TopTop
Begin typing your search above and press return to search.

ഭാരം കൂടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കാശങ്കയുണ്ടോ; അതൊരു രോഗമാണെന്ന് പഠനം

ഭാരം കൂടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കാശങ്കയുണ്ടോ; അതൊരു രോഗമാണെന്ന് പഠനം

അനോറെക്‌സിയ നെര്‍വോസ ഒരു ഈറ്റിംഗ് ഡിസോര്‍ഡറാണ് (ഭക്ഷണ ക്രമഭംഗം). അസാധാരണമാംവിധം കുറഞ്ഞ ശരീരഭാരവും ഭാരം കൂടുന്നതിനെക്കുറിച്ചുള്ള തീവ്രമായ പേടിയും ശരീരാകൃതിയെക്കുറിച്ചുള്ള തെറ്റായ ധാരണകളുമാണ് ഈ രോഗത്തിന്റെ ചില സ്വഭാവ സവിശേഷതകള്‍. എന്നാല്‍ അത് പൂര്‍ണ്ണമായും ഒരു മാനസികാവസ്ഥയല്ലെന്നും മെറ്റബോളിസത്തിലെ പ്രശ്‌നങ്ങള്‍കൊണ്ടും ഉണ്ടാകുന്നതാണെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.

മാനസികരോഗങ്ങളിലും വെച്ച് ഏറ്റവും മാരകമാണ് അനോറെക്‌സിയ നെര്‍വോസ. ഇത് 1% മുതല്‍ 4% വരെ സ്ത്രീകളെയും 0.3% പുരുഷന്മാരെയും ബാധിക്കുന്നു. ചിലര്‍ വളരെ കുറച്ച് മാത്രം ഭക്ഷണംകഴിക്കും. ചിലര്‍ ആവശ്യത്തിനു കഴിക്കുമെങ്കിലും അതെനേക്കാള്‍ കൂടുതല്‍ കലോറി ചിലവഴിച്ചു വ്യായാമം ചെയ്യും. കാരണമെന്താണെന്ന് കൃത്യമായി കണ്ടെത്തിയാല്‍ തുടര്‍ ചികിത്സ എളുപ്പമാണ്.

അനോറെക്‌സിയ ബാധിച്ച 17,000 ത്തോളം ആളുകളുടെ ഡിഎന്‍എ, ആരോഗ്യമുള്ള 55,000 ത്തിലധികം ആളുകളുമായി താരതമ്യം ചെയ്ത ശേഷമാണ് ഗവേഷകര്‍ പുതിയനിഗമനത്തില്‍ എത്തിയിരിക്കുന്നത്. അനോറെക്‌സിയ നെര്‍വോസ ജനിറ്റിക്‌സ് ഓര്‍ഗനൈസേഷന്‍ വഴിയോ, സൈക്കിയാട്രിക് ജീനോമിക്‌സ് കണ്‍സോര്‍ഷ്യത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് വഴിയോ ആണ് അനോറെക്‌സിയ ഉള്ളവര്‍ തങ്ങളുടെ ഡിഎന്‍എ നല്‍കിയത്.

അനോറെക്‌സിയയെ ഉത്കണ്ഠ, വിഷാദം, ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന എട്ട് ജീനുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ അതുതന്നെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുകയും, ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. 'അനോറെക്‌സിയയെയും മറ്റ് ഭക്ഷണക്രമഭംഗങ്ങളെയും വെറും മാനസികാവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍ മാത്രമായി കാണാന്‍ കഴിയില്ല എന്നതാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന്' പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ജനിതകശാസ്ത്രജ്ഞനായ ജെറോം ബ്രീന്‍ പറഞ്ഞു. അമേരിക്കയിലെ ചാപ്പല്‍ ഹില്ലിലുള്ള നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായിരുന്നു.

കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി),കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള റഫീഡിംഗ് പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൂടെ ഈ പ്രശ്‌നത്തെ ചികിത്സിച്ചു വരുന്നു. എന്നാല്‍ ഇവ എല്ലായ്‌പ്പോഴും വിജയിക്കാറില്ല. ഗവേഷണത്തില്‍ തിരിച്ചറിഞ്ഞ എട്ട് ജീനുകള്‍ അനോറെക്‌സിയയുടെ ഒരു ചെറിയ ഭാഗം മാത്രമേ വിശദീകരിക്കുന്നുള്ളൂ. പല മെഡിക്കല്‍ അവസ്ഥകളിലെയും പോലെ ഓരോ വ്യക്തിയിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ആയിരക്കണക്കിന് ജീനുകള്‍ ഉണ്ടായേക്കാം. അനോറെക്‌സിയ പോലുള്ള അസുഖങ്ങള്‍ ഉള്ളവരുടെ മെറ്റബോളിസത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ബ്രീന്‍ പറയുന്നു.

Read More : ഇനി ശബ്ദത്തിലൂടെ വിഷാദം തിരിച്ചറിയാം; കണ്ടുപിടിത്തം കാനഡയില്‍


Next Story

Related Stories