ഹെല്‍ത്ത് / വെല്‍നെസ്സ്

അബിയുടെ മരണം; പാരമ്പര്യ വൈദ്യപ്പട്ടം നിരോധിക്കണം

ലോകത്തെങ്ങുമില്ലാത്ത ചികിത്സയും മരുന്നും ഇത്തരക്കാർ സ്വന്തം ഭാവനയിൽ നിന്നെടുത്ത് കൊടുക്കുകയാണ്. ലക്ഷ്മിതരുവും മുള്ളാത്തയുമൊക്കെ എങ്ങനെ ഇവരുടെ ചികിത്സയുടെ ഭാഗമായെന്ന് പരിശോധിച്ചാൽ അത് വ്യക്തമാണ്.

ചലചിത്ര താരം അബി വ്യാജ വൈദ്യത്തിന്റെ ഇരയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അബി മരിക്കുന്നതിന്റെ തലേന്ന് ചേര്‍ത്തലയിലുള്ള ഒരു പാരമ്പര്യ വൈദ്യനെ കാണാന്‍ പോയിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നു വന്നത്. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസറായ അമ്പിളി സായി കിരണ്‍ എന്തുകൊണ്ട് പാരമ്പര്യവൈദ്യപട്ടം നിരോധിക്കണം എന്നു വ്യക്തമാക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാരമ്പര്യമായി കിട്ടുന്ന ചില അറിവുകളുടെ പേരിൽ മാത്രം വൈദ്യം ചെയ്യുന്നവരിൽ അസ്സലും വ്യാജനുമില്ല, അക്കാദമിക്കൽ വിദ്യാഭ്യാസമില്ലാത്തവരെയെല്ലാം വ്യാജന്മാരായി പരിഗണിക്കാം.

(1) രണ്ട് വർഷമായി ലുക്കീമിയക്ക് ചികിത്സയിലായിരുന്നു കഴിഞ്ഞ ദിവസം മരിച്ച അബിയെന്നാണ് അറിയുന്നത്. ചികിത്സയോടൊപ്പം, ലുക്കീമിയ എന്താണെന്ന് പോലുമറിയാത്ത ഒരു പാരമ്പര്യവൈദ്യന്റെ മോഹനവാഗ്ദാനത്തിൽ വീണ് അയാളുടെ കീഴിലും “ചികിത്സ” തുടർന്നു. അസുഖം പൂർണ്ണമായി സുഖപ്പെടുത്താമെന്ന് ആ വ്യാജൻ വാക്ക് കൊടുത്തിരുന്നുവത്രെ. ഗുരുതരമായ ഒരു രോഗമുള്ള വ്യക്തിക്ക് എങ്ങനെയാണ് ഇത്തരം അസാധ്യമായ വാക്ക് കൊടുക്കാനാവുക?! ഈ അസുഖം കൊണ്ട് എന്തൊക്കെയാണ് ശരീരത്തിൽ സംഭവിക്കുകയെന്ന് പോലും യാതൊരു ധാരണയുമില്ലാത്ത ആളാണ് ആ വൈദ്യനെന്ന് ഉറപ്പാണ്. അയാളുടെ ചികിത്സയാണ് മരണകാരണമെന്ന നിഗമനത്തിലേക്ക് എത്തിയില്ലെങ്കിൽ പോലും അയാൾ അബിയെ ഏറ്റെടുത്തതും വാക്ക് കൊടുത്തതും ഗുരുതരമായ കുറ്റകൃത്യമാണ്.

(2) ആർക്കും ആരെയും ചികിൽസിക്കാമെന്ന അവസ്ഥ മാറാൻ ഒരൊറ്റ വഴിയേയുള്ളൂ – പാരമ്പര്യമായി വൈദ്യപ്പട്ടം കൊടുക്കുന്ന ഏർപ്പാട് നിയമപരമായി നിരോധിക്കുക. ഇത്തരക്കാർക്ക് ഈ സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുന്ന നിയമസംവിധാനങ്ങൾ മാറാതെ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കില്ല.

(3) അനാട്ടമിയും ഫിസിയോളജിയും ഫാർമക്കോളജിയും ടോക്സിക്കോളജിയിലുമൊന്നും യാതൊരു വിജ്ഞാനവുമില്ലാത്തവർക്ക് പാരമ്പര്യ അറിവുകളുടെ പേരിൽ മാത്രം ചികിത്സകരായി അംഗീകാരം കൊടുക്കുന്നതാണ് പാരമ്പര്യവൈദ്യപട്ടം. കോളേജിൽ പോയി ഇതൊക്കെ പഠിച്ച ശേഷം ആയുർവേദ ഡോക്ടർമാരായി വരുന്നവർ തന്നെ മുൻകയ്യെടുത്ത് ഈ വൈദ്യപ്പട്ടക്കാരെ എതിർക്കേണ്ടതുണ്ട്. ഇതിൽ അസ്സലും വ്യാജനുമില്ല, അക്കാദമിക്കൽ യോഗ്യതയില്ലാത്തവരെല്ലാം വ്യാജന്മാർ തന്നെയാണ്. ഏതെങ്കിലും ശാരീരിക പ്രവർത്തനങ്ങളെ കുറിച്ച് ശാസ്ത്രീയമായി വിവരിക്കാൻ ഇവർക്ക് സാധിക്കുമോ? ഏതെങ്കിലും ആധുനിക ശാസ്ത്രശാഖയിൽ ഇവർക്ക് അറിവുണ്ടോ? ഒരു മോഡേൺ ലാബ് റിപ്പോർട്ട് വിലയിരുത്താൻ ഇവർക്ക് സാധിക്കാറുണ്ടോ? അക്കാദമിക്കൽ വിദ്യാഭ്യാസമില്ലാത്തവരെ മറ്റൊരു മേഖലയിലും പരിഗണിക്കാറില്ലെന്നിരിക്കെ അത്യന്തം ഗൗരവം ആവശ്യമുള്ള ഒരു മേഖലയിലേക്ക് ആർക്കും കടന്നുവരാമെന്ന അവസ്ഥയെക്കാൾ ഭീകരമായ മറ്റെന്താണുള്ളത്?

വേഷമുണ്ടെന്നു പറഞ്ഞ് വിളിച്ച് പലരും കളിയാക്കാറുണ്ട്; സിനിമയില്‍ നിന്നും മനപൂര്‍വം ഒഴിവാക്കപ്പെട്ടവന്റെ വേദനയോടെ അബിക്ക പറഞ്ഞു; ഓര്‍മകളുമായി ഒമര്‍ ലുലു

(4) ലോകത്തെങ്ങുമില്ലാത്ത ചികിത്സയും മരുന്നും ഇത്തരക്കാർ സ്വന്തം ഭാവനയിൽ നിന്നെടുത്ത് കൊടുക്കുകയാണ്. ലക്ഷ്മിതരുവും മുള്ളാത്തയുമൊക്കെ എങ്ങനെ ഇവരുടെ ചികിത്സയുടെ ഭാഗമായെന്ന് പരിശോധിച്ചാൽ അത് വ്യക്തമാണ്. ഏതൊക്കെ അസുഖങ്ങൾക്ക് ഏതൊക്കെ ചികിത്സ എന്ന നിശ്ചയങ്ങൾക്കപ്പുറത്ത് നിന്നാണ് വ്യാജന്മാരുടെ ചികിത്സ. മാനസികരോഗികളാണോ ഇവരെന്ന് പോലും സംശയിച്ച് പോവുന്നു. അതല്ലെങ്കിൽ മറ്റെന്തെങ്കിലും നിഗൂഢ താൽപ്പര്യമുണ്ടായിരിക്കണം.

(5) അവസാനമായി മുമ്പൊരിക്കൽ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആധുനികരീതിയിലുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് വിധേയമാക്കി, പാരമ്പര്യക്കാർക്ക് അപ്രാപ്യമായ ശാസ്ത്രീയ വിശദീകരണം നിർബന്ധമാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഉദാഹരണത്തിന്, ഇൻസോംനിയ ഡിസോർഡർ പോലുള്ള ന്യൂറോസൈക്കാട്രിക് പ്രശ്നത്തിന് ആയുർവേദമരുന്നായ അശ്വഗന്ധ (Withania somnifera)യിലുള്ള Triethylene glycol (C6H14O4)ഫലം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയത് എലികളിലെ മസിൽ ടിഷ്യുവിലെ ഇലക്ട്രിക്കൽ ആക്ടിവിറ്റിയെ നിരീക്ഷിച്ചായിരുന്നു (ജപ്പാനിലെ റ്റ്സുകുബ സർവ്വകലാശാല ജേണലിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഉദാഹരണത്തിന് ഈ രീതിയിലേക്ക് മാറ്റപ്പെടുമ്പോൾ ഇതിലെ Triethylene glycolന്റെ മെക്കാനിസം മുതലുള്ള കാര്യങ്ങളിലേക്ക് പോവേണ്ടി വരും. ഇങ്ങനെ ഓരോന്നിനും ആധുനികരീതിയിലുള്ള പരിശോധന പ്രസക്തമാവുമ്പോൾ സയൻസ് ബാക്ക്ഗ്രൗണ്ടുള്ള ആയുർവേദ വിദ്യാർത്ഥികൾക്ക് മാത്രം പ്രാപ്യവും യാതൊരു ശാസ്ത്രധാരണയുമില്ലാത്ത പാരമ്പര്യവൈദ്യന്മാരുടെ റോൾ അപ്രസക്തവുമാവും. ചുരുങ്ങിയത് US National Library of Medicine, National Institutes of Health ശാസ്ത്ര ജേർണലുകളിൽ നിന്ന് ഊർജ്ജമുൾക്കൊള്ളാനെങ്കിലും കഴിയണം. ഇത്തരം ശാസ്ത്രീയപരീക്ഷണങ്ങൾക്ക് പതിവിൽ കവിഞ്ഞ മുന്നേറ്റം കൊടുക്കേണ്ടതുണ്ട്. അപ്പോഴും നിയമം മൂലം ഇവരെ നിരോധിക്കുക തന്നെയാണ് ഏറ്റവും മികച്ച പോംവഴി.

അത് അമിതാഭ് ബച്ചനല്ല, ആമിനത്താത്തയുമല്ല, അബിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍