Top

കേട്ടാല്‍ അറയ്ക്കുന്ന വിദ്വേഷ വാക്കുകളാണ് അധികാരത്തിലേക്കുള്ള വഴിയെന്ന പ്രത്യയശാസ്ത്രമാണ് പിള്ളയേയും നയിക്കുന്നത്; ലിബറലുകള്‍ ഞെട്ടിയിട്ട് കാര്യമില്ല

കേട്ടാല്‍ അറയ്ക്കുന്ന വിദ്വേഷ വാക്കുകളാണ് അധികാരത്തിലേക്കുള്ള വഴിയെന്ന പ്രത്യയശാസ്ത്രമാണ് പിള്ളയേയും നയിക്കുന്നത്; ലിബറലുകള്‍ ഞെട്ടിയിട്ട് കാര്യമില്ല
എഴുതിയ പുസ്തകങ്ങളുടെ എണ്ണമാണ് ഒരു രാഷട്രീയ നേതാവിന്റെ ഔന്നത്യത്തെക്കുറിക്കുന്നതെങ്കില്‍ സമകാലിന രാഷ്ട്രീയത്തില്‍ പി എസ് ശ്രീധരന്‍ പിള്ളയോളം തലയെടുപ്പുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലുണ്ടാവില്ല. അത്രയേറെ 'സാംസ്‌ക്കാരിക ധൈഷണിക' ഇടപെടുലുകളാണ് അദ്ദേഹം നടത്തിയതെന്നാണ് ആരാധക വൃന്ദം ഈയടുത്തകാലം വരെ പറഞ്ഞു നടന്നത്. 100 പുസ്തകങ്ങളാണ് രാഷ്ട്രീയത്തിന്റെയും അഭിഭാഷക വൃത്തിയുടെയും തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്.

എന്നാല്‍ എഴുതിയ പുസ്തകങ്ങളിലെ 'ധൈഷണികമായ' ഇടപെടലുകളുടെ പേരിലായിരുന്നില്ല ഒരിക്കലും ശ്രീധരന്‍ പിള്ള വാര്‍ത്തകളില്‍ നിറഞ്ഞത്. മറിച്ച് കേരള രാഷ്ട്രീയത്തില്‍ ഒരിക്കലും കാണാത്ത വിധം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പരസ്യപ്പെടുത്തി കൊണ്ടാണ്. മോദി-അമിത് ഷാ കാലത്തെ ബിജെപി രാഷ്ട്രീയത്തില്‍ ഉദാരതയുടെ പുറം മോടികള്‍ പോലും അപ്രസക്തമാണെന്ന് ബോധ്യമാകും ഒരു പക്ഷെ, കേരളത്തിലെ ലിബറലുകളുടെ പോലും ആരാധ്യനായ ശ്രീധരന്‍ പിള്ളയെ തന്റെ മനസ്സിലിരുപ്പുകള്‍ തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനിടെ കുമ്മനം ഇംഫാലിലേക്ക് ഗവര്‍ണറാകാന്‍ വേണ്ടി വിമാനം കയറിയപ്പോള്‍ ബിജെപി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ട പേരുകളില്‍ ആലപ്പുഴയില്‍ ജനിച്ച് കോഴിക്കോട്ടുകാരനായി മാറിയ പിളളയുടെ പേരുണ്ടായിരുന്നില്ല. കാരണം ബിജെപിയുടെ നടത്തിപ്പുകാരായ ആര്‍എസ്എസ്സിന് പ്രിയപ്പെട്ടവനായിരുന്നില്ല പിള്ളയെന്നത് തന്നെ. പന്തളം എന്‍എസ്എസ് കോളെജിലും കോഴിക്കോട് ലോ കോളെജിലും എബിവിപിക്കാരാനായിരുന്നു, അവരുടെ സംസ്ഥാന ഭാരവാഹിയായിരുന്നു പക്ഷെ എന്തോ പിള്ളയെ ആര്‍എസ്എസ്സിന് ബോധിച്ചിരുന്നില്ല. രണ്ടാം മാറാട് കാലത്തെ നിലപാടുകളാണ് ഇതിന് ഒരു കാരണമെന്ന് ചിലര്‍. പക്ഷെ തമ്മില്‍ തല്ല് കനത്തതിനാല്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരില്‍നിന്ന് ഒരാളെ കണ്ടെത്താന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞുമില്ല.

എന്തായാലും രണ്ടാം തവണയും അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ പിളള അത് പരിഹരിക്കാന്‍ ശ്രമിച്ചു. അതില്‍ അയാള്‍ വിജയിച്ചുവെന്ന് വേണം കരുതാന്‍. മൃദുല നിലപാട് സ്വീകരിച്ചുകൊണ്ടും പൊതുവികാരം മാനിച്ചും ആരും ഇന്നുവരെ ആര്‍എസ്എസ്സിന് പ്രിയങ്കരനായിട്ടില്ല. അത് ഒരു ആവരണമായി അണിഞ്ഞാലും ആര്‍എസഎസ്സിന് അവര്‍ പ്രിയപ്പെട്ടവരാകില്ല. അവരെ ഉപയോഗിക്കുമെന്ന് മാത്രം. അല്‍പം ഒന്ന് മൃദുവായി നോക്കിയപ്പോള്‍ അനഭിമതനായ അദ്വാനി പിന്നെ മാര്‍ഗദര്‍ശകനായി മാറ്റപ്പെടുകയാണ് ചെയ്തത്.

അങ്ങനെയിരിക്കുമ്പോഴാണ് ശബരിമല വിധി വന്നത്. അഭിഭാഷകനായ പിള്ള ആദ്യം അതിനെ സ്വാഗതം ചെയ്തു. പിന്നീടാണ് ആര്‍എസ്എസ്സിന്റെ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ പറ്റിയ അവസരമാണിതെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് സുവര്‍ണാവസര പ്രസംഗം ഉണ്ടായത്. ബിജെപിയുടെ അജണ്ട പച്ചയായി പറഞ്ഞുകൊണ്ട് കേരള രാഷട്രീയം വിമോചന സമരത്തിന് ശേഷം കണ്ട ഏറ്റവും പ്രതിലോമകരമായ സമരത്തിന് നേതൃത്വം നല്‍കി. കോണ്‍ഗ്രസുകാര്‍ വരെ നിശബ്ദരായി പിന്നാലെ കൂടി. കേരളത്തില്‍ ബിജെപി തംരഗമായിരിക്കുമെന്ന് മാധ്യമങ്ങളെ കൊണ്ട് എഴുതിച്ചു. പക്ഷെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ ഒന്നും കണ്ടില്ല. പിള്ള നിര്‍ത്തിയില്ല. പിന്നെയും പിന്നെയും തീവ്രമായി പറഞ്ഞുകൊണ്ടെയിരുന്നു. ആ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അതിന്റെ ഗുണഭോക്താവ് താനും കൂടിയാവണമെന്നും പിള്ള ആഗ്രഹിച്ചു. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ സ്ഥാനാര്‍ത്ഥിയാവാന്‍ മോഹിച്ചു. ആര്‍എസ്എസ്സും, പാര്‍ട്ടിയിലെ എതിരാളികളും വെട്ടി. അങ്ങനെ നിരാശനായി പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ എതിര്‍പ്പ് മറികടക്കാന്‍ കൂടുതല്‍ കൂടുതല്‍ ശക്തമായി വിദ്വേഷ പ്രചാരകനാകുകയെന്ന സിദ്ധാന്തത്തിലൂന്നിയായിരുന്നു പിള്ളയുടെ പ്രവര്‍ത്തനം.
പ്രിയങ്കാഗാന്ധിക്കെതിരെ സ്ത്രീ വിദ്വേഷ പ്രസംഗം വിവാദമായി. അമിത്ഷായും മോദിയും യാതൊരു മറയുമില്ലാതെ വിദ്വേഷം പടച്ചുവിടുമ്പോള്‍, പിള്ളയ്ക്ക് കൂടുതല്‍ രൗദ്രതയോടെ കുതിച്ചേ പറ്റുമായിരുന്നുള്ളൂ. പ്രസ്ഥാനം ബിജെപിയാണ്, നയിക്കുന്നത് ആര്‍എസ്എസ്സാണ്. ഒരു കുറവും പാടില്ല.

അങ്ങനെയാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ വേദിയില്‍വെച്ച് മുസ്ലീങ്ങളെ മുഴുവന്‍ അപഹസിച്ചത്. ആ വാക്കുകള്‍ വിമര്‍ശിക്കാന്‍ വേണ്ടി ആയാല്‍ പോലും വീണ്ടും എഴുതാന്‍ പാടില്ല. ശശികല പോലും കൊതിച്ചുപോകും ആ പ്രസംഗം കേട്ട്. മോദിയുടെയും ഷായുടെയും ആദിത്യനാഥിന്റെയും ബിജെപിയില്‍ ഇതൊക്കെ വളരെ സ്വാഭാവികമാണ്. ആ വിദ്വേഷ പ്രസംഗമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിലേക്ക് നയിച്ചിരിക്കുന്നത്. ഇതൊന്നും ബിജെപിയുടെ അധ്യക്ഷനില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് കരുതുന്നില്ല.

കേട്ടാല്‍ അറയ്ക്കുന്ന വിദ്വേഷ വാക്കുകളാണ് അധികാരത്തിലേക്കുള്ള വഴിയെന്ന് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് പിള്ളയേയും മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ട് അയാള്‍ ഇനിയും പറയും. ലിബറലുകള്‍ എത്ര ഞെട്ടിയാലും
ആര്‍എസ്എസ്സിനെ മനസ്സിലാക്കിയാല്‍ തീരുന്ന പ്രശ്‌നമെ അയ്യോ ശ്രീധരന്‍പിള്ള ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ദുഃഖിക്കുന്ന ലിബറല്‍ ജീവികള്‍ക്കുളളൂ. അവരെന്തോ ചെയ്യട്ടെ, പിള്ള അയാളുടെ പ്രത്യയശാസ്ത്രം പറഞ്ഞ് സ്വയം വെളിപ്പെടട്ടെ.

Next Story

Related Stories