TopTop

മൈഗ്രെയ്ന്‍ എങ്ങനെ നേരിടാം?

മൈഗ്രെയ്ന്‍ എങ്ങനെ നേരിടാം?
വളരെ സാധാരണമായതും ഏറ്റവും അധികം സ്വയം ചികിത്സ തേടുന്നതുമായ അസുഖമാണ് തലവേദന. ഓഫീസില്‍, വീട്ടില്‍, യാത്രയ്ക്കിടയില്‍, പാര്‍ട്ടിയില്‍ എന്നു വേണ്ട എവിടെയും കടന്നു വന്ന് ശല്യപ്പെടുത്തുന്ന അസുഖം. അനാരോഗ്യകരമായ ഭക്ഷണശീലം, അപര്യാപ്തമായ ശാരീരിക വ്യായാമം, ഗാഡ്ജെറ്റുകളെ ആശ്രയിക്കുന്നത്, ഉറക്കക്കുറവ്, അമിതമായ സമ്മര്‍ദ്ദം തുടങ്ങിയവയാണ് തലവേദനയ്ക്കു പിന്നിലെ സാധാരണ കാരണങ്ങള്‍. ദിനചര്യകള്‍ കൃത്യമായി ചെയ്യുന്നവര്‍ക്കു സാധാരണഗതിയില്‍ തലവേദന വരാറില്ല. വന്നാല്‍ അതു ചിലപ്പോള്‍ സാധാരണ തലവേദന മാത്രമാകാം.

തലവേദനയുടെ ഒരു പ്രധാന രൂപമാണ് മൈഗ്രെയ്ന്‍. ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും ഇത്. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി അല്ലെങ്കില്‍ ഛര്‍ദ്ദിക്കാനുള്ള ഓക്കാനം എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. മൈഗ്രെയ്ന്‍ പലപ്പോഴും പൂര്‍ണ്ണമായും മാറ്റാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ നിയന്ത്രിച്ചു കൊണ്ടു പോകാന്‍ സാധിക്കും. ജോലിഭാരവും തിരക്കും ടെന്‍ഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. അത്തരത്തില്‍ തലവേദന വരുമ്പോള്‍ നേരിടാന്‍ ചില ലളിത മാര്‍ഗങ്ങളിതാ.

അമിതസമ്മര്‍ദ്ദം നിയന്ത്രിക്കുക

ജോലി സംബന്ധമായും കുടുംബങ്ങളിലെ പല പ്രശ്‌നങ്ങള്‍ മൂലവും പലരും സമ്മര്‍ദ്ദത്തില്‍ പെടാറുണ്ട്. എന്നാല്‍ ഈ സമ്മര്‍ദ്ദം നിയന്ത്രണാതീതമാവുകയാണെങ്കില്‍ അത് മൈഗ്രെയിന് കാരണമാകും. അത്തരം സാഹചര്യങ്ങളില്‍ ഓഫീസിലാണെങ്കില്‍ മേലുദ്യോഗസ്ഥരേ നിങ്ങളുടെ ആരോഗ്യ പ്രശ്‌നം പറഞ്ഞു ബോധ്യപ്പെടുത്തണം. അതിന് ഡോക്ടറുടെ സഹായവും തേടാവുന്നതാണ്.

ഇപ്പോഴും ഒരുങ്ങിയിരിക്കുക

ജോലിസ്ഥലത്തോ യാത്രാ സമയത്തോ തലവേദന വന്നാല്‍ എങ്ങിനെ അതിനെ നേരിടണമെന്നതിനു കൃത്യമായൊരു പ്ലാന്‍ ഇപ്പോഴും നിങ്ങളുടെ കയ്യില്‍ ഉണ്ടായിരിക്കണം. അല്‍പനേരം വിശ്രമിക്കാനും ധ്യാനിക്കാനും ശുദ്ധവായു ശ്വസിക്കാനുമൊക്കെ സമയം കണ്ടെത്തണം.

ട്രിഗറുകള്‍ കുറയ്ക്കുക

എപ്പോള്‍ മൈഗ്രെയ്ന്‍ അനുഭവപ്പെട്ടാലും ലൈറ്റുകള്‍ ഡിമ്മാക്കാനും, ശബ്ദം കുറയ്ക്കാനും ശക്തമായ മണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ശ്രമിക്കുക.

ഐ സ്‌ട്രെയിന്‍ കുറയ്ക്കുക

കണ്ണിനു അമിത സമ്മര്‍ദ്ദം തോന്നിത്തുടങ്ങിയാല്‍തന്നെകുറച്ച് സമയത്തേക്ക് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കുകയോ, കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ തെളിച്ചം കുറയ്ക്കാന്‍ ശ്രമിക്കുകയോ വേണം. അല്ലെങ്കില്‍ വെളിച്ചം ദുഃഖമാകും.

വിശ്രമസ്ഥലം കണ്ടെത്തുക


മൈഗ്രെയ്ന്‍ കുറയുന്നതുവരെ കിടക്കാന്‍ അല്ലെങ്കില്‍ ഇരുട്ടില്‍ അല്‍പ്പം വിശ്രമിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മുറി കണ്ടെത്തുന്നതും അഭികാമ്യമാണ്.

നല്ലൊരു സുഹൃത്ത് അരികിലുണ്ടാകുക

മൈഗ്രെയ്ന്‍ നിങ്ങളെ കീഴ്‌പെടുത്തുംപോള്‍ സഹായിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തോ സഹപ്രവര്‍ത്തകനോ കൂടെയുണ്ടാകുന്നത് നല്ലതാണ്.

ആന്റി-മൈഗ്രെയ്ന്‍ കിറ്റ് സൂക്ഷിക്കുക

നിങ്ങളുടെ ആവശ്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്ന ആള്‍ നിങ്ങള്‍തന്നെയാണ്. വേദന ഒഴിവാക്കുന്നതിനും ഓക്കാനം നിയന്ത്രിക്കുന്നതിനും ആവശ്യമായ മെഡിസിന്‍ അടക്കം നിങ്ങള്‍ക്ക് വേണ്ടതെല്ലാം എപ്പോഴും സജ്ജമായിരിക്കണം.

ലഘുഭക്ഷണങ്ങള്‍ കരുതുക

നിര്‍ജ്ജലീകരണവും വിശപ്പും ഒഴിവാക്കാന്‍ വെള്ളവും ആരോഗ്യകരമായ ചില ലഘുഭക്ഷണങ്ങളും എല്ലായ്‌പ്പോഴും നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. ദിവസം മുഴുവന്‍ നിങ്ങളുടെ പ്രോട്ടീന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രണവിധേയമാവുകയും വേണം.

Read More : നേത്രപരിശോധന വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നടത്തുക; പ്രമേഹം കണ്ണുകളെ ബാധിക്കാം, കാഴ്ച നഷ്ടപ്പെടാം

Next Story

Related Stories