TopTop

ചികിത്സകരാൽ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു; പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെയും ഓട്ടിസം ബാധിച്ചവരെയും ചികിത്സിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന മേൽനോട്ടം

ചികിത്സകരാൽ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു; പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെയും ഓട്ടിസം ബാധിച്ചവരെയും ചികിത്സിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന മേൽനോട്ടം
ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും രോഗശാന്തി ശുശ്രൂഷകനായ ഒരു പുരോഹിതൻ മൃഗങ്ങൾ എന്ന് വിളിച്ചു അപമാനിച്ചത് അടുത്തിടെയാണ്. സംഭവം വിവാദം ആകുകയും പുരോഹിതന് പരസ്യമായി മാപ്പു പറയേണ്ടി വരികയും ചെയ്‌തെങ്കിലും ഓട്ടിസം ബാധിച്ചവരും പ്രത്യേക പരിചരണം ആവശ്യപ്പെടുന്ന മറ്റു കുട്ടികളും കേരളത്തിൽ നേരിടുന്ന ദുരവസ്ഥ ആ സംഭവം വെളിവാക്കുന്നുണ്ട്. ഇത്തരം കുട്ടികൾക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ എന്ന പേരിൽ നാടെങ്ങും മുളച്ചു പൊന്തുന്ന സഥാപനങ്ങളിൽ നടക്കുന്ന പീഡനങ്ങളും ചൂഷണങ്ങളും തുടർച്ചയായി വാർത്തകളിൽ ഇടം നേടുന്നു. ഈയൊരു അവസ്ഥയിലാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള ആയിരക്കണക്കിന് കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും അനുഗ്രഹമായിത്തീരുന്ന ഒരു സമഗ്ര നയം രൂപപ്പെടുത്തുന്നത്.  പ്രത്യേക ആവശ്യങ്ങളും ഓട്ടിസവും ഉള്ള ആളുകളെയും കുട്ടികളെയും കൈകാര്യം ചെയ്യുന്ന പുനരധിവാസ-ചികിത്സാ-സ്പീച്ച് തെറാപ്പി കേന്ദ്രങ്ങൾക്കായി സർക്കാർ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയാണ്.  2020 ജനുവരിയോടെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പ്രാബല്യത്തിൽ വരുത്തുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയ്ക്ക് ഉറപ്പു നൽകി.

കുട്ടികൾ ചികിത്സകരാൽ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിൽ പരിശോധനാ മുറികളിൽ രക്ഷിതാക്കളുടെ സാന്നിധ്യം പുതിയ  മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കിയിട്ടുണ്ട്. അത്തരത്തിൽ കൂടുതലാളുകൾക്ക് മുറിയിൽ കടന്നു വരാൻ ആകാത്ത സാഹചര്യം ആണെങ്കിൽ പുറത്തു ഇരുന്നുകൊണ്ട് മാതാപിതാക്കൾക്ക് അകത്തു നടക്കുന്ന പരിശോധനകൾ കാണാൻ സിസിടിവി സൗകര്യം ഉണ്ടാക്കണം എന്ന് കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഓരോ തെറാപ്പിയുടെയും സമയ ദൈർഘ്യം പരമാവധി മുപ്പത് മിനിറ്റായി ചുരുക്കുക, മൂന്നു മാസത്തിൽ ഒരിക്കൽ അവലോകന റിപ്പോർട്ട് നിരബന്ധമായും രക്ഷിതാക്കൾക്ക് നല്കിയിരിക്കുക, വ്യക്തിഗതമായ ശ്രദ്ധ ഓരോ കുട്ടിക്കും ഉറപ്പാക്കുക എന്നിവയെല്ലാം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉറപ്പാക്കുന്നു.

സാമൂഹിക നീതിവകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കർശനമായ മേൽനോട്ടത്തിൽ ആയിരിക്കും ഇനി ഇത്തരം സ്ഥാപനങ്ങൾ. രജിസ്റ്റർ ചെയ്യാത്തവയെയും അംഗീകാരം ഇല്ലാത്തവയെയും ഇനി തുടരാൻ അനുവദിക്കില്ല. മേൽനോട്ടത്തിന് ജില്ലാ തലത്തിൽ സ്ഥിരമായി വിദഗ്ധ സമിതികൾ ഉണ്ടാകും. പ്രവർത്തനത്തിലെ സുതാര്യത, കുറഞ്ഞ പണചെലവ്, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ ജാഗ്രത എന്നിവയെല്ലാം പുതിയ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നു.

ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (തെറാപ്പി സെന്ററുകളുടെ രജിസ്ട്രേഷനായുള്ള മിനിമം സ്റ്റാൻഡേർഡ് മാർഗ്ഗനിർദ്ദേശങ്ങൾ) വൈകല്യമുള്ളവരുടെ അവകാശ നിയമം 2016 ലെ സെക്ഷൻ 49, 50, 51 എന്നിവ പ്രകാരം ആയിരിക്കും പുറത്തിറക്കുക എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എല്ലാ തൊഴിൽ, സ്പീച്ച് തെറാപ്പി കേന്ദ്രങ്ങളും ഒരു റെഗുലേറ്ററി മെക്കാനിസത്തിന് കീഴിൽ കൊണ്ടുവരണമെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ അനുശാസിക്കുന്നു. സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി, ഓഡിയോളജി, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, പുനരധിവാസം / ക്ലിനിക്കൽ സൈക്കോളജി എന്നിവ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിൽ വരും.

നിലവിലെ സാഹചര്യത്തിൽ,  സമഗ്രമായ ഗുണനിലവാരമുള്ള പരിചരണവും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതും വൈകല്യമുള്ളവരെ പരിചരിക്കുന്നതുമായ തെറാപ്പി സെന്ററുകൾ രജിസ്റ്റർ ചെയ്യണം എന്ന് നിർബന്ധമില്ല. അവയ്ക്കാകെ ഷോപ്പ്, ബിസിനസ്, എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള  രെജിസ്ട്രേഷൻ മാത്രമേ വേണ്ടിയിരുന്നുള്ളു. തെറാപ്പി ഷെഡ്യൂളും സേവനങ്ങളുടെ വിലയും സുതാര്യമായ രീതിയിൽ ഉൾക്കൊള്ളുന്ന ഒരു മോണിറ്ററിംഗ് സിസ്റ്റവും സേവന പ്രോട്ടോക്കോളും ഇപ്പോൾ സർക്കാർ നിർദ്ദേശിക്കുന്നു.

ഇത്തരത്തിൽ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുമായി സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സംഘം തുടർച്ചയായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ  മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കപെട്ടിരിക്കുന്നത്. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (കെഎസ്എസ്എം) മുന്‍കൈ എടുത്താണ് നടപടികൾ. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള വിദഗ്ധരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം പ്രാരംഭ കരട് കെ‌എസ്‌എസ്എം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും അതുണ്ടാക്കിയ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി രണ്ടാമത്തെ കരട് തയ്യാറാക്കുകയും അതിനെ  പ്രൊഫഷണലുകൾ സാധൂകരിക്കുകയും ചെയ്തു.

തെറാപ്പി സെന്ററുകളിൽ നിലവാരം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെന്നും മാതാപിതാക്കൾ വലിയ അളവിൽ അസന്തുഷ്ടരാണെന്നും കഴിഞ്ഞ കുറെ കാലമായി വാർത്തകൾ വരുന്നുണ്ട്. ദുരിതബാധിതരായ മാതാപിതാക്കൾ  ‘ടുഗെദർ വി കാൻ’ (ടിഡബ്ല്യുസി) എന്ന പേരിൽ അനൗപചാരിക ഫോറം രൂപീകരിച്ച് ഈ മേഖലയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അവർ സംസ്ഥാന ബാലാവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കുകയും ഉണ്ടായി.

സംസ്ഥാനത്തെ തെറാപ്പി കേന്ദ്രങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ മുൻപാകെ സംസ്ഥാനത്തെ തെറാപ്പി കേന്ദ്രങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും സംബന്ധിച്ച  മാർഗ്ഗനിർദ്ദേശങ്ങൾ സാമൂഹ്യനീതി വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വികലാംഗരായ കുട്ടികൾക്ക് മിതമായ നിരക്കിൽ തെറാപ്പി സെന്ററുകളിൽ സമഗ്രമായ ഗുണനിലവാരമുള്ള പരിചരണം നൽകണമെന്ന് പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം സ്ഥാപനങ്ങളെ മെച്ചപ്പെടുത്താൻ എൻ‌ജി‌ഒകൾ, തെറാപ്പിസ്റ്റ് അസോസിയേഷനുകൾ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ എല്ലാം കൂട്ടായ ഇടപെടലുകൾക്ക് സർക്കാർ മുൻകൈ എടുക്കും എന്നും ഹൈകോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

Read More: 13കാരിയെ പീഡിപ്പിച്ച പ്രതിയെ റിയാദില്‍ പോയി പൊക്കി മെറിന്‍ ജോസഫ് ഐപിഎസ്

Next Story

Related Stories