TopTop
Begin typing your search above and press return to search.

ഭൂകമ്പം വഴി തടഞ്ഞു; ഏവറസ്റ്റ് കീഴടക്കുന്ന ആദ്യ സസ്യാഹാരിയാകാനുള്ള ശ്രമം വിഫലം

ഭൂകമ്പം വഴി തടഞ്ഞു; ഏവറസ്റ്റ് കീഴടക്കുന്ന ആദ്യ സസ്യാഹാരിയാകാനുള്ള ശ്രമം വിഫലം

രമാലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മുപ്പത്തഞ്ചുകാരനായ സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍ കുന്റാല്‍ ജോയിഷറിനെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്ന ചോദ്യം 'അപ്പോള്‍ എവിടെ നിന്നാണ് നിങ്ങള്‍ക്ക് പ്രോട്ടീന്‍ കിട്ടുക?' എന്നതായിരുന്നു.

അങ്ങനെയാണ് നേപ്പാളിലെ ഹിമാലയന്‍ മലനിരകളില്‍ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ വീഗനാകാന്‍ (പ്രത്യേകതരം സസ്യഭക്ഷണം മാത്രം കഴിക്കുന്നയാള്‍) അയാള്‍ തീരുമാനിച്ചത്.

അപ്പോഴാണ് ഭൂമികുലുക്കമുണ്ടായത്.

'ആളുകളെക്കൊണ്ട് വ്യത്യസ്തമായ ചോദ്യം ചോദിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യാനായിരുന്നു എന്റെ ആഗ്രഹം: 'ഇതെല്ലാം ചെയ്യാനായി നിങ്ങള്‍ എന്താണ് കഴിക്കുന്നത്, സുഹൃത്തേ?' അങ്ങനെ വീഗന്‍ ആളുകള്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നില്ല എന്ന മിഥ്യ തകര്‍ക്കാമായിരുന്നു. ഭൂമികുലുക്കവുമായുള്ള ഭീകരമായ കണ്ടുമുട്ടലിനുശേഷം ബേസ് ക്യാംപിലെത്തിയ ജോയിഷര്‍ പറയുന്നു.

ജോയിഷര്‍ ശ്വാസംകിട്ടാനായി വിഷമിക്കുന്ന ഒരു വീഡിയോ യൂട്യൂബില്‍ വൈറലായിരുന്നു.

ഇന്ത്യയിലെ ഒരു വെജിറ്റേറിയന്‍ കുടുംബത്തില്‍ ജനിച്ച ജോയിഷര്‍ ലോസ് ആഞ്ചല്‍സില്‍ ജോലി തുടങ്ങിയതിനുശേഷമാണ് അതി തീവ്ര വീഗനായി മാറിയത്. ലോകത്തെയും തന്റെ വഴിയില്‍ കൊണ്ടുവരണമെന്നായി പിന്നീട്. അതിന് പറ്റിയ ഏറ്റവും നല്ല ഇടം ലോകത്തിന്റെ ഏറ്റവും മുകളിലല്ലെങ്കില്‍ വേറെ എവിടെയാണ്?

ഇതുവരെ ഒരേയൊരു വീഗന്‍ മാത്രമേ എവറസ്റ്റ് കീഴടക്കിയിട്ടുള്ളൂവെന്നും അയാള്‍ ടിബറ്റില്‍ നിന്നാണ്, നേപ്പാളില്‍ നിന്നല്ല കയറിയത് എന്നും ജോയിഷര്‍ പറയുന്നു.'ഒരു മലകയറ്റക്കാരന്റെ ഭക്ഷണം സാധാരണയായി ചീസും ബീഫും ഉണങ്ങിയ ഇറച്ചിയുമാണ്, എന്നാല്‍ അതല്ലാതെയും മലകയറാന്‍ സാധിക്കുമെന്ന് തെളിയിക്കാനായിരുന്നു എന്റെ ആഗ്രഹം.' ജോയിഷര്‍ പറയുന്നു. 'ഞാന്‍ ഭക്ഷണം മാത്രമല്ല മലകയറ്റവേഷത്തിലും മാറ്റം വരുത്തിയിരുന്നു.'

ജോയിഷര്‍ ഒരുപാട് സമയം നേപ്പാളി അടുക്കളജോലിക്കാരോട് സൂപ്പില്‍ ക്രീം വേണ്ടെന്നും ഓറ്റ് മീലില്‍ പാല്‍ വേണ്ടെന്നും പാസ്തയില്‍ ചീസും സിന്നമന്‍ റോളില്‍ ബട്ടറും വേണ്ടെന്നും വിശദീകരിച്ചു. ഫാക്ടറി ഫാമിങ്ങിന്റെ ദോഷവശങ്ങള്‍ വിശദീകരിച്ചു മടുത്ത അയാള്‍ പിന്നെ തനിക്ക് അലര്‍ജിയാണെന്നും ഇതുപയോഗിച്ചാല്‍ മലകയറാന്‍ കഴിയില്ലെന്നും പറഞ്ഞപ്പോള്‍ അവര്‍ക്ക് കാര്യം മനസിലായി.

ലെതര്‍ ബൂട്ടുകളും കയ്യുറകളും മാറ്റി പകരം സിന്തറ്റിക് വേഷങ്ങളും സ്ലീപ്പിംഗ് ബാഗും ഒക്കെ വാങ്ങി.

തൂവലുകള്‍ നിറച്ച ഡൗണ്‍ കുപ്പായത്തിന് ഒരു വീഗന്‍ പകരക്കാരനെ കണ്ടെത്താന്‍ പക്ഷെ അയാള്‍ക്ക് കഴിഞ്ഞില്ല. മലകയറ്റവേഷങ്ങള്‍ നിര്‍മ്മിക്കുന്ന ആറു കമ്പനികള്‍ക്ക് അയാള്‍ തുടരെ സന്ദേശങ്ങളയച്ചു. സിന്തറ്റിക്ക് വേഷമുണ്ടാക്കാന്‍ പദ്ധതിയില്ലെന്ന് നാലുപേര്‍ മറുപടി അയച്ചു. ഡസന്‍ കണക്കിന് പ്രശസ്തരായ വീഗന്‍ ആളുകള്‍ക്ക് അയാള്‍ കത്തുകളെഴുതി.

'കൊടുമുടി കയറി ഒരു വീഗന്‍ കൊടിയുയര്‍ത്തുമ്പോള്‍ തൂവല്‍ നിറച്ച ഒരു ഉടുപ്പിട്ട് നില്‍ക്കുന്നത് ആലോചിച്ചു നോക്കുക', അയാള്‍ പറഞ്ഞു.

സിന്തറ്റിക്ക് സ്ലീപ്പിംഗ് ബാഗ് കീറി അത് ധരിച്ചാലോ എന്നും ആലോചിച്ചു. 'എവറസ്റ്റ് കൊടുമുടിയില്‍ അത് ധരിച്ചു ഞാന്‍ മരിച്ചുപോയാലോ? അത് വീഗന്‍ സംസ്‌കാരത്തിന് ഒരു ചീത്തപ്പേരാകും.', ജോയിഷര്‍ പറഞ്ഞു.

ഭൂമികുലുക്കത്തില്‍ യാത്രികരും ഷെര്‍പ്പാകളും കൊല്ലപ്പെട്ടപ്പോള്‍ പക്ഷെ ജോയിഷരുടെ ടീം തങ്ങളുടെ ദൗത്യം വേണ്ടെന്നു വെച്ചു.

'ഞാന്‍ അടുത്ത വര്‍ഷം തിരികെവരും', അയാള്‍ പറയുന്നു. 'അപ്പോഴേയ്ക്കും കുറച്ചുകൂടി പ്രായോഗികമായ ഒരു വീഗന്‍ വേഷം കൂടി ഞാന്‍ കണ്ടെത്തിക്കൊണ്ടുവരും.'

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories