TopTop
Begin typing your search above and press return to search.

ആഞ്ജലീന ജോളിക്കും മിറാണ്ട കേറിനുമെല്ലാം പ്രിയം; വെള്ളിച്ചെണ്ണയ്ക്ക് സെലിബ്രിറ്റി ഇമേജ്

ആഞ്ജലീന ജോളിക്കും മിറാണ്ട കേറിനുമെല്ലാം പ്രിയം; വെള്ളിച്ചെണ്ണയ്ക്ക് സെലിബ്രിറ്റി ഇമേജ്

മലയാളിയെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണ ഇല്ലാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. എത്ര കൊളസ്‌ട്രോള്‍ പേടി ഉണ്ടെങ്കിലും കറി താളിക്കാനെങ്കിലും നമുക്കിത്തിരി വെളിച്ചെണ്ണ വേണം. ത്വക്കിന്റെയും മുടിയുടേയും സൗന്ദര്യ കാര്യത്തിലാണെങ്കില്‍ വെളിച്ചെണ്ണ ഇല്ലാത്ത വീട്ട് മരുന്നുകളും കുറവാണ്. ഇതിപ്പോള്‍ ഇന്റര്‍നാഷണല്‍ ആയി കാര്യങ്ങള്‍.

അന്താരാഷ്ട്ര വിപണിയില്‍ വെളിച്ചെണ്ണയുടെ വില്‍പ്പനയില്‍ കുതിപ്പുണ്ടായിരിക്കുകയാണ്. വായ്‌നാറ്റം മുതല്‍ ദഹനസംബന്ധിയായ അസുഖങ്ങള്‍ വരെ പരിഹരിക്കാന്‍ ഈ ദ്രാവകത്തിനാകുമെന്ന സെലിബ്രിറ്റികളുടെ സാക്ഷ്യമാണ് കാരണം.

ഹോളിവുഡ് താരം ആഞ്ജലീന ജോളി പ്രാതലിനൊപ്പം ഒരു സ്പൂണ്‍ വെളിച്ചെണ്ണ കഴിക്കുമെന്ന വാര്‍ത്ത വെളിച്ചെണ്ണയുടെ ഇമേജ് തന്നെ മാറ്റി. പ്രശസ്ത മോഡലായ മിറാണ്ട കേര്‍ സാലഡിലും സ്മൂത്തിയിലും ഉപയോഗിക്കുന്നതോടൊപ്പം പാചകം ചെയ്യുന്നതും വെളിച്ചെണ്ണയിലാണ്. ത്വക്കിന്റെ സൗന്ദര്യം നിലനിര്‍ത്താനാണീ വിദ്യ.

താരതമ്യേനെ വില കുറഞ്ഞതും എളുപ്പത്തില്‍ കിട്ടുന്നതുമായ റിഫൈന്‍ഡ് വെളിച്ചെണ്ണയാണല്ലോ എല്ലാവരും കൂടുതല്‍ ഉപയോഗിക്കുന്നത്. പച്ചത്തേങ്ങയില്‍ നിന്നുണ്ടാക്കുന്ന വിര്‍ജ്ജിന്‍ കോക്കനട്ട് ഓയിലിന് അതിനേക്കാള്‍ ഗുണമേന്‍മയുണ്ട്. രുചിയിലും മണത്തിലും വ്യത്യാസമുള്ള ഈ എണ്ണ ആന്റി ഓക്‌സിഡന്റ് പോളിഫിനോള്‍സിനാല്‍ സമ്പുഷ്ടമാണ്.

ശാസ്ത്ര സമൂഹം വെളിച്ചെണ്ണയില്‍ കാണുന്ന അനാരോഗ്യ ഘടകം അതിലെ ഉയര്‍ന്ന തോതിലുള്ള പൂരിത കൊഴുപ്പാണ് (saturated fat). 86% ശതമാനമാണ് ഇതിലെ കൊഴുപ്പിന്റെ അളവ്. വെണ്ണയില്‍ 56 % ഉം പന്നി നെയ്യില്‍ 39 % വും മാത്രമുള്ളപ്പോഴാണിത്. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെയാണ് പ്രധാനമായും ബാധിക്കുക. ഇത് ഒഴിവാക്കാന്‍ ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിച്ചാല്‍ മതിയാകും. പുരുഷന്‍മാര്‍ക്ക് 30 ഗ്രാമും സ്ത്രീകള്‍ക്ക് 20 ഗ്രാമും പൂരിത കൊഴുപ്പ് ദിവസേന അകത്താക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ നിന്ന് ഏതാണ്ട് 25 ഗ്രാം പൂരിത കൊഴുപ്പ് ശരീരത്തിന് ലഭിക്കും.

ഏതൊരു തരം എണ്ണയും കൊഴുപ്പും കൂടുതല്‍ അളവില്‍ ഉപയോഗിക്കുന്നത് അമിതമായ കലോറികള്‍ ശരീരത്തിലെത്തിക്കും. അത് കൊണ്ട് തന്നെ അനുവദനീയമായ തോതിനപ്പുറം എണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം വര്‍ദ്ധിക്കുകയും അതിനോട് ബന്ധപ്പെട്ട അസുഖങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

സാച്ചുറേറ്റഡ് ഫാറ്റിനെ സംബന്ധിച്ച് ശാസ്ത്ര ലോകത്ത് ചര്‍ച്ചകള്‍ തുടരുകയാണ്. ബി.ബി.സി അവരുടെ 'Trust me I am a doctor ' എന്ന പരിപാടിയുടെ ഭാഗമായി ഇത്തവണ , വെളിച്ചെണ്ണയുടെ മേലുള്ള കൊളസ്‌ട്രോള്‍ ആരോപണത്തെയാണ് പഠനവിധേയമാക്കിയത്.

50 നും 75 നും ഇടക്ക് പ്രായമുള്ള, ഹൃദ്രോഗങ്ങളോ പ്രമേഹമോ ഇല്ലാത്ത 94 പേരാണ് ഇതില്‍ പങ്കെടുത്തത്. വളന്റിയേഴ്‌സിനെ മൂന്ന് ഗ്രൂപ്പായി തിരിച്ചു. ദിവസേനെ മൂന്ന് സ്പൂണ്‍ എക്‌സ്ട്രാ വിര്‍ജിന്‍ വെളിച്ചെണ്ണ(50 ഗ്രാം) വീതം നാലാഴ്ച ആദ്യത്തെ സംഘത്തിന് കഴിക്കാന്‍ നല്‍കി. ഇതേ അളവില്‍ എക്‌സട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ രണ്ടാമത്തെ സംഘത്തിനും ഉപ്പ് ചേര്‍ക്കാത്ത വെണ്ണ മൂന്നാമത്തെ സംഘത്തിനും നല്‍കി. സാധാരണയേക്കാള്‍ 450 കലോറി അധികം ദേഹത്തെത്തിയതിനാല്‍ അവര്‍ക്കെല്ലാം ഭാരവര്‍ധനവുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

പരീക്ഷണത്തിനൊടുവില്‍ വെണ്ണ നല്‍കിയവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവില്‍ 10% വും നല്ല കൊളസ്‌ട്രോളില്‍ 5% വും വര്‍ധനവുണ്ടായി. ഒലീവ് ഓയില്‍ കഴിച്ചവരില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞതായും നല്ല കൊളസ്‌ട്രോള്‍ വര്‍ധിച്ചതായും കണ്ടു. അതായത് ഒലീവ് ഓയില്‍ അതിന്റെ ഹൃദയാരോഗ്യത്തിലുള്ള പങ്ക് തെളിയിച്ചു!

എന്നാല്‍ വെളിച്ചെണ്ണ നല്‍കിയവരിലുണ്ടായ വ്യത്യാസം ആയിരുന്നു അത്ഭുതപ്പെടുത്തിയത്. പ്രതീക്ഷിച്ചത് പോലെ ചീത്ത കൊളസ്‌ട്രോള്‍ കൂടിയില്ല. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ ഏതാണ്ട് 15 ശതമാനത്തോളം കൂടുകയും ചെയ്തു. വെളിച്ചെണ്ണയിലുള്ള പൂരിത കൊഴുപ്പായ ലോറിക് ആസിഡ് വ്യത്യാസ്ത ആളുകളുടെ രക്തത്തില്‍ പല രീതിയില്‍ പ്രവൃത്തിക്കുന്നതിലാകാം ഇങ്ങനെ അമ്പരപ്പിക്കുന്ന ഫലങ്ങള്‍ തരുന്നതെന്നാണ് പഠനത്തിനു നേതൃത്യം നല്‍കിയ ഡോക്ടര്‍മാരുടെ നിഗമനം.

എന്തായാലും മലയാളികള്‍ക്കിടയില്‍ വെളിച്ചെണ്ണക്കുള്ള പ്രിയം ഏറിയും കുറഞ്ഞും നിലനില്‍ക്കുക തന്നെ ചെയ്യും. ആരോഗ്യപരമായ ആകുലതകള്‍ പരിഹരിക്കാനായാല്‍ ഇതിനല്ലാതെ മറ്റൊരു എണ്ണക്കും ഇവിടത്തെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്താനാവില്ലെന്നത് തന്നെ കാരണം.


Next Story

Related Stories