TopTop

ആരോഗ്യത്തിനും സന്തോഷത്തിനും ആവശ്യം വേണ്ടവര്‍ ഒപ്പമുണ്ടോ?

ആരോഗ്യത്തിനും സന്തോഷത്തിനും ആവശ്യം വേണ്ടവര്‍ ഒപ്പമുണ്ടോ?
മികച്ച ആരോഗ്യത്തിന് ഡയറ്റും വ്യായാമവും മാത്രം ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. പക്ഷെ വിദഗ്ധരുടെ അഭിപ്രായത്തില്‍ അതുമാത്രം പോരാ, നല്ല ബന്ധങ്ങളും ആരോഗ്യത്തിനും സന്തോഷത്തിനും ആവശ്യമാണത്രെ!

നമ്മുടെ സാമൂഹിക ചുറ്റുപാടും ബന്ധങ്ങളും സ്വഭാവത്തില്‍ മാത്രമല്ല ആരോഗ്യത്തിലും പ്രതിഫലിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. വ്യക്തിബന്ധങ്ങളും ഓണ്‍ലൈന്‍ ബന്ധങ്ങളും അമിതവണ്ണം, വിഷാദം, ഉത്കണ്ഠ, സന്തോഷം എന്നിങ്ങനെ വിവിധ അവസ്ഥകളെ ബാധിക്കും. വ്യക്തി ബന്ധങ്ങള്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ ചെയ്യുന്ന വ്യായാമവും തമ്മില്‍ ബന്ധമുണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.

വ്യക്തികള്‍ തമ്മില്‍ ഒരുപാട് അകലത്തില്‍ താമസിക്കുന്ന ലോകത്തിലെ മേഖലകളായ ബ്ലൂ സോണുകളില്‍(blue zone) എഴുത്തുകാരന്‍ ഡാന്‍ ബ്രറ്റ്‌നര്‍ (Dan Buettner) ഗവേഷണം നടത്തിയിരുന്നു. അത്തരം മേഖലകളില്‍ പോലും പോസിറ്റീവ് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരുമെന്ന് അദ്ദേഹം പറയുന്നു. ഡയറ്റിന് നല്‍കാന്‍ കഴിയാത്ത ആരോഗ്യം, നല്ല ബന്ധങ്ങളിലൂടെ കൈവരുമെന്നാണ് ബ്രറ്റ്‌നര്‍ പറയുന്നത്.

സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഖ്യം 90 വയസുള്ള ജപ്പാനിലെ ഒകിനാവയില്‍,ആയുസ്സിന്റെ ബലമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് സാമൂഹിക കെട്ടുറപ്പിനെയാണ്. സാമൂഹിക-വൈകാരിക-സാമ്പത്തിക പിന്തുണകള്‍ സമ്മാനിക്കുന്ന അഞ്ചുപേര്‍ ചേര്‍ന്ന ഗ്രൂപ്പായ മൊയി(Moai) അവിടുത്തെ ഏറ്റവും വലിയ വ്യക്തിഗത നെറ്റ്വര്‍ക്ക് ആണ്.

ഏറ്റവും ശക്തമായ ഐഡിയ എന്നാണ് ബ്രറ്റ്‌നര്‍ ഈ ഗ്രൂപ്പുകളെ വിശേഷിപ്പിച്ചത്. ഒരാള്‍ ജനിക്കുമ്പോള്‍ മുതല്‍ മൊയി ഗ്രൂപ്പില്‍ അംഗമാണ്. മരണം വരെ അത് നിലനില്‍കുകയും ചെയ്യുന്നു. ഒരു മനുഷ്യായുസ്സിലെ ഏത് ആവശ്യത്തിനും ഈ സംഘം പരസ്പരം പിന്തുണയ്ക്കുമെന്നതാണ് പ്രത്യേകത.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില പ്രമുഖരുടെ സഹായത്തോടെ നിരവധി നഗരങ്ങളിലേക്ക് മൊയി എന്ന ആശയം എത്തിക്കാന്‍ ബ്രറ്റ്‌നര്‍ ശ്രമിച്ചിക്കുന്നുണ്ട്. അമേരിക്കയിലാണ് ആദ്യം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. '10 ആഴ്ച ഒരുമിച്ച് നടക്കാനും പരസ്പരം സംസാരിക്കാനും അവസരമൊരുക്കുന്ന ഒരു പദ്ധതി. ആരോഗ്യപരമായ മാറ്റങ്ങള്‍,അത് സമൂഹത്തിലും ആരോഗ്യത്തിലും ഒരേപോലെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ചില സ്ഥലങ്ങളില്‍ പരീക്ഷിച്ചിരുന്നു. വിജയം മാത്രമാണുണ്ടായത്'- ബ്രറ്റ്‌നര്‍ പറയുന്നു.

ഒരേ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ള ഒരു സംഘത്തെ ഒരുമിച്ച് ചേര്‍ക്കുക എന്നതാണ് ആദ്യത്തെ കാര്യം. ബ്ലൂ സോണുകളില്‍ ജോലി സ്ഥലം, താമസ സ്ഥലം എന്നിവ അനുസരിച്ച് അത് ക്രമപ്പെടുത്തി. പിന്നീട് ചെറിയ ചോദ്യങ്ങള്‍ ചോദിച്ച് ഇഷ്ടങ്ങള്‍ മനസിലാക്കും. അങ്ങനെ ബ്ലൂ സോണിലും വിജയിച്ചു. ദീര്‍ഘകാല ബന്ധത്തിലേക്കാണ് ഈ പദ്ധതി ഓരോ വ്യക്തികളെയും എത്തിക്കുന്നതെന്നും ബ്രറ്റ്‌നര്‍ പറഞ്ഞു.

രണ്ട് വിവാഹം കഴിച്ച് രണ്ട് ഭര്‍ത്താക്കന്മാരേയും നഷ്ടപെട്ട ന്യൂയോര്‍ക്ക് വനിത കാരോള്‍ ആര്‍ബാച്ച് (Carol Auerbach) ജീവിതത്തിലേക്ക് തിരികെ വന്നത്, സൗഹൃദങ്ങളുടെ ബലത്തിലാണെന്ന് പറയുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം. അമ്മയില്‍ നിന്ന് പകര്‍ന്നുകിട്ടിയ പോസിറ്റീവ് ചിന്താഗതിയാണ് തന്നെ ജീവിതത്തില്‍ നയിക്കുന്നതെന്ന് കാരോള്‍ പറയുന്നു. 'നെഗറ്റീവ് ചിന്തകള്‍ക്ക് കേള്‍വി കൊടുത്തിട്ട് കാര്യമില്ല. നമ്മളെ മനസിലാക്കി പെരുമാറുന്നവരെയാണ് നമുക്കും ആവശ്യം. അത്തരം ബന്ധങ്ങളുടെ ബലത്തില്‍ ഞാന്‍ മൂന്നാമത് വിവാഹിതയായി. 15 വര്‍ഷമായി സന്തോഷത്തോടെ കഴിയുന്നു'-കാരോളിന് സന്തോഷം.

ബ്ലൂ സോണില്‍, ഈ ആശയം നടപ്പാക്കിയതിന് ശേഷം ഗുണങ്ങള്‍ തിരിച്ചറിയാന്‍ ക്വിസ് നടത്തുന്നുണ്ട്. എല്ലാം ഗ്രൂപ്പിലെ മറ്റുള്ളവരെ സംബന്ധിച്ച കാര്യങ്ങള്‍. അങ്ങനെ മറ്റുള്ളവരുടെ കാര്യങ്ങള്‍ മനസിലാക്കാന്‍ അവരെ പെരിപ്പിക്കാറുണ്ട്. അകലങ്ങളിലുള്ള ഫേസ്ബുക്ക് സൗഹൃദങ്ങളെക്കാളും സ്വന്തമെന്നു തോന്നുന്ന അടുത്ത കൂട്ടുകാരെ കണ്ടെത്താനും ബ്രറ്റ്‌നര്‍ നിര്‍ദ്ദേശിക്കുന്നു.

Next Story

Related Stories