TopTop
Begin typing your search above and press return to search.

ഒതുങ്ങിയ വയറിനും ശരീരഭാരം കുറയ്ക്കാനും അഞ്ച് യോഗാസനങ്ങള്‍

ഒതുങ്ങിയ വയറിനും ശരീരഭാരം കുറയ്ക്കാനും അഞ്ച് യോഗാസനങ്ങള്‍

ക്രിസ്മസ് പുതുവത്സര അടിച്ചുപൊളികള്‍ എന്നൊക്കെ പറഞ്ഞാല്‍ മലയാളിക്കത് ഭക്ഷണം ആസ്വദിക്കലാണ്. തീന്‍മേശ സമ്പന്നമാക്കിയുള്ള ആഘോഷങ്ങളില്‍ മെലിഞ്ഞ ശരീരവും ഒതുങ്ങിയ വയറുമൊക്കെ കൈവിട്ട് പോയ വിഷമത്തിലാണോ നിങ്ങള്‍? എങ്കില്‍, അവധിക്കാലം സമ്മാനിച്ച അമിതവണ്ണവും കുടവയറും എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം, യോഗയാണ് അതിനുള്ള മരുന്ന്. മാസങ്ങള്‍ നീണ്ട പരിശീലനമൊന്നും വേണ്ട. ചിട്ടയായി ചെയ്താല്‍ വെറും ഒരാഴ്ചകൊണ്ട്, ആകര്‍ഷകമായ ശരീരവും ഒതുക്കമുള്ള വയറും നിങ്ങള്‍ക്കും നേടാം. ഇനി പറയുന്ന അഞ്ച് യോഗാസനങ്ങള്‍ ശ്രദ്ധിക്കുക

1. സൂര്യനമസ്‌കാരം

12 ആസനങ്ങളുടെ സംഗമമാണ് സൂര്യനമസ്‌കാരം. പ്രത്യേകമായ തയ്യാറെടുപ്പുകളൊന്നുമില്ലാതെ തന്നെ പൂര്‍ണമായ ശാരീരിക-മാനസിക ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന നമസ്‌കാരമുറ. സൂര്യനെ നമിയ്ക്കുന്ന യോഗാഭ്യാസം എന്നതിനാല്‍ പ്രഭാതത്തില്‍ ചെയ്യേണ്ട യോഗാസനം എന്നര്‍ത്ഥം. ഏത് നാടും ഏത് കാലാവസ്ഥയും സൂര്യനമസ്‌കാരത്തിന് ഉചിതമാണ്. നാഡികളും പേശികളും കഴുത്ത,് തോള്‍, വയര്‍, കൈകള്‍, കാലുകള്‍, പുറം,അരക്കെട്ട് തുടങ്ങി ശരീരമാസകലം ചലിപ്പിക്കുന്നതിനാല്‍ എല്ലാ ഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ധിക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അധിക കാലറിയും കൊഴുപ്പും പുറന്തള്ളി ആകര്‍ഷകമായ ഒതുങ്ങിയ വയര്‍ സ്വന്തമാക്കാമെന്നതിനാല്‍, സൂര്യനമസ്‌കാരം അമിതഭാരമുള്ളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യോഗാസനം ആകുന്നു. മാനസിക പിരിമുറുക്കം പൂര്‍ണമായും ഇല്ലാതാക്കാനും മികച്ച ദഹന പ്രക്രിയ നടക്കാനും സൂര്യനമസ്‌കാരം കൃത്യമായി ചെയ്താല്‍ മതി

2. വീരഭദ്രാസനം

കൈകള്‍, കാലുകള്‍, തോള്‍, തുട, പിന്‍ഭാഗത്തെ പേശികള്‍ തുടങ്ങിയവയുടെ കരുത്തും പ്രവര്‍ത്തനക്ഷമതയും വീരഭദ്രാസനത്തിലൂടെ ഉറപ്പിക്കാം. ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ രക്തയോട്ടം വര്‍ധിക്കാനും ഈ ആസനം ശീലിക്കുന്നത് നല്ലതാണ്. ഏറെനേരം ഒരേ അവസ്ഥയില്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും വീരഭദ്രാസനം സഹായിക്കും.

3. ഭുജംഗാസനം

പാമ്പ് തല ഉയര്‍ത്തി പത്തി വിടര്‍ത്തി നില്‍ക്കുന്ന മാതൃക(cobra pose)യാണ് ഭുജംഗാസനം അവലംബിക്കുന്നത്. പ്രധാനപ്പെട്ട യോഗാസനങ്ങളിലൊന്നാണ് ഭുജംഗാസനം. നട്ടെല്ലിന് അയവും പുറത്തെ മസിലുകള്‍ക്ക് ബലവും വര്‍ധിക്കാന്‍ ഉപകരിക്കും. കുടവയറിനും മലബന്ധത്തിനും ഉത്തമ പ്രതിവിധിയാണ് ഭുജംഗാസനം. പൊണ്ണത്തടി, നടുവേദന, ശ്വാസതടസം തുടങ്ങിയവ മാറുന്നതിനും ഈ ആസനം പതിവായി ശീലിക്കുന്നത് നല്ലത്.

4. ധനുരാസനം

ധനുരാസനം(bow pose) പേരുപോലെ തന്നെ ശരീരത്തെ വില്ലിന് സമമാക്കും. നട്ടെല്ലിന്റെ വഴക്കമാണ് പ്രധാനമായും ലഭിക്കുന്ന പ്രയോജനം. നെഞ്ചും വയറുമായി ബന്ധപ്പെട്ട എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തക്ഷമതയാണ് മറ്റൊരു ഗുണം. ഭാരം കുറയും, വയറും കുറയും. സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ക്കും പ്രതിവിധി ധനുരാസനമാണ്. മലബന്ധം പൂര്‍ണമായും ഒഴിവാകാന്‍ ധനുരാസനം അത്യുത്തമം.

5. നവാസനം

ഉദരപേശികള്‍ക്ക് ഒന്നാന്തരമാണ് നവാസനം അഥവാ ബോട്ട് പോസ്. കൊഴുപ്പ് കുറച്ച് ആകൃതിയുള്ള വയര്‍ നേടാന്‍ നവാസനം ശീലമാക്കുന്നത് നല്ലതാണ്. പൂര്‍ണമായും ഉദരസംബന്ധമായ പ്രവര്‍ത്തികള്‍ക്ക് ഉന്മേഷം പകരുന്ന ആസനമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ ശീലിക്കുന്നതും നവാസനമാണ്. അത്യദ്ധ്വാനമില്ലാതെ സിക്സ് പാക്ക് നേടണോ? നവാസനമാണ് അതിനുള്ള മരുന്ന്.

പ്രത്യേകം ശ്രദ്ധിക്കുക: ശരീരഭാരം കുറയ്ക്കാന്‍ യോഗയിലൂടെ തയ്യാറെടുപ്പ് നടത്തുന്നതിന് മുമ്പ്, ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ഗര്‍ഭിണികളും അമിത രക്തസമ്മര്‍ദമുള്ളവരും ഉറപ്പായും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമെ യോഗ ശീലിക്കാവൂ. കടുത്ത സന്ധിവേദനയും ആഴത്തിലുള്ള മുറിവ് സംഭവിച്ചവരുമൊക്കെ യോഗയിലേക്ക് കടക്കും മുമ്പ് വേണ്ടവിധം ഉപദേശം തേടണം.


Next Story

Related Stories