ഒരു ശരാശരി പുകവലിക്കരന്റെ ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന കറയെക്കുറിച്ച് നമുക്ക് അറിയാം. എന്നാൽ സിഗരറ്റ് ഉപയോഗിക്കുന്ന ആളുകൾ അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നം കൂടിയുണ്ട്. സിഗരറ്റ് ഫിൽറ്ററുകൾ. ...! നിങ്ങൾ ഒരു സിഗരറ്റ് വലിക്കുന്നു അത് വലിച്ചെറിയുന്നു, മറ്റ് പലരും ഇങ്ങനെ ചെയ്യുന്നു, ഒരു ദിവസം ഈ ലോകത്തിൽ എത്ര പേരാകും സിഗരറ്റ് കുറ്റികൾ ഇങ്ങനെ വലിച്ചെറിയുന്നത് എന്നാലോചിച്ചിട്ടുണ്ടോ? മിക്ക പുകവലിക്കാരുടെയും വിചാരം സിഗരറ്റു കുറ്റികൾ എളുപ്പം മണ്ണോട് ചേരുന്ന പദാർത്ഥം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നാണ്. എന്നാൽ സിഗരറ്റ് ഫിൽറ്ററുകൾ സെല്ലുലോസ് അസറ്റേറ്റ് എന്ന പദാർത്ഥം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് വര്‍ഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുകയും നിരവധി ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഈ വലിയ പ്രശ്‌നത്തെ യൂറോപ്യൻ യൂണിയൻ തിരിച്ചറിയുകയും സിഗരറ്റു കുറ്റികൾ കൊണ്ടുണ്ടാകുന്ന പ്രശനങ്ങൾ പഠിക്കാനും അവയെ സുരക്ഷിതമായി നീക്കം ചെയ്യാനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വലിയൊരു തുക വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ഓരോ വർഷവും 6 ട്രില്യൺ സിഗരറ്റുകൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അവയിൽ 90 ശതമാനത്തിലും പ്ലാസ്റ്റിക് ഫിൽറ്ററുകളുണ്ട്. ഭൂരിഭാഗം ആളുകളും അശ്രദ്ധമായി ഇത് നേരെ നിലത്തേക്ക് വലിച്ചെറിയുകയാണ് ചെയ്യാറ്. ഇത് മഴവെള്ളത്തിലും മറ്റും ഒഴുകി നടക്കുന്ന കാഴ്ചകൾ നമ്മൾ പതിവായി കാണാറുള്ളതാണ്.
സിഗരറ്റിൽ എന്തിനാണ് ഫിൽറ്ററുകൾ ഉപയോഗിക്കുന്നത്? പുകവലി ക്യാൻസറിന് കാരണമാകും എന്ന് ലോകം തിരിച്ചറിഞ്ഞതോടെ ഈ ഭീഷണിയിൽ നിന്ന് എങ്ങനെ എങ്കിലും രക്ഷപ്പെടാനുള്ള മാർഗങ്ങളെ കുറിച്ച് നിരവധി ആലോചനകൾ നടന്നു. ആ അവസരത്തില് ഒരു സുപ്രധാന കണ്ടെത്തലായിരുന്നു സിഗരറ്റ് ഫിൽറ്ററുകൾ. ഒരു സാധാരണ സിഗരറ്റിൽ ഏതാണ്ട് 250 ഓളം വിനാശകരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ 69 പദാർത്ഥങ്ങളും ക്യാൻസർ ഉണ്ടാക്കുന്നവയാണ്. ഈ വസ്തുക്കളുടെ ഫലം ഒന്ന് കുറയ്ക്കാനായാണ് സിഗററ്റുകളിൽ പ്ലാസ്റ്റിക് ഫിൽറ്ററുകൾ ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ ഇവ ഫിൽറ്റർ ചെയ്‌തെടുക്കുന്ന വസ്തുക്കളാണ് ഒരു പുകവലിക്കാരനെ വീണ്ടും വലിക്കാൻ പ്രചോദിപ്പിക്കുന്നത് എന്ന് മനസിലായതോടെ സിഗററ്റു കമ്പനികൾ ഫിൽറ്ററുകൾ ഒഴിവാക്കുകയോ അതിന്റെ ഫലം കുറയ്ക്കുകയോ ചെയ്തു. മാത്രമല്ല, സാധാരണ രീതിയിൽ ശ്വാസകോശത്തിൽ വരുന്ന കാൻസർ ഒഴിവാക്കാൻ ഇത് സഹായിച്ചേക്കുമെങ്കിലും അഡിനോകാര്‍സിനോമ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഫിൽറ്ററുകൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുമുണ്ട്. എളുപ്പത്തിൽ മണ്ണിൽ ലയിക്കുന്ന ആരോഗ്യ പ്രശ്നനങ്ങൾ കുറഞ്ഞ സിഗരറ്റ് ഫിൽറ്ററുകൾ ഉപയോഗിക്കുകയും, അത് നിലത്തേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കുകയും ചെയ്യുക എന്നത് മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ.