ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളിലെല്ലാം പടർന്നു പിടിച്ച അപകടകാരിയായ ക്യാൻഡിഡ ഓറിസ് എന്ന ഫംഗസ് ബാധയെക്കുറിച്ച് മാധ്യമങ്ങൾ അധികം റിപ്പോർട്ട് ചെയ്യാത്തതിന് പല കാരണങ്ങളുമുണ്ട്. ഒരു രോഗി ഈ ഫംഗസ് ബാധയുമായി ഒരു ആശുപത്രിയിലെത്തിയാൽ ഫംഗസ് അപകടകരമായ വിധത്തിൽ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. അത്യപകടകാരിയായ ഫംഗസ് ബാധയുമായി ഒരാൾ തങ്ങളുടെ ആശുപത്രിയിൽ എത്തിയിരുന്നുവെന്ന് പുറത്തറിഞ്ഞാൽ അത് ആളുകളിൽ ഭീതി പരത്തുമെന്ന് പറഞ്ഞാണ് മിക്കവാറും ആശുപത്രി അധികൃതരും വാർത്ത പുറത്തുവിടാന് തയ്യാറാകാത്തത്. ആളുകൾ ഭയക്കേണ്ടുന്ന ഫംഗസ് തന്നെയാണ് ക്യാൻഡിഡ ഓറിസ്. ഈ ഫംഗസ് ബാധയുണ്ടായ ഒരു രോഗി മരിക്കാനുള്ള സാധ്യത 60 ശതമാനത്തിലേറെയാണ്.
ക്യാൻഡിഡ ഓറിസിന്റെ അപകടം അവിടെ കൊണ്ടും തീരുന്നില്ല. ഈ ഫംഗസിനു മുൻപിൽ സാധാരണ രോഗ പ്രതിരോധമാർഗങ്ങളൊന്നും വിലപ്പോകാൻ പോകുന്നില്ല. ഇന്ന് നിലവിലുള്ള എല്ലാവിധ വാക്സിനേഷനുകളും മരുന്നുകളും ഒറിസിന് മുൻപിൽ തോറ്റുമടങ്ങിയതാണ്. ആന്റിബയോട്ടിക്കുകളെ അതിജീവിക്കുമെന്നതിനാൽ ‘സൂപ്പർ ബഗ്ഗുകൾ’ എന്നാണ് ഇവ അറിയപ്പെടുന്നത് തന്നെ. പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഇത് വളരെവേഗം പിടിമുറുക്കും. ഈ ഫംഗസിനു പ്രായഭേദമില്ല. നവജാത ശിശുക്കൾക്ക് മുതൽ വൃദ്ധർക്ക് വരെ ഈ ബാധയേൽക്കാം.
2009 ൽ ആണ് ജപ്പാനിൽ ആദ്യമായി ഈ ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് വെനിസ്വലയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും സ്പെയ്നിലേക്കുമൊക്കെ ഫംഗസ് പരന്നു. അമേരിക്കയിൽ എത്തിയപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി രൂക്ഷമായി. അമേരിക്കയിലെ നിരവധി പേരുടെ ജീവൻ ഫംഗസ് ബാധയേറ്റ് പൊലിഞ്ഞു. പിന്നീട് ഇന്ത്യയിലും പാക്കിസ്ഥാനിലും ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തി. ആശുപത്രിയുമായി ബന്ധപ്പെട്ടാണ് ഫംഗസ് വളരുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.
ആശുപത്രികളിലെ ICU യിൽ കിടക്കുന്നവർക്കാണ് ഫംഗസ് ബാധയേൽക്കാൻ ഏറ്റവും സാധ്യത. ആശുപത്രികളിലെ കിടക്കവിരികളും ഫാനും ഉൾപ്പടെ ഓരോ മുക്കിലും മൂലയിലും അണുനശീകരണത്തിനായുള്ള ലായനികൾ ഒഴിച്ചുവെങ്കിലും അവയൊന്നും കൊണ്ട് ഫംഗസിനെ പ്രതിരോധിക്കാനാകുന്നില്ലെന്നാണ് ചില ആശുപത്രി അധികൃതർ ന്യൂ യോർക്ക് ടൈംസിനോട് പറയുന്നത്. തങ്ങൾക്ക് മുൻപിൽ പ്രഹേളികയായി നിൽക്കുന്ന ഫംഗസ് ബാധയെക്കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയാണ് ഇപ്പോൾ ശാസ്ത്രജ്ഞരും ആരോഗ്യരംഗത്തെ വിദഗ്ദരും.