TopTop

ആര്‍ സി സിയിലെ രക്തദാന പിഴവുകള്‍ ജീവനെടുക്കുമ്പോള്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്-ഭാഗം 2

ആര്‍ സി സിയിലെ രക്തദാന പിഴവുകള്‍ ജീവനെടുക്കുമ്പോള്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്-ഭാഗം 2
സംസ്ഥാനത്തെ പ്രമുഖ കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ് ആര്‍ സി സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും തമിഴ്നാട്ടിലെ കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നും നിരവധി രോഗികളാണ് ആര്‍ സി സിയെ ആശ്രയിക്കുന്നത്. കാന്‍സര്‍ ചികിത്സ ചിലവേറിയ കാര്യമായതുകൊണ്ടു തന്നെ ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ഒട്ടനവധി പേര്‍ക്ക് ഏക ആശ്രയമാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍ സി സിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത അത്ര ആശാസ്യകരമായതല്ല. ചികിത്സാ പിഴവുകളുടെയും ചെയ്ത തെറ്റുകള്‍ മറക്കാന്‍ ശ്രമിക്കുന്നതിന്റെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വെളിച്ചത്തുവന്നുഓണ്ടിരിക്കുന്നത്. എന്താണ് ആര്‍ സി സിയില്‍ സംഭവിക്കുന്നത് എന്നു അന്വേഷിക്കുകയാണ് അഴിമുഖം ബ്യൂറോ ചീഫ് കെ ആര്‍ ധന്യ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിലൂടെ. റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗം ഇവിടെ വായിക്കാം
-ആര്‍ സി സി എന്റെ കുട്ടിയെ കൊന്നു.

പേര് കണ്ണയ്യ (യഥാര്‍ഥമല്ല). പതിനഞ്ച് വയസ്സ്. കാന്‍സര്‍ ബാധിതനായിരുന്ന കണ്ണയ്യ കഴിഞ്ഞ മാര്‍ച്ച് 26ന് മരിച്ചു. മരിക്കുമ്പോള്‍ അവന് എച്ച്‌ഐവി ബാധിച്ചിരുന്നു.

മൂന്നാര്‍ പീരുമേട്ടിലെ തോട്ടംതൊഴിലാളിയുടെ മകനാണ് കണ്ണയ്യ. 14 വയസ്സുള്ളപ്പോഴാണ് അവന്‍ കാന്‍സര്‍ ബാധിതനാണെന്ന കാര്യം തിരിച്ചറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ് സ്ഥിരീകരണമുണ്ടാവുന്നത്. പിന്നീട് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്ക്. അവിടെ നിന്നാണ് കാന്‍സറിനുള്ള ചികിത്സ ആരംഭിക്കുന്നത്. രണ്ട് തവണ കീമോതെറാപ്പിക്ക് വിധേയനായി. തുടര്‍ന്ന് നടത്തിയ രണ്ടാംഘട്ട പരിശോധനയിലാണ് അവന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് പരിശോധനാഫലം വരുന്നത്. കണ്ണയ്യയോട് നേരിട്ട് വിളിച്ച് ഡോക്ടര്‍ തന്നെ ഇക്കാര്യം പറയുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പരിശോധിച്ചു. അവിടെ നിന്ന് അവന്‍ എച്ച്‌ഐവി വൈറസ് ബാധിതനാണെന്ന് സ്ഥിരീകരിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് സൊസൈറ്റി നല്‍കുന്ന കാര്‍ഡും ലഭിച്ചു. ചികിത്സ സൗജന്യമായിരിക്കും എന്ന് കണ്ണയ്യയ്ക്കും കുടുംബത്തിനും ഉറപ്പ് നല്‍കിയ ആശുപത്രി അധികൃതര്‍ പിന്നീട് ചികിത്സയെല്ലാം കഴിഞ്ഞു ഇനി നാട്ടില്‍ പോയി ചികിത്സിച്ചാല്‍ മതിയെന്ന് പറഞ്ഞ് മടക്കിയയച്ചു. അങ്ങനെ നാട്ടിലേക്ക് മടങ്ങിയ കണ്ണയ്യയ്ക്ക് പിന്നീട് അസുഖം മൂര്‍ച്ഛിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കാനാണ് ആര്‍സിസിയില്‍ നിന്ന് കണ്ണയ്യയുടെ കുടുംബത്തിന് ലഭിച്ച നിര്‍ദ്ദേശം. ചികിത്സയിലിരിക്കെ മാര്‍ച്ച് 26ന് മരിച്ചു. തമിഴ് വംശജരായ, കാര്യമായ വിദ്യാഭ്യാസമില്ലാത്ത, ദരിദ്രരായ കണ്ണയ്യയുടെ കുടുംബം ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും അത് ഗൗനിക്കപ്പെട്ടില്ല.

ഹരിപ്പാട് സ്വദേശിനിയായ ഒമ്പത് വയസ്സുകാരിയുടേതില്‍ നിന്ന് വ്യത്യസ്തമായി കണ്ണയ്യ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന കാര്യം ആര്‍സിസിയില്‍ നിന്ന് തന്നെ അറിയിച്ചു. എച്ച്‌ഐവിയ്ക്കുള്ള എആര്‍ടി ചികിത്സ കണ്ണയ്യയ്ക്ക് ലഭ്യമാവുകയും ചെയ്തു. മറ്റെവിടെ നിന്നും കണ്ണയ്യയ്ക്ക് രക്തം സ്വീകരിക്കേണ്ടി വന്നിട്ടില്ല. അച്ഛനും അമ്മയ്ക്കും എച്ച്‌ഐവി ഇല്ല. അര്‍ബുദത്തിന് ചികിത്സിക്കാനെത്തി, രോഗം മാറുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന കണ്ണയ്യയ്ക്ക് പുതിയൊരു രോഗം കൂടി സമ്മാനിച്ച് മരണത്തിലേക്ക് അടുപ്പിച്ചതിന്റെ ഉത്തരവാദിത്തം പിന്നെ ആര്‍ക്കാണ്? അത് വിരല്‍ചൂണ്ടുന്നത് ആര്‍സിസിയിലേക്ക് തന്നെയാണ്.

കുട്ടിയുടെ ചികിത്സാകാര്യങ്ങളിലടക്കം ഇടപെടുകയും കണ്ണയ്യയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കാനുള്ള നിയമയുദ്ധത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ജോസഫ്.സി.മാത്യു പറയുന്നതിങ്ങനെ, 'ആദ്യം ഞാന്‍ ആ കുട്ടിയെ കാണുമ്പോള്‍ ആറടി നീളമുള്ള, കണ്ടാല്‍ ആരോഗ്യവാനായ ഒരു പയ്യനാണ്. അവന്റെ അച്ഛന് തമിഴ് മാത്രമേ അറിയൂ. അതുകൊണ്ട് അവന്‍ തന്നെയാണ് എന്റെയടുത്ത് സംസാരിച്ചത്. മുഖത്ത് ഒരു മാസ്‌ക് മാത്രം വലിച്ചുകെട്ടിയിരുന്നു. അവന്‍ ഓരോന്ന് പറയുമ്പോള്‍ അത് തെളിയിക്കുന്നതിനുള്ള രേഖകളും എനിക്ക് തരികയായിരുന്നു. സാര്‍, ഞാന്‍ ആര്‍സിസിയില്‍ വന്നപ്പോള്‍ എനിക്ക് എച്ച്‌ഐവി ഇല്ല. എന്റെ അച്ഛനില്ല, അമ്മയ്ക്കില്ല. അതുകഴിഞ്ഞ് എനിക്ക് പിടിച്ചാച്ച് എന്ന് പറഞ്ഞ് അതിന്റെ കടലാസും അവന്‍ എന്റെ കയ്യിലേക്ക് തന്നു. അവന്‍ തന്നെ ഇത് പറയുമ്പോള്‍ എന്ത് പറയണമെന്ന് പോലും അറിയാതെ കുഴങ്ങി. രണ്ടാഴ്ച കഴിഞ്ഞ് അവനെ കാണുമ്പോള്‍ അവന്റെ കണ്ണിന് കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കണ്ണാശുപത്രിയില്‍ പോയാല്‍ മതിയെന്ന് പറഞ്ഞ് ആര്‍സിസിക്കാര്‍ അവര് പറഞ്ഞുവിട്ടു. കുട്ടിയുടെ അച്ഛന്‍ എന്നെ വിളിക്കുന്നത് അയാളുടെ കയ്യില്‍ അഞ്ചുപൈസയില്ലെന്ന് പറഞ്ഞാണ്. ചെയ്യാന്‍ പറ്റുന്ന സഹായം ചെയ്തു. അഡ്വ.കിഷോറിനെ കൂട്ടിയാണ് അവര്‍ കണ്ണാശുപത്രിയില്‍ പോവുന്നത്. അവസാനം കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് തന്നെയാണ് മരണം സംഭവിക്കുന്നത്. എച്ച്‌ഐവിയാണെന്ന് അറിഞ്ഞപ്പോള്‍ അതിനുള്ള മരുന്ന് കഴച്ചാല്‍ മതി, രോഗം മാറും എന്നൊക്കെ പറഞ്ഞ് അവരെ മൂന്നാറിന് മടക്കിയയക്കുകയായിരുന്നു. പിന്നീട് ഫോളോഅപ് ചികിത്സയുണ്ടായിരുന്നില്ല. ഹരിപ്പാട്ടെ കുട്ടിയുടെ വിഷയം വാര്‍ത്തയായി കഴിഞ്ഞപ്പോള്‍ ഇവരെ തിരികെ വിളിച്ചിട്ടാണ് വീണ്ടും ട്രീറ്റ്‌മെന്റ് നല്‍കാന്‍ തുടങ്ങിയത്. പരമാവധി മറച്ചുവക്കാനാണ് ആര്‍സിസി ശ്രമിക്കുന്നത്. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഈ രോഗം കൊടുത്തു, അവര്‍ മരിച്ചു. പക്ഷെ അത് കവര്‍അപ് ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നതെന്തിനാണെന്നാണ് മനസ്സിലാവാത്തത്.'
കണ്ണയ്യയുടെഎച്ച് ഐ വി ടെസ്റ്റ് റിസള്‍ട്ട്

മൂന്ന് തവണ എച്ച്‌ഐവി ബാധ കണ്ടെത്തിയാളുടെ രക്തം പിന്നീടും സ്വീകരിച്ചു

അര്‍ബുദ ചികിത്സക്കിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി പോസിറ്റീവായ രണ്ട് കുട്ടികളും മരണപ്പെട്ടു. ഇനിയെത്ര പേര്‍ക്ക് എച്ച്‌ഐവി വൈറസുള്ള രക്തം നല്‍കിയെന്നോ അതില്‍ എത്രപേര്‍ മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ ഉള്ളതിന് യാതൊരു വിവരങ്ങളും ലഭ്യമല്ല. എന്നിരിക്കെത്തന്നെ ആര്‍സിസിയിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗത്തിലെ ഒരു ഡോക്ടര്‍ വകുപ്പ് മേധാവിക്ക് എഴുതിയ കത്ത് ഈ വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നതാണ്. മൂന്ന് തവണ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടിട്ടും ദാതാവില്‍ നിന്ന് അക്കാര്യം മറച്ചുവക്കുകയും രക്തം സ്വീകരിക്കുകയും ചെയ്തു എന്ന വലിയ വീഴ്ച സംഭവിച്ചിരിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് തവണയും രക്തം നല്‍കിയപ്പോള്‍ അയാള്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അക്കാര്യം മെഡിക്കല്‍ ഓഫീസറായ തന്നെപ്പോലും അറിയിച്ചിരുന്നില്ല. നാലാം തവണ അയാള്‍ രക്തം നല്‍കാന്‍ വന്നപ്പോള്‍, അതായത് 2017 സപ്തംബര്‍ 29ന് മാത്രമാണ് അയാളെ അക്കാര്യം അറിയിച്ചത്. ആദ്യ മൂന്ന് തവണത്തേയും റിസള്‍ട്ട് രഹസ്യമായി വച്ചു. പോസ്റ്റ്-ഡൊണേഷന്‍ കൗണ്‍സലിങ്ങിനായി മൂന്ന് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും, കൗണ്‍സലിങ് നിര്‍ബന്ധമായും നടത്തണമെന്നുള്ളപ്പോള്‍ പോലും അത് നടക്കുന്നില്ല എന്ന് കത്തില്‍ പറയുന്നു. മറ്റൊരു ഗുരുതരമായ വീഴ്ചയും ചൂണ്ടിക്കാട്ടുന്നതാണ് കത്ത്. 2017 ഒക്ടോബര്‍ മൂന്നിന് ആര്‍സിസിയില്‍ നിന്ന് ശ്രീചിത്ര ആശുപത്രിയിലേക്ക് നല്‍കിയ 10 യൂണിറ്റ് രക്തത്തില്‍ ഒന്ന് എച്ച്‌ഐവി പോസിറ്റീവായിരുന്നു. ഹരിപ്പാട് സ്വദേശിയുടെ എച്ച്‌ഐവി ബാധയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീചിത്ര ആശുപത്രി തന്നെ ആര്‍സിസിയില്‍ നിന്ന് നല്‍കിയ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഈ ഫലം വന്നത്. ഇത് ആര്‍സിസിയിലെ പരിശോധനാ സംവിധാനങ്ങളുടെ വീഴ്ചയാണെന്നും കത്തില്‍ പ്രതിപാദിക്കുന്നു. 2013ന് ശേഷം ബ്ലഡ് ബാങ്കില്‍ പ്രീ-ഡൊണേഷന്‍ കൗണ്‍സലിങ്ങും നടക്കുന്നില്ല. സപ്തംബര്‍ 14ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ് ഇത് പുനരാരംഭിച്ചതെന്നും ഡോക്ടര്‍ വകുപ്പ് മേധാവിക്ക് നല്‍കിയ കത്തില്‍ പറയുന്നു.ആര്‍സിസിയിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗത്തിലെ ഒരു ഡോക്ടര്‍ വകുപ്പ് മേധാവിക്ക് എഴുതിയ കത്ത്

സപ്തംബറിലാണ് ഹരിപ്പാട് സ്വദേശിനിയായ കുട്ടിക്ക് എച്ച്‌ഐവി പിടിപെട്ടത് വാര്‍ത്തയായത്. ഏതാണ്ട് ആ കാലയളവില്‍ തന്നെയാണ് പീരുമേട് സ്വദേശിയായ കുട്ടിയിലും എച്ച്‌ഐവി സ്ഥിരീകരിക്കുന്നത്. അതിനാല്‍ തന്നെ ഡോക്ടര്‍ നല്‍കിയ കത്ത് അത്യധികം ഗൗരവത്തോടെയാണ് കാണേണ്ടതും. കൗണ്‍സലിങ്, രക്തം സ്വീകരിക്കുന്ന രീതി, ഗ്രൂപ്പിങ്, ക്രോസ് മാച്ചിങ് അടക്കമുള്ള കാര്യങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും പരിശോധനാ സംവിധാനം കൃത്യമായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടറുടെ കത്തില്‍ പറയുന്നു.

രക്തം മാറി നല്‍കി ജീവനെടുത്തു

രക്തദാനത്തിലൂടെ എച്ചഐവി ബാധ കൂടാതെ ആര്‍സിസിയില്‍ രക്തം മാറി നല്‍കിയത് വഴിയും മരണം സംഭവിച്ചു എന്ന് വിവരാവകാശ രേഖ. 2013 ഡിസംബര്‍ ഒന്നിന് രക്തം മാറി നല്‍കിയതുമായി ബന്ധപ്പെട്ട് ഒരു മരണം നടന്നതായാണ് ആര്‍സിസി നല്‍കുന്ന വിവരം. ശസ്ത്രക്രിയക്ക് ശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിനിടെ രക്തം മാറി നല്‍കി എന്ന് ആര്‍സിസി സമ്മതിക്കുന്നു. എന്നാല്‍ രക്തം മാറി നല്‍കിയത് തന്നെയാണോ മരണകാരണം എന്ന് ആര്‍സിസി സമ്മതിക്കുന്നില്ല. രോഗിയുടെ നില അതീവ ഗുരുതരമായിരുന്നെന്നും, വെന്റിലേറ്ററിലായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഇതിനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നത്. മരണത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തു എന്ന് പറയുമ്പോഴും അത് വിശദീകരണം ചോദിക്കലിലും താക്കീതിലും ഒതുങ്ങി. രക്തബാങ്കിലും ക്ലിനിക്കല്‍ ലാബിലും രാത്രി ഡ്യൂട്ടിക്ക് പ്രത്യേകം ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. രക്തം നല്‍കും മുമ്പ് ആവര്‍ത്തിച്ച് പരിശോധന നടത്തണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പറയുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ തന്റെ അച്ഛന്‍ ആരോഗ്യവാനായിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അന്ന് ആര്‍സിസിയില്‍ മരിച്ച നാഗര്‍കോവില്‍ സ്വദേശി എഡിസന്റെ മകന്‍ എറിക് എഡിസണ്‍ പറഞ്ഞു. രക്തം മാറി നല്‍കി എന്ന വിവരം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് ദിവസം മുമ്പ് മാത്രമാണ് എഡിസന്റെ കുടുംബത്തിന് അറിവ് ലഭിച്ചത്. ഇത്തരത്തില്‍ ഒരു വീഴ്ച സംഭവിച്ചതിലും അത് തങ്ങളില്‍ നിന്ന് മറച്ചുവച്ചതിനും നീതീകരണമില്ലെന്നും താന്‍ നിയമപരമായി മുന്നോട്ട് പോവുമെന്നും എറിക് അഴിമുഖത്തോട് പറഞ്ഞു. മെല്‍ബണില്‍ ജോലി ചെയ്യുന്ന എറിക് തന്റെ അച്ഛന്റെ മരണത്തിന് പിന്നില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടെന്നറിഞ്ഞ ആഘാതത്തിലാണ് അഴിമുഖത്തോട് സംസാരിച്ചത്. എറിക് പറയുന്നു;

'ഇപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ ഞാന്‍ അത്ര നിസ്സാരമായി എടുക്കുന്നില്ല. നിയമപരമായി തന്നെ മുന്നോട്ട് പോവും. ഞങ്ങള്‍ നാഗര്‍കോവിലുകാരാണ്. 2012 ജൂണിലാണ് അച്ഛന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഇന്റസ്‌റ്റൈന്‍ ട്രാക്കിലായിരുന്നു. ആദ്യം ഞങ്ങള്‍ ലേക്ക് ഷോറിലേക്കാണ് പോയത്. ഗംഗാധരന്‍ ഡോക്ടറുടെ അടുത്ത്. ഡോക്ടര്‍ അച്ഛന് ഏഴ് കീമോ കൊടുത്തു. ഞാന്‍ തിരികെ മെല്‍ബണിലെത്തിക്കഴിഞ്ഞാണ് നവംബറില്‍ എന്നോട് പറയാതെ അച്ഛന്‍ ആര്‍സിസി ഫൗണ്ടിങ് ഡയറക്ടര്‍ ഡോ.കൃഷ്ണന്‍ നായരെ ചെന്നു കാണുന്നത്. ആര്‍സിസി ഏറ്റവും ബെസ്റ്റ് ട്രീറ്റ്‌മെന്റ് തരുമെന്ന് വിശ്വാസമുണ്ടാകത്തക്ക തരത്തില്‍ അച്ഛന്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെട്ടു. അങ്ങനെയാണ് ഡോ.കൃഷ്ണന്‍ നായരെ കാണാന്‍ ചെല്ലുന്നത്. അവിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആദ്യം തന്നെ കീമോതെറാപ്പി ചെയ്യുന്ന ചികിത്സാരീതിയില്‍ ഡോ.കൃഷ്ണന്‍ നായര്‍ അസംതൃപ്തി പ്രകടിപ്പിക്കുകയും സര്‍ജറിയാണ് ആദ്യം ചെയ്യേണ്ടതെന്ന് പറയുകയും ചെയ്തു. ആര്‍സിസിയിലെ സര്‍ജറി ടീമിന് അച്ഛനെ റഫര്‍ ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ശുപാര്‍ശയോടെയാണ് ആര്‍സിസിയിലേക്ക് ചെല്ലുന്നത്. അവിടെ എല്ലാവരും അച്ഛന്റെ കാര്യം പെട്ടെന്ന് നോക്കുകയും അടിയന്തിരമായി സര്‍ജറി ചെയ്യണമെന്ന് പറഞ്ഞു. എല്ലാം ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ മേജര്‍ സര്‍ജറി നടക്കാന്‍ പോവുന്ന കാര്യം അച്ഛനെന്റെയടുത്ത് പറഞ്ഞു. നന്നായി ആലോചിച്ച് ചെയ്യാനാണ് അപ്പോഴും ഞാന്‍ പറഞ്ഞത്. എന്നോട് അപ്പോള്‍ ചെല്ലേണ്ടെന്നും ഡിസംബര്‍ അവസാന ആഴ്ചയോടെ എത്തിയാല്‍ മതിയെന്നും പറഞ്ഞു. നവമ്പര്‍ 29ന് അച്ഛനെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചു. 31ന് സര്‍ജറി നടന്നു. എട്ട് മണിക്കൂര്‍ നീണ്ട സര്‍ജറിയായിരുന്നു. സര്‍ജിക്കല്‍ ടേബിളില്‍ വച്ച് ഒരുവേള ബിപി കുറയുകയും പിന്നീട് അത് ശരിയാവുകയും ചെയ്തു. അച്ഛന് ബോധം വന്ന സമയത്ത് ഒരു കുഴപ്പവും സംഭവിക്കില്ല, നിങ്ങള്‍ ഓക്കെ ആവും എന്നാണ് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത്. അച്ഛന്‍ ഞങ്ങളുടെ അങ്കിളും ആന്റിയുമായി സംസാരിച്ചു. അമ്മയോട് നീ നാളെക്ക് വാ എന്നും താന്‍ ഓക്കെ ആയിരിക്കുമെന്നും പറഞ്ഞ് അയച്ചതാണ്. അച്ഛന്‍ ആക്ടീവ് ആയിരുന്നു. സന്തോഷത്തിലുമായിരുന്നു. എന്റെ സഹോദരി ഒരു ബോക്‌സ് ചോക്ലേറ്റ് സര്‍ജറി ചെയ്ത ഡോക്ടര്‍മാര്‍ക്കായി സമ്മാനിക്കുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചു. ഇവിടെ ഏതാണ്ട് എട്ട് മണിയായിക്കാണും, അതായത് കേരളത്തില്‍ അപ്പോള്‍ പുലര്‍ച്ചെ നാല് മണി. അച്ഛന്റെ ഹൃദയമിടിപ്പ് താഴുന്നതായി അവര്‍ അമ്മയെ അറിയിച്ചു. രാത്രി വളരെ വൈകുന്ന വരെയും അച്ഛന്‍ ഓക്കെയാണെന്നും, ഹെല്‍ത്ത് കണ്ടീഷന്‍ സ്‌റ്റേബിള്‍ ആണെന്നും അച്ഛന്‍ സംസാരിക്കുന്നുണ്ടെന്നുമെല്ലാം നഴ്‌സുമാര്‍ അപ്പപ്പോള്‍ അമ്മയെ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അമ്മ ആശുപത്രിയില്‍ മുറിയെടുത്ത് അവിടെയായിരുന്നു നിന്നിരുന്നത്. നഴ്‌സുമാരാണ് അമ്മയെ വിളിച്ചുപറഞ്ഞത്. അമ്മ ഐസിയുവിലേക്ക് എത്തിയ സമയത്ത് തന്നെ ഡോക്ടര്‍മാര്‍ അച്ഛന്റെ മരണം സ്ഥിരീകരിച്ചു. രാത്രി പത്ത് മണി കഴിയുന്നത് വരെ അമ്മ അവിടെയുണ്ട്. അപ്പോഴൊന്നും അച്ഛന് ഒരു കുഴപ്പുമില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. സര്‍ജറി കഴിഞ്ഞ് ബ്ലീഡിങ് ഉണ്ടായതാണ് മരണകാരണമെന്നാണ് മരണസര്‍ട്ടിഫിക്കറ്റില്‍ അവര്‍ എഴുതിത്തന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് മാത്രമാണ് അച്ഛന് ചേരാത്ത ഗ്രൂപ്പിലെ ബ്ലഡ് മാറ്റി നല്‍കി എന്ന് അറിയുന്നത്. മരണത്തിന് കാരണമായി അവര്‍ പലതും പറയുന്നുണ്ട്. പക്ഷെ അതെല്ലാം സംഭവിച്ചിരിക്കുന്നത് രക്തം മാറി നല്‍കിയതിനാല്‍ത്തന്നെയാണ്. പക്ഷെ അക്കാര്യം അവര്‍ ഞങ്ങളില്‍ നിന്ന് മറച്ചുവച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നീതി വേണം. അച്ഛന് എഴുപത് വയസ്സേയുണ്ടായിരുന്നുള്ളൂ. അത്രമാത്രം ആരോഗ്യവാനും എനര്‍ജറ്റിക്കുമായിരുന്നു. ഞാനും എന്റെ സഹോദരിയും അച്ഛനുമായി എത്രമാത്രം അടുപ്പമാണെന്നറിയാമോ? ഞങ്ങള്‍ക്ക് സംഭവിച്ച തീരാനഷ്ടമാണ്. ഞങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ പിന്തുണ വേണം. പൊതുസമൂഹത്തിന്റെ പിന്തുണ വേണം. അത്രമാത്രം കാന്‍സര്‍ രോഗികളെത്തുന്ന സ്ഥലമാണത്. കാന്‍സര്‍ ഒരു ചെറിയ വിഷയമല്ല. കാന്‍സര്‍ ട്രീട്‌മെന്റും സര്‍വൈവലും വലിയ സ്‌കീം തന്നെയാണ് പലയിടത്തും. അച്ഛന്‍ വളരെ ധൈര്യശാലിയായിരുന്നു. അച്ഛനൊരു തെറ്റേ പറ്റിയുള്ളൂ. ആര്‍സിസിയെ വിശ്വസിച്ചു. അവിടെ ഏറ്റവും നല്ല ട്രീറ്റ്‌മെന്റ് കിട്ടുമെന്ന് കരുതി. പിന്നെ, ഞങ്ങള്‍ക്ക് എറണാകുളം വലിയ ദൂരമാണ്. തിരുവനന്തപുരം ആണെങ്കില്‍ ആ സൗകര്യമുണ്ടായിരുന്നു. ആ തീരുമാനം വലിയ ഒരു തെറ്റാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ആ തെറ്റ് ഇല്ലാതാക്കിയത് ഒരു വിലപ്പെട്ട ജീവനാണ്.'
രക്തം മാറി നൽകിയതി എന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖ

രക്തം നല്‍കി മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചാല്‍ അതാണോ മരണകാരണം എന്നറിയാനുള്ള പരിശോധന നടത്തേണ്ടതുണ്ട്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആ പരിശോധന നടത്തി റിപ്പോര്‍ട്ടിലെഴുതിയതോടെയാണ് ഇക്കാര്യം വെളിച്ചത്ത് വരുന്നത്. റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി പറയുന്നതിനാല്‍ നിയമപോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എറിക്. എന്നാല്‍ അത്തരത്തില്‍ പരിശോധന പോലും നടത്താതെ കൊഴിഞ്ഞ് പോയ ഒരു ജീവനുണ്ട്. തിരുവനന്തപുരം ബീമാപ്പള്ളി യാസ്മി മന്‍സിലിലെ മൂന്ന് വയസ്സുകാരി ജാസ്മിന. ജാസ്മിന രക്താര്‍ബുദ ബാധിതയായിരുന്നു. 2017 ഫെബ്രുവരി രണ്ടിന് കുട്ടിക്ക് കഠിനമായ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ എത്തിച്ചു. രക്തം നല്‍കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും രക്തം നല്‍കിയ ഉടന്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു എന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ വീട്ടിലെത്തി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ ദേഹമാകെ ചുവന്നു തുടത്തു. ചുണ്ടുകള്‍ വീങ്ങി. നെഞ്ചുവേദനയും കൈകാല്‍ കടച്ചിലും അനുഭവപ്പെട്ടു. തിരികെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനുള്ളില്‍ മരിച്ചു. രക്തം നല്‍കി മൂന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം നടന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് കേസിനൊന്നും പോവാനുള്ള ആവതില്ലെന്ന് അവര്‍ പറയുന്നു. മറ്റൊരു കുഞ്ഞിന്റെ ജനനത്തിലൂടെ പുതിയ ജീവിതത്തിലേക്ക് അവര്‍ പതിയെ നടക്കുകയാണ്.

എഡിസന്റെ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ രക്തബാങ്ക് ജീവനക്കാരന്‍ തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ രാത്രി ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് ആര്‍സിസി ജീവനക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ആര്‍സിസിയിലെ ഒരു ജീവനക്കാരന്‍ പറയുന്നതിങ്ങനെ, 'ലഭിക്കുന്ന രക്തം കൃത്യതയോടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് പലപ്പോഴും അപകടകരമായിത്തീരുന്നത്. അതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഇവിടെയില്ല. ഉള്ള പല മിഷ്യനുകളും ഉപയോഗിക്കാതെ കിടക്കുന്നു. രക്തം മാറി നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഒന്നും റെക്കോര്‍ഡ് ആക്കി സൂക്ഷിക്കുകയോ റിപ്പോര്‍ട്ട് തയ്യാറാക്കുകയോ ചെയ്യാത്തതിനാല്‍ അത്തരം വിവരങ്ങള്‍ പുറത്താകാതിരിക്കുന്നതാണ്. ശ്രദ്ധയില്ലാതെയുള്ള കൈകാര്യം ചെയ്യലുകളും, അതിന് പ്രത്യക്ഷത്തില്‍ എതിര്‍ക്കാത്ത ഭരണസംവിധാനവുമാണ് ആര്‍സിസിയുടെ ശാപം.'

(തുടരും)

http://www.azhimukham.com/health-rcc-killed-my-child/

Next Story

Related Stories