അന്ന് റോബർട്ട് റേഫോർഡിന്റെ മരണകാരണം ആർക്കും അറിയില്ല. 1968-ന്റെ അവസാനത്തിൽ സെന്റ് ലൂയിസ് സിറ്റി ആശുപത്രിയിൽ ആ ആഫ്രിക്കൻ അമേരിക്കൻ പയ്യനെ ഹാജരാക്കിയപ്പോൾ അവനു വെറും 15 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഡോക്ടര്‍മാര്‍ക്ക് എന്താണ് രോഗമെന്ന് തിരിച്ചറിയാനായില്ല. അവന്റെ ജനനേന്ദ്രിയത്തില്‍ അസാധാരണമായി കണ്ടെത്തിയ വീക്കം ശരീരത്തിലാകെ വ്യാപിക്കാന്‍ തുടങ്ങി. ക്ലാമിഡിയ ബാക്ടീരിയ അവന്റെ രക്തത്തിലൂടെ അനുസ്യൂതമായി ഒഴുകുന്നുണ്ടായിരുന്നു. തുടയുടെ ഉള്ളിൽ കണ്ടെത്തിയ പര്‍പ്പിള്‍ നിറമുള്ള ഒരു മുറിവ് ക്യാന്‍സറാകാം എന്ന നിഗമനത്തിലെത്താന്‍ സഹായിച്ചു.
18 മാസത്തിനിടെ മൂന്ന് വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ തേടിയ റേഫോർഡ് അധികമൊന്നും സംസാരിച്ചിരുന്നില്ല. അയൽവാസിയായ ഒരു പെൺകുട്ടിയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന വിവരം അവന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. 1969 മെയ് 15-ന് രാത്രിയിൽ ന്യുമോണിയ ബാധിച്ച് അവന് മരിച്ചു. ആരോഗ്യമുള്ള ശരീരമായിരുന്നിട്ടും അസുഖങ്ങളെ പ്രതിരോധിക്കാതിരുന്നത് ഡോക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി. രക്ഷിതാകളോട് ശരീരം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ബന്ധിക്കുകയും, പിന്നീടുള്ള കൂടുതല്‍ പഠനങ്ങള്‍ക്കായി കുറച്ച് സ്രവങ്ങള്‍ ശേഖരിച്ച് വെക്കുകയും ചെയ്തു.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1981-ലാണ് വീണ്ടും കഠിനമായ ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചത് വാര്‍ത്തയായത്. അത്തരത്തിലുള്ള മരണങ്ങള് കൂടിക്കൂടിവന്നു. എല്ലാവരിലും റേഫോർഡിന്റെതിനു സമാനമായ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ഡോക്ടര്‍മാര്‍ വിധിയെഴുതി, അത് എയ്ഡ്സ് ആണെന്ന്. ഫലപ്രദമായ ചികിത്സയൊന്നും ഇല്ലാത്ത അസുഖം.
1980-കളുടെ മധ്യത്തിൽ, ന്യൂ ഓർലിയാൻസിലെ തുലെയ്ൻ യൂണിവേഴ്സിറ്റിയിലെ ഒരു യുവ റിട്രോവൈറോളജിസ്റ്റ് റേഫോർഡിന്റെ ശരീരത്തിൽ നിന്ന് എടുത്ത സാമ്പിളുകൾ പരിശോധിച്ചു. പരിശോധിച്ച ഒൻപത് എച്ച്ഐവി പ്രോട്ടീനുകളിൽ ഓരോന്നിലും ആന്റിബോഡികൾ അടങ്ങിരിരുന്നു. അമേരിക്കൻ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി സ്ഥിരീകരിച്ചതെങ്കിലും ലോകമെമ്പാടുമുള്ള 35 ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ റെട്രോവൈറസിന്റെ ചരിത്രത്തിൽ സംശയാസ്പദമായ സ്ഥാനം നേടാനുള്ള നിയോഗം റേഫോർഡിനായിരുന്നു.
അമേരിക്കന്‍ സമൂഹത്തിന്റെ ‘തെറ്റായ’ ജീവിതത്തിന്റെ പരിണിതഫലമായിരുന്നു വ്യപാകമായ എയ്ഡ്സ് ബാധ. ആഫ്രിക്കൻ അമേരിക്കക്കാർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ലൈംഗികത്തൊഴിലാളികൾ, സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ പുരുഷന്മാർ എന്നിവരെല്ലാം ഏറ്റവും കൂടുതല്‍ രോഗബാധിതരായി. ഫോട്ടോഗ്രാഫർ പീറ്റർ ഹുജാർ, ആർട്ടിസ്റ്റ് ഡേവിഡ് വോജ്നറോവിച്ച്സ്, ഡാൻസ് പയനിയർ വില്ലി നിൻജ, ഹോളിവുഡ് താരം റോക്ക് ഹഡ്സൺ തുടങ്ങി നിരവധി പ്രമുഖര്‍ രോഗത്തിനു കീഴടങ്ങി.
എന്നാല്‍, ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിച്ചത് സബ് സഹാറൻ ആഫ്രിക്കയിലാണ്. അവിടത്തെ ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ, ഗർഭനിരോധന വ്യവസ്ഥകൾക്കെതിരായ മതപരമായ എതിർപ്പ്, തുടങ്ങിയവ വൈറസിനെ കാട്ടുതീ പോലെ പടരാൻ സഹായിച്ചു. ഇത്തരമൊരു മഹാമാരിയെ നേരിടാൻ സജ്ജരല്ലാതിരുന്ന സമ്പദ് വ്യവസ്ഥകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടമായി.
റേഫോർഡ് മരണപ്പെട്ടിട്ട് അമ്പതു വര്‍ഷം പിന്നിടുന്നു. എച്ച്ഐവി ചികിത്സിച്ചു ഭേദമാക്കാം എന്ന വാര്‍ത്തകളാണ് ഏറ്റവും ആശ്വാസം നല്‍കുന്നത്. രണ്ട് എയ്ഡ്സ് രോഗികള്‍ രോഗത്തെ അതിജീവിച്ചു എന്നാണ് ഇതുവരെയുള്ള വാര്‍ത്തകള്‍. ഏറ്റവും കൂടുതൽ എയിഡ്സ് ബാധിതർ ഉണ്ടായിരുന്ന ദക്ഷിണ ആഫ്രിക്കയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അവിടെ ഇപ്പോൾ രോഗവ്യാപനവും മരണങ്ങളും കുറഞ്ഞിട്ടുണ്ട്. സുരക്ഷിത ലൈംഗിക ബന്ധത്തിലുടെ അവർ എയ്ഡ്സ് അകറ്റുന്നു, പക്ഷെ മയക്കുമരുന്ന് കുത്തിവെക്കുന്നവരുടെ എണ്ണം, കിഴക്കൻ യൂറോപ്പിലും മദ്ധ്യഏഷ്യയിലും വർധിക്കുന്നതിനാൽ അവിടങ്ങളിൽ എച്.ഐ.വി വ്യാപനം വർധിക്കുകയാണെന്നും പഠനങ്ങള്‍ പറയുന്നു. ലോകമാകമാനമുള്ള 37 ദശലക്ഷത്തോളം വരുന്ന എച്.ഐ.വി ഒരേ സമയം പ്രതീക്ഷയിലും ആശങ്കയിലുമാണ്.
Read More: മായാവതിയുടെ ബി എസ് പിയെ നക്സല്‍ സംഘടനയാക്കി കേരള പോലീസ്, ഹിന്ദുത്വ സംഘടനകള്‍ക്ക് ശുദ്ധിപത്രം