TopTop
Begin typing your search above and press return to search.

വിഷം തുപ്പുന്ന മതനേതാക്കളെ ചങ്ങലയ്ക്കിടണം

വിഷം തുപ്പുന്ന മതനേതാക്കളെ ചങ്ങലയ്ക്കിടണം

ഏതു മതവും മനുഷ്യനുവേണ്ടിയുള്ളതാണ്. ഏത് മതത്തിന്‍റെയും ആത്മീയത സ്‌നേഹമാണ്. പക്ഷെ, മതനേതാക്കള്‍ അങ്ങനെയല്ല. അവര്‍ മനുഷ്യരെ കാണാറില്ല. അവര്‍ക്ക് ആത്മീയത എന്തെന്നറിയില്ല. അവര്‍ വെറുപ്പിന്റെ സന്ദര്‍ശകരാണ്. സ്‌നേഹത്തിന്റെ കശാപ്പുകാരാണ്. അവര്‍ ആര്‍ എസ് എസുകാരോ സമസ്തയോ കാത്തലിക്ക് ബിഷപ്പ് കൌണ്‍സിലോ ആകാം.

ഒരു കന്യാസ്ത്രീ ശിരോവസ്ത്രം ധരിക്കുന്നത് മതത്തിന്റെ ശുശ്രൂഷ പ്രവര്‍ത്തികള്‍ക്കുവേണ്ടിയാണ്. അത് ഒരു വേഷസംവിധാനത്തേക്കാളുപരി ഒരു ജീവിതചര്യയുടെ പ്രതീകമാണ്. ഏതു പ്രതീകവും പ്രകടനമാണ്. ഉള്‍ക്കൊള്ളലല്ല. ഉള്‍ക്കൊണ്ടവന് പ്രതീകം വേണ്ട. പ്രാതിനിധ്യവും വേണ്ട. അത് അലിഞ്ഞുചേരലിന്റെ ശാന്തസംഗീതമാണ്. അതിന് വാദ്യാഘോഷങ്ങളുടെ അകമ്പടി വേണ്ട. ശബ്ദം പോലും വേണ്ട. എന്നാല്‍, പ്രതീകത്തിനതെല്ലാം വേണം. രൂപവും നിറവും മണവും അനുഷ്ഠാനങ്ങളും. ക്രിസ്തു സ്വന്തം ശ്വാസമായി മാറുന്നവന്‍ ശിരോവസ്ത്രത്തെക്കുറിച്ചോ തിരുവസ്ത്രത്തെക്കുറിച്ചോ, എന്തിന്, തിരുശേഷിപ്പിനെകുറിച്ചോ ചിന്തിക്കില്ല. ആത്മീയത, പുറംതോടിന്റെ വര്‍ണ്ണക്കടലാസില്‍ കോര്‍ത്ത തൊങ്ങലായി മാറുമ്പോള്‍, ശിരോവസ്ത്രം വിശ്വാസത്തിന്റെ തന്നെ ആത്മാവായി തോന്നും.

കേരളത്തിലെ ക്രിസ്ത്യന്‍ സഭാധ്യക്ഷന്‍മാര്‍ ക്രിസ്തുവിനെ അറിയാതെ പോകുന്നതുകൊണ്ടാണ് ശിരോവസ്ത്രം ക്രിസ്തുമതത്തിന്റെ ശിരോലിഖിതമാണെന്ന് പറയുന്നത്. ശിരോവസ്ത്രം പവിത്രമാണെങ്കില്‍, അത് ധരിച്ച അഭയയെ കൊന്ന്‍ കിണറ്റില്‍ തള്ളിയവരെകുറിച്ച്, 23 വര്‍ഷം കഴിഞ്ഞിട്ടും, ക്രിസ്ത്യന്‍ സഭകള്‍ എന്തുകൊണ്ട് ഭയപ്പെടുത്തുന്ന മൗനം പാലിക്കുന്നു? ശിരോവസ്ത്രധാരിയായ സെഫിയും ളോഹ ധരിച്ച പാതിരിമാരായ തോമസ് കോട്ടൂരും ജോസ് പുതൃക്കയും തമ്മില്‍ നടത്തിയ, ക്രിസ്തീയ പൗരസ്ത്യവൃത്തിയ്ക്ക് നിരക്കാത്ത പെരുമാറ്റങ്ങളെക്കുറിച്ച് അവര്‍ തന്നെ സ്വന്തം ശബ്ദത്തില്‍ - നര്‍ക്കോ അനാലിസിസിന്റെ ഭാഗമായി - പറയുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത് എട്ടുവര്‍ഷങ്ങള്‍ക്കു ശേഷവും ആ പുരോഹിതന്‍മാരുടേയും ശിരോവസ്ത്രധാരിണിയുടെയും വിശുദ്ധവസ്ത്രം ഊരിവാങ്ങാന്‍ സഭയ്ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? അതൊരിക്കലും ഉണ്ടാകില്ല. അങ്ങനെ ഉണ്ടായാല്‍ സഭാ നേതൃത്വത്തിലെ പലര്‍ക്കും വിശുദ്ധവസ്ത്രം ഉപേക്ഷിക്കേണ്ടിവരും. കുഞ്ഞാടുകള്‍ ഇടയന്മാരില്ലാതെ വല്ല കാട്ടിലും അലഞ്ഞുതിരിയേണ്ടിവരും. മാടത്തെരുവി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പുരോഹിതന്‍ പിന്നീട് വാഴ്ത്തപ്പെട്ടവനായി മാറുന്നത് നമ്മള്‍ കണ്ടതാണ്.

പക്ഷെ സി ബി എസ് സി നിര്‍ദ്ദേശിച്ച ഡ്രസ് കോഡ് ശിരോവസ്ത്രധാരികള്‍ക്കു വേണ്ടി മാത്രം ലംഘിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചപ്പോള്‍ അത് വിശ്വാസത്തെ നിന്ദിക്കുന്നതായി മാറി.

സഭയുടെ ശുശ്രൂഷകള്‍ നല്‍കുന്നതില്‍ വ്യാപൃതരാകാന്‍ വേണ്ടിയാണ് കന്യാസ്ത്രീകള്‍ക്ക് പ്രത്യേക വേഷവും ശിരോവസ്ത്രവും. സഭയ്ക്ക് പുറത്തും, ഏതു പൊതുസ്ഥലത്തും, ഈ വസ്ത്രവുമായി മാത്രമേ നടക്കുകയുള്ളു എന്ന് ശഠിക്കാന്‍ സഭയ്‌ക്കെന്തവകാശം? ശിരോവസ്ത്രധാരിണിയ്‌ക്കൊപ്പം ജൈനമതവിശ്വാസിയായ ഒരു ദ്വിഗംഭരന്‍ (നഗ്നന്‍) പരീക്ഷയെഴുതിയാല്‍ സഭ അത് കണ്ടുനില്‍ക്കുമോ? (സ്വന്തം നഗ്നത പോലും കാണുന്നത് പാപമാണെന്നു കരുതി അയഞ്ഞ വസ്ത്രം ധരിച്ചു മാത്രം കുളിച്ചിരുന്ന ക്രിസ്ത്യന്‍ സമൂഹത്തെക്കുറിച്ച് ആള്‍ഡസ് ഹക്‌സ്‌ലി എഴുതിയിട്ടുണ്ട്.) ദ്വിഗംബരത്വം എന്റെ വിശ്വാസമാണെന്ന് ജൈനര്‍ പറഞ്ഞാല്‍, ആ വിശ്വാസത്തെ ഹനിച്ചുകൂട എന്ന് ക്രിസ്ത്യന്‍ സഭ പറയുമോ?ഏറെ വിചിത്രമായി തോന്നിയത് ഇ ടി മുഹമ്മദ് ബഷീറിന്റെ ഇടപെടലാണ്. ഒരു പഴയ സംഭവം ഓര്‍മ്മവരുന്നു. 1980 ലോ 82 ലോ ആണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി എ ഫിലോസഫി പഠിക്കാന്‍ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി വന്നു. വലിയ താടിയും നീണ്ട മുടിയും വെള്ളമുണ്ടും വെള്ളഷാളുമാണ് വേഷം. ശിവാനന്ദ ആശ്രമത്തിലെ പ്രൊബേഷനില്‍ ഉള്ള സന്യാസി പയ്യന്‍. ആശ്രമത്തിനുള്ളില്‍ അവര്‍ നഗ്നരാണ്. പുറത്തിറങ്ങേണ്ടവര്‍ ധരിക്കേണ്ട വേഷമാണ് വെള്ള മുണ്ടും വെള്ള ഷാളും. അത് ധരിച്ചുവന്ന രാജേന്ദ്രന്, പക്ഷെ പ്രിന്‍സിപ്പള്‍ അഡ്മിഷന്‍ കൊടുത്തില്ല. രാജേന്ദ്രന്‍ കോടതിയില്‍ പോയി. കോടതി രാജേന്ദ്രന്റെ വിശ്വാസത്തിനല്ല, പൊതുസമൂഹത്തിന്റെ ഡ്രസ് കോഡിനാണ് വിലകൊടുത്തത്. പക്ഷെ, വിശ്വാസത്തെ കോടതി ചോദ്യം ചെയ്തത് തെറ്റാണെന്ന് പറയാന്‍ അന്ന് ഒരു ആര്‍ എസ് എസ് കാരനും ഒരു പാതിരിയും ഒരു ഇ ടി മുഹമ്മദ് ബഷീറും വന്നില്ല. കാരണം, 35 വര്‍ഷം മുമ്പ് കേരളത്തില്‍ മതത്തിന്റെ പേരുപറഞ്ഞ് മതനേതാക്കളോ രാഷ്ട്രീയനേതാക്കളോ ഭ്രാന്തിളകി നടന്നിരുന്നില്ല.

വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതി ഇടപെട്ടത് ശരിയായില്ല എന്ന് കേരള രാഷ്ട്രീയത്തില്‍ ഇടംതേടി അലയുന്ന വി എം സുധീരനും പറഞ്ഞു. 1986 ല്‍ സുധീരന്റെ നേതാവ് രാജീവ്ഗാന്ധി നടത്തിയ ഇത്തരമൊരു പ്രീണന നയമാണ്, വാസ്തവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെക്കുലര്‍ സ്വഭാവം നഷ്ടപ്പെടുത്തിയത്. അതു ഒരു സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്.

വിവാഹമോചനം നേടിയ മുസ്ലീം സ്ത്രീയ്ക്ക് മുന്‍ഭര്‍ത്താവ് മാസച്ചിലവിനു കൊടുക്കണം എന്ന് 1985 ഏപ്രില്‍ 23 ന് സുപ്രീംകോടതി വിധിച്ചു. വിവാഹമോചനം നേടിയ സ്ത്രീയുമായി അതിനുശേഷം ഏതെങ്കിലും രീതിയിലുള്ള ബന്ധം - അത് സാമ്പത്തികമായാല്‍ പോലും - ഇസ്ലാമിന്റെ വിശ്വാസമനുസരിച്ച് 'ഹറാം' ആണെന്ന വാദം തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. രണ്ടും മൂന്നും ഭാര്യമാരെ മൊഴിചൊല്ലിയ ശേഷവും ഒന്നും സംഭവിക്കാത്ത പോലെ, യാതൊരു ബാധ്യതയുമില്ലാതെ, ജീവിച്ചുപോന്ന മുസ്ലീം പുരുഷനു കോടതി കൊടുത്ത അടിയായിരുന്നു ആ വിധി. തീര്‍ത്തും അശരണരായ ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകള്‍ക്ക് ലഭിച്ച ആശ്വാസത്തിന്റെ തെളിനീരും.

പക്ഷെ, നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാവും മുസ്ലീം സമുദായത്തിലെ പുരുഷന്‍മാരെ പ്രീണിപ്പിക്കാന്‍ വേണ്ടി സുപ്രീംകോടതിയുടെ ഉത്തരവിനെ അട്ടിമറിച്ചു. അങ്ങനെ അട്ടിമറിച്ചതാകട്ടെ, പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ പാസ്സാക്കിയ നിയമത്തിലൂടെ. ഏറ്റവും പരിഹാസ്യമായി തോന്നിയത് സുപ്രീംകോടതി മുസ്സീം സ്ത്രീകള്‍ക്കു നല്‍കിയ രക്ഷയെ കശാപ്പുചെയ്യുന്നതിനു വേണ്ടി ഉണ്ടാക്കിയ നിയമത്തിന്റെ പേരാണ്. Muslim Women (Protection of Rights on Divorce) Act,1986.ശിരോവസ്ത്രത്തിനെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വാളോങ്ങിനില്‍ക്കുന്ന ക്രിസ്ത്യന്‍ സഭ മറ്റൊരു സുപ്രധാന വിധി പാലിക്കാതിരിക്കാന്‍ അല്‍മയരോട് തങ്ങളാല്‍ കഴിയുംവിധം പറയുന്നുമുണ്ട്.

1986-ലാണ് സുപ്രീംകോടതി മേരി റോയ് കേസിലെ വിധിപറയുന്നത്. മുസ്ലീം സമുദായത്തിലെന്നപോലെ ക്രിസ്ത്യന്‍ സമുദായത്തിലും നിയമങ്ങളൊക്ക പുരുഷനുവേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ പിതാവിന്റെ സ്വത്തില്‍ (പിതാവ് വില്‍പ്പത്രമെഴുതാതെ മരിച്ചാല്‍) പെണ്‍മക്കള്‍ക്ക് യാതൊരവകാശവുമില്ല എന്ന നിയമം കേരളത്തില്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു. അവകാശം തുല്യമാണെന്ന സുപ്രീംകോടതി വിധി, പക്ഷെ നടപ്പിലാക്കുന്നതിന് സഭയുടെ ഭാഗത്തുനിന്ന്, നാളിതുവരെ, ക്രിയാത്മകമായ ഇടപെടലുകള്‍ ഒന്നും നടന്നതായി അറിയില്ല. തുല്യഅവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്തേണ്ടിവരുന്ന ക്രിസ്ത്യന്‍ പെണ്‍മക്കള്‍ ഇന്നും കേരളത്തില്‍ ഉണ്ട്. ക്രിസ്തു എല്ലാ പേരേയും തുല്യരായിക്കണ്ടിരുന്നു എന്നും അതുകൊണ്ടുതന്നെ ക്രിസ്ത്യാനികളായ പുരുഷന്‍മാര്‍ ക്രിസ്ത്യാനികളായ സ്ത്രീകളോടെങ്കിലും തുല്യതയോടെ പെരുമാറണമെന്ന് ഒരു പള്ളിയിലും ഇടയലേഖനം വായിച്ചതായി അറിയില്ല.

ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, നിലവിളക്കു കൊളുത്തുന്ന കാര്യത്തിലും ഇ ടി മുഹമ്മദ് ബഷീറിന് തീവ്രനിലപാടുതന്നെ. നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിന് ചേര്‍ന്നതല്ല എന്ന ആ പഴയ കുഞ്ഞാലിക്കുട്ടിയുടെ വാദം കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഉച്ചത്തിലാണ് ബഷീര്‍ പറയുന്നത്. മാത്രമല്ല, അതില്‍ ഇസ്ലാമിന് നിരക്കാത്തതായി ഒന്നുമില്ല എന്ന എം കെ മുനീറിന്റെ വാദത്തെ നേതൃത്വത്തെ കൊണ്ട് തള്ളിക്കാനും ബഷീറിന് കഴിഞ്ഞു. അതോടെ സമസ്ത രംഗത്തുവന്നു. നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിനെതിരാണ്. സമസ്ത പറഞ്ഞാല്‍ പിന്നെ എതിരില്ലല്ലോ? അപ്പോഴും ചില ചോദ്യങ്ങള്‍ ചോദിക്കാതെ വയ്യ. നാടുനീളെ വ്യഭിചരിച്ചു നടക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണോ? എങ്കില്‍, കുഞ്ഞാലിക്കുട്ടിയെ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്? ഒരു വസ്തുവിനേയും ആരാധിച്ചകൂടാ എന്നതാണ് നബിവചനമെങ്കില്‍, നബിയുടെ തലമുടിയെ പവിത്രമായി കണ്ട്, തിരുവസ്തുവായി സ്ഥാപിച്ച, കാന്തപുരം പള്ളിയെ സമസ്ത തള്ളിപ്പറയാത്തതെന്ത്? അവിടുത്തെ പണപ്പിരിവ് ഇസ്ലാമിന് നിരക്കാത്തതാണെന്ന് പറയാത്തതെന്ത്? ആരുടെ ബോഡി വേസ്റ്റും വെറും ബോഡി വേസ്റ്റാണെന്നു പറഞ്ഞ പിണറായി സഖാവിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കാത്തതെന്ത്? സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനത്തിന് നാട്ടിലെ മുസ്ലീമായ കുഞ്ഞാലിക്കുട്ടി മാറിനിന്നപ്പോള്‍ ദുബായിലെ മുസ്ലീമായ അറബി നിവിളക്ക് കൊളുത്തിയതെങ്ങനെയാണ്? ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയിലെ പല ആചാരങ്ങള്‍ക്കും ഹിന്ദുമതത്തിന്റെ രീതികളുമായി സാമ്യമുണ്ട്. കാരണം, അവിടുത്തെ മുസ്ലിങ്ങള്‍ തങ്ങള്‍ വളര്‍ന്നുവന്ന ഒരു സംസ്‌കാരത്തിന്റെ രീതികളെ തള്ളിപ്പറയുന്നില്ല. അവിടുത്തെ ഏറ്റവും വലിയ വിമാനസര്‍വ്വീസിന്റെ പേര് ഗരുഢ എന്നാണ്; ഏറ്റവും വലിയ ബാങ്ക് ശൃംഖലയുടെ പേര് ഗണേഷ് എന്നും. അവിടെയൊന്നും ഇല്ലാത്ത ഈ ശുദ്ധ 'ഇസ്ലാം' കേരളത്തിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്കു മാത്രം അവകാശപ്പെടുന്നത് എന്തുകൊണ്ടാണ്?ഇന്ത്യയിലെ മുസ്ലിങ്ങളുടെ ആദ്യതലമുറ മറ്റുരാജ്യങ്ങളില്‍ നിന്നുവന്ന ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഇന്ത്യയിലെ സ്ത്രീകളില്‍ ഉണ്ടായവരാണ്. അതായത്, ബീജം യഥാര്‍ത്ഥ മുസ്ലീമിന്റേത്. അണ്ഡവും ഗര്‍ഭപാത്രവും ഹിന്ദുവിന്റേത്. നബിയുടെ പിന്‍തലമുറക്കാരെന്ന് വിശ്വസിക്കുന്ന പാണക്കാട്ട് തങ്ങളുടെ ആദ്യ തലമുറയിലെ കുട്ടിയുടെ ജനനത്തിനു കാരണമായ ബീജം നബിയുടെ പിന്‍തലമുറക്കാരനായ ഒരു പുരുഷന്റേത്; അണ്ഡവും ഗര്‍ഭപാത്രവും അന്നത്തെ ഒരു മലയാളി സ്ത്രീയുടേത്. ഇത് നടന്നത് 17-ാം നൂറ്റാണ്ടിലായതുകൊണ്ട് വസ്തുത വസ്തുതയല്ലാതെയാകുന്നില്ലല്ലോ. അപ്പോള്‍, ഇവിടുത്തെ ഏത് മുസ്ലീമിനാണ് പൂര്‍ണ്ണമായും ഇസ്ലാം വിശ്വാസം അവകാശപ്പെടാന്‍ കഴിയുന്നത്? ശരീരത്തിന്റെ പകുതി ഭാഗം മുസ്ലീം അല്ലാത്ത ആളില്‍ നിന്നാണ് അതിന്റെ തുടക്കം.

ഇതൊക്കെയാണെങ്കിലും നമ്മളെ ഞെട്ടിച്ചുകളഞ്ഞത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് മുരളീധരനാണ്. സുപ്രീംകോടതിയുടെ വിധിയെ എതിര്‍ക്കുന്നവര്‍ ഭരണഘടനാ ലംഘനം നടത്തുന്നു എന്നും അവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നുമാണ് ആ ഹിന്ദു നേതാവ് സംസാരിച്ചത്. ഇന്ത്യന്‍ ഭരണഘടനയില്‍ കേശവ്കുഞ്ചിലെ ബ്രാഹ്മണ നേതൃത്വത്തിന് വിശ്വാസമുണ്ടോ? ഉണ്ടെങ്കില്‍, ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ സെക്കുലറിസത്തിനെതിരായി ഉറഞ്ഞുതുള്ളുന്ന ചില ബി ജെ പി എം പിമാരേയും നേതാക്കളേയും ആദ്യം ഇന്ത്യന്‍ പൗരന്‍മാരല്ലാതാക്കുക. ആര്‍ എസ് എസും നരേന്ദ്ര മോദിയും ദേശീയതലത്തില്‍ കാട്ടിക്കൂട്ടിയ 'യോഗാഭാസ'ത്തില്‍, ക്ഷണിക്കപ്പെടാത്തതുകാരണം പങ്കെടുക്കാതിരിക്കാനുള്ള വിവേകം കാട്ടിയ വൈസ് പ്രസിഡന്റിനെ - അദ്ദേഹം മുസ്ലീം ആണെന്ന ഒറ്റക്കാരണത്താല്‍ - വിമര്‍ശിച്ച രാംമാധവിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദുചെയ്യാനുള്ള നടപടികള്‍ തുടങ്ങുമോ? അല്ലെങ്കില്‍തന്നെ, പൗരത്വം കൊടുക്കാനും റദ്ദുചെയ്യാനും കേരളത്തില്‍ ഇനിയും അക്കൗണ്ട് തുറക്കാത്ത ഒരു ചിന്ന പാര്‍ട്ടിയുടെ നേതാവിന് എന്തധികാരം?

ആര്‍ എസ് എസുകാരുടെ വിശ്വാസം പോലെതന്നെയല്ലേ ക്രിസ്ത്യന്‍ സഭയുടെയും മുസ്ലിം ലീഗിന്റെയും വിശ്വാസം? (ഇതെല്ലാം രൂപത്തില്‍ വ്യത്യസ്തതയുണ്ടെങ്കിലും ഭാവത്തില്‍ ഒന്നു തന്നെ. വര്‍ഗ്ഗീയ സംഘടനകള്‍. കേരള കോണ്‍ഗ്രസിനേയും കൂട്ടത്തില്‍ കൂട്ടാം.) ബാബറി മസ്ജിദ് ഇരുന്നിടത്താണ് രാമന്‍ ജനിച്ചതെന്നത് ഒരു വിശ്വാസമല്ലേ? രാമന്‍ തന്നെ ഒരു വിശ്വാസമല്ലേ? ഈ വിശ്വാസത്തെ - അടിസ്ഥാനമില്ലാത്ത വെറും വിശ്വാസത്തെ - അടിസ്ഥാനപ്പെടുത്തിയല്ലേ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് 2010-ല്‍ ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞത്? എസ് യു ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി വി ശര്‍മ്മ എന്നീ മൂന്ന് ജഡ്ജിമാരുടെ വിധിയില്‍ തര്‍ക്കസ്ഥലം രാമന്റെ ജന്മസ്ഥലമാണെന്ന നിഗമനത്തിലെത്താന്‍ കാരണം വിശ്വാസം (faith) ആണെന്നാണ് പറഞ്ഞിരിക്കുന്നത്.

രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നാണ് വിശ്വാസം. കാലത്തിനും സ്ഥലരാശിയ്ക്കും വസ്തുവിനും അപ്പുറം ഉള്ള സര്‍വ്വവ്യാപിയായ ആദിചൈതന്യമാണ് വിഷ്ണു എന്നാണ് ശങ്കരന്‍ പറയുന്നത്. ആദിചൈതന്യമാണ് വിഷ്ണു എന്നാണ് ശങ്കരന്‍ പറയുന്നത്. സ്ഥിതിയുടെ ദൈവം. (സൃഷ്ടിയുടെ ദൈവം ബ്രഹ്മാവും സംഹാരത്തിന്റെ ദൈവം ശിവനും.) പക്ഷെ, ദൈവത്തിനു മുമ്പെ സൃഷ്ടിയുണ്ടായി എങ്കില്‍ (ഋഗ്വേദം 10.129.1-7). ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതും വിശ്വാസം മാത്രമല്ലേ? വെറും വിശ്വാസം? ശിരോവസ്ത്രം പോലെ, നിലവിളക്ക് ഇസ്ലാമിന് വിരുദ്ധമാണ് എന്ന പോലെ, വെറും വിശ്വാസം? അപ്പോള്‍, രാമന്‍ ജനിച്ചു എന്നു പറയുന്ന സ്ഥലവും വെറും വിശ്വാസമാണെന്നും അതില്‍ വലിയ കാര്യമില്ല എന്നും അഞ്ഞൂറിലേറെ വര്‍ഷങ്ങളായി അത് മുസ്ലിം പള്ളിയാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് തര്‍ക്കസ്ഥലം പള്ളിക്കാര്‍ക്കു വിട്ടകൊടുത്തുകൊണ്ടാണ് സുപ്രീംകോടതി വിധി വന്നിരുന്നതെങ്കില്‍ മുരളീധരനും ബി ജെ പിയും ആര്‍ എസ് എസും വിധി അംഗീകരിക്കുമായിരുന്നോ? അതോ സുപ്രീംകോടതിയെ തന്നെ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമായിരുന്നോ?

മര്യാദയ്ക്കു ജീവിച്ചുപോകുന്ന മലയാളിയുടെ നേരെ കുരച്ചുകൊണ്ടു ചാടിവരുന്ന പേപ്പട്ടികളെപ്പോലെയാണ് ഈ മതനേതാക്കളും അവരുടെ രാഷ്ട്രീയ കങ്കാണിമാരും. തെരുവില്‍ അലയുന്ന പട്ടികളെ എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഇവനെയൊക്കെ എന്തു ചെയ്യണം എന്നാണ് തീരുമാനിക്കേണ്ടത്. കാരണം, ഇവര്‍ തുപ്പുന്നത് വിഷമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories