TopTop

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ജീവിതം കെട്ടിപ്പടുക്കുന്നവള്‍; വീല്‍ചെയറിലിരുന്ന് ജോണ്‍സിന് പറയാനുള്ളത്

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ജീവിതം കെട്ടിപ്പടുക്കുന്നവള്‍; വീല്‍ചെയറിലിരുന്ന് ജോണ്‍സിന് പറയാനുള്ളത്
നീളമുള്ള ഉയരത്തില്‍ ചാടാനാകുന്ന വ്യക്തികളാണ് എപ്പോഴും ബാസ്‌ക്കറ്റ് ബോള്‍ കളിക്കാന്‍ മുമ്പിലുള്ളവര്‍. എന്നാല്‍ വീല്‍ചെയറിലിരുന്ന് ബാസ്‌ക്കറ്റ് ബോള്‍ കളിച്ച് അഭിമാനനേട്ടങ്ങളുണ്ടാക്കിയ ഒരു പെണ്‍കുട്ടിയുണ്ട് ഇല്ലിനോയ്സ് (illinois)സര്‍വ്വകലാശാലയില്‍. മകായ്ല ജോണ്‍സ്(Mckayla Jones) എന്നാണ് ഈ കായികതാരത്തിന്റെ പേര്.

'ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്ന കായിക ഇനമാണ് ബാസ്‌ക്കറ്റ് ബോള്‍. ഡിഫന്‍സ് പ്ലേയറായി കളിക്കാനാണ് ഇഷ്ടം. റിസ്‌ക് ഏറ്റെടുക്കാന്‍ മടിയില്ലാത്ത ഒരു ഇടമാണ് എന്റെ ക്യാംപസ്. എന്നേപോലുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ താല്പര്യമുള്ള സര്‍വ്വകാശാല. നല്ല രീതിയില്‍ കളിക്കാനും പരമാവധി പ്രയത്നിക്കാനുമുള്ള പ്രേരണ എന്റെ സര്‍വ്വകലാശാലയാണ്'- മകായ്ല ജോണ്‍സിന് ആത്മവിശ്വാസമാണ് കൈമുതല്‍.

'ആത്മവിശ്വാസം എനിക്ക് ജന്മനാലഭിച്ച സിദ്ധിയല്ല. നാല് വയസില്‍ ഒരു അപകടത്തിലൂടെയാണ് ഞാന്‍ വീല്‍ ചെയറിലായത്. അതിന് മുമ്പും ശേഷവും മറ്റുള്ളവരോട് സംസാരിക്കാന്‍ മടിയുള്ള വ്യക്തിയായിരുന്നു ഞാന്‍. ഇന്ന് അതെല്ലാം മാറി.

വീല്‍ചെയറിലേറിയ ദിനം

തന്റെ നാലാം വയസില്‍ ഉണ്ടായ കാര്‍ അപകടം നഷ്ടപ്പെടുത്തിയത് ജോണ്‍സിന്റെ കാലുകളുടെ ചലനശേഷിയെയാണ്. സുഷുമ്നാ നാഡിയിലേറ്റ ചതവാണ് പ്രശ്നം. പൂര്‍ണ്ണമായി സുഷു്മനാ നാഡിയില്‍ പ്രശ്നങ്ങളില്ല. ചലിക്കാനുള്ള സിഗ്‌നലുകള്‍ ഇപ്പോഴും ശരീരത്തിലേക്ക് പ്രവഹിക്കുന്നുണ്ട്. പക്ഷെ, അപകടത്തില്‍ നാഡിയ്ക്ക് സംഭവിച്ച ചതവ് കാലിന്റെ ശേഷിയെ നഷ്ടപ്പെടുത്തി.

'ആ ദിവസം എനിക്ക് പൂര്‍ണ്ണമായും ഓര്‍ക്കാന്‍ കഴിയുന്നില്ല. പക്ഷെ സ്നേഹത്തോടെ പരിചരിച്ച നഴ്സുമാരുടെ മുഖം ഇന്നും മനസ്സില്‍ തെളിഞ്ഞ് നില്ക്കുന്നു'-ജോണ്‍സിന്റെ ചുണ്ടില്‍ ചിരി മായാതെ നില്ക്കുന്നു.

'ആശുപത്രിയില്‍ ഞാന്‍ ഒരുപാട് കുസൃതി കാണിച്ചിട്ടുണ്ട്. എല്ലാം എല്ലാവരും ആസ്വദിച്ചു, ഉള്ളിലെ വേദന മറച്ചുപിടിച്ചുകൊണ്ട് തന്നെ. വീല്‍ചെയറില്‍ ഇരുത്തിയതൊന്നും ഓര്‍മ്മയില്ല. ജീവിതത്തില്‍ പിച്ചവെച്ചിട്ടുള്ളത് പോലും ഓര്‍ക്കുന്നില്ല.'

കളിയല്ല ബാസ്‌ക്കറ്റ് ബോള്‍

കായിക രംഗത്തോട് ചെറുപ്രായത്തിലെ ജോണ്‍സിന് ഇഷ്ടം തുടങ്ങിയതാണ്. വൈകല്യമുണ്ടെങ്കിലും കളികളില്‍ സജീവമായിരുന്നു ഈ പെണ്‍കുട്ടി. കളിക്കാനുള്ള ജോണ്‍സിന്റെ താല്പര്യത്തെ അച്ഛനമ്മമാരും ഏറെ പിന്തുണച്ചു. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുവളരാന്‍ മാതാപിതാക്കള്‍ അവളെ പഠിപ്പിച്ചത്.

ടെന്നീസിലായിരുന്നു തുടക്കത്തില്‍ താല്പര്യം. സ്‌കൂള്‍ പഠനകാലത്ത്, കൂട്ടുകാര്‍ തന്നെ കളിക്കാന്‍ കൂട്ടാത്തതാണ് അവളെ ഏറെ വിഷമിപ്പിച്ച സംഭവം. പ്രത്യേക പരിഗണനകളൊന്നും ജോണ്‍സ് ഇഷ്ടപ്പെട്ടിരുന്നില്ല.

'വൈകല്യം വ്യക്തിപരമായി എനിക്ക് പ്രശ്നമല്ല. പക്ഷെ, വീര്‍പ്പുമുട്ടുണ്ടാക്കുന്നത് ഈ സമൂഹമാണ്. അവരുടെ മനോഭാവമാണ്. എന്നേപോലുള്ളവരിലേക്ക് നീട്ടുന്ന സഹതാപമാണ്' 'കോര്‍ട്ട് എനിക്ക് സമ്മാനിക്കുന്നത് ആത്മവിശ്വാസത്തിന്റെ നിമിഷങ്ങളാണ്. അത്ലറ്റിക് സ്‌കോളര്‍ഷിപ്പിലേക്ക് വരെ എന്നെ നയിച്ചത് എന്റെ ക്യാംപസും കോര്‍ട്ടുമാണ്. ഒരു വൈകല്യവുമില്ലാത്ത എത്രയോ പേരുണ്ടിവിടെ. അവരില്‍ വളരെ കുറച്ചുപേര്‍ മാത്രമല്ലേ ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നുള്ളൂ? എനിക്കതിനായി. അപ്പോള്‍ ആര്‍ക്കാണ് വാസ്തവത്തില്‍ വൈകല്യം?-നിലപാടുള്ള പെണ്‍കുട്ടിയാണ് ജോണ്‍സ്.

കോര്‍ട്ടിന് പുറത്തെ ജോണ്‍സ്

ഇല്ലിനോയ്സ് സര്‍വ്വകലാശാലയില്‍ human development and family studiesഎന്ന വിഷയമാണ് ജോണ്‍സ് പഠിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് അവര്‍.

'ഇപ്പോള്‍ ഞാന്‍ ക്യാംപസ് ജീവിതം ആസ്വദിക്കുകയാണ്. ഭാവിയില്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്. നിലവില്‍ ബാസ്‌ക്കറ്റ് ബോള്‍ ആണ് എന്റെ ലോകം. ഞാനതില്‍ ജീവിക്കട്ടെ'-ജോണ്‍സിന്റെ വാക്കുകള്‍


Next Story

Related Stories