരുന്നു. എന്നിട്ടും ഈ പദ്ധതി നടപ്പാക്കിയത് അമ്പേ പാളിപ്പോയത് എങ്ങനെയെന്നതിനും ഉത്തരമുണ്ട്. മോദിയുടെ ഇഷ്ടക്കാരായ ഏതാനും ഉദ്യോഗസ്ഥരുടെ മാത്രം മേല്‍നോട്ടത്തിലായിരുന്നു എല്ലാം. ധനകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭിന്ന സ്വരങ്ങളും ഉപദേശങ്ങളും പോലും കണക്കിലെടുത്തില്ല. എല്ലാം രഹസ്യമായിരിക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ പദ്ധതി നടത്തിപ്പിനോട് വിയോജിപ്പുള്ളവര്‍ പോലും വാ തുറന്നില്ല.

പ്രധാനമന്ത്രി കഴിഞ്ഞാല്‍ ധനകാര്യ മന്ത്രിയായിരിക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഇത്തരമൊരു പദ്ധതിയുടെ എല്ലാ മേല്‍നോട്ടവും വഹിച്ചിട്ടുണ്ടാവുക എന്നാണ് നമ്മള്‍ ധരിക്കുക. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സുചന. മോദിയുടെ ഉത്തരവ് അനുസരിച്ച് കാര്യങ്ങള്‍ ഈ പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം മുഴുവന്‍ ഒരാള്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തനും റവന്യൂ സെക്രട്ടറിയുമായ ഹഷ്മുഖ് അധിയ. അധിയയുടെ കീഴിലുള്ള അഞ്ച് ഉദ്യോഗസ്ഥരുടെ ടീമായിരുന്നു നോട്ട് നിരോധനം നടപ്പാക്കാനുള്ള പദ്ധതികള്‍ക്ക് മുഴുവന്‍ രൂപം നല്‍കിയത്. ഇവരെ സഹായിക്കാന്‍ ചെറുപ്പക്കാരായ ഡേറ്റാ അനലിസ്റ്റുകളുടെ ഒരു ടീമും. മോദിയുടെ ഔദ്യോഗിക വസതിയായ 7 കല്യാണ്‍ മാര്‍ഗിലെ രണ്ട് മുറികളായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ടീമിന്റെ പ്രവര്‍ത്തന മേഖല.

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം മുഴുവന്‍ തിരികെ കൊണ്ടുവരും എന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തി അധികാരത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന മോദിയുടെ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടത് മോദിയുടെ ആവശ്യവുമായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2003 മുതല്‍ 2006 വരെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു അധിയ. അന്നു മുതല്‍ മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മോദിയെ യോഗ പഠിപ്പിച്ചതും അധിയയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2015 സെപ്റ്റംബറില്‍ അധിയ റവന്യു വകുപ്പ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നു. റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യേണ്ടത് ധനമന്ത്രിക്കാണെങ്കിലും അധിയയ്ക്ക് മോദിയുമായി നേരിട്ട് ഇടപെടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

കള്ളപ്പണം തിരികെ കൊണ്ടുവരും എന്ന പ്രഖ്യാപനത്തില്‍ ഏറ്റ തിരിച്ചടിയോടെ ഇതിനെ മറികടക്കാനുള്ള വഴികളായിരുന്നു മോദിക്ക് വേണ്ടിയിരുന്നത്. തുടര്‍ന്നാണ് നോട്ട് നിരോധന പരിപാടി രൂപം കൊള്ളുന്നത്. ധനമന്ത്രാലയത്തിലെയും റിസര്‍വ് ബാങ്കിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മോദി വച്ച ചില ചോദ്യങ്ങള്‍ ഇവയായിരുന്നു: നോട്ട് നിരോധനം കൊണ്ട് ആര്‍ക്കാണ് പ്രയോജനം ഉണ്ടാവുക, എത്ര വേഗത്തില്‍ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ സാധിക്കും? ബാങ്കുകളില്‍ നിക്ഷേപം കൂടിവരുന്നത് ബാങ്കുകള്‍ക്ക് ഗുണകരമാകുമോ? തുടര്‍ന്ന് അധിയയുടെ നേതൃത്വത്തില്‍ ആറംഗ ടീം, അവരെ സഹായിക്കാന്‍ മോദിയുടെ സോഷ്യല്‍ മീഡിയ ടീമിലടക്കം പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ ഒരു സംഘം എന്നിങ്ങനെ പ്രവര്‍ത്തനമാരംഭിച്ചു. ഒരു തരത്തിലും ഇക്കാര്യം പുറത്തു പോകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഇതിനിടെ പുതിയ 2000 രൂപാ നോട്ടിന്റെ ഡിസൈന്‍ അംഗീകരിച്ചതായി റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് വന്നു. പുതിയ നോട്ടുകള്‍ പുറത്തിറങ്ങാന്‍ പോകുന്നതായി ഒക്‌ടോബറില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു.

നവംബര്‍ 18 ആയിരുന്നു നോട്ട് നിരോധനം പ്രഖ്യാപിക്കാനുള്ള തീയതിയായി നേരത്തെ നിശ്ചയിച്ചിരുന്നത് എന്നാണ് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഓരോ ദിവസവും വൈകുന്തോറും വാര്‍ത്ത പുറത്താകാനുള്ള സാധ്യത ഏറിയതോടെയാണ് എട്ടിന് പ്രഖ്യാപനം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിക്കുന്നത്. അങ്ങനെ ഒരു വര്‍ഷത്തോളം വിവിധ മേഖലകളില്‍ പഠനം നടത്തി, നേട്ടവും കോട്ടവുമൊക്കെ വിലയിരുത്തി നടപ്പാക്കിയ ഒരു പദ്ധതി എന്ന രീതിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപനത്തിന് മുമ്പ് തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചതും. എന്നാല്‍ ഈ വിധത്തില്‍ ഇത് താറുമാറായത് എന്നതിന് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഉത്തരവും തരുന്നു. കുറച്ചു പേര്‍ മാത്രം ചര്‍ച്ച ചെയ്ത് നടപ്പാക്കിയ തീരുമാനമായിരുന്നു. പുറംലോകത്തെ യാഥാര്‍ഥ്യങ്ങക്കെുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമായിരുന്നു അതെന്നാണ്. അതുകൊണ്ടു തന്നെ ഇതിനോടുള്ള വിയോജിപ്പുകള്‍ നേരത്തെ പ്രകടിപ്പിക്കാതിരുന്നത് ശരിയായില്ലെന്നും ഇപ്പോള്‍ അവര്‍ പറയുന്നു.

അതായത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, അല്ലെങ്കില്‍ പുറംലോകത്തെ കാര്യങ്ങള്‍ എന്തെന്നറിയാത്ത കുറച്ചു പേര്‍ കൂടിയിരുന്ന് നടത്തിയ പഠന, ഗവേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയതും അത് രാജ്യത്തിന്റെ അടിസ്ഥാന സമ്പദ്ഘടനയെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും എന്നു ചുരുക്കം.


Next Story

Related Stories