TopTop
Begin typing your search above and press return to search.

ക്യാന്‍സറിന് ചികിത്സാചിലവ് കുറയുന്ന കാലം വരില്ല; കേശദാനം പലപ്പോഴും തട്ടിപ്പ്: ഡോ. നാരായണ്‍ കുട്ടി വാര്യര്‍ / അഭിമുഖം

ക്യാന്‍സറിന് ചികിത്സാചിലവ് കുറയുന്ന കാലം വരില്ല; കേശദാനം പലപ്പോഴും തട്ടിപ്പ്: ഡോ. നാരായണ്‍ കുട്ടി വാര്യര്‍ / അഭിമുഖം

'I am and I will' ഈ വര്‍ഷത്തെ അര്‍ബുദ പ്രതിരോധത്തിനായുള്ള ആപ്തവാക്യമാണിത്. ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനും തിരിച്ചറിയാനും അതിനെതിരെ അവബോധമുണ്ടാക്കാനുമായി ലോക ക്യാന്‍സര്‍ ദിനത്തില്‍ (ഫെബ്രുവരി 4) കോഴിക്കോട് ക്യാന്‍സര്‍ ബോധവത്കരണ കൂട്ടായ്മയായ പ്രതീക്ഷയും ആരോഗ്യവകുപ്പും ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഈ വര്‍ഷത്തെ ക്യാന്‍സര്‍ പ്രതിരോധത്തിനായുള്ള ആപ്തവാക്യം പ്രഖ്യാപിച്ചത്. കാഴ്ചയിലും കേള്‍വിയിലും ക്യാന്‍സറിന്റെ ലോകത്തു പെട്ടു പോയ ഒരു തലമുറയ്ക്ക്, പെടാന്‍ പോകുന്ന വരുംതലമുറയ്ക്ക് വേണ്ടി ഈ ആപ്തവാക്യത്തിന്റ പ്രസക്തിയും ക്യാന്‍സറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പങ്കുവയ്ക്കുകയാണ് പ്രശസ്ത ഓങ്കോളജിസ്റ്റും, പ്രതീക്ഷ കൂട്ടായ്മയുടെ രക്ഷാധികാരിയും, എം വി ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. നാരായണ്‍ കുട്ടി വാര്യര്‍.

എന്താണ് 'I am and i will'?

'I am and i will' ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ആപ്തവാക്യമാണിത്. ലോകാരോഗ്യസംഘടന എല്ലാവര്‍ഷവും ഇത്തരത്തിലുള്ള ആപ്തവാക്യങ്ങള്‍ ഇറക്കാറുണ്ട്. അതില്‍ നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും യോജിച്ച വാചകമാണിത്. ഒരു ക്യാന്‍സര്‍ രോഗിയുള്ള വീടിനകത്തെ വ്യക്തിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് ചോദിച്ചാല്‍ ആ ക്യാന്‍സര്‍ രോഗിക്ക് വേണ്ട പരിചരണം നല്‍കുക, അവരുടെ ചികിത്സ ശരിയായ രീതിയില്‍ നടത്തുക, രോഗിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുക അതോടൊപ്പം തന്നെ ക്യാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണ പ്രചരണം നാട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കുക. അങ്ങനെ ഒരു വ്യക്തിക്ക് പലവിധത്തില്‍ ഇതിന്റയെല്ലാം ഭാഗമാകാം. കൂടാതെ നമ്മള്‍ ഒരു യാത്ര പോകുമ്പോള്‍ നമുക്ക് തൊട്ടടുത്തിരിക്കുന്ന ആള്‍ സിഗരറ്റ് വലിക്കുമ്പോള്‍ നമ്മളതിനെ ആ സാഹചര്യത്തില്‍ എതിര്‍ത്ത് സംസാരിച്ചാലും യാതൊരു കുഴപ്പവുമില്ല. നമുക്ക് പറയാം നിങ്ങള്‍ പുകവലിക്കുന്നത് കൊണ്ട് നിങ്ങളുടെ ശരീരത്തിന് മാത്രമല്ല അന്തരീക്ഷത്തിലൂടെ പടര്‍ന്ന് മറ്റുള്ളവരുടെ ശരീരത്തെ കൂടിയാണ് അത് ബാധിക്കുന്നതെന്ന്. ക്യാന്‍സറിനുള്ള സാധ്യത അവിടെ ഉണ്ടെന്ന്. അത് ഒരു തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനം ആണ്. അങ്ങനെ നോക്കുമ്പോള്‍ സമൂഹത്തിലെ ഓരോ വ്യക്തിക്കും രോഗത്തിനെ പ്രതിരോധിക്കുവാനായി ഇത്‌പോലെ ഓരോ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ഒരു രോഗിയെ ശുശ്രൂഷിക്കുവാനും, അവര്‍ക്കുവേണ്ട മാനസികവും സാമ്പത്തികവും ആയ പിന്തുണ നല്‍കുവാനും പറ്റണം. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയ്ക്കും അവരവരുടേതായ രീതിയില്‍ നിന്നു കഴിഞ്ഞാല്‍ ക്യാന്‍സറിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയും എന്നുള്ളത് തന്നെയാണ് ഈ ആപ്തവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

ശാസ്ത്രലോകത്തിന്റെ പുത്തന്‍ ചര്‍ച്ചയാണ് 10-മിനുട്ട് യൂണിവേഴ്‌സല്‍ ക്യാന്‍സര്‍ ടെസ്റ്റ്. ഇത് എത്രമാത്രം പ്രാപ്യമാണ് നമ്മുടെ തലമുറക്ക്?

ഒരു രക്ത പരിശോധന വഴി ക്യാന്‍സര്‍ ഉണ്ടോ ഇല്ലയോ എന്നു കണ്ടെത്തുന്ന രീതിയാണ് ഇത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. അതായത് ഷുഗര്‍ ഉണ്ടോ എന്നെല്ലാം നമ്മള്‍ കണ്ടെത്തുന്നത് ബ്ലഡ് ടെസ്റ്റ് വഴിയാണ്. അത്തരമൊരു അവസ്ഥയിലേക്ക് ക്യാന്‍സര്‍ കണ്ടെത്താന്‍ മാത്രം ഇതുവരെ സാഹചര്യങ്ങള്‍ എത്തിയിട്ടില്ല. പക്ഷേ ഭാവിയിലങ്ങനെ സംഭവിച്ചുകൂടായ്കയില്ല. അങ്ങനെ ഒരു സംഭവത്തിന് തുടക്കം കുറിച്ചു എങ്കില്‍ കൂടിയും ഒരു പതിനഞ്ച് വര്‍ഷമെങ്കിലും എടുക്കും അത് പ്രാവര്‍ത്തികമാകാനായി. ഇപ്പോള്‍തന്നെ കാന്‍സര്‍ പരിശോധനയിലും രോഗത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലും ഒരുപാട് മുന്നേറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഇത് വന്നാല്‍ അത് വലിയൊരു മാറ്റമായിരിക്കും. ഇപ്പോള്‍തന്നെ വിദേശത്ത് നടക്കുന്ന പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുന്നുണ്ട്. ഇക്കാര്യത്തിലും അതുപോലെതന്നെ ആയിരിക്കും.

ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍?

ഈയടുത്ത് ലോകാരോഗ്യസംഘടനയുടെ ഗ്ലോബോ ക്യാന്‍ എന്ന ഒരു പഠനറിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് ഒക്ടോബറില്‍ ആണ് പബ്ലിഷ് ചെയ്തത്. അത് 1990 മുതല്‍ 2016 വരെയുള്ള 26 വര്‍ഷത്തെ കാലയളവില്‍ സംഭവിച്ച ക്യാന്‍സറിന്റെ വര്‍ദ്ധനവിനെ കുറിച്ചാണ് പറയുന്നത്. അത് നോക്കുമ്പോള്‍ നമുക്കറിയാന്‍ സാധിക്കും ഈ സമയത്ത് ക്യാന്‍സര്‍ രോഗം പഴയതിനെക്കാള്‍ ഇരട്ടിയായിരിക്കുന്നു. അതില്‍ തന്നെ നമ്മുടെ കേരളത്തില്‍ ക്യാന്‍സര്‍ വളരെയധികം കൂടിയിട്ടുണ്ട് എന്ന്.

എന്നിരുന്നാലും ക്യാന്‍സറിന് അടിപ്പെടുന്നവര്‍ക്ക് രോഗത്തെ മറികടക്കാന്‍ സാധിക്കുന്നില്ലെ ഇന്ന്?

തീര്‍ച്ചയായിട്ടും സാഹചര്യങ്ങള്‍ ഒരുപാട് മാറി. 60 ശതമാനത്തോളം ആളുകളെ നമുക്ക് ക്യാന്‍സറില്‍നിന്നും ചികിത്സിച്ചു ഭേദമാക്കി എടുക്കാന്‍ സാധിച്ചു. ഇനിയുള്ള ശ്രമം എന്നുപറയുന്നത് രോഗമുള്ളവരെ കുറേക്കൂടി നേരത്തെ കണ്ടെത്തി അവരെക്കൂടി ഈ 60 ശതമാനത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. അതോടൊപ്പംതന്നെ രോഗം കുറച്ച് വൈകി കണ്ടെത്തിയാലും അവരെക്കൂടി അതിജീവിക്കുവാനുള്ള സഹായം നല്‍കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള കേശദാനം ഒരുതരം കബളിപ്പിക്കലാണെന്ന ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നല്ലോ?

അതായത് ശരിയായ ഒരു രോഗിക്ക് വിഗ് ഉണ്ടാക്കുവാനായി ഏതാണ്ട് 30 മുതല്‍ 40 സെന്റിമീറ്റര്‍ വരെ നീളമുള്ള മുടി ആവശ്യമുണ്ട്. അത്ര സെന്റിമീറ്റര്‍ വരെ നീളമുള്ള മുടി കൊണ്ടെ ക്യാന്‍സര്‍ സമയത്ത് മുടി കൊഴിഞ്ഞു പോയവര്‍ക്ക് പറ്റുന്ന വിധത്തിലുള്ള വിഗ് ഉണ്ടാക്കാന്‍ കഴിയൂ. പകരം നമ്മള്‍ രണ്ടു സെന്റീമീറ്റര്‍ അല്ലെങ്കില്‍ 10 സെന്റീമീറ്റര്‍ ഒക്കെ മുറിച്ചു കൊടുക്കുമ്പോള്‍ അതെല്ലാം വെറുതെ ആവുകയാണ്. ആ രീതിയില്‍ കേശദാനം എന്നും പറഞ്ഞ് മുടി വാങ്ങുന്ന പരിപാടി ഒരുതരം കബളിപ്പിക്കലാണ്. അത് പിന്നെ പ്രച്ഛന്ന വേഷത്തിന് ഒക്കെ ഉപയോഗിക്കുന്ന വിഗ് പോലെ ആക്കാം എന്നല്ലാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യത്തിന് ഉപയോഗിക്കാനാകില്ല.

അശാസ്ത്രീയമായ രീതിയില്‍ ഉള്ള ചില ഒറ്റമൂലികള്‍ ക്യാന്‍സറിനെതിരെ വ്യാപകമായി പ്രചരിക്കുന്നുവല്ലോ?

എല്ലാകാലത്തും നമ്മുടെ എല്ലാം ഒരു വലിയ വെല്ലുവിളി തന്നെയാണ് ഇത്തരത്തിലുള്ള ചിലത്. പണ്ടുകാലങ്ങളില്‍ നമ്മളെല്ലാം പറയാറുണ്ട് ഒറ്റമൂലികള്‍ അല്ലെങ്കില്‍ നാട്ടുവൈദ്യം എല്ലാം നമ്മുടെ ശരീരത്തിന് വളരെ ഗുണകരമാണ് എന്ന്. പക്ഷേ ക്യാന്‍സര്‍ എന്ന ശത്രു നമ്മള്‍ ഉദ്ദേശിക്കുന്നതിലും അധികം വ്യാപ്തിയുള്ള ഒന്നാണ്. അതിനൊന്നും ഒരൊറ്റ മരുന്നുകൊണ്ടൊന്നും മാറ്റാന്‍ സാധിക്കുന്ന ഒന്നല്ല. ധാരാളം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട ഒന്നു തന്നെയാണ് അക്കാര്യം. പകരം വളരെ ശാസ്ത്രീയമായ രീതിയിലുള്ള ചികിത്സാരീതികള്‍ തേടുക. വിദേശരാജ്യങ്ങളില്‍ ഒന്നും ഇത്തരത്തിലുള്ള ഒറ്റമൂലി ചികിത്സകളൊന്നും സമ്മതിക്കുന്നതല്ല. നമ്മുടെ നാട്ടില്‍ മാത്രമേ ഇത്തരത്തില്‍ സംഭവിക്കുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇന്നും വളരെ വിദ്യാഭ്യാസമുള്ളവര്‍ പോലും ഇതിന് പിറകെ പോകുന്നു എന്നത് വിഷമമുള്ള കാര്യമാണ്. എല്ലാ ദിവസവും എന്നതുപോലെ ഒരു ഡോക്ടറെന്ന നിലയില്‍ ഞാന്‍ ആ കാഴ്ച കണ്ടു കൊണ്ടിരിക്കുകയാണ്. ആളുകള്‍ ശരിയല്ലാത്ത ചികിത്സതേടി ഒറ്റമൂലി യിലേക്ക് പോയിട്ട് ഒടുക്കം അസുഖം മൂര്‍ച്ഛിച്ചിട്ട് വരുന്നു. ഇപ്പോഴും വരാറുണ്ട് അങ്ങനെ വരാറുണ്ട്.

ഒരു ഡോക്ടറെന്ന നിലയില്‍ രോഗികളുടെ മാനസികാരോഗ്യത്തെ എങ്ങനെയാണ് പരിഗണിക്കുന്നത്?

മാനസികമായ ഒരു പിന്‍ബലം രോഗികള്‍ക്ക് നല്‍കുക എന്നത് ചികിത്സയോളം തന്നെ പ്രധാനമായിട്ടുള്ള ഒരു കാര്യമാണ്. അത് തീര്‍ച്ചയായും ഒരു ഡോക്ടറുടെ കര്‍ത്തവ്യമാണ്. 20 വര്‍ഷത്തോളമായി ക്യാന്‍സര്‍ മേഖലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. മുന്‍കാലങ്ങളിലൊക്കെ ക്യാന്‍സര്‍ കണ്ടെത്തുന്നതിന് എടുക്കുന്ന കാലതാമസവും, ക്യാന്‍സറിന് രോഗികള്‍ അഭിമുഖീകരിക്കുന്ന രീതിയും, രോഗത്തെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയും എല്ലാം വലിയ പ്രശ്‌നങ്ങളായിരുന്നു. ഇന്ന് കാര്യങ്ങള്‍ അതില്‍നിന്നെല്ലാം ഒരുപാട് മാറി. ഇന്നിപ്പോള്‍ രോഗികള്‍ക്ക് ഒരു പരിധിവരെയെങ്കിലും മടിയില്ല അസുഖം സമൂഹത്തിനു മുന്‍പില്‍ തുറന്നുപറയാന്‍. അത് വളരെ പോസിറ്റിവ് കാര്യമാണ്. എന്നിരുന്നാല്‍ കൂടി രോഗികളെ ഒറ്റപ്പെടുത്തുന്ന സമൂഹം എന്ന് പറയുന്നത് ഇപ്പോഴും കുറവുള്ള കാര്യമല്ല.

താങ്കള്‍ രക്ഷാധികാരിയായ പ്രതീക്ഷ എന്ന സംഘടന ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന പിന്തുണ?

പ്രതീക്ഷയില്‍ പ്രവര്‍ത്തിക്കുന്ന പലരും രോഗം വന്നശേഷം പ്രതീക്ഷയെ സമീപിക്കുകയും, പ്രതീക്ഷയുടെ അജണ്ട മനസ്സിലാക്കി പിന്നീട് അംഗത്വം നേടുകയും ചെയ്തവരാണ്. പ്രതീക്ഷയില്‍ വര്‍ക്ക് ചെയ്യുന്നവരില്‍ തന്നെയുള്ള രോഗികളെ സംബന്ധിച്ചിടത്തോളം ഒരുപാട് പിന്തുണ നല്‍കിയാണ് അവരെ നമുക്ക് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുള്ളതും. രോഗത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുക, രോഗിയെ മാനസികമായി പീഡിപ്പിക്കുക, രോഗികള്‍ക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കാതിരിക്കുക ഇത്തരം കാര്യങ്ങളിലെല്ലാം പ്രതീക്ഷ വളരെ ക്രിയാത്മകമായി ഇടപെടുകയും, അതിനെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം തിരുത്തലുകളിലൂടെ വീണ്ടും ഒന്ന് ചേര്‍ന്ന് ദമ്പതികള്‍ ഒരുമിച്ച് പ്രതീക്ഷയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ചരിത്രവും ഉണ്ട്.

രോഗികളെ ഏറ്റവും ബാധിക്കുന്ന ഒരു പ്രശ്‌നം കൂടിയാണല്ലോ ക്യാന്‍സറിനെ ചികിത്സാച്ചെലവിന്റെ വര്‍ദ്ധനവ്?

ക്യാന്‍സറിന് ചികിത്സാചിലവ് കുറയുന്ന കാലം വരാന്‍ പോകുന്നില്ല. പകരമൊരു മുന്‍കരുതലെന്നവണ്ണം വ്യാപകമായി നമ്മള്‍ ഇന്‍ഷുറന്‍സ് എടുക്കുകയാണ് വേണ്ടത്. സാമ്പത്തികമായ മുന്‍കരുതലെടുക്കുകയെ നിവൃത്തിയുള്ളൂ. അത്തരം സ്‌കീമുകള്‍ ആണ് നമ്മള്‍ ആവിഷ്‌കരിക്കേണ്ടത്. എല്ലാവരും ക്യാന്‍സറിനെതിരായ ഒരു ഇന്‍ഷുറന്‍സ് വിധത്തിലുള്ള പരിരക്ഷ നേടുകയാണെങ്കില്‍ സാമ്പത്തികം എന്ന കാര്യത്തില്‍ ഒരു സമാശ്വാസം ആകും. പിന്നെ സര്‍ക്കാറിന്റെ സഹായം എന്നൊക്കെ പറയുമ്പോഴും അതില്‍ ഒരു പരിമിതി ഉണ്ടാവുമല്ലോ എപ്പോഴും. ഒരു വ്യക്തിയുടെ ആരോഗ്യം മാത്രമല്ലല്ലോ സര്‍ക്കാര്‍ ചിന്തിക്കേണ്ടത്. ഒരു രാജ്യത്തെ മുഴുവന്‍ ആളുകളുടെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതില്‍ സംശയമില്ല. അതിനു സാമൂഹികവ്യവസ്ഥ മെച്ചപ്പെടുത്തണമെന്ന് ഉണ്ടെങ്കില്‍ ആദ്യം ഗവണ്‍മെന്റ് ആശുപത്രികള്‍ മെച്ചപ്പെടുത്തണം, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്ത അതൊക്കെയെ ഗവണ്‍മെന്റില്‍ നിന്നും പ്രതീക്ഷിക്കാവൂ. അല്ലാത്തപക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷ നേടുക എന്നത് തന്നെയാണ് മികച്ച ആശയം.

ക്യാന്‍സര്‍ ഭൂമുഖത്തുനിന്ന് അപ്പാടെ തുടച്ചു നീക്കുന്ന ഒരു കാലം വരുമോ?

ഒരിക്കലും അങ്ങനെ ഈ രോഗം പോകില്ല. ക്യാന്‍സര്‍ ഒരു ജീവിതശൈലി രോഗമാണ്. എത്രയ്ക്ക് പറഞ്ഞു കഴിഞ്ഞാലും ജീവിതശൈലി രോഗങ്ങള്‍ മനുഷ്യന്റെ ജീവിതശൈലി മാറാതെ പോവുകയില്ല. പണ്ടൊക്കെ വന്നുപോയ രോഗമാണ് വസൂരി. അതൊക്കെ പകര്‍ച്ചവ്യാധി രോഗമായിരുന്നു. അല്ലാതെ ജീവിതശൈലി രോഗമല്ല. വസൂരിയെ ഭൂമുഖത്ത് നിന്ന് പോകുന്നത് അതിനെതിരായുള്ള വ്യക്തമായിട്ടുള്ള വാക്‌സിനേഷന്‍ പോലെയുള്ള ട്രീറ്റ്‌മെന്റ് വന്നപ്പോഴാണ്. നിലവില്‍ അതേപോലെ തുടച്ചുനീക്കാന്‍ ഒരിക്കലും പറ്റുന്ന രോഗമല്ല ക്യാന്‍സര്‍.

രോഗത്തെക്കുറിച്ച് സാര്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്?

ക്യാന്‍സര്‍ വളരെ തുടക്കത്തില്‍തന്നെ കണ്ടുപിടിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വ്യാപകമായിത്തന്നെ മുന്നോട്ടു വരാനുള്ള വിധത്തിലുള്ള പഠനങ്ങള്‍ കണ്ടെത്തണം ഇനി നമ്മള്‍. കാരണം നേരത്തെ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ പൂര്‍ണമായും രോഗം ഭേദമാകും. മറ്റൊന്ന് വളരെ ലഘുവായ ചികിത്സയിലൂടെ രോഗം മാറ്റാന്‍ സാധിക്കും. പിന്നെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ട കാര്യം വരുന്നില്ല. പരിപൂര്‍ണ്ണ സംതൃപ്തിയും ലഭിക്കും.


Next Story

Related Stories