TopTop

'മിത്തു'കള്‍ക്ക് ഗുഡ് ബൈ പറഞ്ഞ് ഹൃദ്രോഗ വിദഗ്ധര്‍; ഭക്ഷണകാര്യത്തില്‍ ഇനിയുള്ളത് ശരിയായ ധാരണകള്‍ മാത്രം

ഏതെങ്കിലും വിഷയത്തില്‍ ഒരു സംശയം ഉണ്ടായി എന്നിരിക്കട്ടെ. കൃത്യമായി ഒരു ഉത്തരം മാത്രമെ കാണുകയുള്ളു. പക്ഷെ, നിങ്ങള്‍ എത്രപേരോട് ഒരേ സംശയം ആവര്‍ത്തിക്കുന്നുവോ അത്രയും വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. കണ്‍ഫ്യൂഷനടിക്കാന്‍ ഇനിയെന്ത് വേണം?

ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ചും ഈ വസ്തുത നമ്മള്‍ ശരിവെക്കും. അന്നും ഇന്നും എന്നും അരോഗ്യപരിപാലനത്തിനുള്ള വഴികളില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല; എങ്കിലും ചില മിഥ്യാധാരണകളിലും സംശയങ്ങളിലുമാണ് നാം ജീവിച്ചുപോകുന്നത്. ഉദാഹരണത്തിന് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് ശരിയായ ധാരണ ഇന്നും നമുക്കില്ല. വെളിച്ചെണ്ണ ഹൃദയത്തിന് നല്ലതാണോ? മുട്ട ഉപയോഗിക്കാമോ? ജ്യൂസ് എങ്ങനെ കഴിക്കണം? വൈറ്റമിനുകള്‍ ഏതൊക്കെ ഭക്ഷണത്തില്‍ നിന്ന് ലഭ്യമാകും.

American College of Cardiologyയുടെ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇത്തരം 'മിത്തു'കളെ പൊളിച്ചെഴുതുന്നു. വളരെ കൃത്യമായി ഹൃദയാരോഗ്യത്തിന് എന്തൊക്കെ ഭക്ഷണം വേണം/വേണ്ട എന്നിങ്ങനെ വിലയിരുത്തുന്നുണ്ട്. ഒന്ന് കണ്ണോടിച്ചാല്‍, നമ്മുടെ ധാരണകള്‍ പലതും തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന ചിലത്:

25 മുന്‍പഠനങ്ങളും നിരവധി ഗവേഷണങ്ങളും തെളിവുകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലേഖനത്തിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും നമുക്ക് അറിവുള്ളതും അതേസമയം, സംശയമുള്ള ചില കാര്യങ്ങളുടെ ഉത്തരവുമാണ്. ധാരാളം പഴങ്ങള്‍ കഴിക്കുന്നതും നല്ല പച്ചക്കറികള്‍ ശീലമാക്കുന്നതും ധാന്യങ്ങളും പയറുവര്‍ഗത്തില്‍ ഉള്‍പ്പെട്ടവയും ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതും ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് ഈ പഠനവും പറയുന്നു. നിര്‍ദ്ദേശിക്കുന്ന ചില 'ഡയറ്റു'കളില്‍, കൊഴുപ്പ് കുറഞ്ഞ മാംസം, മത്സ്യം, കൊഴുപ്പില്ലാത്ത പാലും പാലുല്‍പ്പന്നങ്ങളും തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒന്ന് മുട്ടയുടെ കാര്യത്തില്‍; മുട്ട കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണമാണെന്നും സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശം 2015ല്‍ അമേരിക്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. മാധ്യമശ്രദ്ധ നേടിയ ഈ പ്രഖ്യാപനം പക്ഷെ 'യു.എസ് ഡയറ്ററി ഗൈഡ്ലൈന്‍സ്' ഇന്നും അംഗീകരിച്ചിട്ടില്ല. എല്ലാ പഠനങ്ങളും പരിശോധിച്ച്, പുതിയ പഠനവും മുട്ടയുള്‍പ്പെടെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന എല്ലാ ഭക്ഷണവും സൂക്ഷിച്ചുമാത്രം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു.

വെളിച്ചെണ്ണയുടെയും പാമോയിലിന്റെയും ഉപയോഗം ഹൃദയത്തിന് കേടുവരുത്തുമെന്ന ധാരണയെ ഈ പഠനം ശരിവെക്കുന്നു-പൂരിത കൊഴുപ്പിന്റെ അമിതമായ സാന്നിധ്യം ഇവയിലുണ്ട്. ഹൃദയത്തിന് ഏറ്റവും ഉത്തമമെന്ന് വിശേഷിപ്പിക്കുന്ന ഒലിവ് ഓയിലിന്റെ ഉപയോഗത്തിനെ പോലും നിലവിലെ ഭക്ഷണരീതി അനുസരിച്ച് നിയന്ത്രിക്കാന്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹൃദയാരോഗ്യത്തിന് നട്ട്സ് വില്ലനല്ല. പക്ഷെ നിര്‍ബന്ധിച്ച് വില്ലനാക്കരുതെന്ന് പഠനം പറയുന്നു. കലോറി കൂടുതലായതിനാല്‍ അളവ് നിയന്ത്രിച്ച് കഴിക്കണം. കലോറി കുറയ്ക്കാന്‍ ഇത് ദ്രവരൂപത്തില്‍ ഭക്ഷിക്കുന്നത് നല്ലതാണ്(ജ്യൂസ്). അത് പഴമായാലും പച്ചക്കറിയായാലും ജ്യൂസാക്കി കഴിക്കുന്നത് ശരീരത്തിനും ഉപകരിക്കും. പക്ഷെ, സ്വാഭാവികമായ രുചിക്കപ്പുറം തേന്‍ അല്ലെങ്കില്‍ കൃത്രിമ മധുരമോ പഞ്ചസാരയോ ഒന്നും ഉപയോഗിക്കരുതെന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഗ്ലൂട്ടണ്‍ ഒഴിവാക്കിയുള്ള ഭക്ഷണക്രമത്തെയും പുതിയ കണ്ടെത്തലുകള്‍ പ്രോത്സാഹിപ്പിക്കുന്നു. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരും ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് നിര്‍ദ്ദേശമുള്ളവരുമല്ലാതെ ആര്‍ക്കും, ഗവേഷകസംഘം ഇത് നിര്‍ദ്ദേശിക്കുന്നില്ല.

American College of Cardiologyയുടെ Prevention of Cardiovascular Disease Council ആണ് ഈ നിര്‍ദ്ദേശങ്ങളെല്ലാം തയ്യാറാക്കിയത്. ഡോക്ടര്‍മാരും മറ്റ് ഗവേഷകരും അടങ്ങുന്ന ഈ സംഘത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിനിധികളുണ്ട്.

'ഹെല്‍ത്ത്' മാസികയുടെ ന്യൂട്രീഷ്യന്‍ എഡിറ്ററായ സിന്തിയ സാസ് ( Cyntia Sass) ഈ നിര്‍ദ്ദേശങ്ങളെ ഇങ്ങനെ വിലയിരുത്തുന്നു. 'ഒലിവ് ഓയില്‍, ബെറി, പച്ചക്കറി, സസ്യങ്ങളില്‍ നിന്ന് ലഭ്യമാകുന്ന പ്രോട്ടീന്‍, വൈറ്റമിന്‍ സപ്ലിമെന്റുകള്‍ എന്നിവയെക്കുറിച്ചുള്ള നിഗമനങ്ങള്‍ ശരിവെക്കുന്നു. മറ്റ് നിര്‍ദ്ദേശങ്ങളെല്ലാം ഓരോ വ്യക്തിയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നതാണെന്നും അവര്‍ പറയുന്നു. 'ചില വ്യക്തികള്‍ക്ക് പഴവും പച്ചക്കറിയും അതേപടി കഴിക്കാനും മറ്റുചിലര്‍ക്ക് ദ്രവരൂപത്തില്‍ കഴിക്കാനുമാകും അവരുടെ ആരോഗ്യം സമ്മതിക്കുക. ചിലര്‍ക്കത് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും. മുട്ടയുടെ കാര്യത്തില്‍ തീര്‍ച്ചയായും ഓരോ വ്യക്തിക്കുമനുസരിച്ച് ഉപയോഗവും ആരോഗ്യവും വ്യത്യാസപ്പെടും. എങ്കിലും ചികിത്സക്കെത്തുന്നവരോട് മുട്ട കഴിക്കാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. ഹൃദ്രോഗമോ രോഗസാധ്യതയോ ഉള്ളവരും പ്രമേഹരോഗികളും മുട്ട നിയന്ത്രിക്കുന്നതാണ് നല്ലത്'.

പുതിയ റിപ്പോര്‍ട്ട് ഹൃദ്രോഗത്തെ ഒഴിവാക്കാനുള്ള ഭക്ഷണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെട്ടതാണ്. ശാരീരിക അധ്വാനം, കുടുംബപശ്ചാത്തലം തുടങ്ങിയ വസ്തുതകള്‍ കൂടി ഉള്‍പ്പെടുത്തി മാത്രമെ ഹൃദ്രോഗസാധ്യത നിര്‍ണ്ണയിക്കാനാകുവെന്നും സിന്തിയ സാസ് വ്യക്തമാക്കുന്നു.

'നിങ്ങളുടെ സ്ഥിരമായ ഭക്ഷണക്രമവും ആരോഗ്യവും ബന്ധപ്പെട്ട് കിടക്കുന്നു. ജീവിതകാലം മുഴുവന്‍ മുട്ടയും മാംസവും നിയന്ത്രിച്ച് ഉപയോഗിക്കുകയും പച്ചക്കറി ആവശ്യത്തിന് കഴിക്കാതിരിക്കുകയും പഞ്ചസാരയും മറ്റ് ഭക്ഷണങ്ങളും ആവശ്യത്തിലധികം കഴിക്കുകയുമാണ് ഒരാളുടെ ശീലമെങ്കില്‍ തീര്‍ച്ചയായും ഹൃദ്രോഗത്തില്‍ നിന്ന് അകലെയല്ല അയാള്‍'.

ഗവേഷകസംഘത്തിലെ അംഗമായ വെറ ബിറ്റ്നര്‍(Vera Bittner) ഈ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. നിരവധി തെറ്റായ ധാരണകളെ തിരുത്താനും ശരിയായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും ഈ റിപ്പോര്‍ട്ട് സഹായിക്കുന്നുവെന്നാണ് ബിറ്റ്നറുടെ പക്ഷം. 'ചെറിയ ചെറിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് മുന്നേറുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സഹായിക്കും. ആരോഗ്യമുള്ള ഭക്ഷണക്രമം ക്യാന്‍സറിനെ പോലും തുരത്തും'. ഏതൊരാള്‍ക്കും മനസിലാകുന്ന ഈ റിപ്പോര്‍ട്ടിന്റെ ഭാഷയെയും അവര്‍ പ്രശംസിക്കുന്നു.


Next Story

Related Stories